Month: June 2022

ഓപ്പറേഷന്‍ ‘മൂണ്‍ലൈറ്റ്’; ഹോട്ടലുകളില്‍ 81.7 കോടിയുടെ വെട്ടിപ്പ്

ഫിദ-
തിരു: ചരക്ക് സേവന നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ‘മൂണ്‍ലൈറ്റ്’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ 81.7 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി. ഇതിലൂടെ 4.08 കോടി രൂപയുടെ നികുതി നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്.

32 ഹോട്ടലുകളില്‍ ജൂണ്‍ 29ന് വൈകിട്ട് 7:30 ന് തുടങ്ങിയ പരിശോധന 30 ന് രാവിലെ ആറുമണിയ്ക്കാണ് പൂര്‍ത്തിയായത്.

സംസ്ഥാനത്തെ ഹോട്ടലുകളിലും, റെസ്‌റ്റോറന്റുകളിലും വ്യാപകമായി ജി.എസ്.ടി നികുതിവെട്ടിപ്പ് നടക്കുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം രഹസ്യമായി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് 12 ജില്ലകളിലായി 32 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.
പല സ്ഥാപനങ്ങളും വ്യാപാരത്തിന്റെ വിവരങ്ങള്‍ ഒരു ദിവസത്തില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ സൂക്ഷിക്കാറില്ല എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരമാവധി ബില്ലുകള്‍ സ്ഥാപനത്തില്‍ നിന്നും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഓപ്പറേഷന്‍ മൂണ്‍ലൈറ്റ്’ എന്ന പേരില്‍ രാത്രികാല പരിശോധന നടത്തിയത്.

ഹോട്ടലുകളില്‍ ശരാശരി ഒരു ദിവസം നടക്കുന്ന വിറ്റുവരവും ജി.എസ്.ടി റിട്ടേണില്‍ വെളിപ്പെടുത്തുന്ന വിറ്റുവരവും തമ്മിലുള്ള അന്തരം കണ്ടെണ്‍ത്തുക എന്നതായിരുന്നു പരിശോധനയുടെ പ്രാഥമിക ലക്ഷ്യം.

ജോയിന്റ് കമ്മീഷണര്‍ (ഐ.ബി) സാജു നമ്പാടന്‍, ഡെപ്യൂട്ടി കമ്മീഷണര്‍ (ഐ.ബി) വിന്‍സ്റ്റണ്‍, ജോണ്‍സണ്‍ ചാക്കോ, മധു.എന്‍.പണിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാന ജി.എസ്.ടി ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചിലെയും, ഇന്റലിജന്‍സ് സ്‌ക്വാഡുകളിലെയും ഇരുന്നൂറോളം ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുത്തത്.

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു

ഫിദ-
തിരു: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇന്നലെയും ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 37320 രൂപയാണ്.

 

അസംസ്‌കൃത എണ്ണയുടെ വില്‍പ്പന നിയന്ത്രണം നീക്കി

വിഷ്ണു പ്രതാപ്-
ന്യൂഡെല്‍ഹി: അസംസ്‌കൃത എണ്ണയുടെ വില്‍പ്പന നിയന്ത്രണം എടുത്തുകളയുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി, അതുവഴി 2022 ഒക്‌ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നതരത്തില്‍ അസംസ്‌കൃത എണ്ണയുടെയും കണ്ടന്‍സേറ്റിന്റെയും (സാന്ദ്രീകൃതവസ്തു) നീക്കിവയ്ക്കല്‍ അവസാനിപ്പിക്കാനും ഗവണ്‍മെന്റ് തീരുമാനിച്ചു. ഇത് എല്ലാ പര്യവേഷണ ഉല്‍പ്പാദക (ഇ ആന്‍ഡ് പി) ഓപ്പറേറ്റര്‍മാര്‍ക്കും വിപണന സ്വാതന്ത്ര്യം ഉറപ്പാക്കും.

