Month: April 2018

മേഘ്‌നാരാജ് വിവാഹിതയായി

ഫിദ
സിനിമാനടി മേഘ്‌നാരാജ് വിവാഹിതയായി. കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയാണ് മേഘ്‌നയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. കോറമംഗലം സെന്റ് ആന്റണീസ് ഫ്രെയറി പള്ളിയില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. മേഘ്‌നയുടെ അമ്മ കത്തോലിക്കക്കാരി ആയതിനാലാണ് പള്ളിയില്‍ വിവാഹം നടത്തിയത്. മെയ് രണ്ടിന് ഹിന്ദു ആചാരപ്രകാരം ബംഗളൂരുവില്‍ വീണ്ടും വിവാഹം നടക്കും. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഹിന്ദു ആചാരപ്രകാരവും വിവാഹം നടക്കുമെന്ന് ഇരുവരും നേരത്തെ അറിയിച്ചിരുന്നു.
കന്നഡ നടന്‍ സുന്ദര്‍ രാജന്റെയും പ്രമീള ജോഷെയുടെയും മകളായ മേഘ്‌ന ജനിച്ചതും വളര്‍ന്നതും ബംഗളൂരുവിലാണ്. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാളത്തില്‍ അരങ്ങേറിയത്. തുടര്‍ന്ന് ആഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍, റെഡ് വൈന്‍, മെമ്മറീസ് തുടങ്ങിയ ഒരുപിടി മലയാള ചിത്രങ്ങളിലും വേഷമിട്ടു. നരേന്‍ നായകനായ ഹലേലൂയയാണ് മേഘ്‌നയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.
2009ല്‍ പുറത്തിറങ്ങിയ വായുപുത്രയാണ് ചിരഞ്ജീവി സര്‍ജയുടെ ആദ്യ സിനിമ. ആട്ടഗര എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തില്‍ കലാശിച്ചത്.

ആത്മ കഥയുടെ രണ്ടാംഭഗവുമായി നളിനി ജമീല വീണ്ടും

ലൈംഗിക തൊഴിലാളിയുടെ ആത്മകഥയെന്ന പേരില്‍ തന്റെ ജീവിതം പുസ്തകമാക്കിയ നളിനി ജമീല മറ്റൊരു പുസ്തകവുമായി എത്തുന്നു. നളിനി ജമീലയുടെ ജീവിതകഥയുടെ രണ്ടാം ഭാഗമാണ് ‘എന്റെ ആണുങ്ങള്‍’ എന്ന പേരില്‍ പ്രസിദ്ധീകരണത്തിനെത്തുന്നത്. പുസ്തകത്തിന്റെ ‘റൊമാന്റിക് എന്‍കൗണ്ടേഴ്‌സ് ഓഫ് എ സെക്‌സ് വര്‍ക്കര്‍’ എന്ന ഇംഗ്ലിഷ് പതിപ്പാണ് ആദ്യമിറങ്ങുക.
ആയിരത്തി തൊള്ളായിരത്തി എഴുപതുകള്‍ തൊട്ടുള്ള മൂന്നു പതിറ്റാണ്ടു കാലത്തെ ജീവിതത്തില്‍ പരിചയപ്പെട്ട മറക്കാനാവാത്ത ചില പുരുഷന്മാരെ ഓര്‍ത്തെടുക്കുകയാണ് ‘റൊമാന്റിക് എന്‍കൗണ്ടേഴ്‌സി’ല്‍ നളിനി ജമീല. വെറുതെ വന്നുപോയവരും മറക്കാനാവാത്ത വേദന സമ്മാനിച്ചവരും തന്നെ ചതിച്ച് പടുകഴിയുടെ ആഴങ്ങളിലേക്ക് തള്ളിയിട്ടവരും അങ്ങനെ മറക്കാനാവാത്ത എട്ടു കഥകളാണ് ഈ പുസ്തകത്തിലുണ്ടാവുക.
ലൈംഗികത്തൊഴിലാളികള്‍ തൊഴിലിലും തൊഴിലിടത്തിലും നേരിടുന്ന പ്രശ്‌നങ്ങള്‍ സമൂഹത്തിനു മുന്നല്‍ തുറന്നുവെക്കുകയായിരുന്നു 2005 ല്‍ ഇറങ്ങിയ ആദ്യപുസ്തകത്തിലൂടെ നളിനി ജമീല ചെയ്തത്. ലൈംഗികത്തൊഴിലാളിയുടെ വൈകാരിക ജീവിതവും മലയാളി ആണിനെക്കുറിച്ചുള്ള അപൂര്‍വ നിരീക്ഷണങ്ങളും ഉള്‍പ്പെടുന്നതാണ് പുതിയ കൃതി. രേഷ്മ ഭരദ്വാജ്, ദിലീപ് രാജ്, ബൈജു നടരാജന്‍ എന്നിവരുടെ സഹായത്തോടെയാണു നളിനി ജമീല പുസ്തകം തയാറാക്കിയിരിക്കുന്നത്. രേഷ്മ ഭരദ്വാജാണ് ഇംഗ്ലിഷ് പരിഭാഷക.

ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലേക്ക്

ഫിദ
കൊച്ചി: ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.08 രൂപയിലെത്തി സെപ്തംബര്‍ 2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യ ഓയില്‍ കോര്‍പറേഷന്‍ വെബ്‌സൈറ്റ് അനുസരിച്ച് ഡല്‍ഹിയില്‍ ഡീസല്‍ വില 65.31 രൂപയാണ്. കൊല്‍ക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും ഇന്ധനവില ഉയരുകയാണ്.
ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനികള്‍ 15 വര്‍ഷമായി നില നിന്നിരുന്ന രീതിമാറ്റി ദൈനംദിനം വില പുതുക്കാന്‍ ആരംഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ധനവില വന്‍തോതില്‍ വര്‍ധിക്കാന്‍ തുടങ്ങിയത്. ഇതിന് ശേഷം ജി.എസ്.ടിയില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കാര്യമായ നീക്കങ്ങളൊന്നും കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടില്ല.
കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകള്‍ ചുമത്തുന്ന നികുതികളും ഇന്ത്യയില്‍ ഇന്ധന വില ഉയരുന്നതിന് കാരണമാണ്. ഇന്ധന വില ഉയരുന്നതിന്റെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ 2017 ഒക്‌ടോബറില്‍ എക്‌സ്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ കുറച്ചിരുന്നുവെങ്കിലും അത് വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നില്ല.

നയനില്‍ പൃഥ്വി നായകന്‍

ഗായത്രി
പുതിയ ചിത്രമായ നയനിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് പൃഥ്വിയുടെ ഹിമാലയന്‍ യാത്ര. തന്റെ ഫേസ്ബുക്കിലൂടെ പൃഥ്വി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇടുക്കിയിലെ കുട്ടിക്കാനത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഹിമാലയത്തിലേക്ക് പോകുന്നതെന്നും പൃഥ്വി കുറിച്ചിട്ടുണ്ട്.
പ്രശസ്ത നിര്‍മ്മാണ കമ്പനിയായ സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് പൃഥ്വിരാജ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദാണ് നയന്‍ സംവിധാനം ചെയ്യുന്നത്. ഒരു ശാസ്ത്രഞ്ജനായാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍ പൃഥ്വിരാജ് എത്തുക.

 

നീറ്റ് പരീക്ഷക്ക് ഡ്രസ് കോഡ്

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിനുള്ള ‘ഡ്രസ് കോഡ്’ നിര്‍ദേശങ്ങള്‍ സി.ബി.എസ്.ഇ പുറത്തിറക്കി. ഇളം നിറത്തിലുള്ള മുറിക്കയ്യന്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് വിദ്യാര്‍ഥികള്‍ പരീക്ഷക്കെത്തേണ്ടത്. ഷൂസ് ധരിക്കാന്‍ പാടില്ല എന്നീ നിര്‍ദേശങ്ങളാണ് സി.ബി.എസ്.ഇ മുന്നോട്ട് വെച്ചത്.
കഴിഞ്ഞ വര്‍ഷത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ തന്നെയാണ് ഈ വര്‍ഷവും പിന്തുടരുന്നത്. സാധാരണ വേഷം ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ ഒരു മണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിബന്ധന കൂടി ഈ വര്‍ഷം പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശിരോവസ്ത്രം ധരിച്ച് പരീക്ഷക്കെത്തിയ കുട്ടികളുടെ ശിരോവസ്ത്രം അഴിച്ചുമാറ്റിയത് കഴിഞ്ഞ തവണ രൂക്ഷമായ വിമര്‍ശനത്തിന് വഴിവെച്ച പശ്ചാത്തലത്തിലാണിത്
വലിയ ബട്ടണ്‍, ബാഡ്ജ്, ബ്രൂച്ച്, പൂവ് എന്നിവയൊന്നും സാല്‍വാര്‍ കമ്മീസിലോ പാന്റിലോ ഉണ്ടാകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മെയ് 6ന് രാവിലെ 10 മുതല്‍ ഒരു മണി വരെയാണ് നീറ്റ് പരീക്ഷ. ആശയ വിനിമയത്തിനുള്ള ഒരു ഉപകരണവും പരീക്ഷ സെന്ററിലേക്ക് കൊണ്ടുവരരുത്. ഇത് സൂക്ഷിക്കുന്നതിനാവശ്യമായ ഒരു സൗകര്യവും സെന്ററുകളില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ജ്യോമെട്രി ബോക്‌സ്, പെന്‍സില്‍ ബോക്‌സ്, ബെല്‍റ്റ്, തൊപ്പി, വാച്ച്, മറ്റ് മെറ്റാലിക് ഉപകരണങ്ങള്‍ തുടങ്ങിയവയൊന്നും ഹാളില്‍ അനുവദിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു.

