Month: March 2020

അനില്‍ അംബാനിയെ ചോദ്യം ചെയ്‌തേക്കും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ് തലവന്‍ അനില്‍ അംബാനിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ച യേസ് ബാങ്കുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യല്‍.
മുംബൈയില്‍ അന്വേഷണ ഏജന്‍സിയുടെ ഓഫീസില്‍ ഹാജരാകാനാണ് അനിലിനോടു നിര്‍ദേശിച്ചിരിക്കുന്നത്. യേസ് ബാങ്കില്‍നിന്ന് അനില്‍ അംബാനിയുടെ കമ്പനി വായ്പയെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണു സൂചന.
അതേസമയം, ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അനില്‍ അംബാനി കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണു നടപടിയെന്നു അംബാനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. റിലയന്‍സിലെ മറ്റ് ഉദ്യോഗസ്ഥരെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
സാമ്പത്തിക തകര്‍ച്ച നേരിട്ടതിനെ തുടര്‍ന്നാണ് യോസ് ബാങ്കിന് റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയത്. ഒരു മാസം മാസത്തേക്കാണു മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തമിഴ് സിനിമാ ചിത്രീകരണം നിര്‍ത്തിവെക്കും

ഗായത്രി-
ചെന്നൈ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ തമിഴ് സിനിമാ ചിത്രീകരണം പൂര്‍ണമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം. സിനിമ, സീരിയല്‍, വെബ് സീരീസ് എന്നിവയുടെ ഷൂട്ടിംഗ് അടക്കമുള്ള എല്ലാ ജോലികളും നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.

പ്രതിസന്ധിയിലായി പ്രവാസികള്‍

അളക ഖാനം-
മലയാളികള്‍ ഏറെയുള്ള ദുബായ്, കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലെല്ലാം കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ത്രിശങ്കുവിലായത് ഒട്ടേറെ പേരാണ്. നാട്ടിലേക്കുവരാനും കഴിയുന്നില്ല, വന്നവര്‍ക്ക് അവധികഴിഞ്ഞ് പോകാനും കഴിയുന്നില്ല.
നൂറുകണക്കിനാളുകള്‍ ഒരാഴ്ചയ്ക്കിടെ ഗള്‍ഫ് നാടുകളിലേക്കുള്ള യാത്ര റദ്ദാക്കി. പലരുടെയും വിസ കാലാവധി കഴിയാന്‍ ദിവസങ്ങള്‍ മാത്രം. ഖത്തറും കുവൈത്തും സൗദിയുമെല്ലാം വിദേശത്തേക്ക് മടങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഇളവ് പ്രഖ്യാപിച്ചതാണ് ആകെയുള്ള ആശ്വാസം.
കുറ്റിയാടി സ്വദേശിയായ ഒരു യുവാവ് കഴിഞ്ഞദിവസം നാട്ടിലെത്തിയത് അപ്രതീക്ഷിതമായാണ്. ഖത്തറില്‍നിന്ന് വ്യാപാരാവശ്യാര്‍ഥം ദുബായിലേക്ക് പോയതായിരുന്നു. തിരിച്ച് ഖത്തറില്‍ എത്തിയപ്പോള്‍ പുറത്തിറങ്ങാന്‍ വിട്ടില്ല. ഇതോടെ നാട്ടിലേക്ക് മടങ്ങി. അവധികഴിഞ്ഞ് ഖത്തറിലേക്ക് പോകേണ്ട ഒട്ടേറെ പേര്‍ നാദാപുരം, കുറ്റിയാടി മേഖലയിലുണ്ട്.
വിസ നീട്ടിക്കിട്ടാനും മറ്റും വഴിതെളിഞ്ഞെങ്കിലും പ്രവാസികള്‍ ആശങ്കപ്പെടുന്നത് വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചാണ്. വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരുമാണ് മലബാറിലെ പ്രവാസികളില്‍ ഏറെയും. പ്രത്യേകിച്ചു റെസ്‌റ്റോറന്റ്, സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥാപനങ്ങള്‍ നടത്തുന്നവര്‍.
കുവൈത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ്. പാഴ്‌സല്‍മാത്രമേ നല്‍കാന്‍ പാടുള്ളൂ. ഇതോടെ കച്ചവടം പകുതിയിലേറെ കുറഞ്ഞു. തദ്ദേശീയര്‍ പുറത്ത് ഇറങ്ങുന്നുമില്ല. കച്ചവടം കുറഞ്ഞതോടെ തൊഴിലാളികളും ദുരിതത്തിലായി. ജോലി പകുതിസമയമായി വെട്ടിക്കുറച്ചു. ഇതോടെ പകുതിശമ്പളമേ കിട്ടൂ.