ഇനി മുതല്‍ എല്ലാ ഇ ആന്‍ഡ് പി കമ്പനികള്‍ക്കും അവരുടെ പാടങ്ങളില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ആഭ്യന്തര വിപണിയില്‍ വില്‍ക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും. റോയല്‍റ്റി, സെസ് മുതലായ ഗവണ്‍മെന്റ് വരുമാനം എല്ലാ കരാറുകളിലുടനീളം ഏകീകൃത അടിസ്ഥാനത്തില്‍ കണക്കാക്കുന്നത് തുടരും. മുമ്പത്തെപ്പോലെ കയറ്റുമതി അനുവദിക്കില്ല.

ഈ തീരുമാനം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കും, എണ്ണ, വാതക മേഖലയുടെ ഏറ്റവും മുകള്‍തട്ടില്‍ (അപ്‌സ്ട്രീം) നിക്ഷേപം നടത്തുന്നതിന് പ്രോത്സാഹനം നല്‍കും, കൂടാതെ 2014 മുതല്‍ നടപ്പിലാക്കിയ ലക്ഷ്യത്തോടെയുള്ള പരിവര്‍ത്തന പരിഷ്‌കാരങ്ങളുടെ ഒരു പരമ്പര കെട്ടിപ്പടുക്കുകയും ചെയ്യും.

രൂപയുടെ മൂല്യം റെക്കാഡ് താഴ്ച്ചയില്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രൂപയുടെ മൂല്യം റെക്കാഡ് താഴ്ച്ചയില്‍. 48 പൈസ താഴ്ന്ന് 78.85 ലായിരുന്നു ഇന്നലത്തെ മൂല്യം. ആഗോളതലത്തിലെ ക്രൂഡ് ഓയില്‍ വിലവര്‍ദ്ധനയും വിദേശഫണ്ടുകളുടെ ഒഴുക്ക് അധികമായതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.

പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ദ്ധിപ്പിച്ചതോടെ ആഗോളതലത്തില്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ്.

വൈദ്യുതി നിരക്കില്‍ 6.6 ശതമാനം വര്‍ധനവ്

ഫിദ-
തിരു: സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ 6.6 ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്തി. അതേസമയം പ്രതിമാസം 50 യൂണിറ്റ് വരെ വര്‍ധനയില്ല. 51 മുതല്‍ 150 യൂണിറ്റ് വരെയുള്ളവര്‍ക്ക് 25 പൈസയുടെ വര്‍ധന ഉണ്ടാകുമെന്നും റെഗുലേറ്റര്‍ കമ്മീഷന്‍ അറിയിച്ചു.

അടുത്ത ഒരു വര്‍ഷത്തേ!ക്കുള്ള പുതുക്കിയ വൈദ്യുതി നിരക്കാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിച്ചത്.

എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് താരിഫ് പരിഷ്‌കരണമെന്നും കോവിഡ് സാഹചര്യത്തിലെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു.

പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധനവ് യൂണിറ്റിന് 25 പൈസയില്‍ താഴെ. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 47.50 രൂപ അധികം നല്‍കേണ്ടിവരും.

 

നിങ്ങള്‍ പരിധിക്ക് പുറത്താണ്..!

നിങ്ങള്‍ ജിയോ മൊബൈല്‍ ഉപയോക്താവാണോ? നെറ്റ്‌വര്‍ക്ക് എങ്ങനെ ഉണ്ട്? ഈ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നതില്‍ സന്തുഷ്ടരാണോ?

ജിയോ ഉപഭോക്താക്കളില്‍ നിന്ന് ഉയരുന്ന ചോദ്യമിതാണ്. കാരണം, ഈ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ദിവസങ്ങള്‍ പോകുംതോറും വളരെ മോശപ്പെട്ട സര്‍വീസാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്നാണ് പരാതി ഉയരുന്നത്.

മിക്ക ജിയോ മൊബൈല്‍ ഉപഭോക്താക്കളുടെ നമ്പറുകളില്‍ വിളിച്ചാലും ‘പരിധിക്കു പുറത്താണ്’ എന്നുള്ള സന്ദേശമാണ് ലഭിക്കുന്നത്. ഇത്കാരണം അവര്‍ക്കു ലഭിക്കേണ്ട കോളുകളും ബിസിനസും നടക്കാതെ പോവുകയാണ്. ഇത് ഒരു ബിസിനസ് ഉപഭോക്താവിന് വരുത്തുന്ന നഷ്ടം ഭീമമാണ്.

