Month: January 2020

ഉള്ളി ഉല്‍പ്പാദനം വര്‍ധിക്കും വില കുറയും

വിഷ്ണു പ്രതാപ്-
ദില്ലി: ഉള്ളിവിലക്കയറ്റത്തില്‍ ആശ്വാസമായി ഉള്ളിപ്പാടങ്ങളില്‍ നിന്നുള്ള സന്തോഷ വാര്‍ത്ത. 201920 സാമ്പത്തിക വര്‍ഷത്തില്‍ ഉള്ളി ഉല്‍പാദനം ഏഴ് ശതമാനം വര്‍ധിക്കും. 24.45 മില്ല്യണ്‍ ടണ്‍ ഉള്ളി ഉല്‍പാദനമുണ്ടാകുമെന്നും താമസിയാതെ വില സാധാരണ നിലയിലേക്കെത്തുമെന്നും കൃഷി മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം ഉള്ളികൃഷി 12.20 ലക്ഷം ഹെക്ടറില്‍ നിന്ന് 12.93 ലക്ഷം ഹെക്ടറായി ഉയര്‍ന്നു. 201819 സാമ്പത്തിക വര്‍ഷത്തില്‍ 22.81 മില്ല്യണ്‍ ടണ്‍ ആയിരുന്നു ഉള്ളി ഉല്‍പാദനം. കനത്ത മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലും ഖാരിഫ് ഉള്ളി വിളവ് ക്രമാതീതമായി കുറഞ്ഞതാണ് രാജ്യത്തെ ഉള്ളിവില കുതിക്കാനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്.
ഉള്ളി വില ശരാശരി 160 കടന്നതോടെ ഇറക്കുമതി ചെയ്യാന്‍ നിര്‍ബന്ധിതമായി. തുര്‍ക്കി, ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഉള്ളി ഇറക്കുമതി ചെയ്ത് വില 60 രൂപയിലെത്തിച്ചത്. ഉരുളക്കിഴങ്ങ്, തക്കാളി ഉല്‍പാദനത്തിലും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 51.94 മില്ല്യണ്‍ ടണ്‍ ഉരുളക്കിഴങ്ങ് ഈ സാമ്പത്തിക വര്‍ഷം ഉല്‍പാദിപ്പിച്ചേക്കും. അതേസമയം, പച്ചക്കറി ഉല്‍പാദനം പ്രതീക്ഷിച്ച നിലയില്‍ എത്തില്ല. ബീന്‍സ്, മത്തങ്ങ, കോവക്ക എന്നിവയുടെ ഉല്‍പാദനം കുറയും. മാമ്പഴം, വാഴപ്പഴം, മുന്തിരി ഉല്‍പാദനത്തിലും കുറവുണ്ടാകും. മൊത്തം പഴ ഉല്‍പാദനം 97.9 മില്ല്യണ്‍ ടണ്ണില്‍ നിന്ന് 95.74 മില്ല്യണ്‍ ടണ്ണായി കുറയും. തേങ്ങ, കശുവണ്ടി എന്നിവയുടെ ഉല്‍പാദനത്തിലും നേരിയ വര്‍ധനവുണ്ടാകും.
ഉള്ളി വില ക്രമാതീതമായി വര്‍ധിച്ചത് സര്‍ക്കാറിന് ചെറുതല്ലാത്ത തലവേദനയായിരുന്നു. ഉള്ളി വില വര്‍ധനയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ പാര്‍ലമെന്റിലെ പരാമര്‍ശവും വിവാദമായി. ശരാശരി 20 രൂപയില്‍ നിന്നാണ് ഉള്ളിവില 200 രൂപയിലെത്തിയത്. ഇപ്പോള്‍ 60 രൂപയാണ് ശരാശരി വില.

