Month: November 2019

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ജൂലൈസെപ്റ്റംബര്‍ കാലത്ത് 4.5 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറു വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം പാദ വളര്‍ച്ചാനിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
കഴിഞ്ഞ വര്‍ഷം ജൂലൈസെപ്റ്റംബര്‍ മാസങ്ങളില്‍ ജിഡിപി എഴ് ശതമാനമായിരുന്നു. ഇതാണ് 4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത്. ഈ വര്‍ഷം ഏപ്രില്‍സെപ്റ്റംബര്‍ കാലത്തെ ആറു മാസത്തെ കണക്ക് പ്രകാരം 4.8 ശതമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇത് 7.5 അഞ്ച് ശതമാനമായിരുന്നെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഉണര്‍വേകുന്നതിന് കേന്ദ്രസര്‍ക്കാര്‍ പല ഉത്തേജന പാക്കേജുകളും പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ ലയനം, വിദേശ നിക്ഷേപത്തിനുള്ള ഉയര്‍ന്ന നികുതി പിന്‍വലിക്കല്‍, കോര്‍പറേറ്റ് നികുതി ഇളവുകള്‍ തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമായിരുന്നു.

ഷെയ്ന്‍ മൊട്ടയടിച്ചത് തോന്നിവാസം: ഗണേഷ്‌കുമാര്‍

ഗായത്രി-
സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്റെ ഉപയോഗം കൂടുതലാണെന്നും പോലീസും എക്‌സൈസും ഷാഡോ പോലീസിന്റെ സഹായത്തോടെ സെറ്റുകളില്‍ പരിശോധന നടത്താന്‍ തയാറാകണമെന്നും കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ. പത്തനാപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹങ്കരിച്ചാല്‍ സിനിമാ മേഖലയില്‍ നിന്നും പുറത്തുപോകുമെന്ന ചിന്ത ഓരോരുത്തര്‍ക്കും ഉണ്ടാകണം. സിനിമ പൂര്‍ത്തിയാക്കാതെ ഷെയ്ന്‍ തലമൊട്ടയടിച്ചത് തോന്നിവാസമാണ്. ഇത്തരം നടപടികള്‍ക്ക് പിന്തുണ നല്‍കാന്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മക്ക് കഴിയില്ല. പുതുമുഖ സംവിധായകനെയാണ് മോശം പ്രവര്‍ത്തിയിലൂടെ ഷെയ്ന്‍ കണ്ണീരിലാഴ്ത്തിയതെന്നും ഇത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.

 