ആദായ നികുതി റിട്ടേണില്‍ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ കര്‍ശന നടപടി

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണില്‍ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വകുപ്പ്. ശമ്പളക്കാര്‍ക്കെതിരെയാണ് കടുത്ത നിയമനടപടികള്‍ സ്വീകരിക്കാന്‍ ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്. ജീവനക്കാര്‍ മാത്രമല്ല തൊഴിലുടമയും നിയമനടപടിക്ക് വിധേയമാവേണ്ടി വരുമെന്നാണ് ആദായനികുതി വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.
നികുതിയിളവുകള്‍ നേടാനായി പലരും തെറ്റായ വിവരങ്ങള്‍ വകുപ്പിന് സമര്‍പ്പിക്കാറുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് വകുപ്പിന്റെ നീക്കം. ഇവര്‍ക്ക് വ്യാജ റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ സഹായം നല്‍കുന്നവരുള്‍പ്പടെ നിരീക്ഷണത്തിലാണെന്നാണ് ആദായ നികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്. ആദായ നികുതി നിയമപ്രകാരം ഇത്തരത്തിലുള്ള വ്യാജ റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു.
നേരത്തെ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് വ്യാജ ആദായ നികുതി റിട്ടേണുകള്‍ നല്‍കാന്‍ സഹായിക്കുന്ന സംഘം ബംഗളൂരുവില്‍ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ നടപടികള്‍ ശക്തമാക്കി ആദായ വകുപ്പ് രംഗത്തെത്തിയത്.

200 രൂപയുടെ നോട്ടുകള്‍ കൂടുതല്‍ അച്ചടിച്ചതാണ് നോട്ട് പ്രതിസന്ധിക്ക് കാരണം

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: 200 രൂപയുടെ നോട്ടുകള്‍ കൂടുതല്‍ അച്ചടിച്ചതാണ് നിലവിലെ നോട്ട് പ്രതിസന്ധിയുടെ കാരണമെന്ന് എസ്.ബി.ഐയുടെ റിപ്പോര്‍ട്ട്. 200 രൂപയുടെ കറന്‍സി അച്ചടി കൂട്ടിയതോടെ മറ്റ് നോട്ടുകള്‍ക്ക് വിപണിയില്‍ ക്ഷാമമനുഭവപ്പെട്ടു. ഉയര്‍ന്ന മൂല്യമുള്ള കറന്‍സിക്കാണ് ക്ഷാമം അനുഭവപ്പെടുന്നത്. 200 രൂപയുടെ നോട്ടുകള്‍ നിറക്കാനായി പല എ.ടി.എമ്മുകളും സജ്ജമായിരുന്നില്ല ഇതും പ്രതിസന്ധിക്ക് കാരണമായെന്ന് എസ്.ബി.ഐ വ്യക്തമാക്കുന്നു.
ഏകദേശം 70,000 കോടി രൂപയുടെ കറന്‍സി ക്ഷാമം വിപണിയില്‍ ഉണ്ടെന്നാണ് എസ്.ബി.ഐ വ്യക്തമാക്കുന്നത്. 2018ല്‍ 15,29,100 കോടി രൂപ ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ച് എ.ടി.എമ്മുകളിലുടെ പിന്‍വലിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 2017മായി താരത്മ്യം ചെയ്യുമ്പോള്‍ 12.2 ശതമാനം വര്‍ധനയാണ് എ.ടി.എം ഉപയോഗത്തില്‍ ഉണ്ടായതെന്നും എസ്.ബി.ഐ വ്യക്തമാക്കുന്നു.
രാജ്യത്ത് നോട്ട് നിരോധനത്തിന് സമാനമായി പണക്ഷാമം ഉണ്ടെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കറന്‍സി അച്ചടിയില്‍ ഉള്‍പ്പടെ കുറവുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാണ് എസ്.ബി.ഐ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

