Month: April 2019

സൗദിയില്‍ പെട്രോള്‍ വില വര്‍ധിച്ചു

അളക ഖാനം-
റിയാദ്: സൗദി അറേബ്യയില്‍ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനവ്. പുതിയ നിരക്ക് പ്രകാരം 91 ന് ഒരു റിയാല്‍ 44 ഹലാലയും ,95 ഇനത്തിലുള്ള പെട്രോളിന് 2 റിയാല്‍ 10 ഹലാലയും ആയിരിക്കും പുതിയ നിരക്ക്. ഇന്നലെ മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു
നേരത്തെ 91 ന് 1 റിയാല്‍ 37 ഹലാലയും ,95 ന് 2 റിയാല്‍ 02 ഹലാലയുമായിരുന്നു വില .സൗദിയില്‍ പെട്രോളിന് വില ഉയര്‍ന്നത് ആഗോള വിപണിയിലും വില വര്‍ദ്ധനവ് ഉണ്ടയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ .ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിയില്‍ ഒന്നാം സ്ഥാനമാണ് സൗദി അറേബ്യക്കാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ സൗദിയില്‍ നിന്നാണ് കൂടുതല്‍ എണ്ണ വാങ്ങുന്നത്.

ട്രംപ് ഇടപെട്ടു; എണ്ണവില കുറഞ്ഞു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: യു.എസ്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്നു രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ കുറവുണ്ടായി. ഇറാന്‍ എണ്ണ ഉപയോഗിക്കുന്നവര്‍ക്കു മേയ് മുതല്‍ അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത് മുതല്‍ എണ്ണവില കുതിക്കുകയായിരുന്നു. ബാരലിന് 75 ഡോളറിലേക്ക് അടുത്ത എണ്ണവിലയാണു ബാരലിന് 71.80 ഡോളറിലേക്ക് താഴ്ന്നത്.
എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് എണ്ണ ഉല്‍പ്പാദനം കൂട്ടുമെന്ന വിലയിരുത്തലിലാണ് ലോകം. ഇറാന്‍ എണ്ണയിലുണ്ടാകുന്ന കുറവ് ഉല്‍പ്പാദനം വര്‍ധിപ്പിച്ചു നികത്തണമെന്നു ട്രംപ് കഴിഞ്ഞ ദിവസം ഒപെകിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ എണ്ണവില ഇടിഞ്ഞപ്പോള്‍ ഒപെക് ഉല്‍പാദനം കുറച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ െചെന റഷ്യയില്‍നിന്ന് കൂടുതല്‍ എണ്ണ വാങ്ങുന്നതിനായി നടപടികള്‍ സ്വീകരിച്ചതായാണ് സൂചന.
ഇന്ത്യയും മറ്റു സ്രോതസുകള്‍ കണ്ടെത്തുമെന്നു കഴിഞ്ഞ ദിവസം കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കിയിരുന്നു. എണ്ണ ഉറക്കുമതിയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്താണ്. മേയ് രണ്ട് മുതലാണ് ഇറാനെതിരെ അമേരിക്കയുടെ പൂര്‍ണ ഉപരോധം നടപ്പില്‍ വരുന്നത്.