ലോക്കഡൗണിനു ശേഷം ബിസിനസ് സാധാരണ രീതിയിലേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ പാടുപെടുന്ന ഉപയോക്താവിന് ബിസിനസ് ആവശ്യങ്ങള്‍ക്കായി വിളിച്ചാല്‍ കോളുകള്‍ കിട്ടാതെ വരുന്നത് വലിയ നഷ്ടമാണ് ഉണ്ടാവുന്നത്.

‘കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയ’പോലെയാണ് ഈ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്ന മിക്കവരുടേയും അവസ്ഥയെന്നാണ് പലരുടെയും പരിഹാസം.

ഇക്കാര്യത്തില്‍ കമ്പനി ഉടന്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് പോര്‍ട്ട് ചെയ്യാനും ഉപഭോക്തൃ കോടതിയെ സമീപിക്കാനുമുള്ള തയ്യാറെടുപ്പിലാണ് ഉപയോക്താക്കള്‍ എന്നാണ് അറിയാന്‍ സാധിച്ചത്.

ഓഹരി വിപണിയില്‍ തകര്‍ച്ച

രാംനാഥ് ചാവ്‌ല-
മുംബൈ: യുഎസ് സൂചികകളിലെ തകര്‍ച്ച രാജ്യത്തെ ഓഹരി വിപണിയിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് 506 പോയന്റ് താഴ്ന്ന് 52,670ലും നിഫ്റ്റി 146 പോയന്റ് നഷ്ടത്തില്‍ 15,704ലിലുമാണ് വ്യാപാരം ആരംഭിച്ചത്.
പണപ്പെരുപ്പവര്‍ധനവിനെതുടര്‍ന്ന് ഉപഭോഗത്തില്‍ കുറവുണ്ടായേക്കുമെന്ന ആശങ്കയും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നതുമാണ് യുഎസ് വിപണികളെ ബാധിച്ചത്.
സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, ഐടിസി, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു

ഫിദ-
തിരു: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് കുത്തനെ ഇടിഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് വീണ്ടും കൂപ്പുകുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. ഇതോടെ വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 37400 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒറ്റയടിക്ക് 80 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4675 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ആനുപാതികമായി ഇടിഞ്ഞു.

ആകാശ് അംബാനി റിലയന്‍സ് ജിയോ പുതിയ ചെയര്‍മാന്‍

രാംനാഥ് ചാവ്‌ല-
മുംബൈ: ആകാശ് അംബാനിയെ റിലയന്‍സ് ജിയോയുടെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തു. ജിയോയുടെ ബോര്‍ഡില്‍ നിലവില്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് ആകാശ് അംബാനി.

റിലയന്‍സ് ജിയോയുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മുകേഷ് അംബാനി രാജി വെച്ചിട്ടുണ്ട്. പുതിയ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹന്‍ പവാറിനെയാണ് നിയമിച്ചിട്ടുള്ളത്. പങ്കജ് മോഹന്‍ പവാര്‍ ടെല്‍കോയുടെ ഡയറക്ടറായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ്. രമീന്ദര്‍ സിംഗ് ഗുജ്‌റാള്‍, കെ.വി ചൗധരി എന്നിവരെ കമ്പനിയുടെ അഡീഷണല്‍ ഡയറക്ടര്‍മാരായി നിയമിച്ചിട്ടുണ്ട്. പുതിയ നിയമനങ്ങളുടെ കാലാവധി 2022 ജൂണ്‍ 27 മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ്

അന്തര്‍ദേശീയ ആര്‍ക്കിടെക്റ്റര്‍ ഹണി ജയന് മദര്‍ തെരേസ പുരസ്‌കാരം

തിരു: പ്രമുഖ ആര്‍ക്കിടെക്റ്ററും ഡിസൈനറുമായ ഹണി ജയന് മദര്‍ തെരേസ പുരസ്‌കാരം ലഭിച്ചു.
തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സിവില്‍ സപ്‌ളൈസ് മന്ത്രി ജിആര്‍ അനില്‍കുമാറില്‍ നിന്നാണ് അവാര്‍ഡ് സ്വീകരിച്ചത്.

