Month: August 2018

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ നീക്കം: അരുന്ധതി റോയ്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയേക്കാള്‍ വ്യാപ്തിയുള്ള ഭയാനകതയാണ് രാജ്യം ഇന്ന് നേരിടുന്നതെന്ന് പ്രശസ്ത എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ക്രമസമാധാനം മെച്ചപ്പെടുത്താനെന്ന പേരിലാണ് അടിയന്തരാവസ്ഥ കൊണ്ടുവന്നത്. ഭരണഘടന അട്ടിമറിച്ച് ഇന്ത്യയെ സവര്‍ണ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനാണ് ഇപ്പോഴത്തെ സര്‍ക്കാറിന്റെ ശ്രമമെന്ന് അരുന്ധതി റോയ് പറഞ്ഞു.
അഞ്ചു പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അരുന്ധതി. ആദിവാസി ഗോത്രവിഭാഗങ്ങളെ നക്‌സലുകളായി ചിത്രീകരിക്കുന്നതായിരുന്നു ഇതുവരെ രീതിയെങ്കില്‍, നക്‌സല്‍ വേട്ടയുടെ പേരില്‍ ദലിത് മുന്നേറ്റത്തിന് തടയിടുകയാണ് മോദിസര്‍ക്കാര്‍ ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാറിന്റെ ചിന്താധാര പിന്‍പറ്റാത്ത നഗരവാസികളെ ‘പട്ടണ നക്‌സലുകള്‍’ ആയി മുദ്രകുത്തുന്നു. സവര്‍ണ ഹിന്ദുരാഷ്ട്ര നിര്‍മിതിക്ക് വിഘാതം നില്‍ക്കുന്നവരെ ഭയപ്പെടുത്തുകയും ക്രിമിനല്‍ ചെയ്തികള്‍ക്ക് ഇരയാക്കുകയുമാണ്.
ദലിത് സമൂഹത്തിന്റെ അഭിലാഷങ്ങളെ അവമതിക്കുകയും ഭിന്നിപ്പിച്ചു ഭരിക്കുന്നതിന്റെ പുതിയ രീതി നടപ്പാക്കുകയുമാണ്. ന്യൂനപക്ഷമായിരിക്കുന്നത് കുറ്റമാണ്. കൊല്ലുന്നതല്ല, കൊല്ലപ്പെടുന്നതാണ് കുറ്റം. വ്യാപക പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നിട്ടും എന്തുകൊണ്ട് അതു ചെയ്തു എന്നതാണ് പ്രധാനം. പൊതുതെരഞ്ഞെടുപ്പിലേക്ക് നടക്കുന്ന മോദിസര്‍ക്കാറിനെതിരെ ജനരോഷം ശക്തിപ്പെട്ടുവെന്ന തിരിച്ചറിവാണ് കാരണം. അതു മറികടക്കാന്‍ സര്‍ക്കാര്‍ ഉപായങ്ങള്‍ കണ്ടെത്തുന്ന അപകട ഘട്ടത്തിലൂടെയാണ് രാജ്യം നീങ്ങുന്നത്. ഭിന്നിപ്പിച്ചു ഭരിക്കുന്നത് ബ്രിട്ടീഷുകാരുടെ തന്ത്രമായിരുന്നെങ്കില്‍, ശ്രദ്ധതിരിച്ചുവിട്ട് ഭരിക്കുകയാണ് മോദിസര്‍ക്കാറിന്റെ തന്ത്രം.
നോട്ട് അസാധുവാക്കിയതു വഴി ബി.ജെ.പിക്കാരുടെ ആസ്തി പല മടങ്ങായി. അഴിമതിക്കെതിരെ പ്രക്ഷോഭം നടത്തിയവര്‍ റഫാല്‍ പോര്‍വിമാന ഇടപാടില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. രാജ്യത്തെ ഏറ്റവും സമ്പന്ന പാര്‍ട്ടിയാണ് ഇന്ന് ബി.ജെ.പി. പണവും വോട്ടുയന്ത്രവും ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പു ജയിക്കാമെന്ന സ്ഥിതിയാണ് ഉണ്ടാക്കുന്നത്. പോരാത്തതിന് അയോധ്യയും കശ്മീരുമൊക്കെ തരംപോലെ ഉപയോഗപ്പെടുത്തുകയും ചെയ്യും അരുന്ധതി റോയ് പറഞ്ഞു. പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ദലിത് മുന്നേറ്റ നേതാവ് ജിഗ്‌നേഷ് മേവാനി, സാമൂഹിക പ്രവര്‍ത്തകരായ അരുണ റോയ്, ബെസ്‌വാദ വില്‍സണ്‍, ഹരീഷ് ധവാന്‍, സഞ്ജയ് പരീഖ് തുടങ്ങിയവരും സംസാരിച്ചു.