കേരള ബാങ്ക് നിലവില്‍വന്നു

ഫിദ-
കൊച്ചി: ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് നിലവില്‍വന്നു. കേരള ബാങ്ക് രൂപവത്കരണത്തിനെതിരായ 21 ഹരജികള്‍ ഹൈക്കോടതി ഇന്നലെ തള്ളിയതിനുപിന്നാലെ ഉത്തരവിറങ്ങി. മലപ്പുറം ജില്ലാബാങ്ക് ഒഴികെയുള്ള 13 ബാങ്കുകളാണ് കേരളബാങ്കിന്റെ ഭാഗമാകുന്നത്.
ലയനനടപടികളില്‍ ഇടപെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നു വിലയിരുത്തിയാണ് കോടതി അനുമതി നല്‍കിയത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റേതാണ് ഉത്തരവ്. സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ പ്രത്യേക അപേക്ഷയിലാണ് കോടതി അടിയന്തരമായി വാദംകേട്ടത്. ഷെഡ്യൂള്‍ ബാങ്കായ കേരള ബാങ്കില്‍ നോണ്‍ ഷെഡ്യൂള്‍ ബാങ്കായ ജില്ലാബാങ്കുകള്‍ ലയിപ്പിക്കുന്നതില്‍ അപാകമുണ്ടെന്ന വാദവും കോടതി തള്ളി.
ഏതുതരത്തിലുള്ള അംഗീകാരമാണ് സംസ്ഥാനബാങ്കിനു നല്‍കേണ്ടതെന്നു തീരുമാനിക്കേണ്ടത് റിസര്‍വ് ബാങ്കാണ്. ലയനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ ഗുരുതരമായ ലംഘനങ്ങളും അപാകങ്ങളുമുണ്ടെങ്കിലല്ലാതെ നടപടികളെ ചോദ്യംചെയ്യാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ലയനം എങ്ങനെയെന്നു തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട അധികൃതരാണെന്നും നടപടി പൂര്‍ത്തിയായശേഷം അന്തിമാനുമതി ഘട്ടത്തില്‍ പരാതികള്‍ ഉന്നയിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ചൂണ്ടിക്കാട്ടി കോടതി ആരോപണങ്ങള്‍ തള്ളി.
മലപ്പുറം ഒഴികെയുള്ള ജില്ലാബാങ്കുകളിലെയും സംസ്ഥാന സഹകരണ ബാങ്കിലെയും അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഇതോടെ അസാധുവായി. ജില്ലാ ബാങ്കുകളുടെ ബാങ്കിങ് ലൈസന്‍സ് റിസര്‍വ് ബാങ്കിന് തിരിച്ചുനല്‍കണമെന്നാണു വ്യവസ്ഥ. എന്നാല്‍, അതുടനുണ്ടാവില്ല. കോര്‍ബാങ്കിങ് ഉള്‍പ്പെടെയുള്ള സാങ്കേതികസംവിധാനം ഉറപ്പാക്കുന്നതുവരെ ജില്ലാബാങ്ക് ലൈസന്‍സ് നിലനിര്‍ത്തിയേക്കും. പക്ഷേ, ഭരണം കേരള ബാങ്കിന്റേതാകും.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ധനവകുപ്പ് സെക്രട്ടറി സഞ്ജീവ് കൗശിക്, സംസ്ഥാന സഹകരണ ബാങ്ക് എം.ഡി.യായിരുന്ന റാണി ജോര്‍ജ് എന്നിവരുള്‍പ്പെട്ട താത്കാലിക ഭരണസമിതിയെ നിയോഗിച്ചു. ഒരുവര്‍ഷമാണ് സമിതിയുടെ കാലാവധി. എന്നാല്‍, ലയനം പൂര്‍ത്തിയാകുന്നതോടെ തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യ ഭരണസമിതി അധികാരമേല്‍ക്കും. കേരള ബാങ്ക് സി.ഇ.ഒ. ആയി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേജരായ പി.എസ്. രാജന്‍ ജനുവരിയില്‍ ചുമതലയേല്‍ക്കും. പുതിയ ബാങ്കിങ് നയം ഉടന്‍ പ്രഖ്യാപിക്കും.

 

ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന സിനിമയിലെ യുവനടി ഫ്‌ളാറ്റില്‍ നഗ്‌നയായ നിലയില്‍

