Month: September 2018

കൂകിപ്പാഞ്ഞ് ഇന്ധനവില

ഗായത്രി-
കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു. പെട്രോളിന് 18 പൈസയും ഡീസലിന് 22 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 86.77 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 79.87 രൂപയും. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 85.44 രൂപയും ഡീസലിന് 78. 62 രൂപയുമായി വര്‍ദ്ധിച്ചു. കോഴിക്കോട്ട് പെട്രോള്‍ വില 85.69 രൂപയായി. 78.88 രൂപയാണ് ഡീസല്‍ വില. രാജ്യത്ത് ഇന്ധനവില ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയിലെ പര്‍ഭാനിയില്‍ പെട്രോളിന് ലിറ്ററിന് 92.45 രൂപയാണ് ഇന്നത്തെ വില.

 

ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ന്നു

അളക ഖാനം-
കാലിഫോര്‍ണിയ: അഞ്ചു കോടി ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി. ഫേസ്ബുക്കിലെ ‘വ്യൂ ആസ്’ എന്ന ഫീച്ചറിലൂടെയാണ് നുഴഞ്ഞുകയറിയതെന്ന് പിന്നീട് കണ്ടെത്തിയതായി ഫേസ്ബുക്ക് സുരക്ഷ മേധാവി ഗെയ് റോസന്‍ അറിയിച്ചു. ചൊവ്വാഴ്ചയാണ് സൈബര്‍ ആക്രമണം നടന്നത്. ഉടന്‍ പോലീസില്‍ അറിയിച്ചു.
വെള്ളിയാഴ്ച സുരക്ഷവീഴ്ച പരിഹരിച്ചു. ഫേസ്ബുക്ക് അക്കൗണ്ടുകള്‍ റീ ലോഗിന്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി. ഫേസ്ബുക്ക് സ്വന്തംനിലയില്‍ അന്വേഷണം നടത്തുന്നുണ്ട്. അക്കൗണ്ടുകളോ വിവരങ്ങളോ ദുരുപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

വൈറലായി പരിനീതി

രാംനാഥ് ചാവ്‌ല-
ബോളിവുഡ് താരം പരിനീതി ചോപ്രയുടെ അതീവ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറലാവുന്നു. ഫിലിംഫെയര്‍ മാഗസിന്റെ കവര്‍ ചിത്രമാണ് വൈറലായത്. കറുത്ത സ്വിം സ്യൂട്ടില്‍ വളരെ ബോള്‍ഡ് ലുക്കിലാണ് പരിനീതി മുഖചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇതിനെതിരെ ട്രോളുകളും ആരോപണങ്ങളും ഉയര്‍ന്നു കഴിഞ്ഞു. പരിനീതിയുടെ പുതിയ അവതാരം എന്ന ക്യാപ്ഷനോടെയാണ് ചിത്രം വന്നിരിക്കുന്നത്. എന്നാല്‍ അപാര ഫോട്ടോഷോപ്പാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നതെന്നാണ് ആരോപണം.
എഡിറ്റിംഗ് നടത്തിയിരിക്കുന്നത് വളരെ വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടെന്നും പരിനീതിയുടെ കാലുകളും മുഖവും ഒരേ നിറവും ഉടല്‍ വേറെ നിറവുമാണെന്നും ഇവര്‍ പറയുന്നു. ഫോട്ടോഷോപ്പിന്റെ മാരക വേര്‍ഷനാണ് ഇതെന്നും ഇത്തരത്തിലുള്ള ഫോട്ടോഷോപ്പ് അവതാരങ്ങള്‍ കണ്ടു മടുത്തു പോയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ചിത്രം പങ്കുവച്ച താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലും വിമര്‍ശനങ്ങളാണ്.
എന്നാല്‍ താരം ധരിച്ചിരിക്കുന്നത് ബ്ലാക്ക് ആന്റ്് ന്യൂഡ് സ്വിംവെയറാണെന്നും ചിത്രം ഫോട്ടോഷോപ്പ് അല്ലെന്നും പരിനീതിയുടെ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.ഗ്ലാമര്‍ എന്നാല്‍ ഇതാകണമെന്ന ചിന്താഗതി വച്ച് പരിനീതിയെ കവര്‍ഗേള്‍ ആക്കി ഇത്തരത്തില്‍ അപമാനിച്ചത് മാഗസിന്റെ അണിയറക്കാര്‍ ആണെന്നും ആരാധകര്‍ ആരോപിക്കുന്നുണ്ട്. എത്ര ശ്രമിച്ചാലും കരീനയുടെ അത്ര ഗ്ലാമറാകാന്‍ പരിനീതിക്കാകില്ലെന്ന് പറഞ്ഞ് കരീന ആരാധകരും രംഗത്ത് എത്തി. എന്നാല്‍ ഇതേ ഫോട്ടോഷോപ്പിന്റെ പേരില്‍ കരീന ട്രോളുകള്‍ ഏറ്റുവാങ്ങിയതും ചിലര്‍ ഓര്‍മപ്പെടുത്തുന്നു.

