Month: July 2022

‘ഹവ്വയുടെ നാമത്തില്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

ഡ്രീം ഫോര്‍ ബിഗ് സ്‌ക്രീന്റ് ബാനറില്‍ ഗോകുല്‍ ഹരിഹരന്‍, പ്രവീണ്‍ പ്രഭാകര്‍, എസ് ജി അഭിലാഷ് എന്നിവര്‍ സംവിധാനം ചെയ്യുന്ന ‘ദി ഹോമോസാപിയെന്‍സ്’ എന്ന ആന്തോളജി ചിത്രത്തിന്റെ സെക്കന്റ് സെഗ്‌മെന്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

എസ്. ജി. അഭിലാഷ് എഡിറ്റിങ്ങും സംവിധാനം ചെയ്യുന്ന ഈ സെഗ്‌മെന്റിന് ‘ഹവ്വയുടെ നാമത്തില്‍’ എന്നാണ് പേരിട്ടിരിക്കുന്നത്.

‘ഹിമാലയത്തിലെ കഷ്മലന്മാര്‍’, ‘കീടം’, ‘അന്താക്ഷരി’, ‘സാജന്‍ ബേക്കറി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആനന്ദ് മന്മദന്‍ നായകനാവുന്നു.
നായിക പുതുമുഖം അനീറ്റ സെബാസ്റ്റ്യന്‍. കൂടാതെ ഇരുപതോളം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

കഥ, തിരക്കഥ- മുഹമ്മദ് സുഹൈല്‍, സംഭാഷണം- സാന്ദ്ര മരിയ ജോസഫ്, അശ്വന്‍, അജിത് സുത്ശാന്ത്.
ഛായഗ്രഹണം- കോളിന്‍സ് ജോസ്, മുഖ്യ ഛായഗ്രഹണം- ഹുസൈന്‍ ഹംസ, മ്യൂസിക്- സബിന്‍ സലിം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഹരി പ്രസാദ് വി കെ
അസോസിയേറ്റ് ഡയറക്ടര്‍- അശ്വന്‍, ആര്‍ട്ട് ഡയറക്ടര്‍- അന്‍സാര്‍ മുഹമ്മദ് ഷെരിഫ്, മേക്കപ്പ്- സനീഫ് ഇടവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഉദയന്‍,
പ്രൊജക്റ്റ് അഡൈ്വസര്‍- രാമു മംഗളപ്പള്ളി, സ്റ്റില്‍സ്- വിഷ്ണു രവി രാജ്, ഡിസൈന്‍- കിഷോര്‍ ബാബു വയനാട്, പി ആര്‍ ഒ- എ എസ് ദിനേശ്.

സൊമാറ്റോ ഓഹരികള്‍ കൂപ്പുകുത്തി

രാംനാഥ് ചാവ്‌ല-
മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ ഓഹരികള്‍ ഇന്നലെ എക്കാലത്തെയും താഴ്ചയിലേക്ക് കൂപ്പുകുത്തി. വ്യാപാരത്തിനിടെ ഒരുവേള 14 ശതമാനം ഇടിഞ്ഞ് ഓഹരിയൊന്നിന് 46 രൂപയിലേക്കാണ് വിലയിടിഞ്ഞത്. കഴിഞ്ഞ മേയ് 11ന് കുറിച്ച 50.35 രൂപയായിരുന്നു ഇതിന്റെ മുമ്പത്തെ റെക്കാഡ് താഴ്ച.
ഓഹരിയൊന്നിന് 76 രൂപയിലായിരുന്നു കമ്പനിയുടെ ലിസ്റ്റിംഗ്. 2021 ജൂലായ് 23നാണ് കമ്പനി ഓഹരിവിപണിയില്‍ ആദ്യചുവടുവച്ചത്. കഴിഞ്ഞ നവംബര്‍ 16ന് ഓഹരിവില എക്കാലത്തെയും ഉയരമായ 169.10 രൂപയിലും തൊട്ടിരുന്നു.

5ജി ലേലം ആദ്യദിനം 1.45 ലക്ഷം കോടി കടന്നു

രാംനാഥ് ചാവ്‌ല-
ഇന്ത്യയിലെ 5ജി ലേലം ആദ്യദിനം തന്നെ 1.45 ലക്ഷം കോടി കടന്നു. മുകേഷ് അംബാനി, സുനില്‍ മിത്തല്‍, ഗൗതം അദാനി എന്നിവരാണ് ലേലത്തിന് മുന്‍പന്തിയിലുള്ളത്. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവാണ് ലേലവിവരങ്ങള്‍ അറിയിച്ചത്. നാല് റൗണ്ട് ലേലമാണ് നടന്നത്. നാളെ അഞ്ചാം റൗണ്ട് ലേലം നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ആഗസ്റ്റ് 15നകം ലേലനടപടികള്‍ പൂര്‍ത്തിയാക്കും. ഈ വര്‍ഷം അവസാനത്തോടെ 5ജി രാജ്യത്ത് നഗരങ്ങളില്‍ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.3300 മെഗാ ഹെഡ്‌സ് 26 ജിഗാഹെഡ്‌സ് ബാന്‍ഡിനാണ് കമ്പനികള്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചത്. 700 മെഗാഹെഡ്‌സ് ബാന്‍ഡിനും ആവശ്യക്കാരുണ്ടായിരുന്നു.