ഫിദ-
കൊച്ചി: മലയാള സിനിമ മേഖലയില്‍ വീണ്ടും ലഹരിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയരുകയാണ്. നേരത്തെയും ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്ന വിധത്തില്‍ സംഭവങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിന്റെ അറസ്റ്റ് വലിയ വിവാദമായിരുന്നു. 2014 ഫെബ്രുവരി 28ന് മരടിലെ ഫ്‌ളാറ്റില്‍ നഗ്‌നനായി എത്തി അയല്‍വാസിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും കഞ്ചാവും കണ്ടെത്തിയിരുന്നു. മൂന്നര വര്‍ഷം തടവ് ശിക്ഷയും അനുഭവിച്ചു.
മറ്റൊരു സംഭവം ഷെയ്ന്‍ ടോം ചാക്കോ അറസ്റ്റിലായതാണ്. നാല് യുവതികളെയും നടനെയും കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും 2015 ജനുവരി 30ന് അറസ്റ്റ് ചെയ്തത്.
ലഹരിവസ്തുവായ എം.ഡി.എം.എ.യുമായി നടി അശ്വതി ബാബുവിനെ പിടികൂടിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയിലെ ഫല്‍റ്റില്‍ നിന്നുമായിരുന്നു നടിയെ അറസ്റ്റ് ചെയ്തത്. ഫ്‌ളാറ്റില്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയിരുന്നെന്ന് അവര്‍ കുറ്റസമ്മതം നടത്തിയിരുന്നു. പിന്നീട് 2019 മേയ് രണ്ടിന് കഞ്ചാവുമായി പുതുമുഖ നടന്‍ മിഥുനും ക്യാമറാമാനായ ബംഗളൂരു സ്വദേശി വിശാല്‍ വര്‍മയും എക്‌സൈസിന്റെ പിടിയിലായി.
തിയറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്‌ളാറ്റില്‍ ലഹരിയുടെ ഉന്മാദത്തില്‍ നഗ്‌നയായ നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. എക്സ്റ്റസി ഗുളികയാണ് ഇവര്‍ ഉപയോഗിച്ചത്. ഇത് നടിക്ക് എത്തിച്ചുകൊടുത്ത കോഴിക്കോട് സ്വദേശിക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ് മെയില്‍ എറണാകുളം സ്വദേശികളായ മൂന്ന് പേരെ ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് എക്‌സൈസ് അധികൃതര്‍ പിടികൂടിയരുന്നു. 11.5 കോടിയുടെ ഹാഷിഷ് ഓയിലാണ് ഇവരില്‍ നിന്നും പോലീസ് കണ്ടെത്തിയത്. മലയാള സിനിമയിലെ ചില നടന്മാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച് കൊടുക്കാറുണ്ടെന്ന് ഇവര്‍ എക്‌സൈസ് സംഘത്തോട് പറഞ്ഞതായാണ് വിവരം. ഒരു മുന്‍നിര നടന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ലഹരിവിമുക്ത സെന്ററില്‍ ചികിത്സ തേടിയതായും വിവരമുണ്ട്
നേരത്തെ സിനിമയിലെ ലഹരി സംഘത്തെ പിടികൂടാന്‍ ഷാഡോ പോലീസ് സംഘം ശ്രമം നടത്തിയിരുന്നു. ബ്രൗണ്‍ഷുഗര്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ സിനിമ മേഖലയില്‍ ഉപയോഗമുണ്ടെന്നും ഇത് കൈമാറുന്നത് കൊച്ചിയിലെ ഒരു പ്രമുഖ റസ്‌റ്റോറന്റില്‍ വെച്ചാണെന്നും കണ്ടെത്തി. ഇതിനിടെ അന്വേഷണത്തിന് സഹായിക്കാമെന്ന് വാഗ്ദാനവുമായി ഒരു നിര്‍മാതാവ് പോലീസിനെ സമീപിച്ചു. ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസിലെ ഉള്‍പ്പെടെ ചില സുപ്രധാന വിവരങ്ങള്‍ പോലീസിന് കൈമാറി ഇയാള്‍ വിശ്വാസം പിടിച്ചുപറ്റി.
എന്നാല്‍, പോലീസുമായി നടത്തിയ ശബ്ദസന്ദേശങ്ങള്‍ ഉപയോഗിച്ച് ഇതേ നിര്‍മാതാവ് ഷാഡോ പോലീസിനെതിരേ പരാതി നല്‍കുകയായിരുന്നു. ഷാഡോ സംഘത്തിന്റെ നീക്കം എന്നന്നേക്കുമായി തകര്‍ക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം അത് വിജയിക്കുകയും ചെയ്തു.