 

ഇന്ധനവില വീണ്ടും കുറഞ്ഞു

ഗായത്രി-
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 11 പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്ന് കുറഞ്ഞിട്ടുള്ളത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 75.68 രൂപയായും ഡീസല്‍ വില 70.41 രൂപയായും കുറഞ്ഞു.
തിരുവനന്തപുരത്ത് പെട്രോള്‍ വില 76.95 രൂപയും ഡീസല്‍ വില 71.60 രൂപയുമാണ്. ഏറെ നാളുകള്‍ക്കുശേഷമാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില 77 രൂപയില്‍ താഴെയെത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ സംസ്ഥാനത്ത് ഇന്ധനവിലയില്‍ വന്‍ ഇടിവാണ് അനുഭവപ്പെടുന്നത്.

 

കൊറോണ ഞണ്ട് വില കുത്തനെ ഇടിഞ്ഞു

ഫിദ-
കൊച്ചി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈന മല്‍സ്യ ഇറക്കുമതി നിറുത്തിയത് കേരളത്തില്‍ ഞണ്ടിന്റെ വില കുത്തനെ ഇടിയാന്‍ കാരണമായി. കിലോഗ്രാമിന് 1250 രൂപയുണ്ടായിരുന്ന ഞണ്ടിന്റെ ഇപ്പോഴത്തെ വില 250 രൂപ മാത്രം. കയറ്റുമതി നിറുത്തിയതോടെ സാധനം സുലഭമാകുകയും വില വലിയ തോതില്‍ കുറയുകയുമായിരുന്നു.
ഞണ്ടിനൊപ്പം കൊഴുവ, അയല തുടങ്ങിയ മല്‍സ്യങ്ങളും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടായിരുന്നു. ദുബായ്, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കും കേരളത്തില്‍ നിന്ന് മീന്‍ കയറ്റി അയയ്ക്കുന്നുണ്ട്. എന്നാല്‍ കൂടുതലും ചൈനയിലേക്കായിരുന്നു. കഴിഞ്ഞ വര്‍ഷം 700 കോടി രൂപയുടെ മല്‍സ്യമാണ് കേരളത്തില്‍ നിന്ന് ചൈനയില്‍ എത്തിയത്.

എയര്‍ ഇന്ത്യയുടെ വില്‍ക്കാനൊരുങ്ങി കേന്ദ്രം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കനത്ത സാമ്പത്തിക ബാധ്യതയാണ് കമ്പനിക്കെന്നും സ്വകാര്യവത്കരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും സര്‍ക്കാര്‍ പറയുന്നു.
2018ല്‍ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാല്‍ ആരും താത്പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്. ഇത്തവണയും ആരും ഓഹരികള്‍ വാങ്ങാന്‍ മുന്നോട്ടുവന്നില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഓഹരി വില്‍പന സംബന്ധിച്ച് എയര്‍ ഇന്ത്യ താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. 2020 മാര്‍ച്ച് 17 വരെയാണ് താത്പര്യപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി. കമ്പനിയുടെ 326 കോടി ഡോളര്‍ ( ഏകദേശം 23,000 കോടി രൂപ) വരുന്ന കടവും മറ്റ് ബാധ്യതകളും പൂര്‍ണമായും ഓഹരി വാങ്ങുന്നവര്‍ ഏറ്റെടുക്കണം.
വിദേശ കമ്പനികളാണ് വാങ്ങാന്‍ താത്പര്യപ്പെടുന്നതെങ്കിലും വിദേശകമ്പനികള്‍ക്ക് പൂര്‍ണമായും ഓഹരികള്‍ വാങ്ങുന്നതിന് നിയന്ത്രണമുണ്ട്. വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ പങ്കാളിയുമായി ചേര്‍ന്ന് മാത്രമേ എയര്‍ ഇന്ത്യയെ വാങ്ങാന്‍ സാധിക്കു. എന്നാല്‍ എയര്‍ ഇന്ത്യയുടെ നിര്‍ണായക ഓഹരികള്‍ ഇന്ത്യന്‍ കമ്പനിയുടെ പക്കലായിരിക്കണമെന്നും വ്യവസ്ഥയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

 

സ്വര്‍ണ വില കുതിക്കുന്നു

ഗായത്രി-
കൊച്ചി: സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്റെ വില 30,160 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 3,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രണ്ടാം തവണയാണ് പവന്റെ വില 30,000 കടക്കുന്നത്.