 

ക്യാഷ് ഡെപ്പോസിറ്റ് നിയമം എസ്ബിഐ പുതുക്കുന്നു

ഫിദ-
കോഴിക്കോട്: അനധികൃത പണം കൈമാറ്റത്തിനായി ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതിന് തടയിട്ട് എസ്.ബി.ഐയുടെ പുതിയ ചട്ടം. എസ്.ബി.ഐ ഉപഭോക്താവായ ഒരാളുടെ അക്കൗണ്ടിലേക്ക്, ഇനി അദ്ദേഹത്തിന്റെ സമ്മതപത്രമില്ലാതെ പണം നിക്ഷേപിക്കാനാവില്ല. ഏതൊരാള്‍ക്കും രേഖകളൊന്നുമില്ലാതെ, എത്ര തുക വേണമെങ്കിലും മറ്റൊരാളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന സ്ഥിതിയാണ് പുതിയ ചട്ടത്തിലൂടെ ഇല്ലാതായത്.
അക്കൗണ്ട് ഉടമയുടെ അടുത്ത ബന്ധു ആയാലും, ഇനി സമ്മതപത്രം ഉണ്ടെങ്കിലേ നിക്ഷേപം നടക്കൂ. ഉപഭോക്താക്കള്‍ അറിയാതെ അക്കൗണ്ടിലേക്ക് നിക്ഷേപം എത്തുന്നതായി പരാതികളുണ്ടായിരുന്നു. നോട്ട് അസാധുവാക്കല്‍ വേളയിലും ഇത്തരത്തില്‍ നിരവധി തട്ടിപ്പ് നിക്ഷേപങ്ങള്‍ കണ്ടെത്തിയിരുന്നു. ഇടപാടുകള്‍ സുതാര്യമാക്കാനാണ് പുതിയ ചട്ടമെന്ന് എസ്.ബി.ഐ പ്രതികരിച്ചു. ബാങ്ക് ശാഖയിലെത്തി നിക്ഷേപം നടത്തുന്നവരെ മാത്രമേ പുതിയ ചട്ടം ബാധിക്കുന്നുള്ളൂ. ഓണ്‍ലൈനായോ കാഷ് ഡെപ്പോസിറ്റ് മെഷീനിലൂടെയോ (സി.ഡി.എം) പണം നിക്ഷേപിക്കുന്നതിന് തടസമില്ല.