ശബരിമല വരുമാനം 39 കോടി കവിഞ്ഞു

ശബരിമല: മണ്ഡലകാലം തുടങ്ങി 12 ദിവസങ്ങള്‍ പിന്നിടവെ ശബരിമലയിലെ വരുമാനം 39 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഇരട്ടി വരുമാനവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നടതുറന്ന് 12 ദിവസത്തിനിടെ എട്ട് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ശബരിമല ദര്‍ശനം നടത്തിയെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കണക്കുകള്‍.
സംഘര്‍ഷഭരിതമായിരുന്ന കഴിഞ്ഞ തീര്‍ത്ഥാന കാലത്തെ അപേക്ഷിച്ച് കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇത്തവണ മല ചവിട്ടുന്നുണ്ട്. ഇത് വഴിപാടിലും നടവരവിലുമുള്‍പ്പെടെയുള്ള വര്‍ധനവിലും പ്രകടമാണ്. ആദ്യ രണ്ടാഴ്ചയിലെ വരുമാനം 39.68 കോടി രൂപയാണ്. കഴിഞ്ഞതവണ ഇതേസമയത്ത് 21 കോടി മാത്രമായിരുന്നു.
ആദ്യ രണ്ടാഴ്ചയിലെ വരുമാനത്തില്‍ 15.47 കോടി രൂപ അരവണയിലൂടെയും 2.5 കോടി രൂപ അപ്പം വില്‍പ്പനയിലൂടെയും ലഭിച്ചു. കാണിക്ക ഇനത്തില്‍ 13.76 കോടിയാണ് ലഭിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ എട്ടുകോടി രൂപ അധികമായി ഇത്തവണ കാണിക്ക ഇനത്തില്‍ ആദ്യ രണ്ടാഴ്ചക്കിടെ ലഭിച്ചു.

പുതുമോഡിയില്‍ ടിവിഎസ് ജുപ്പിറ്റര്‍

ഗായത്രി-
ടിവിഎസ് മോട്ടോര്‍ കമ്പനി ജുപ്പിറ്ററിന്റെ ബിഎസ്VI മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. 67,911 രൂപയാണ് ബിഎസ്VI കംപ്ലയിന്റ് ടിവിഎസ് ജുപ്പിറ്റര്‍ ക്ലാസിക്ക് ETFiയുടെ എക്‌സ്‌ഷോറൂം വില. ETFi സാങ്കേതികവിദ്യയും ബിഎസ്VI ജുപ്പിറ്ററില്‍ ടിവിഎസ് വാഗ്ദാനം ചെയ്യുന്നു. കര്‍ണാടകയിലെ ഹൊസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ബിഎസ്VI പ്ലാറ്റ്‌ഫോമുകളുടെ രണ്ട് പതിപ്പുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. RTFi (റേസ് ട്യൂണ്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍), ETFi (ഇക്കോത്രസ്റ്റ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍) എന്നിവയാണത്.
2020 ടിവിഎസ് ജുപ്പിറ്റര്‍ ബിഎസ്VIന് പ്രത്യേകിച്ചും ETFi സാങ്കേതികവിദ്യയാണ് ലഭിക്കുന്നത്. ടിവിഎസ് ജുപ്പിറ്റര്‍ ക്ലാസിക്ക് പതിപ്പാണ് ETFi എന്ന സാങ്കേതികവിദ്യ ആദ്യമായി സ്വീകരിച്ചത്. കൂടാതെ ഇത് 15 ശതമാനം കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്നുവെന്ന് അവകാശപ്പെടുന്നു. 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിന്റെ ബിഎസ്VI കംപ്ലയിന്റ് പതിപ്പാണ് ടിവിഎസ് ജുപ്പിറ്ററില്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് 7,500 rpmല്‍ 7.8 യവു കരുത്തും 5,500 rpmല്‍ 8 Nm torque ഉം ഉത്പാദിപ്പിക്കുന്നു. സിവിടി ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