 

എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും സൗദി നിര്‍ത്തിവെച്ചു

അളക ഖാനം-
റിയാദ്: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും സൗദി അറേബ്യ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. നാളെ മുതല്‍ രണ്ടാഴ്ചത്തേക്കാണ് സര്‍വീസ് നിര്‍ത്തുക. ഇന്ത്യയടക്കമുള്ള 14 ഓളം രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇന്ന് രാവിലെയോടെയാണ് എല്ലാ അന്തരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെക്കാന്‍ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
സൗദിയില്‍ വെള്ളിയാഴ്ച 24 പുതിയ കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 86 ആയിട്ടുണ്ട്.
അന്തരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചുള്ള നിയന്ത്രണം നാളെ രാവിലെ 11 മണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു. നിയന്ത്രണം ഏര്‍പ്പെടുത്തിയ രണ്ടാഴ്ചക്കിടയില്‍ അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ അന്താരാഷ്ട്ര സര്‍വീസുകള്‍ അനുവദിക്കൂ. ഈ കാലയളവില്‍ തിരികെ എത്താന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക അവധിയായി നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിയന്ത്രണം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയിലെ സൗദി പൗരന്‍മാര്‍ക്കും സൗദിയില്‍ സ്ഥിരംതാമസ വിസയുള്ള ഇന്ത്യക്കാര്‍ക്കും സൗദിയിലേക്ക് മടങ്ങാന്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

 

പെട്രോള്‍, ഡീസല്‍ നികുതി കൂട്ടി കേന്ദ്രസര്‍ക്കാര്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ നികുതി കൂട്ടി കേന്ദ്രസര്‍ക്കാര്‍. എക്‌സൈസ് തീരുവയില്‍ മൂന്ന് രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നികുതി കൂട്ടിയിരിക്കുന്നത്.
പെട്രോളിനും ഡീസലിനും ചുമത്തുന്ന പ്രത്യേക എക്‌സൈസ് തീരുവ രണ്ട് രൂപ വര്‍ധിപ്പിച്ചു. എട്ട് രൂപയായിരിക്കും ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനുമുള്ള പ്രത്യേക എക്‌സൈസ് തീരുവ. റോഡ് സെസും ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. 10 രൂപയായിരിക്കും റോഡ് സെസ്.

 

