രൂപയുടെ മൂല്യമിടിഞ്ഞു

രൂപയുടെ മൂല്യമിടിഞ്ഞു

ഗായത്രി-
കൊച്ചി: ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 71ലേക്ക് കൂപ്പുകുത്തി. ഇന്ന് വ്യാപാരം ആരംഭിച്ചത് തന്നെ നഷ്ടത്തിലാണ്. എന്നാല്‍ പിന്നീട് നില അല്‍പം മെച്ചപ്പെട്ടെങ്കിലും വിപണിയിലെ നഷ്ടം ഇനിയും തുടര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. പൊതുമേഖലാ ബാങ്കുകളും എണ്ണക്കമ്പനികളും വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നതാണ് രൂപക്ക് തിരിച്ചടിയാകുന്നത്.
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം ഇനി ഘട്ടംഘട്ടമായേ പലിശനിരക്ക് ഉയര്‍ത്തൂ എന്ന് പ്രഖ്യാപിച്ചതിനാല്‍ ആഗോളതലത്തില്‍ ഡോളറിന്റെ അപ്രമാദിത്തം കുറഞ്ഞിരുന്നു. എന്നാല്‍, ക്രൂഡോയില്‍ വില വീണ്ടും ഉയരുന്നതാണ് ഇന്ത്യയില്‍ ഡോളറിന്റെ ഡിമാന്റ് കൂടാനും രൂപയുടെ മൂല്യം താഴാനും കാരണം. ക്രൂഡോയില്‍ വാങ്ങല്‍ നടപടികള്‍ ഡോളറിലായതിനാലാണ്, എണ്ണക്കമ്പനികളും മറ്റും രൂപയെ വന്‍തോതില്‍ കയ്യോഴിയുന്നത്.
അമേരിക്ക വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ ഇറാനില്‍ നിന്ന് രാജ്യാന്തര വിപണിയിലേക്ക് എത്തുന്ന ക്രൂഡോയിലിന്റെ അളവ് കുറയും. ഈ ഭീതിമൂലം ക്രൂഡോയില്‍ വില അനുദിനം കൂടുകയാണ്. ഇന്നലെ ബാരലിന് 69.86 ഡോളറില്‍ നിന്ന് വില 70.08 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 77.45 ഡോളറായും ഉയര്‍ന്നു. ഓഹരി വിപണി വീണ്ടും നഷ്ടത്തിലേക്ക് വീണതും രൂപയെ തളര്‍ത്തുന്നുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close