നടിമാരും ലഹരി ഉപയോഗിക്കുന്നു; ബാബുരാജ്

ഫിദ-
കൊച്ചി: പുതുതലമുറയിലെ ചില നടന്മാര്‍ സിനിമാ സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന നിര്‍മാതാക്കളുടെ ആരോപണം ശരിവെച്ച് അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ബാബുരാജ്. സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമാണെന്നും പോലീസ് പരിശോധനയുണ്ടായാല്‍ പലരും കുടുങ്ങുമെന്നും ബാബുരാജ് പറഞ്ഞു. ഷെയ്ന്‍ നിഗമിന്റെ വിഷയത്തില്‍ ഇടപെടാന്‍ അമ്മക്കു പരിമിതിയുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി.
സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം ഫാഷനായി മാറി. എല്‍എസ്ഡിയേക്കാള്‍ രൂക്ഷമായ ലഹരികളാണ് ചിലര്‍ ഉപയോഗിക്കുന്നത്. ചില സിനിമാ സെറ്റുകള്‍ ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്നവരുടേതു മാത്രമാണ്. സെറ്റില്‍ പോലീസ് തെരച്ചില്‍ നടത്തിയാല്‍ പലരും കുടുങ്ങും. ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇത്തരക്കാരുടെ നിലപാട്. ലഹരി ഉപയോഗിക്കുന്നവര്‍ പലരും അമ്മയുടെ ഭാഗമല്ല. അവര്‍ക്കു താത്പര്യവുമില്ല. നിര്‍മാതാക്കള്‍ പറയുന്നത് വസ്തുനിഷ്ഠമാണെന്നും ബാബുരാജ് പറഞ്ഞു.
പ്രശ്‌നമുണ്ടായപ്പോള്‍ മാത്രമാണ് ഷെയ്ന്‍ അമ്മയില്‍ അംഗമായത്. ഷെയിനിന്റെ കാര്യത്തില്‍ ഇടപെടല്‍ ഫലവത്താകില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു. ഷെയിനിന്റെ വീഡിയോകള്‍ കണ്ടാല്‍ പലതും മനസിലാകും. നിര്‍മാതാവുമായുള്ള കരാര്‍ ലംഘിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഷെയ്‌നിനു പിന്തുണ നല്‍കുന്നതില്‍ പരിധിയുണ്ടെന്നും ബാബുരാജ് പറഞ്ഞു.
സിനിമയുടെ എല്ലാ മേഖലയിലും ലഹരിമരുന്ന് ഉപയോഗം വ്യാപകമാണ്. ഇതു മനസിലായതുകൊണ്ടാണ് ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ പുറത്താക്കുമെന്ന നിയമം ഉള്‍പ്പെടുത്തി അമ്മയുടെ ബൈലോ പുതുക്കിയത്. നടിമാരില്‍ ചിലരും ലഹരി ഉപയോഗിക്കുന്നവരുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി. പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ നടത്തിയ പത്രസമ്മേളനത്തില്‍ നിര്‍മാതാക്കളുടെ സംഘടനാ പ്രസിഡന്റ് രഞ്ജിത്താണ് പുതുതലമുറയിലെ ചില നടന്മാര്‍ സിനിമാ സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന ഗുരുതരമായ ആരോപണമുന്നയിച്ചത്. മലയാളത്തിലെ ന്യൂജന്‍ സിനിമാക്കാരില്‍ ലഹരി പിടിമുറക്കുകയാണെന്ന ആരോപണത്തിന് ഏറെ പഴക്കമുണ്ടെങ്കിലും സിനിമാരംഗത്തുള്ളവര്‍തന്നെ ഇക്കാര്യം പരസ്യമായി പറയുന്നത് ഇതാദ്യമാണ്.