സ്വര്‍ണ ഉപയോഗത്തില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം

ഫിദ-
കൊച്ചി: ജനസംഖ്യയിലെന്നപോലെ സ്വര്‍ണ ഉപഭോഗത്തിന്റെ കാര്യത്തിലും ചൈനയും ഇന്ത്യയും തന്നെയാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (ഡബ്യൂ.ജി.സി) കണക്കുകള്‍ പ്രകാരം 2015ല്‍ ലോകത്ത് ഉല്‍പാദിപ്പിക്കപ്പെട്ട സ്വര്‍ണത്തിന്റെ 29 ശതമാനവും ഉപയോഗിച്ചത് ചൈനയാണ്. 25 ശതമാനമാണ് ഇന്ത്യയുടെ ഉപഭോഗം. ഈ രണ്ടു രാജ്യങ്ങളും ചേര്‍ന്നാണ് ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന സ്വര്‍ണത്തിന്റെ 50 ശതമാനത്തിലധികം ഉപയോഗിക്കുന്നത്.
ഡബ്യൂ.ജി.സി കണക്കുകള്‍ പ്രകാരം 4,212.2 ടണ്‍ ആണ് 2015ലെ സ്വര്‍ണത്തിന്റെ ആഗോള തലത്തിലുള്ള ആവശ്യകത. ഇതില്‍ 57.3 ശതമാനവും ഉപയോഗിക്കുന്നത് ആഭരണ നിര്‍മ്മാണത്തിനാണ്. 24 ശതമാനം നിക്ഷേപങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ 14 ശതമാനം സെന്‍ട്രല്‍ ബാങ്കുകള്‍ കരുതല്‍ ശേഖരമായി ഉപയോഗിക്കുന്നു. 7 ശതമാനം സ്വര്‍ണം സാങ്കേതികവിദ്യകള്‍ക്കായി വിനിയോഗിക്കുന്നു. ഇലക്ട്രോണിക്‌സ്, ഡെന്റല്‍, മെഡിക്കല്‍ ഫീല്‍ഡുകളിലാണ് ഇത്തരത്തില്‍ സ്വര്‍ണം പ്രധാനമായും ഉപയോഗിക്കുന്നത്. യു.എസ്. ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം 2015ല്‍ 3,000 ടണ്‍ സ്വര്‍ണമാണ് ഖനനം ചെയ്‌തെടുത്തത്. ഉപഭോഗത്തിലെന്ന പോലെ ഉല്‍പാദനത്തില്‍ ചൈന തന്നെയാണ് മുന്നില്‍. ആകെ ഉല്‍പാദിപ്പിച്ചതിന്റെ 16 ശതമാനം സ്വര്‍ണവും സംഭാവന ചെയ്തത് ചൈനയാണ്. ഓസ്‌ട്രേലിയ, റഷ്യ, യു.എസ്, കാനഡ തുടങ്ങിയവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഈ രാജ്യങ്ങള്‍ ചേര്‍ന്നാണ് പകുതിയിലധികം സ്വര്‍ണവും ഉല്‍പാദിപ്പിക്കുന്നത്.
ഡബ്യൂ.ജി.സിയുടെ നിഗമനം പ്രകാരം മനുഷ്യസംസ്‌കാരത്തിന്റെ തുടക്കം മുതല്‍ 1.75 ലക്ഷം കോടി സ്വര്‍ണം ഇതുവരെ ഖനനം ചെയ്‌തെടുത്തിട്ടുണ്ട്. എന്നാല്‍ തോംസണ്‍ റോയിറ്റേഴ്‌സ് ജിഎഫ്എംഎസിന്റെ കണക്ക് ഇതില്‍ നിന്ന് ചെറിയ വ്യത്യാസമുള്ളതാണ്. അവരുടെ കണക്കുകള്‍ പ്രകാരം 1.71 ലക്ഷം ടണ്‍ സ്വര്‍ണമാണ് ഉല്‍പാദിപ്പിക്കപ്പെട്ടിട്ടുള്ളത്. ലോഹാവസ്ഥയില്‍ തന്നെ ഖനനം ചെയ്‌തെടുക്കാവുന്നതാണ് എന്നതാണ് സ്വര്‍ണത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഏറ്റവും സാന്ദ്രതയുള്ള ലോഹങ്ങളില്‍ ഒന്നായ സ്വര്‍ണത്തിന് സാധരണഗതിയില്‍ തേയ്മാനം സംഭവിക്കുന്നുമില്ല. ഇതാണ് ആഭരണമായും നിക്ഷേപമായും സ്വര്‍ണത്തെ പ്രയിങ്കരമാക്കി നിര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍.
വിലയിലുള്ള അനിശ്ചിതത്വമാണ് സ്വര്‍ണത്തെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. സ്‌റ്റോക് മാര്‍ക്കറ്റിലുണ്ടാകുന്ന മാറ്റങ്ങള്‍ വിപരീതമായാണ് സ്വര്‍ണ്ണത്തെ പലപ്പോഴും ബാധിക്കുക. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ചാഞ്ചാട്ടമുണ്ടാകുമ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവര്‍ വിപണി മെച്ചപ്പെടുമ്പോള്‍ തിരിച്ചു ഒഹരിയില്‍ തന്നെ നിക്ഷേപിക്കുന്നു.

