Month: September 2023

നടിയില്‍ നിന്ന് സംരംഭകയിലേക്ക് ഇനിയ; ‘അനോറ ആര്‍ട്ട് സ്റ്റുഡിയോ’ ചെന്നൈയില്‍

ഒന്നര പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് മിന്നിത്തിളങ്ങുന്ന താരമാണ് ഇനിയ.

തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡയിലുമൊക്കെയായി വെന്നിക്കൊടി പാറിച്ച് നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തി പ്രേക്ഷകരുടെ പ്രിയം നേടി കഴിഞ്ഞിട്ടുണ്ട് മലയാളികളുടെ സ്വന്തം താരം. ഇപ്പോഴിതാ നടിയില്‍ നിന്ന് ഒരു സംരംഭകയിലേക്കും ഇനിയ കടന്നിരിക്കുകയാണ്.

ഇനിയയുടെ സ്വന്തം ബ്രാന്‍ഡായി ‘അനോറ ആര്‍ട്ട് സ്റ്റുഡിയോ’ എന്ന പേരില്‍ ചെന്നൈയില്‍ ഡിസൈനര്‍ ഫാഷന്‍ സ്റ്റുഡിയോ ആരംഭിച്ചിരിക്കുകയാണ്.

സെയ്താപേട്ട് ശ്രീനഗര്‍ കോളിനിയില്‍ നോര്‍ത്ത് മദ സ്ട്രീറ്റില്‍ ഈ വര്‍ഷം ജനുവരി 22ന് തന്റെ ജന്മദിനത്തിലാണ് ഇനിയ സ്റ്റുഡിയോയ്ക്ക് തുടക്കമിട്ടത്.

ഇക്കാലയളവില്‍ തന്റെ ബിസിനസ് സംരംഭത്തിന് മികച്ച പ്രതികരണമാണ് ഏവരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് താരം പറയുകയാണ്.

സിനിമകളില്‍ അഭിനയിക്കുന്നതിനോടൊപ്പം ക്രിയേറ്റീവായി മറ്റെന്തെങ്കിലും ചെയ്യണമെന്ന് ഏറെ നാളായുള്ള ആഗ്രഹമാണ് ‘അനോറ’ തുടങ്ങിയതിന് പിന്നിലെന്ന് ഇനിയ പറയുന്നു.

കലയോടും നൃത്തത്തോടുമുള്ള പാഷനാണ് ‘അനോറ’യിലൂടെ ഫാഷന്റെ ലോകത്തേക്ക് കടക്കാന്‍ പ്രേരകമായത്.

ഔട്ട്ഫിറ്റ് ഡിസൈനിംഗ്, സീസണല്‍ കളക്ഷന്‍സ്, ഒക്കേഷണല്‍ വിയേഴ്സ്, ഡാന്‍സ് കോസ്റ്റ്യൂസ്, റെന്റല്‍, ജുവല്‍സ്, ഓര്‍ണമെന്റ്സ്, ഫോട്ടോ സ്റ്റുഡിയോ സ്പേസ്, ഫോട്ടോഗ്രഫി, മേക്കപ്പ് ആര്‍ടിസ്റ്റ്, മേക്കപ്പ് സെറ്റ് ബോക്സ് തുടങ്ങി നിരവധി സേവനങ്ങളാണ് ‘അനോറ’യില്‍ ലഭ്യമാക്കിയിരിക്കുന്നത്.

അടുത്തിടെ ‘വിളക്ക്’ എന്ന പേരില്‍ ഓണം കളക്ഷന്‍സ് അനോറയിലൂടെ താരം പുറത്തിറക്കുകയുണ്ടായി.

കോഴിക്കോട് നടന്ന ഫോഷന്‍ ഷോയില്‍ ‘പവിഴം’, ‘വര്‍ണം’, ‘കനകം’ എന്ന പേരിലാണ് ഈ സീരിസില്‍ ട്രഡീഷണല്‍ ആന്‍ഡ് കണ്ടംപററി ഔട്ട്ഫിറ്റ്സുകള്‍ അവതരിപ്പിച്ചത്. ഇനിയ തന്നെയായിരുന്നു ഈ ഫാഷന്‍ ഡിസൈനര്‍ ഷോ ക്യൂറേറ്റ് ചെയ്യുകയുണ്ടായത്.

കേരളത്തിലെ കൈത്തറി എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ തന്നെ തനതായ വസ്ത്രമാണ്. ‘വിളക്ക്’ എന്നത് നമ്മുടെ പൈതൃകത്തെ പ്രതിനിധീകരിക്കുന്ന ഒന്നുകൂടെയാണല്ലോ. അങ്ങനെ നമ്മുടെ സംസ്‌കാരവും പൈതൃകവും ഇഴചേര്‍ത്തുകൊണ്ടുള്ള ഒരു നവീകരിച്ച കോണ്‍ടപറ്റി കോണ്‍സപ്റ്റാണ് ‘വിളക്ക്’ കളക്ഷന്‍സിലൂടെ അവതരിപ്പിച്ചതെന്ന് ഇനിയ പറയുന്നു.

മാനവ ചരിത്രത്തില്‍ തന്നെ അഗ്നിക്ക് വളരെയേറെ പ്രാധാന്യമാണല്ലോ ഉള്ളത്.

ഹോമ കുണ്ഡം, പന്തം, നിലവിളക്ക്, കുത്തുവിളക്ക്, കല്‍വിളക്ക്, ചുറ്റുവിളക്ക്, ഗണേശ വിളക്ക്, ലക്ഷ്മി വിളക്ക് ഇവയിലൂടെയൊക്കെ ആ അഗ്നി നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിട്ടുമുണ്ട്.

ഈ ‘വിളക്ക്’ പോലെ, നമ്മുടെ നാടിന്റെ കൈത്തറി പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രതീക്ഷയുടെ ജ്വാല പകരുക കൂടിയാണ് ‘വിളക്ക്’ ഓണം കളക്ഷന്‍സ്. ഫാഷന്‍ ഡിസൈനര്‍ ഷോയ്ക്ക് ഏവരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെ പുതിയൊരു ഫാഷന്‍ ഡിസൈനര്‍ കളക്ഷന്‍ ഷോ ക്യൂറേറ്റ് ചെയ്യുന്നതിനായുള്ള പ്രവര്‍ത്തനങ്ങളിലുമാണ് ഇനിയ ഇപ്പോള്‍.