മലയാള സിനിമാലോകം മയക്കുമരുന്നില്‍ പുകയുന്നു: നിര്‍മാതാക്കള്‍

ഫിദ-
കൊച്ചി: നടന്‍ ഷെയ്ന്‍ നിഗം ഏറ്റെടുത്ത സിനിമകളുമായി സഹരിക്കുന്നില്ലെന്ന വിവാദത്തിനുപിന്നാലെ, മലയാള സിനിമാലോകം മയക്കുമരുന്നില്‍ പുകയുന്നു. പുതുതലമുറ സിനിമാതാരങ്ങളില്‍ ചിലരില്‍ മയക്കുമരുന്ന് ഉപയോഗം കൂടിവരുന്നതിന് തെളിവുണ്ടെന്ന ഗുരുതര ആരോപണവുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തി. സിനിമയിലെ ചിലരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന കാര്യം ബോധ്യപ്പെട്ടു. കര്‍ശന നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ലൊക്കേഷനില്‍ ഉള്‍പ്പെടെ മയക്കുമരുന്ന് ഉപയോഗമുണ്ടെന്നു പരോക്ഷമായി സൂചിപ്പിച്ചായിരുന്നു അസോസിയേഷന്‍ പ്രസിഡന്റ് എം. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നടന്ന പത്രസമ്മേളനം.
‘കഞ്ചാവ് മാത്രമല്ല ലഹരിമരുന്നെന്നു പറയുന്നത്. കഞ്ചാവ് പുകച്ചാല്‍ അതിന്റെ മണംകൊണ്ടു തിരിച്ചറിയാന്‍ കഴിയും. ഇവര്‍ ഉപയോഗിക്കുന്നത് എല്‍.എസ്.ഡി. പോലുള്ള മയക്കുമരുന്നുകളാണെന്ന് ഞങ്ങള്‍ സംശയിക്കുന്നു. മയക്കുമരുന്ന് ഉപയോഗിച്ചാല്‍ പലരും പലവിധത്തിലാണ് പ്രതികരിക്കുന്നത്’ നിര്‍മാതാക്കള്‍ പറഞ്ഞു.
ഒരാളും കാരവനില്‍നിന്ന് ഇറങ്ങുന്നില്ല. എല്ലാ കാരവനുകളും പരിശോധിക്കണം. ലൊക്കേഷനില്‍ കൃത്യമായി വരാത്ത പലരുമുണ്ട്. പരാതി പറഞ്ഞിട്ടും ഗൗനിക്കുന്നില്ല. ഇവരൊക്കെ നല്ല ബോധത്തോടെയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് വിശ്വസിക്കുന്നില്ല. എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെ. പരിശോധനയ്ക്ക് നിര്‍മാതാക്കളുടെ സംഘടന പൂര്‍ണപിന്തുണ നല്‍കും.
ഇനിയും ഈ സിനിമകളില്‍ കാശുമുടക്കാന്‍ നിര്‍മാതാക്കള്‍ക്ക് എന്തെങ്കിലും ഉറപ്പുകിട്ടണം. അയാള്‍ ‘നോര്‍മല്‍’ ആണെന്ന് സാക്ഷ്യപ്പെടുത്തുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പോലുള്ള കാര്യങ്ങള്‍ ആവശ്യപ്പെടാമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

 

മമ്മൂട്ടിക്കൊപ്പം പ്രധാനവേഷത്തില്‍ മഞ്ജു

ഫിദ-
മലയാളത്തിലെ ലേഡിസൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് മലയാളിക്ക് ഒരു ഉത്തരമേ ഉളളു മഞ്ജു വാര്യര്‍. മോഹന്‍ലാല്‍ ഉള്‍പ്പടെയുളള മലയാളത്തിന്റെ മുന്‍നിര നായകന്മാര്‍ക്ക് ഒപ്പം തകര്‍പ്പന്‍ പ്രകടനങ്ങളുമായി മഞ്ജു വാര്യര്‍ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മഞ്ജു ഇതുവരെ മൊഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടില്ല. ഇവരെ ഒന്നിച്ച് കാണാന്‍ ആഗ്രഹിച്ച ആരാധകര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത. ഇപ്പോഴിതാ, മമ്മൂട്ടി ചിത്രത്തിലും മഞ്ജു അഭിനയിക്കുന്നുണ്ടെന്നാണ് സൂചന.
ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുക. ഒരു തില്ലര്‍ ചിത്രം ആയിരിക്കും ഇത്. മമ്മൂട്ടിയുടെ നായിക വേഷം ആയിരിക്കില്ലെങ്കിലും മഞ്ജുവിന്റെ ഒരു സുപ്രധാന കഥാപാത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ട് . ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നത് തന്റെ ആഗ്രഹമാണെന്നും മികച്ച അവസാരം ലഭിക്കുകയാണെങ്കില്‍ ഒരുമിച്ചഭിനയിക്കുമെന്നും മഞ്ജു പറഞ്ഞിരുന്നു.