 

കാത്തലിക് സിറിയന്‍ ബാങ്കിന്റെ പ്രവര്‍ത്തനം സ്തംഭിക്കും

ഗായത്രി-
തൃശൂര്‍: ഇന്നും നാളെയും കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ഇതോടെ തുടര്‍ച്ചയായി അഞ്ചുദിവസം ബാങ്കിന്റെ പ്രവര്‍ത്തനം സ്തംഭിക്കും.
ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്നും 58 ആക്കി ചുരുക്കിയ ഏകപക്ഷീയ ഉത്തരവ് പിന്‍വലിക്കുക, 2017 ഒക്‌ടോബര്‍ 31ന് കാലഹരണപ്പെട്ട ഉഭയകക്ഷി വേതന കരാര്‍ പുതുക്കുന്നതിന് അനുമതി നല്‍കുക, ജീവനക്കാരുടെ അവധി, അലവന്‍സുകള്‍, ലീവ് ഫെയര്‍ കണ്‍സെഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദ്വിദിന പണിമുടക്ക്.
നടപ്പുവര്‍ഷം 197 കോടി രൂപ നഷ്ടം പ്രഖ്യാപിച്ച കാത്തലിക് സിറിയന്‍ ബാങ്ക് 98 വര്‍ഷം പഴക്കമുള്ള കേരളത്തിലെ ആദ്യകാല ബാങ്കുകളിലൊന്നാണ്.