ഐ.എല്‍.എഫ്.എസിന് 91,000 കോടിയുടെ കടബാധ്യത

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ വികസന, ധനകാര്യസേവന രംഗത്തെ അതികായരായ ഐ.എല്‍.എഫ്.എസ് 91,000 കോടി രൂപയുടെ കടബാധ്യതയില്‍ മുങ്ങുന്ന കപ്പലായി.
പൊതുമേഖലാ സ്ഥാപനമായ എല്‍.ഐ.സി അടക്കം പൊതുജന നിക്ഷേപമുള്ള സ്ഥാപനങ്ങളില്‍നിന്ന് കമ്പനിക്കുവേണ്ടി പരിധിവിട്ട സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പിന്നാമ്പുറനീക്കം വിവാദത്തില്‍. വിജയ് മല്യ, നീരവ് മോദി തട്ടിപ്പുകള്‍ക്ക് പിന്നാലെ, സമ്പദ് മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചേക്കാവുന്ന വിഷയമായി മാറുകയാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്റ് ഫിനാന്‍സ് സര്‍വിസസ് എന്ന ഐ.എല്‍.എഫ്.എസിന്റെ ഭീമമായ കടബാധ്യത.
അമേരിക്കയില്‍ ലേമാന്‍ ബ്രദേഴ്‌സിന്റെ തകര്‍ച്ച സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്ക് തുല്യമായ അവസ്ഥ രൂപപ്പെട്ടിരിക്കെ, സുപ്രീംകോടതിയുടെ നിരീക്ഷണത്തില്‍ ക്രമക്കേടുകളെക്കുറിച്ച് ബഹുതല അന്വേഷണം കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മാനേജ്മന്റെ് ബോര്‍ഡിലേക്ക് എല്‍.ഐ.സി, എസ്.ബി.ഐ തുടങ്ങിയവ നിയോഗിച്ച കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ സ്ഥാപനത്തിന്റെ കടബാധ്യത ഇത്രത്തോളം വര്‍ധിക്കാന്‍ അനുവദിച്ചതിനെക്കുറിച്ച് വിശദാന്വേഷണവും വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയവരുടെ സംയുക്ത സാമ്പത്തിക കുറ്റങ്ങളുടെ ഏഴിരട്ടിയാണ് ഐ.എല്‍.എഫ്.എസ് ഉണ്ടാക്കിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കറുത്തവനെന്ന് പറഞ്ഞ് ചിലര്‍ മണിയോടൊപ്പം അഭിനയിച്ചില്ല

ഗായത്രി-
കറുത്തവനാണെന്നും ദളിതനാണെന്നും പറഞ്ഞ് പ്രമുഖ നടന്‍മാരൊക്കെ കലാഭവന്‍ മണിയുടെ ചിത്രത്തില്‍ നിന്ന് പിന്‍മാറിയിട്ടുണ്ടെന്ന് സംവിധായകന്‍ വിനയന്‍. എന്നാല്‍ മണി പ്രശസ്തനായപ്പോള്‍ ഇവരെല്ലാം മണിയെ ചേര്‍ത്ത് പിടിച്ചവരാണെന്നും ഇതൊക്കെ അറിഞ്ഞ് തന്നെയാണ് മണി അവരെയൊക്കെ സഹായിച്ചതെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തില്‍ ജനാര്‍ദ്ദനന്‍ ചെയ്ത ചായക്കടക്കാരന്റെ വേഷം ചെയ്യേണ്ടിയിരുന്നത് ഒരു പ്രമുഖ നടനായിരുന്നു. ഇതിനായി അയാള്‍ 25,000 രൂപ അഡ്വാന്‍സും വാങ്ങി. എന്നാല്‍ മണിയാണ് നായകനെന്ന് പറഞ്ഞപ്പോള്‍ ഇയാള്‍ അഡ്വാന്‍സ് തിരിച്ച് നല്‍കുകയായിരുന്നു. എന്നാല്‍ മണി പിന്നീട് പ്രശസ്തനായപ്പോള്‍ ഇയാള്‍ മണിയുടെ തോളില്‍ കയ്യിട്ട് നടക്കുന്നതും മണി അയാളെ സഹായിക്കുന്നതും കണ്ടിട്ടുണ്ട്. ഇതിനെ കുറിച്ച് മണിയോട് ചോദിച്ചപ്പോള്‍ നമ്മളെ കൊണ്ട് ആവുന്നത് ചെയ്യുന്നു സാറേ എന്നായിരുന്നു മറുപടിയെന്നും വിനയന്‍ പറഞ്ഞു.