ഹിന്ദി സീരിയല്‍ നടി സേജല്‍ ശര്‍മ ആത്മഹത്യ ചെയ്തു

രാംനാഥ് ചാവ്‌ല-
മുംബൈ: ടെലിവിഷന്‍ നടി സേജല്‍ ശര്‍മ ജീവനൊടുക്കി. മുംബൈയിലെ വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു.
ഉദയ്പുര്‍ സ്വദേശിയാണ് സേജല്‍. 2017ല്‍ മുംബൈയില്‍ എത്തിയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. സ്റ്റാര്‍ പ്ലസ് ചാനലിലെ ‘ദില്‍ തോ ഹാപ്പി ഹേ ജി’ എന്ന സീരിയലിലെ പ്രധാന നടിയാണ് സേജല്‍. ചില പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. പോലീസ് കേസെടുത്തു.

 

സഭ്യതയുടെ പരിധി ലംഘിച്ചിട്ടില്ല

ഫിദ-
പച്ചമാങ്ങ എന്ന ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും തെറ്റായ പ്രചരണങ്ങള്‍ നടത്തരുതെന്ന് നടി സോന ഹെയ്ഡന്‍. ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്യുന്ന പച്ചമാങ്ങയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പ്രതാപ് പോത്തനും സോന ഹെയ്ഡനുമാണ്.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നതിന് തൊട്ടുപിന്നാലെ സോനയെ വിമര്‍ശിച്ച് ഒട്ടനവധി പേര്‍ രംഗത്തെത്തി. സോനയുടെ വസ്ത്രധാരണത്തെ കേന്ദ്രീകരിച്ചായിരുന്നു വിമര്‍ശനങ്ങള്‍. തുടര്‍ന്ന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സോന.
വളരെ മനോഹരമായ ഒരു ചിത്രമാണ് പച്ചമാങ്ങ. എന്റെ കഥാപാത്രത്തിന്റെ, വേഷത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തെ വിലയിരുത്തരുത്. ഞാന്‍ ഒരു ഗ്ലാമസറസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന മുന്‍ധാരണയോടു കൂടിയാണ് പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസത്രധാരണത്തെ അതേ പടി പകര്‍ത്തുകയാണ് ഞാന്‍ ചെയ്തിരിക്കുന്നത്. സഭ്യതയുടെ പരിധി ലംഘിച്ചിട്ടില്ല സോന വ്യക്തമാക്കി.

സ്വര്‍ണ വില വീണ്ടും 30,000 രൂപയിലെത്തി

ഗായത്രി-
കൊച്ചി: സ്വര്‍ണ വില വീണ്ടും 30,000 രൂപയിലെത്തി. പവന് ഇന്ന് 160 രൂപ കൂടി. ഇന്നലെ പവന് 120 രൂപ വര്‍ധിച്ചിരുന്നു. ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. പവന് 30,000 രൂപയും ഗ്രാമിന് 3,750 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