സ്വപ്‌നരാജ്യം എത്തുന്നു

അജയ് തുണ്ടത്തില്‍-
കാസര്‍ഗോഡിന്റെയും നീലേശ്വരത്തിന്റെയും ഗ്രാമീണ പശ്ചാത്തലത്തില്‍, പരമ്പരാഗതമായി കൃഷിചെയ്തു ജീവിക്കുന്ന ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കൃഷ്ണന്‍കുട്ടിയുടെ കഥയാണ് സ്വപ്‌നരാജ്യം എന്ന സിനിമ പറയുന്നത്.
ബാനര്‍-31 വുഡ്‌സൈഡ് റോഡ് ഫിലിംസ്, ലണ്ടന്‍ കലാക്ഷേത്ര, നിര്‍മ്മാണം-കെ.വി.വിജയന്‍, രചന, സംവിധാനം-രഞ്ജി വിജയന്‍, ഛായാ്രഗഹണം-രഞ്ജിത് രാഘവന്‍, വെല്‍സ് ചാക്കോ, സുജേഷ് എ.കെ., അഖീല്‍ ഹുസൈന്‍, എഡിറ്റിംഗ്-സന്ദീപ് നന്ദകുമാര്‍, ഗാനരചന-രഞ്ജി വിജയന്‍, കുര്യാക്കോസ് ഉണ്ണിട്ടന്‍, റനിത് ഷെയ്ല്‍, സൊഹയര്‍ അബ്ബാസി, സംഗീതം-റനിത് ഷെയ്ല്‍, ആലാപനം-പത്മശ്രീ ഹരിഹരന്‍, ശ്രീരാഗ്‌റാം, ഡെല്‍സി നൈനാന്‍, രഞ്ജി വിജയന്‍, കല-രഞ്ജി വിജയന്‍, കോസ്റ്റ്യും-ശോഭന.കെ.വി., ചമയം-ജനന്‍ നീലേശ്വരം, സ്വപ്‌നരാജ്, ലൈന്‍ പ്രൊഡ്യൂസര്‍-കുര്യാക്കോസ് ഉണ്ണിട്ടന്‍, രഞ്ജിത് ഷെയ്ല്‍, രഞ്ജിത് സുരേഷ് കുമാര്‍, സഹസംവിധാനം-ജിജോ ജോര്‍ജ്, സനു സജീവന്‍, സംവിധാന സഹായികള്‍-ഉദയന്‍ കൊടക്കാരന്‍, ധനേഷ്, അഖില്‍ പട്ടേന, റിനു മാത്യു, വിജീഷ് ചന്ദ്രന്‍, ഫയാസ്, പ്രൊ:കണ്‍ട്രോളര്‍-എന്‍.വിജയകുമാര്‍, കാസ്റ്റിംഗ് ഡയറക്ടര്‍, പ്രോഗ്രാം ഡിസൈനര്‍-പപ്പന്‍ നീലമന, സൗണ്ട് ഡിസൈന്‍-അരുണ്‍ രാമവര്‍മ്മ, സിങ്ക് സൗണ്ട് റിക്കോര്‍ഡിസ്റ്റ്-ഡ്രു സ്വീവല്‍, വിപിന്‍ മോഹന്‍, ഡിസൈന്‍സ്-സിജോ പി.എസ്., ഫിലിം കണ്‍സള്‍ട്ടന്റ്‌സ്-ബിനോ അഗസ്റ്റിന്‍, ജോ ഈശ്വര്‍, വിതരണം-ഹൈ ഹോപ്പ്‌സ് ഫിലിം ഫാക്ടറി, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.
രഞ്ജി വിജയന്‍, ഷെമിന്‍, ജഗദീഷ്, മാല പാര്‍വ്വതി, മാമുക്കോയ, സുനില്‍ സുഗത, കലാഭവന്‍ നാരായണന്‍കുട്ടി, കുര്യാക്കോസ് ഉണ്ണിട്ടന്‍, മധുരിമ സജി, ഇ.വി.ചന്തു, വാസുദേവ് പട്രോട്ടം, കോളിന്‍മാവേലി, അതിഥി അന്തര്‍ജനം എന്നിവരഭിനയിക്കുന്നു.
ഓണ്‍ലൈന്‍ പ്രമോഷന്‍: ബിസ്‌ന്യൂസ് ഇന്ത്യ & സിനിമ ന്യൂസ് ഏജന്‍സി.