ശക്തമായി തിരിച്ചുവരാനുള്ള കരുത്ത് ദൈവം ബാലുവിന് നല്‍കട്ടെ

ഫിദ-
കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും പ്രാര്‍ത്ഥനയുമായി നടി ശോഭന. ഫെയ്‌സ്ബുക്കിലൂടെയാണ് സുഹൃത്തായ ബാലുവിനും കുടുംബത്തിനും സംഭവിച്ച അപകടത്തില്‍ നടുക്കവും പ്രാര്‍ത്ഥനയും രേഖപ്പെടുത്തിയത്. ‘ബാലഭാസ്‌കറുടെ മകളുടെ വിയോഗത്തില്‍ അതിയായ ദുഖമുണ്ട്. ഒരിക്കലും നികത്താനാവാത്ത നഷ്ടമാണത്. ഇതിനെയെല്ലാം അതിജീവിച്ചു മടങ്ങി വരാനുള്ള ശക്തി കുടുംബത്തിന് ദൈവം നല്‍കട്ടെ’ എന്നും ശോഭന കുറിച്ചു.

2030ല്‍ ലോക സാമ്പത്തിക ശക്തികളില്‍ ഇന്ത്യ മൂന്നാംസ്ഥാനത്തെത്തും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: 2030 ആകുമ്പോള്‍ ലോക സാമ്പത്തിക ശക്തികളില്‍ ഇന്ത്യ മൂന്നാംസ്ഥാനത്ത് എത്തുമെന്ന് ബ്രിട്ടീഷ് മള്‍ട്ടി നാഷണല്‍ ബാങ്കിംഗ് കമ്പനിയായ എച്ച്.എസ്.ബി.സിയുടെ റിപ്പോര്‍ട്ട്. നിലവില്‍ ആറാംസ്ഥാനത്താണ് ഇന്ത്യയുള്ളത്. ജപ്പാനെയും ജര്‍മ്മനിയെയും മറികടന്നാണ് ഇന്ത്യ 2030ല്‍ മുന്നിലെത്തുക.
2030ല്‍ 26 ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തികഭദ്രതയോടുകൂടി ചൈന ഒന്നാംസ്ഥാനത്തും 25 ട്രില്ല്യണ്‍ ഡോളറോടുകൂടി അമേരിക്ക രണ്ടാംസ്ഥാനത്തും 5.9 ട്രില്യണ്‍ ഡോളറോടുകൂടി ഇന്ത്യ മൂന്നാംസ്ഥാനത്തുമെത്തുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ധന വില ഇന്നും വര്‍ധിച്ചു

ഫിദ-
തിരു: ഇന്ധന വില ഇന്നും വര്‍ധിച്ചു. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസും വര്‍ധിച്ചു. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.37 രൂപയും ഡീസലിന് 79.46 രൂപയുമായി.
കൊച്ചിയില്‍ പെട്രോളിന് 84.87 രൂപയും ഡീസലിന് 77.96 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 85.24 രൂപയും ഡീസലിന് 78.32 രൂപയുമാണ് വില.
മുംബൈയില്‍ പെട്രോളിന് 90.35 രൂപയും ഡീസലിന് 78.82 രൂപയുമാണ്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83 രൂപയും ഡീസലിന് 74.24 രൂപയുമാണ് വില. പെട്രോളിന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് മുംബൈയിലേത്.