നടന്‍ ഷെയ്ന്‍ നിഗമുമായുള്ള പ്രശ്‌നപരിഹാരത്തിന് തിങ്കളാഴ്ച ചര്‍ച്ച

ഗായത്രി-
കൊച്ചി: നടന്‍ ഷെയ്ന്‍ നിഗമുമായുള്ള പ്രശ്‌നപരിഹാരത്തിന് തിങ്കളാഴ്ച ചര്‍ച്ച നടക്കാനിരിക്കുമ്പോഴും നിര്‍മാതാക്കള്‍ ഉറച്ചുതന്നെ. താരസംഘടന ‘അമ്മ’യും നിര്‍മാതാക്കളുടെ സംഘടനയും തമ്മില്‍ തിങ്കളാഴ്ച കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, നേരത്തേ ഉയര്‍ത്തിയ നിലപാടുകള്‍ എല്ലാം ഉപേക്ഷിച്ച് പ്രശ്‌നപരിഹാരമുണ്ടാകില്ലെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന.
ഷെയ്ന്‍ നിഗമുമായുണ്ടായ പ്രശ്‌നപരിഹാരത്തിന് മൂന്നുകാര്യങ്ങളാണ് നിര്‍മാതാക്കള്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. നിര്‍മാതാക്കള്‍ക്കെതിരേ ഷെയ്ന്‍ നടത്തിയ വിവാദപരാമര്‍ശത്തില്‍ മാപ്പുപറയണമെന്ന ആവശ്യം ഷെയ്ന്‍ മാപ്പുപറഞ്ഞതോടെ പരിഹരിക്കപ്പെട്ടിരുന്നു. ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന ആവശ്യവും ഷെയ്ന്‍ അനുസരിച്ചിരുന്നു. ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇപ്പോള്‍ അമ്മയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നത്.
ഷെയ്ന്‍ മൂലം നിര്‍മാണം തടസ്സപ്പെട്ട വെയില്‍, ഖുര്‍ബാനി എന്നീ ചിത്രങ്ങളുടെ ചിത്രീകരണം തുടരുന്നത് തിങ്കളാഴ്ച ചര്‍ച്ചചെയ്യും. ഷെയ്ന്‍ മൂലമുണ്ടായ സാമ്പത്തികനഷ്ടം പരിഹരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്നാണ് നിര്‍മാതാക്കള്‍ പറഞ്ഞത്. അതേസമയം സിനിമയുമായി മുന്നോട്ടുപോകുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

ഡാര്‍ക് മോഡുമായി വാട്‌സ്ആപ്പ്

ഗായത്രി-
ഏറെ ഉപകാരപ്രദമാകുന്ന ഡാര്‍ക് മോഡ് ഫീച്ചര്‍ വാട്‌സ്ആപ്പില്‍ എത്തി. വാട്‌സ്ആപ്പില്‍ ഡാര്‍ക് മോഡ് ഫീച്ചര്‍ എത്തുന്നു എന്ന് നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയതാണെങ്കിലും നീണ്ടുപോവുകയായിരുന്നു. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ 2.20.13 എന്ന ബീറ്റപതിപ്പിലാണ് ഈ ഫീച്ചറുള്ളത്. വാട്‌സ്ആപ്പ് സ്‌ക്രീനും ചാറ്റും എല്ലാം കറുപ്പ് നിറത്തിലേക്ക് മാറും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ചാര്‍ജ് ഉപയോഗം കുറക്കാനാവും (പ്രത്യേകിച്ച് അമോലെഡ് ഡിസ്‌പ്ലെയില്‍
കണ്ണിന് ആയാസം ലഭിക്കുന്നതിനാല്‍ രാത്രിയിലെ ചാറ്റിങുകള്‍ക്കും ഏറെ ഉപകാരപ്രദമാണ് ഈ ഫീച്ചര്‍. നേരത്തെ ഒപ്പോ, വിവോ, ഷഓമി തുടങ്ങിയ ഫോണുകള്‍ അവരുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അപ്‌ഡേഷന്‍ ഭാഗമായി ഡാര്‍ക് മോഡ് ഫീച്ചര്‍ ലഭ്യമാക്കിയിരുന്നു. ഇതിലൂടെ വാട്‌സ്ആപ്പിലും ഡാര്‍ക് മോഡല്‍ ലഭിച്ചിരുന്നുവെങ്കിലും പൂര്‍ണത ഇല്ലായിരുന്നു. എന്നാല്‍ വാട്‌സ്ആപ്പ് തന്നെ ഫീച്ചര്‍ ലഭ്യമാക്കിയതോടെ പൂര്‍ണമായും ഡാര്‍ക്ക് മോഡവും. എങ്ങനെ ഉപയോഗിക്കാം…

1. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റപതിപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
2. വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ വലതുഭാഗത്ത് കാണുന്ന മൂന്ന് ഡോട്ട് മെനുവിലെ സെറ്റിങ്‌സില്‍ ക്ലിക്ക് ചെയ്യുക.
3. അതിലെ ചാറ്റില്‍ തീംസ് എന്ന ഓപ്ഷനിലാണ് ഡാര്‍ക് മോഡ്.