കൊറോണ ഭീതിയില്‍ കൂപ്പ്കുത്തി വിപണി

രാംനാഥ് ചാവ്‌ല-
മുംബൈ: കോവിഡ് 19 സൃഷ്ടിച്ച ആഘാതം ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്ന് വിട്ടൊഴിയുന്നില്ല. ബോംബെ, ദേശീയ സൂചികകള്‍ ഇന്നും വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചു. ബോംബെ സൂചിക സെന്‍സെക്‌സ് 1,851.7 പോയിന്റ് നഷ്ടത്തോടെ 33,845.70ത്തിലേക്ക് കൂപ്പുകുത്തി. 549 പോയിന്റ് നഷ്ടത്തോടെ 9,909.35ലേക്കാണ് നിഫ്റ്റി കൂപ്പുകുത്തിയത്.
30 മാസത്തിനിടയില്‍ ഇതാദ്യമായാണ് നിഫ്റ്റി ഇത്രയും വലിയ തകര്‍ച്ച നേരിടുന്നത്. സെന്‍സെക്‌സ് 17 മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ടാറ്റ സ്റ്റീല്‍, ഒ.എന്‍.ജി.സി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികളെല്ലാം 8 ശതമാനത്തിന്റെ നഷ്ടം രേഖപ്പെടുത്തി. ഇന്നലെ നേട്ടമുണ്ടാക്കിയ റിലയന്‍സ് ഇന്‍ഡസ്ട്രീസിനും വിപണിയുടെ തകര്‍ച്ചയില്‍ പിടിച്ച് നില്‍ക്കാനായില്ല. 7 ശതമാനം നഷ്ടമാണ് റിലയന്‍സിന് ഉണ്ടായത്. നിഫ്റ്റിയില്‍ യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, അദാനി പോര്‍ട്‌സ്, ടാറ്റ സ്റ്റീല്‍, വേദാന്ത, ഒ.എന്‍.ജി.സി, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ എന്നിവയും നഷ്ടം രേഖപ്പെടുത്തി.
കോവിഡ് 19 സംബന്ധിച്ച ആശങ്കകള്‍ തന്നെയാണ് ഓഹരി വിപണികളെ പിടിച്ചുലച്ചത്. കോറോണ വൈറസിനെ മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് യു.എസ് യാത്രവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ കോവിഡ് 19 പ്രതീക്ഷിച്ചതിലും വലിയ ആഘാതമുണ്ടാക്കുകയാണെന്ന തിരിച്ചറിവ് വിപണികളില്‍ വില്‍പന സമ്മര്‍ദമുണ്ടാക്കി. ഇതാണ് ഇന്ത്യന്‍ ഓഹരി വിപണികളിലും പ്രതിഫലിച്ചത്.
മറ്റ് വിപണികളിലും തകര്‍ച്ച തുടരുകയാണ്. ജപ്പാനിലെ നിക്കി 5.3 ശതമാനം നഷ്ടം രേഖപ്പെടുത്തി. ആസ്‌ട്രേലിയയിലെ നഷ്ടം 7.4 ശതമാനമാണ്. ദക്ഷിണകൊറിയയിലെ കോസപി 4.6 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ നാലര വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കിലാണ് ദക്ഷിണകൊറിയന്‍ വിപണി.

രൂപയുടെ മൂല്യത്തില്‍ കനത്ത ഇടവ്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തില്‍ കനത്ത ഇടവ്. ഡോളറിനെതിരെ 75 നിലവാരത്തിനടുത്തായി രൂപയുടെ മൂല്യം.
ഒരുശതമാനം നഷ്ടത്തില്‍ 74.34 നിലവാരത്തിലെത്തി മൂല്യം. 2018 ഒക്ടോബറിലെ നിലവാരമായ 74.48 രൂപയ്ക്കടുത്തായി ഇത്.
വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തെ ഓഹരികളും കറന്‍സികളും ഉപേക്ഷിച്ചതാണ് രൂപയെ ബാധിച്ചത്.
ഇന്ന് വൈകീട്ട് പുറത്തുവരാനിരിക്കുന്ന റീട്ടെയില്‍ പണപ്പെരുപ്പം, ഫാക്ടറി ഡാറ്റ തുടങ്ങിയവ കാത്തിരിക്കുകയാണ് നിക്ഷേപകര്‍.

 

 

അമ്മയ്‌ക്കൊരു പാട്ട് പ്രകാശനം ചെയ്തു

അജയ്തുണ്ടത്തില്‍-
പ്രശസ്ത ചലച്ചിത്ര പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഗായകനുമായ കുടപ്പനകുന്ന് രാജീവ് ഒരുക്കുന്ന ഭക്തിഗാന ഓഡിയോ സീഡി ”അമ്മയ്‌ക്കൊരു പാട്ട്” പ്രകാശിതമായി.
ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സിന്റെ തിരുവനന്തപുരത്തെ സ്റ്റുഡിയോ ഫ്‌ളോറില്‍ വെച്ച് പ്രശസ്ത താരങ്ങളായ ഇന്നസന്റും ജഗദീഷും ചേര്‍ന്നാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. ബൈജു മേലില, റിമി ടോമി, തെസ്‌നിഖാന്‍ തുടങ്ങിയവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.
കൊടുങ്ങല്ലൂരമ്മ, ഭക്തകോടികള്‍ക്ക് അനുഗ്രഹം ചൊരിയാന്‍ കേരളത്തിന്റെ വടക്കേയറ്റത്ത് നിന്നും വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ആറ്റുകാല്‍ പൊങ്കാലയ്ക്കായി അനന്തപുരിയിലേക്ക് വരുന്ന ഭക്തിസാന്ദ്രമായ മൂന്ന് ഗാനങ്ങള്‍ ഉള്‍കൊള്ളിച്ചാണ് ‘അമ്മയ്‌ക്കൊരു പാട്ട്’ അവതരിപ്പിച്ചിരിക്കുന്നത്. 38 മിനിറ്റാണ് ദൈര്‍ഘ്യം.
ആശയം, സംഗീതം – കുടപ്പനകുന്ന് രാജീവ്, നിര്‍മ്മാണം – കൈലാസ് ആര്‍.എം, മായാരാജീവ്, ആലാപനം – കുടപ്പനകുന്ന് രാജീവ്, പാര്‍വ്വതി നായര്‍ എം.ആര്‍, സോണിക, രേഷ്മ, ഗാനരചന – സുനില്‍ വെഞ്ഞാറമൂട്, അജയന്‍ തെന്മല, ഓര്‍ക്കസ്‌ട്രേഷന്‍ – ശ്രീരാഗ് സുരേഷ്, മിക്‌സിംഗ് ആന്റ് മാസ്റ്ററിംഗ് – ആമച്ചല്‍ സുരേഷ്, വിതരണം – എസ്.കെ. ഓഡിയോസ് & വീഡിയോസ്, പിആര്‍ഓ – അജയ്തുണ്ടത്തില്‍.