 

നോട്ട് ക്ഷാമം താല്‍ക്കാലികം മാത്രം: അരുണ്‍ ജയറ്റ്‌ലി

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: കറന്‍സി ക്ഷാമം താല്‍ക്കാലികം മാത്രമാണെന്നും എടിഎമ്മുകളില്‍ ആവശ്യത്തിന് നോട്ടുകള്‍ ഉടന്‍ എത്തുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ബാങ്കുകളില്‍ വിനിമയത്തിന് ആവശ്യത്തിന് നോട്ടുകളുണ്ട്. ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം ഇവ ലഭ്യമാകുമെന്നും അരുണ്‍ ജെയ്റ്റ്‌ലി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പെട്ടെന്ന് അസാധാരണമാം വിധം നോട്ടുകള്‍ക്ക് ആവശ്യം നേരിട്ടതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് ഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് നോട്ട് ക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടത്. ന്ന് ചില സംസ്ഥാനങ്ങളില്‍ നോട്ട് ക്ഷാമുണ്ട് എന്ന വാര്‍ത്ത വന്നതോടെയാണ് ധനമന്ത്രി ട്വിറ്ററില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
എന്നാല്‍, ആര്‍.ബി.ഐ രേഖകള്‍ പ്രകാരം 18.17 ലക്ഷം കോടി രൂപയാണ് ഇപ്പോള്‍ വിനിമയത്തിലുള്ളത്. നോട്ട് നിരോധനകാലത്തെ വിനിമയ നിരക്കിന് തുല്യമാണിത്. ഡിജിറ്റലൈസേഷന്‍ മൂലം കറന്‍സികളുടെ ഉപഭോഗം കുറഞ്ഞതിനാല്‍ കറന്‍സി ഉപയോഗത്തില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടില്ല.

കേരളത്തിലെ 1000 കോടി എസ്ബിഐ തെലങ്കാനയിലേക്ക് കൊണ്ടുപോവുന്നു

രാംനാഥ് ചാവ്‌ല
തൃശൂര്‍: നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നതുമൂലം കടുത്ത പണ ക്ഷാമം നേരിടുന്ന തെലങ്കാനയിലേക്ക് എസ്.ബി.ഐ കേരളത്തില്‍നിന്ന് 1,000 കോടി രൂപ കൊണ്ടുപോകുന്നു. ഇതിനകം 240 കോടി രൂപ മാറ്റി. വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് എസ്.ബി.ഐ കേരള സര്‍ക്കിളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും നിര്‍ദേശപ്രകാരമാണ ഫണ്ട് കൈമാറ്റം.
പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ഫിനാന്‍ഷ്യല്‍ റെസല്യൂഷന്‍ ഡെപ്പോസിറ്റ് ആന്റ് ഇന്‍ഷുറന്‍സ് ബില്ലിലെ ‘ബെയ്ല്‍ഇന്‍’ വ്യവസ്ഥയെക്കുറിച്ചുള്ള പ്രചാരണം സൃഷ്ടിച്ച പരിഭ്രാന്തി മൂലം തെലങ്കാനയിലും ആന്ധ്രയിലും നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കുകയാണത്രെ. ഈ പ്രവണത ഈ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം എന്തുകൊണ്ട് എന്നതിന് വ്യക്തമായ ഉത്തരമില്ല. ഒരു വിഭാഗം പറയുന്നത്, ഇതിന് പിന്നില്‍ ഇരു സംസ്ഥാനത്തും വ്യാപകമായി വേരുള്ള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പങ്കുണ്ടെന്നാണ്. ബാങ്കുകള്‍ പൊളിയുമെന്നും നിക്ഷേപകന് പണം തിരിച്ച് കിട്ടില്ലെന്നും ഈ സംസ്ഥാനങ്ങളില്‍ ഭീതി പരക്കുകയാണത്ര.
മൂന്ന് മാസമായി രണ്ട് സംസ്ഥാനത്തും എ.ടി.എമ്മുകള്‍ക്ക് മുന്നിലും ബാങ്കിലും നിക്ഷേപകരുടെ നീണ്ട നിരയാണ്. ലഭ്യമാവുന്ന മുറക്ക് പണം പിന്‍വലിക്കുന്നു. പുതിയതായി നിക്ഷേപം വരുന്നില്ല. സ്ഥിര നിക്ഷേപങ്ങള്‍ വന്‍തോതില്‍ അവസാനിപ്പിക്കുന്നു. ചില ബാങ്കുകളുടെ എ.ടി.എം രണ്ട് മാസത്തിലധികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. ഇതിന് പുറമെ 2,000 രൂപ നോട്ടുകള്‍ പുറത്ത് വരുന്നില്ല. ഇതിന് പിന്നില്‍ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാഷ്ട്രീയ നേതൃത്വത്തിനും പങ്കുണ്ടെന്ന് ബാങ്കിങ് രംഗത്തെ സംഘടനകള്‍ പറയുന്നു.