തീവില; മീന്‍ കച്ചവടം പ്രതിസന്ധിയില്‍

ഗായത്രി-
കോഴിക്കോട്: മീന്‍വരവ് കുറഞ്ഞതോടെ വില കുതിച്ചുയര്‍ന്നത് കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുന്നു. ഈസ്റ്ററിനും വിഷുവിനും പോലും പ്രതീക്ഷിച്ച കച്ചവടം ലഭിക്കാതെ നിരാശയിലാണ് മീന്‍കച്ചവടക്കാര്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നാലിലൊന്ന് വില്‍പ്പന പോലും ഇത്തവണ വിശേഷദിവസങ്ങളില്‍ ലഭിച്ചില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞതിനൊപ്പം തമിഴ്‌നാട്ടില്‍ ട്രോളിംഗ് കൂടി ആരംഭിച്ചതോടെ മീനിന് കടുത്ത ക്ഷാമമാണ്. ഇതോടെ വില കുത്തനെ ഉയര്‍ന്നു. 200 രൂപയുണ്ടെങ്കിലേ ഒരു കിലോ മത്തി കിട്ടൂവെന്ന അവസ്ഥയാണിപ്പോള്‍.
മൊത്തവ്യാപാരികളേക്കാള്‍ 20 മുതല്‍ 40 രൂപ വരെ കൂട്ടിയാണ് ചെറുകിട മീന്‍കച്ചവടക്കാര്‍ വില്‍പ്പന നടത്തുന്നത്. എന്നാല്‍ വലിയ വിലകാരണം വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്. കല്‍പ്പറ്റയില്‍ ചുങ്കം ജംഗ്ഷനിലുണ്ടായിരുന്ന മീന്‍മാര്‍ക്കറ്റ് ബൈപ്പാസിലെ കെട്ടിടത്തിലേക്ക് മാറ്റിയതില്‍ പിന്നെ വാങ്ങാന്‍ ആളെത്തുന്നില്ലെന്ന് കച്ചവടക്കാര്‍ക്ക് പരാതിയുണ്ട്. സ്ത്രീകളുള്‍പ്പടെ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി മീന്‍വാങ്ങാന്‍ വരുന്നവര്‍ ഇപ്പോള്‍ തീരെ വരാതായി.
മിക്കപ്പോഴും ഹോട്ടലുകളിലേക്ക് മാത്രമാണ് ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്. മീനിന് വില കൂടി ഉയര്‍ന്നതോടെ ഇപ്പോള്‍ കച്ചവടമേയില്ല. കച്ചവടക്കാരും നഷ്ടം ഭയന്ന് കൂടുതല്‍ ചരക്കെടുത്ത് വില്‍ക്കാനും മടിക്കുകയാണ്. നെത്തോലിയും മത്തിയും അയലയും മാത്രമാണ് പലപ്പോഴും എത്തുന്നത്. നല്ല കച്ചവടം ലഭിക്കുന്ന ഈസ്റ്ററിന് മീനും എത്തിയില്ല, ആളും എത്തിയില്ല എന്ന അവസ്ഥയായിരുന്നു. ഇത്രയും നഷ്ടമുണ്ടാക്കിയ ഉത്സവക്കാലം വേറെയില്ലെന്നും കച്ചവടക്കാര്‍ പറഞ്ഞു.
മീന്‍വില ഉയര്‍ന്നതോടെ മീന്‍വണ്ടിയുമായി വീടുകളിലെത്തുന്ന ചെറുകിട കച്ചവടക്കാരുടെ എണ്ണവും കുറഞ്ഞു. ഉയര്‍ന്ന വിലയാല്‍ വീട്ടമ്മമാര്‍ മീന്‍വാങ്ങാന്‍ മടിക്കുകയാണ്. ഇനി നോമ്പുകാലം കൂടി തുടങ്ങുന്നതോടെ വില ഇനിയും ഉയര്‍ന്നേക്കാം. തമിഴ്‌നാട്ടിലെ ട്രോളിങ് കാലാവധി കഴിഞ്ഞാലേ വില കുറയാന്‍ സാധ്യതയുള്ളൂ.

 

വൈറസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഫിദ-
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമായ വൈറസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയക്ക് ശേഷം മുഹ്‌സിന്‍ പെരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.
രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് സുകുമാരന്‍, റഹ്മാന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രേവതി, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.
നിപ ബാധ ചികിത്സക്കിടെ മരിച്ച നഴ്‌സ് ലിനിയുടെ വേഷത്തിലാണ് റിമയെത്തുക. രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം സുശിന്‍ ശ്യാം. ജൂണ്‍ ഏഴിന് തിയേറ്ററുകളില്‍ എത്തും.

എയര്‍ ഇന്ത്യയുടെ സര്‍വര്‍ തകരാര്‍ പരിഹരിച്ചു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ സര്‍വര്‍ തകരാര്‍ പരിഹരിച്ചു. എ.എന്‍.ഐ. ആണി ഈ വിവരം ട്വീറ്റ് ചെയ്തത്. എന്നാല്‍ വൈകിയ സര്‍വീസുകള്‍ ഏത് രീതിയിലാണ് പുനക്രമീകരിക്കുക എന്ന് വ്യക്തമല്ല.
ഇന്നലെ പുലര്‍ച്ചെ 3.30 മുതലാണ് എയര്‍ ഇന്ത്യയുടെ സീത സര്‍വര്‍ തകരാറിലായത്. ഇതേ തുടര്‍ന്ന് കമ്പനിയുടെ ആഭ്യന്തരഅന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താറുമാറായിരുന്നു. നിരവധി യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സെര്‍വര്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടത്.
സെര്‍വര്‍ തകരാറിലായിട്ടും എപ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെടും എന്നതിനെ കുറിച്ച് എയര്‍ ഇന്ത്യ അധികൃതരില്‍ നിന്നും യാത്രക്കാര്‍ക്ക് യാതൊരു വിധ അറിയിപ്പും ലഭിച്ചിരുന്നില്ല. അതേസമയം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ഇന്ത്യ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു.