സ്വര്‍ണ കള്ളക്കടത്ത് നിക്ഷേപകരുടെ കൂട്ടായ്മ കണ്ടെത്തി

ഗായത്രി-
കൊച്ചി: ദുബായിയില്‍ നിന്ന് മുംബൈയിലേക്കും കേരളത്തിലേക്കും സ്വര്‍ണം കള്ളക്കടത്ത് നടത്താന്‍ 22 നിക്ഷേപകരുടെ കൂട്ടായ്മ കേന്ദ്ര റവന്യു ഇന്റലിജന്‍സ് കണ്ടെത്തി. പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ പി. അലിയാരാണ് ഈ സംരംഭത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് കേന്ദ്ര റവന്യു ഇന്റലിജന്‍സ് തയ്യാറാക്കിയിട്ടുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. നിസാര്‍ അലിയാരെ മുംബൈയില്‍നിന്ന് പിടികൂടി അതീവ രഹസ്യമായി നിസാര്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ കണ്ടെടുത്തതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ച കള്ളക്കടത്ത് നിക്ഷേപകരുടെ ശൃംഖല വെളിച്ചത്തുവന്നത്.
2017 ഫിബ്രവരി 27നും 2019 മാര്‍ച്ച് 17നും മധ്യേ ഈ സംഘം ഇന്ത്യയില്‍ എത്തിച്ചത് 4,522 കിലോഗ്രാം സ്വര്‍ണമായിരുന്നു. 1,473 കോടി രൂപ സ്വര്‍ണത്തിന് വില വരുമെന്ന് അധികൃതര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പിച്ചള പാഴ്‌വസ്തുക്കള്‍’ എന്ന ലേബല്‍ ഒട്ടിച്ച്, കസ്റ്റംസ് അധികൃതരുടെ കണ്ണുകള്‍ വെട്ടിച്ചാണ്, സ്വര്‍ണം കറുത്ത ചായം തേച്ച് ഇറക്കുമതി ചെയ്തത്.
ഗള്‍ഫില്‍നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി സ്വര്‍ണം ജാംനഗറിലെ ഗോഡൗണില്‍ എത്തിച്ചു. പിന്നീട് മുംബൈയിലും കേരളത്തിലും വിതരണം ചെയ്തു. നൂറോളം വാഹനങ്ങളും അഞ്ഞൂറോളം തൊഴിലാളികളും ഈ സംരംഭത്തില്‍ പങ്കാളികളായിട്ടുണ്ട്.
മുംബൈയില്‍നിന്ന് ആറു മാസം മുമ്പ് 75 കിലോഗ്രാം സ്വര്‍ണം പിടിക്കപ്പെട്ടതോടെയാണ് ആഴത്തിലുള്ള അന്വേഷണം ആരംഭിച്ചത്. അന്വേഷിക്കാന്‍ ഗുജറാത്തിലും മുംബൈയിലും കേരളത്തിലുമായി ഉദ്യോഗസ്ഥരുടെ വലിയൊരു ശൃംഖല, കേന്ദ്ര റവന്യു ഇന്റലിജന്‍സ് രൂപപ്പെടുത്തി.
പിച്ചള പാഴ്‌വസ്തുക്കള്‍ വിദേശത്തുനിന്ന് മുന്ദ്ര തുറമുഖത്ത് മാത്രമേ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിദേശ വ്യാപാര വ്യവസ്ഥ അനുസരിച്ച് അനുമതിയുള്ളു. ഈ സൗകര്യം കള്ളക്കടത്തുകാര്‍ സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്തു.
കള്ളക്കടത്ത് സംരംഭത്തിനായി 22 പേര്‍ ഒത്തുചേര്‍ന്ന് ലക്ഷങ്ങളും കോടികളും നിസാര്‍ അലിയാരെ ഏല്‍പ്പിച്ചിരുന്നു. ഇന്ത്യയിലുള്ള നിക്ഷേപകര്‍ നല്‍കിയ തുക, ഹവാല ഇടപാട് വഴി നിസാര്‍ അലിയാര്‍ ദുബായിയില്‍ എത്തിച്ചു. തന്റെ ജോലിക്കാരനായ കല്‍പ്പേഷ് നന്ദയുടെ പേരില്‍ നിസാര്‍ അലിയാര്‍ ആരംഭിച്ച ‘അല്‍ റംസ് മെറ്റല്‍’, ‘ഡി.പി. മെറ്റല്‍ സ്‌ക്രാപ്പ്’ എന്നീ സ്ഥാപനങ്ങള്‍ വഴിയായിരുന്നു ഇറക്കുമതി.