ഗ്രാമീണ്‍ ബാങ്കിനെ കാനറാ ബാങ്കില്‍ ലയിപ്പിക്കും

ഗായത്രി-
തൃശൂര്‍: പൊതുമേഖല ബാങ്ക് ലയനത്തിന്റെ ഭാഗമായി ഗ്രാമീണ ബാങ്കുകളെ ലയിപ്പിക്കുകയോ സംയോജിപ്പിക്കുകയോ ചെയ്യാനുള്ള കേന്ദ്ര നീക്കം കേരളത്തിന് തിരിച്ചടിയായേക്കും. കേരളത്തില്‍ പൊതുമേഖലയില്‍ അവശേഷിക്കുന്ന ബാങ്കായ കേരള ഗ്രാമീണ്‍ ബാങ്കിനെ സ്‌പോണ്‍സര്‍ ബാങ്കായ കനറാ ബാങ്കില്‍ ലയിപ്പിക്കാനാണ് നീക്കം. രാജ്യത്തെ ഗ്രാമീണ ബാങ്കുകളുടെ എണ്ണം കുറക്കാനുള്ള നടപടിയുടെ ഭാഗമാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
2013ലാണ് നോര്‍ത്ത് മലബാര്‍, സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കുകളെ കേരള ഗ്രാമീണ്‍ ബാങ്ക് എന്ന പേരില്‍ ഒറ്റ ബാങ്കാക്കിയത്. 50 ശതമാനം കേന്ദ്ര സര്‍ക്കാറിനും 15 ശതമാനം സംസ്ഥാന സര്‍ക്കാറിനും 35 ശതമാനം സ്‌പോണ്‍സര്‍ ബാങ്കിനുമാണ് രാജ്യത്തെ 56 ഗ്രാമീണ ബാങ്കുകളിലെ പങ്കാളിത്തം. 2017 മാര്‍ച്ചില്‍ 615 ശാഖകളും 15,075 കോടി രൂപ നിക്ഷേപവും 13,735 കോടി വായ്പയുമുള്ള കേരള ഗ്രാമീണ്‍ ബാങ്ക് സംസ്ഥാനത്തെ, പ്രത്യേകിച്ച് വടക്കന്‍ ജില്ലകളിലെ പ്രധാന ബാങ്കിങ് സാന്നിധ്യമാണ്. റിസര്‍വ് ബാങ്ക്, നബാര്‍ഡ്, കനറാ ബാങ്ക്, കേരള സര്‍ക്കാര്‍ എന്നിവയുടെ പ്രതിനിധികള്‍ കേരള ഗ്രാമീണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്.
ചെറുകിട കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, കരകൗശല തൊഴിലാളികള്‍ എന്നിവര്‍ക്ക് വായ്പയും മറ്റു സേവനങ്ങളും നല്‍കാന്‍ ലക്ഷ്യമിട്ടാണ് നാല് പതിറ്റാണ്ടു മുമ്പ് ഗ്രാമീണ ബാങ്കുകള്‍ രൂപവത്കരിച്ചത്. 2005ല്‍ 196 ഗ്രാമീണ ബാങ്കുണ്ടായിരുന്നത് 56 ആയി. ഇത് 36 ആക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവുമധികം ഗ്രാമീണ ബാങ്കുകളുള്ളത് ഉത്തര്‍പ്രദേശിലാണ് ഏഴ്. ആന്ധ്രയില്‍ നാലും പഞ്ചാബ്, കര്‍ണാടക, മധ്യപ്രദേശ്, ബിഹാര്‍, ബംഗാള്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ മൂന്ന് വീതം ബാങ്കുകളുമുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഒഡിഷ, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, അസം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ രണ്ടു വീതം ഗ്രാമീണ ബാങ്കുകളുണ്ട്. ഇവയുടെ ലയനവും സംയോജനവും സംബന്ധിച്ച് ധനമന്ത്രാലയം സംസ്ഥാന സര്‍ക്കാറുകളുമായി ചര്‍ച്ച തുടങ്ങിയതിനൊപ്പം സ്‌പോണ്‍സര്‍ ബാങ്കുകളും ലയന പദ്ധതി തയാറാക്കുന്നുണ്ട്.