വ്യാപാര സംഘടനയില്‍നിന്നു പിന്‍മാറും: ട്രംപ്

അളക ഖാനം-
ന്യുയോര്‍ക്ക്: ലോക വ്യാപാര സംഘടനയില്‍നിന്നു പിന്‍മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. അമേരിക്കയോടുള്ള സംഘടനയുടെ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പിന്‍മാറ്റമെന്നാണു ട്രംപിന്റെ നിലപാട്.
ആഗോളവ്യാപാരത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള വ്യാവസായിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായി രൂപീകരിച്ചതാണ് ലോക വ്യാപാര സംഘടന. എന്നാല്‍ അമേരിക്കയോടു ശരിയായ രീതിയില്‍ അല്ല ഈ സംഘടന ഇടപെടുന്നതെന്ന് ബ്ലൂംബര്‍ഗ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ആരോപിച്ചു. ട്രംപിന്റെയും ലോക വ്യാപാര സംഘടനയുടെയും വ്യാപാര നയങ്ങള്‍ തമ്മില്‍ ഒത്തുപോകാത്തതാണ് ട്രംപിന്റെ ഭീഷണിക്കു കാരണമായി വിലയിരുത്തപ്പെടുന്നത്.
ലോക വ്യാപാര സംഘടനയുടെ പ്രശ്‌നപരിഹാര കോടതിയിലേക്കു ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതില്‍നിന്നു യുഎസ് അടുത്തിടെ പിന്‍മാറിയിരുന്നു.

ആപ്പിളിന്റെ പുതിയ മോഡലുകള്‍ ഉടന്‍ പുറത്തിറങ്ങും

അളക ഖാനം-
കലിഫോര്‍ണിയ: ടെക് ലോകത്തെ ഞെട്ടിക്കാന്‍ പുതിയ മോഡലുകള്‍ പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍. സെപ്റ്റംബര്‍ 12ന് കലിഫോര്‍ണിയിലെ ആപ്പിള്‍ പാര്‍ക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടക്കുന്ന ചടങ്ങില്‍ മൂന്ന് ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കുമെന്നാണ് സൂചന.
ഐഫോണ്‍ എക്‌സിന്റെ പരിഷ്‌കരിച്ച പതിപ്പായ 5.8 ഇഞ്ച്, 6.1 ഇഞ്ച്, 6.5 ഇഞ്ച് എന്നീ സ്‌ക്രീന്‍ വലുപ്പങ്ങളുള്ള മൂന്ന് മോഡലുകളാണ് പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ട്. ബയോമെഡ്രിക് സംവിധാനങ്ങളോട് കൂടിയ ഫേസ് ഐഡിയോടെ ആയിരിക്കും പുതിയ മോഡലുകളും പുറത്തിറങ്ങുക.
ഇതുകൂടാതെ ആപ്പിള്‍ വാച്ച് സീരിസിലെ പുതിയ പതിപ്പും പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ആപ്പിള്‍ മാക് ബുക്ക് എയര്‍, പരിഷ്‌കരിച്ച മാക് മിനി, ഐപാഡ് എന്നിവയും അവതരിപ്പിച്ചേക്കും.