കഴിഞ്ഞ 18 വര്‍ഷം കൊണ്ട് ഇന്ത്യയിലും ചൈനയിലും യൂറോപ്പ്യന്‍ രാജ്യങ്ങളിലും ഉള്‍പ്പടെ ആര്‍ക്കിടെക്റ്ററിലും ഡിസൈന്‍ സ്‌പെസിലും നേടിയ വിജയവും സമ്പാദ്യത്തിലെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെക്കുകയും ചെയ്യുന്ന ‘അനുകരണീയ സ്ത്രീ മാതൃക’ എന്ന നിലയിലാണ് ഹണി ജയനെ (ഹണി വര്‍ഗീസ്) മദര്‍ തെരേസ പുരസ്‌കാരത്തിന് പരിഗണിച്ചതെന്ന് ജൂറി പറഞ്ഞു.

വിഎസ് അച്യുതാനന്ദന്‍, മോഹന്‍ലാല്‍, നടന്‍ സലിം കുമാര്‍, സൂര്യ കൃഷ്ണ മൂര്‍ത്തി, രമേശ് ചെന്നിത്തല, ഗോകുലം ഗോപാലന്‍, മണിയന്‍ പിള്ള രാജു, ഡോ. ശാന്തകുമാര്‍, സാബു ചാക്കോ, ഇഎം നജീബ്, ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേരെത്തെ മദര്‍ തെരേസ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്.

ലൈഫ്‌ടൈം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ‘മദര്‍ തെരേസ ശ്രേഷ്ഠ പുരസ്‌കാരം’ അശ്വതി തിരുനാള്‍ ലക്ഷ്മിഭായി തമ്പുരാട്ടിക്കാണ് ലഭിച്ചത്. ‘സോഷ്യലിസ്റ്റ് സംസ്‌കാര കേന്ദ്ര’ നല്‍കുന്ന നാലാമത് മദര്‍ തെരേസ പുരസ്‌കാരത്തിന് ജീവ കാരുണ്യ, രാഷ്ട്രീയ, സാംസ്‌കാരിക, മാദ്ധ്യമ രംഗത്ത് നിന്നും ബിസിനസ് രംഗത്ത് നിന്നുള്ളവരും ട്രാന്‍സ്‌ജെന്‍ഡര്‍ രംഗത്ത് നിന്നുള്ളവരും ഉള്‍പ്പടെ 20 ഓളം പേരാണ് അര്‍ഹത നേടിയിരുന്നത്.

പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഓട്ടോ രാജ, ഡോ. വിഎസ് പ്രിയ (ആദ്യ ട്രാന്‍സ്‌ജെന്റര്‍ ഡോക്ടര്‍), ഫാദര്‍ ഡേവിസ് ചിറമ്മല്‍ (കിഡ്‌നി ഫൗണ്ടേഷന്‍ & ജീവകാരുണ്യ പ്രവര്‍ത്തനം) ഇസഹാഖ് ഈശ്വരമംഗലം (ബിസിനസ് & സാമൂഹിക പ്രവര്‍ത്തനം) അഡ്വ. രഘുരാമ പണിക്കര്‍ (ആവണങ്ങാട്ട് കളരി, പെരിങ്ങോട്ടുകര) എന്നിവര്‍ ഉള്‍പ്പെടെ 20 പേരും വേദിയില്‍ അവാര്‍ഡ് സ്വീകരിച്ചു.

അന്തരിച്ച ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ രണ്ടുദശാബ്ദത്തോളം രക്ഷാധികാരിയായിരുന്ന സംഘടനയുടെ സില്‍വര്‍ ജൂബിലി ആഘോഷ ചടങ്ങിന്റെയും മദര്‍ തെരേസ പുരസ്‌കാര വിതരണ ചടങ്ങിന്റെയും ലോഗോ പ്രകാശനം മെട്രോമാന്‍ ഇ ശ്രീധരനാണ് നേരെത്തെ നിര്‍വഹിച്ചത്. പുരസ്‌കാര സമര്‍പ്പണ വേദിയില്‍ എറണാകുളത്തും വയനാടുമായി സംഘടന നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു.