ഐ.എല്‍.എഫ്.എസിന് 91,000 കോടിയുടെ കടബാധ്യത

ഐ.എല്‍.എഫ്.എസിന് 91,000 കോടിയുടെ കടബാധ്യത

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ വികസന, ധനകാര്യസേവന രംഗത്തെ അതികായരായ ഐ.എല്‍.എഫ്.എസ് 91,000 കോടി രൂപയുടെ കടബാധ്യതയില്‍ മുങ്ങുന്ന കപ്പലായി.
പൊതുമേഖലാ സ്ഥാപനമായ എല്‍.ഐ.സി അടക്കം പൊതുജന നിക്ഷേപമുള്ള സ്ഥാപനങ്ങളില്‍നിന്ന് കമ്പനിക്കുവേണ്ടി പരിധിവിട്ട സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പിന്നാമ്പുറനീക്കം വിവാദത്തില്‍. വിജയ് മല്യ, നീരവ് മോദി തട്ടിപ്പുകള്‍ക്ക് പിന്നാലെ, സമ്പദ് മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചേക്കാവുന്ന വിഷയമായി മാറുകയാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്റ് ഫിനാന്‍സ് സര്‍വിസസ് എന്ന ഐ.എല്‍.എഫ്.എസിന്റെ ഭീമമായ കടബാധ്യത.
അമേരിക്കയില്‍ ലേമാന്‍ ബ്രദേഴ്‌സിന്റെ തകര്‍ച്ച സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്ക് തുല്യമായ അവസ്ഥ രൂപപ്പെട്ടിരിക്കെ, സുപ്രീംകോടതിയുടെ നിരീക്ഷണത്തില്‍ ക്രമക്കേടുകളെക്കുറിച്ച് ബഹുതല അന്വേഷണം കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മാനേജ്മന്റെ് ബോര്‍ഡിലേക്ക് എല്‍.ഐ.സി, എസ്.ബി.ഐ തുടങ്ങിയവ നിയോഗിച്ച കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ സ്ഥാപനത്തിന്റെ കടബാധ്യത ഇത്രത്തോളം വര്‍ധിക്കാന്‍ അനുവദിച്ചതിനെക്കുറിച്ച് വിശദാന്വേഷണവും വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയവരുടെ സംയുക്ത സാമ്പത്തിക കുറ്റങ്ങളുടെ ഏഴിരട്ടിയാണ് ഐ.എല്‍.എഫ്.എസ് ഉണ്ടാക്കിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close