 

രൂപയുടെ മൂല്യമിടിഞ്ഞു

ഗായത്രി-
കൊച്ചി: ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 71ലേക്ക് കൂപ്പുകുത്തി. ഇന്ന് വ്യാപാരം ആരംഭിച്ചത് തന്നെ നഷ്ടത്തിലാണ്. എന്നാല്‍ പിന്നീട് നില അല്‍പം മെച്ചപ്പെട്ടെങ്കിലും വിപണിയിലെ നഷ്ടം ഇനിയും തുടര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. പൊതുമേഖലാ ബാങ്കുകളും എണ്ണക്കമ്പനികളും വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നതാണ് രൂപക്ക് തിരിച്ചടിയാകുന്നത്.
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം ഇനി ഘട്ടംഘട്ടമായേ പലിശനിരക്ക് ഉയര്‍ത്തൂ എന്ന് പ്രഖ്യാപിച്ചതിനാല്‍ ആഗോളതലത്തില്‍ ഡോളറിന്റെ അപ്രമാദിത്തം കുറഞ്ഞിരുന്നു. എന്നാല്‍, ക്രൂഡോയില്‍ വില വീണ്ടും ഉയരുന്നതാണ് ഇന്ത്യയില്‍ ഡോളറിന്റെ ഡിമാന്റ് കൂടാനും രൂപയുടെ മൂല്യം താഴാനും കാരണം. ക്രൂഡോയില്‍ വാങ്ങല്‍ നടപടികള്‍ ഡോളറിലായതിനാലാണ്, എണ്ണക്കമ്പനികളും മറ്റും രൂപയെ വന്‍തോതില്‍ കയ്യോഴിയുന്നത്.
അമേരിക്ക വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ ഇറാനില്‍ നിന്ന് രാജ്യാന്തര വിപണിയിലേക്ക് എത്തുന്ന ക്രൂഡോയിലിന്റെ അളവ് കുറയും. ഈ ഭീതിമൂലം ക്രൂഡോയില്‍ വില അനുദിനം കൂടുകയാണ്. ഇന്നലെ ബാരലിന് 69.86 ഡോളറില്‍ നിന്ന് വില 70.08 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 77.45 ഡോളറായും ഉയര്‍ന്നു. ഓഹരി വിപണി വീണ്ടും നഷ്ടത്തിലേക്ക് വീണതും രൂപയെ തളര്‍ത്തുന്നുണ്ട്.

ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ല

ഗായത്രി-
ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറാവാത്തത് കാരണം തന്നെ പലരും അഹങ്കാരിയെന്ന് മുദ്രകുത്തിയിരിക്കുകയാണെന്ന് നടി മഡോണ സെബാസ്റ്റ്യന്‍.
അഭിനയിച്ച ചിത്രങ്ങളിലെല്ലാം നായകനെ ചുംബിക്കണമെന്നും അത് കഥക്ക് അനിവാര്യമാണെന്നും പല സംവിധായകരും നിര്‍ബന്ധിച്ചു പക്ഷേ ഞാന്‍ വഴങ്ങിയില്ല. ഒരിക്കലും ചുംബനരംഗത്തില്‍ അഭിനയിക്കില്ല. ഇതെന്റെ തീരുമാനമാണ്. പുതുതായി വരുന്ന ചിത്രങ്ങളില്‍ അത്തരത്തിലുള്ള രംഗങ്ങളുണ്ടെന്നു പറഞ്ഞാല്‍ അവ ഉപേക്ഷിക്കുകയാണ് പതിവ്. ഇതൊക്കെ അഭിനയത്തിന്റെ ഭാഗമല്ലേ എന്ന് പലരും ചോദിക്കാറുണ്ട്’. പക്ഷേ അഭിനയമെന്ന് പറഞ്ഞ് കിടക്ക പങ്കിടുന്നതും അന്യപുരുഷനെ ആലിംഗനം ചെയ്ത് വൃത്തികേട് കാണിക്കാനുമൊന്നും തന്നെ കിട്ടില്ലെന്ന് മഡോണ വ്യക്തമാക്കി.
ആസിഫ് അലി നായകനായ ഇബിലിസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മഡോണ. പ്രേമത്തിന് ശേഷം ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും അതൊന്നും തന്നെ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 70.82ലാണ് രൂപ ഡോളറിനെതിരെ വ്യാപാരം നടത്തുന്നത്. 23 പൈസയുടെ ഇടിവാണ് രൂപക്ക് ഉണ്ടായത്. ഡോളറിന്റെ ആവശ്യകത വര്‍ധിച്ചത് രൂപക്ക് തിരിച്ചടിയാവുകയായിരുന്നു.
കഴിഞ്ഞ ദിവസം 70.59ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. രൂപക്കൊപ്പം തുര്‍ക്കി, ചൈനീസ് കറന്‍സികളും തിരിച്ചടി നേരിടുകയാണ്. ക്രൂഡോയില്‍ വിലയിലുണ്ടാവുന്ന വ്യതിയാനങ്ങളും രൂപക്ക് തിരിച്ചിടിയായെന്നാണ് സാമ്പത്തികവിദഗ്ധരുടെ അഭിപ്രായം. 2018ല്‍ 10 ശതമാനം തകര്‍ച്ചയാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഇറക്കുമതി, വിദേശ വിദ്യാഭ്യാസം, വിദേശ യാത്ര എന്നിവയെല്ലാം പ്രതിസന്ധി നേരിടും. ഓഹരി വിപണിയും ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 32.55 പോയിന്റ് നഷ്ടത്തോടെ 38,690.38ലും നിഫ്റ്റി 11.30 പോയിന്റ് നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.