 

കുര്‍ബാനയുമായി നയന്‍സ് മലയാളത്തിലേക്ക്

ഫിദ
ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താര മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. കോട്ടയംകുര്‍ബാന എന്ന ചിത്രത്തിലൂടെയാണ് നയന്‍താരയുടെ തിരിച്ചുവരവ്. ഉണ്ണി ആര്‍.കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്ന കോട്ടയം കുര്‍ബാനയുടെ സംവിധായകന്‍ നവാഗതനായ മഹേഷ് വെട്ടിയാറാണ്. പൂര്‍ണമായും സ്ത്രീകഥാപാത്രത്തെ കേന്ദ്രീകരിച്ചൊരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ അഥിതി താരമായി എത്തുന്നുണ്ട്.
കോട്ടയമാണ് കഥാപശ്ചാത്തലം. ഇതില്‍ ശക്തമായ കഥാപാത്രമാണ് നയന്‍താരയുടേത്. മലയാളത്തില്‍ ആദ്യമായാണ് നയന്‍താരയെ കേന്ദ്രീകരിച്ച് ഒരു സിനിമയൊരുങ്ങുന്നത്. ഇത്രയും കാലം നായകന്റെ നിഴലായി മാത്രമാണ് നയന്‍താര മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാല്‍ ‘കോട്ടയം കുര്‍ബാന’ പൂര്‍ണമായും നായികയെ സംബന്ധിക്കുന്ന കഥയാണ്.
അറം, മായ, നാനും റൗഡി താന്‍, രാജാറാണി തുടങ്ങി നയന്‍താര കേന്ദ്രകഥാപാത്രമായെത്തിയ തമിഴ് സിനിമകളെല്ലാം വലിയ വാണിജ്യവിജയം നേടിയിരുന്നു. ഇതെല്ലാം നായികാപ്രാധാന്യമുള്ള സിനിമകളുമായിരുന്നു. ഇപ്പോള്‍ ഇത്തരം ചിത്രങ്ങളില്‍ മാത്രമാണ് നയന്‍താര അഭിനയിക്കുന്നത്. ഈ ഗണത്തില്‍ പെടുന്ന ചിത്രമായതുകൊണ്ടാണ് ‘കോട്ടയം കുര്‍ബാന’യിലൂടെ മലയാളത്തിലേക്ക്
മടങ്ങിവരാന്‍ നയന്‍താര തീരുമാനിച്ചതും.
‘ചാര്‍ലി’ക്കും ‘മുന്നറിയിപ്പി’നും ‘ലീല’ക്കും ശേഷമുള്ള ഉണ്ണി.ആറിന്റെ ശ്രദ്ധേയരചനയാണ് ‘കോട്ടയം കുര്‍ബാന’. കരുത്തുറ്റൊരു കഥയും തിരക്കഥയുമാണ് നയന്‍താര്ക്കായി ഉണ്ണി ആര്‍. ഒരുക്കിയിരിക്കുന്നത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘കോട്ടയം കുര്‍ബാന’യുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മധുനീലകണ്ഠനാണ്. അപ്പുഭട്ടതിരിയാണ് എഡിറ്റര്‍. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ ക്ലേമേഷന്‍ വിദഗ്ദ്ധനും ‘താരേസമീന്‍പറിലൂ’ടെ ശ്രദ്ധേയനുമായ ദിമന്ത് വ്യാസ്, ദേശീയ അവാര്‍ഡ് ജേതാവായ ആനിമേറ്റര്‍ ചേതന്‍ശര്‍മ എന്നിവരും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.