 

ഇന്‍ഡിഗോയുടെ പുതിയ ദമ്മാം സര്‍വിസിന് തുടക്കം

ഫിദ-
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് നിറയെ യാത്രക്കാരുമായി ഇന്‍ഡിഗോയുടെ പുതിയ ദമ്മാം സര്‍വിസിന് തുടക്കം. 186 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തിന്റെ ആദ്യസര്‍വിസില്‍ 185 പേരാണുണ്ടായിരുന്നത്. കോവിഡ് ഭീഷണി യാത്രക്കാരുടെ എണ്ണത്തെ ബാധിച്ചില്ല.
ആദ്യസര്‍വിസിലെ യാത്രക്കാരെ കേക്ക് നല്‍കി സ്വീകരിച്ചു. രാവിലെ 7.55ന് പുറപ്പെട്ട വിമാനം 10.15ന് ദമ്മാമിലെത്തി. തിരിച്ച് രാത്രി 11.10ന് ദമ്മാമില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ച 6.10ന് കരിപ്പൂരിലെത്തും.
സൗദിയിലേക്ക് കൊച്ചിയില്‍ നിന്ന് സര്‍വിസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും കരിപ്പൂരില്‍ നിന്ന് സര്‍വിസുണ്ട്. നേരിട്ടുള്ള സര്‍വിസുകളില്‍ മാത്രമേ സൗദിയിലേക്ക് പ്രവേശനമുള്ളൂ.

സിന്‍ഡിക്കേറ്റ് ബാങ്കിലും 1500 കോടിയുടെ ക്രമക്കേടെന്ന് പരാതി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: യെസ് ബാങ്കിന് പിന്നാലെ സിന്‍ഡിക്കേറ്റ് ബാങ്കിലും പ്രതിസന്ധിയുണ്ടെന്ന സൂചന നല്‍കി ജീവനക്കാരുടെ പരാതി. ക്രമവിരുദ്ധമായി 1500 കോടി രൂപ വായ്പ സ്വകാര്യ സ്ഥാപനത്തിന് നല്‍കിയെന്ന പരാതിയാണ് തൊഴിലാളി യൂണിയനുകള്‍ കേന്ദ്ര ധനമന്ത്രിക്ക് നല്‍കിയത്.
സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ എസ്.കൃഷ്ണന്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മേലുദ്യോഗസ്ഥനായ എസ്.രാജഗോപാലന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചുവെന്നാണ് ആരോപണം. കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ശ്രേയിയെന്ന സ്ഥാപനത്തിനായാണ് വായ്പ നല്‍കിയത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങളിലെല്ലാം ശ്രേയി ഏറെ പിന്നിലായിട്ടും വായ്പ അനുവദിച്ചുവെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. 33 രൂപയുണ്ടായിരുന്ന ശ്രേയിയുടെ ഓഹരി മൂല്യം ഇപ്പോള്‍ ആറ് രൂപയാണ്. യെസ് ബാങ്കിന് ശേഷം മറ്റൊരു ബാങ്ക് കൂടി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോയെന്ന ആശങ്കയാണ് സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്ന് ഉയരുന്നത്.