 

ഗോ എയര്‍ ഒക്ടോബര്‍ 11 മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങും

രാംനാഥ് ചാവ്‌ല-
മുംബൈ: ചെലവു കുറ!ഞ്ഞ വിമാനക്കമ്പനിയായ ഗോ എയര്‍ ഒക്ടോബര്‍ 11 മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങും. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് ആദ്യവിമാന സര്‍വീസുകള്‍. ഇന്ത്യയിലേക്കു നേരിട്ട് സര്‍വീസുകളില്ലാത്ത ഫുക്കെ, മധ്യ ഇന്ത്യയിലേക്ക് നേരിട്ട് സര്‍വീസില്ലാത്ത മാലി തുടങ്ങിയ സ്ഥലങ്ങളിലേക്കും ഗോ എയര്‍ സര്‍വീസ് നടത്തും. വിമാന യാത്രയുടെ ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കോര്‍നെലിസ് വ്രീസ്‌വിജിക്ക് പറഞ്ഞു.
ഇതോടെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് എന്നിവയ്ക്കു ശേഷം ഇന്ത്യയില്‍ നിന്നും വിദേശ സര്‍വ്വീസുകള്‍ ആരംഭിക്കുന്ന ആറാമത്തെ വിമാനക്കമ്പനിയാകും ഗോ എയര്‍. രാജ്യത്തെ നിലവിലുള്ള നിയമങ്ങളനുസരിച്ച് വിദേശ സര്‍വീസുകള്‍ നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഗോ എയര്‍ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.
2005 നവംബറിലാണ് ഗോ എയര്‍ ഇന്ത്യയില്‍ സര്‍വീസ് ആരംഭിച്ചത്. 2016 ഓഗസ്റ്റില്‍ ചൈന, വിയറ്റ്‌നാം, മാലിദ്വീപ്, കസാക്കിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് നടത്താനുള്ള അനുമതി ഗോ എ!യര്‍ നേടിയെടുത്തു.

രജനികാന്തിന്റെ 2.0 നവംബര്‍ 29ന് പുറത്തിറങ്ങും

ഫിദ-
രജനികാന്തിനെ നായകനാക്കി ഷങ്കര്‍ ഒരുക്കുന്ന 2.0 നവംബര്‍ 29ന് പുറത്തിറങ്ങും. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 10000ല്‍ അധികം സ്‌ക്രീനുകളിലാകും റിലീസെന്നാണ് സൂചന. ത്രീഡിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
എമി ജാക്‌സണ്‍, ആദില്‍ ഹുസൈന്‍, സുധാന്‍ഷു പാണ്ഡെ എന്നിവരോടൊപ്പം മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണും റിയാസ് ഖാനും താരനിരയിലുണ്ട്. 450 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഗ്രാഫിക്‌സ് ജോലികള്‍ ചെയ്തത് ഹോളിവുഡില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ്. എ.ആര്‍. റഹ് മാന്‍ സംഗീത സംവിധാനവും നിരവ് ഷാ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. നിര്‍മ്മാണം:ലൈക പ്രൊഡക്ഷന്‍സാണ് നിര്‍വഹിച്ചിരിക്കുന്നത്.