ബാങ്കുകളുടെ പരിശോധനാ റിപോര്‍ട്ട് നല്‍കണമെന്ന് ആര്‍ബിഐയോട് സുപ്രീംകോടതി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ബാങ്കുകളുടെ വാര്‍ഷിക പരിശോധനാ റിപോര്‍ട്ടും പണം തിരിച്ചടക്കുന്നതില്‍ മനഃപൂര്‍വം വീഴ്ച വരുത്തുന്നവരുടെ പട്ടികയും വിവരാവകാശപ്രകാരം നല്‍കണമെന്ന് സുപ്രീംകോടതി. റിസര്‍വ് ബാങ്കിനാണ് സുപ്രീംകോടതി ഇതു സംബന്ധിച്ച് ഉത്തരവ് നല്‍കിയത്.
റിസര്‍വ് ബാങ്കിനെതിരെ വിവരാവകാശ പ്രവര്‍ത്തകനായ എസ്.സി അഗര്‍വാള്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ബാങ്കുകളെ കുറിച്ചുള്ള വിവരം വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നയം പുനഃപരിശോധിക്കണമെന്ന് ഫെഡറല്‍ ബാങ്കിനോടും കോടതി നിര്‍ദേശിച്ചു. എന്നാല്‍ റിസര്‍വ് ബാങ്കിനെതിരെ കോടതിയലക്ഷ്യ നടപടികളിലേക്ക് കോടതി കടന്നില്ല.
വാര്‍ഷിക പരിശോധന റിപ്പോര്‍ട്ട് വിവരാവകാശ നിയമ പ്രകാരം നല്‍കാതിരുന്നതിനാല്‍ കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതി റിസര്‍വ് ബാങ്കിന് കോടതി അലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറാവാത്ത റിസര്‍വ് ബാങ്കിന്റെ നയം സുപ്രീംകോടതിയുടെ 2015ലെ വിധിയുടെ ലംഘനാമാണെന്ന് കോടതി നിരീക്ഷിച്ചു.
വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിലപാട് പുനര്‍വിചിന്തനത്തിന് വിധേയമാക്കണമെന്ന് കോടതി റിസര്‍വ് ബാങ്കിനോട് നിര്‍ദേശിച്ചു. ഇത് അന്തിമ അവസരമാണെന്നും ഇനിയും ഉത്തരവില്‍ ലംഘനം തുടര്‍ന്നാല്‍ ഗുരുതരമായ കോടതിയലക്ഷ്യ നടപടികള്‍ ക്ഷണിച്ചുവരുത്തുമെന്നും കോടതി ഓര്‍മിപ്പിച്ചു.

നടി രജിഷക്ക് ചിത്രീകരണത്തിനിടെ് പരിക്ക്

ഫിദ-
ഇടുക്കി: വാഴവരയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘ഫൈനല്‍സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടി രജീഷ വിജയന് സൈക്കിളില്‍നിന്ന് വീണ് കാലിന് പരിക്കേറ്റു. രജീഷയെ നായികയാക്കി പി.ആര്‍.അരുണ്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. രജീഷ സഞ്ചരിച്ച സ്‌പോര്‍ട്‌സ് സൈക്കിളിന്റെ ചക്രത്തിനിടയില്‍ കമ്പ് കയറി മറിഞ്ഞാണ് അപകടം. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രണ്ടു ദിവസത്തെ വിശ്രമം ആവശ്യമാണ്. ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ വേഷമാണ് രജീഷ ചെയ്യുന്നത്.