സണ്ണി ലിയോണിന്റെ ആത്മ കഥയുടെ രണ്ടാം ഭാഗം ട്രെയിലറെത്തി

രാംനാഥ് ചാവ്‌ല-
ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ജീവിത കഥ പറയുന്ന ‘കരണ്‍ജിത് കൗര്‍ ദി അണ്‍ടോള്‍ഡ് സ്‌റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലറെത്തി. പോണ്‍ സിനിമാ മേഖലയിലെ സണ്ണിയുടെ യാത്രയാണ് സംവിധായകന്‍ ഇത്തവണ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.
രണ്ടു മിനിട്ടിലധികം ദൈര്‍ഘ്യമുള്ളതാണ് ട്രെയിലര്‍. പോണ്‍ താരമായി ആരംഭിച്ച് പിന്നീട് ബോളിവുഡ് നടിയായി മാറിയ സണ്ണി ലിയോണ്‍ ലോകത്തിലെ തന്നെ അറിയപ്പെടുന്ന അഡള്‍ട്ട് ഫിലിം സ്റ്റാര്‍ ആയി മാറിയത് എങ്ങനെയെന്നും അതിനായി സണ്ണി നടത്തിയ പോരാട്ടങ്ങളുമാണ് ട്രെയിലറില്‍ കാണാന്‍ കഴിയുക.
ട്രെയിലറിന്റെ തുടക്കത്തില്‍ സണ്ണിയുടെ അമ്മ പറയുന്നത് ഇപ്രകാരം. മകള്‍ ഏറ്റവും നല്ല മകളായും ഏറ്റവും നല്ല ഭാര്യയായും മാറുന്നതായിരുന്നു തന്റെ സ്വപ്‌നമെന്നും എന്നാല്‍ വിദൂര സ്വപ്‌നങ്ങളില്‍ പോലും ലോകമറിയപ്പെടുന്ന ഒരു അഡള്‍ട്ട് സിനിമാ താരമാകുന്നതായി കരുതിയിട്ടില്ല. വെബ് സീരിസായി ഇറങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സെപ്തംബര്‍ 18 മുതല്‍ രണ്ടാം സീസണ്‍ സീ5ല്‍ സംപ്രേക്ഷണം ആരംഭിക്കും.

ഓഹരി നിക്ഷേപകരുടെ നേട്ടം 15 ലക്ഷം കോടി

രാംനാഥ് ചാവ്‌ല-
മുംബൈ: 40 ദിവസം കൊണ്ട് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ സ്വന്തമാക്കിയത് 15 ലക്ഷം കോടി. ലാര്‍ജ് ക്യാപ് ഓഹരികള്‍ വാങ്ങിയതും അഭ്യന്തര നിക്ഷേപകര്‍ പണമൊഴുക്കിയതും വിപണിക്ക് കരുത്താവുകയായിരുന്നു. ഇതോടെ റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചു.
ആഗസ്റ്റ് 28ലെ കണക്കനുസരിച്ച് ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ വിപണിമൂല്യം ഏകദേശം 159 ലക്ഷം കോടിയാണ്. ജൂലൈ രണ്ടിന് ഇത് 144 ലക്ഷം കോടിയായിരുന്നു. രൂപയുടെ തകര്‍ച്ച, യു.എസ് ചൈന വ്യാപാര യുദ്ധം എന്നിവ മൂലം ശ്രദ്ധയോടെയാണ് നിക്ഷേപകര്‍ വിപണിയില്‍ നിക്ഷേപിച്ചത്.
ബോംബെ സൂചികയായ സെന്‍സെക്‌സും ദേശീയ സൂചികയായ നിഫ്റ്റിയും റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് മുന്നേറുന്നത്. നിഫ്റ്റി കഴിഞ്ഞ ദിവസം 11,700 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയില്‍ വലിയ നേട്ടമുണ്ടാക്കിയ കമ്പനികളിലൊന്ന് റിലയന്‍സ് ആണ്. 2.25 ലക്ഷം കോടിയാണ് റിലയന്‍സ് വിപണി മൂലധനത്തില്‍ കൂട്ടിച്ചേര്‍ത്തത്. റിലയന്‍സിന്റെ ഓഹരി വിലയും ഉയര്‍ന്നിട്ടുണ്ട്. ആഗസ്റ്റ് 28ന് റിലയന്‍സിന്റെ ഓഹരി വില 1,318.20 രൂപയാണ്. ജൂലൈ രണ്ടിന് ഇത് 961.10 രൂപയായിരുന്നു. 37 ശതമാനം വര്‍ധനയാണ് റിലയന്‍സിന്റെ ഓഹരി വിലയില്‍ രേഖപ്പെടുത്തിയത്.