 

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ വന്‍ വര്‍ധനവ്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍മേയ് മാസങ്ങളില്‍ ഇറക്കുമതി 4.7 മടങ്ങ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രതിദിനം 4,00,000 ബാരല്‍ എണ്ണയാണ് ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ വിലക്കുറവില്‍ എണ്ണ ലഭിച്ചതോടെയാണ് ഇന്ത്യയുടെ ഇറക്കുമതി വര്‍ധിച്ചത്.
പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ നിന്ന് പിന്നാക്കം പോകാന്‍ ഇന്ത്യ തയാറായിരുന്നില്ല. ഈ നിലപാട് മൂലം ഇന്ത്യയിലെ പൊതുമേഖല എണ്ണ കമ്പനികള്‍ക്ക് ഉള്‍പ്പടെ വന്‍ വിലക്കുറവില്‍ എണ്ണ ലഭിച്ചിരുന്നു.

 

ചെള്ളുപനി; പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്

ഫിദ-
കോഴിക്കോട്: ചെള്ളുപനിക്കെതിരെ പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്. ചെള്ളുപനി ബാധിച്ച് ചികിത്സയിലായിരുന്ന വ്യക്തി മരിച്ച പശ്ചാത്തലത്തിലാണ് പ്രതിരോധ നടപടി. മരണം സംഭവിച്ച പ്രദേശത്ത് സ്‌ക്രബ് ടൈഫസ് (ചെള്ളുപനി) പരത്തുന്ന ചിഗര്‍ മൈറ്റുകള്‍ കീടനാശിനികള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചു.
ഒറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്റ്റീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് സ്‌ക്രബ് ടൈഫസ് അഥവാ ചെള്ളുപനി. എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴല വീക്കം, പേശിവേദന, വരണ്ട ചുമ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും വൈദ്യസഹായം തേടണമെന്നും ജാഗ്രത പാലിക്കണമെന്നും ഡിഎംഒ അറിയിച്ചു.

 

റിലയന്‍സ് ജിയോക്ക് 4,335 കോടിയുടെ അറ്റാദായം

രാംനാഥ് ചാവ്‌ല-
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലുള്ള ടെലികോം കമ്പനിയായ ‘റിലയന്‍സ് ജിയോ’ 2022 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 4,335 കോടി രൂപയുടെ അറ്റാദായം നേടി.

മുന്‍ വര്‍ഷം ഇതേ കാലയളവിലെ 3,501 കോടിയെക്കാള്‍ 24 ശതമാനം വര്‍ധന.
വരുമാനം 21.5 ശതമാനം ഉയര്‍ന്ന് 21,873 കോടി രൂപയിലെത്തി.

2021 ഡിസംബറില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതും സ്ഥിരമായുള്ള ഉപഭോക്താക്കളുടെ എണ്ണം ഉയര്‍ന്നതുമാണ് മികച്ച പ്രകടനത്തിന് കമ്പനിയെ സഹായിച്ചത്. ഉപഭോക്താക്കളില്‍നിന്നുള്ള ശരാശരി പ്രതിമാസ വരുമാനം 167.6 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

3,000 യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ ടാറ്റ

ഫിദ-
കൊച്ചി: വ്യവസായ രംഗത്ത് 3,000 യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ പദ്ധതിയുമായി ടാറ്റ പവര്‍. നടപ്പ് സാമ്പത്തിക വര്‍ഷം 3,000 യുവാക്കള്‍ക്ക് പരിശീലനം നല്‍കുമെന്ന് ടാറ്റ പവര്‍ അറിയിച്ചു.

2025ഓടെ മൊത്തം 5,000 യുവാക്കളെ ഈ മേഖലയില്‍ ജോലി ചെയ്യാന്‍ പരിശീലിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി വ്യക്തമാക്കി.

ഷാഹദ്, ട്രോംബെ, വിദ്യാവിഹാര്‍, മൈത്തണ്‍ എന്നിവിടങ്ങളിലെ ആറ് പരിശീലന കേന്ദ്രങ്ങളില്‍ വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജിംഗ്, റൂഫ്‌ടോപ്പ് സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക് സ്ഥാപിക്കല്‍, പരിപാലനം, സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കല്‍, ഹോം ഓട്ടോമേഷന്‍ എന്നിവയിലാണ് പരിശീലനം നല്‍കുക.

ഇന്ത്യ അതിന്റെ ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും 2030 ഓടെ 500 GW പുനരുപയോഗ ഊര്‍ജ്ജ പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കുന്നതിലും കാര്യമായ മുന്നേറ്റം നടത്തുകയാണ്. ഇന്ത്യന്‍ ഊര്‍ജ്ജ വ്യവസായം ഒരു ഹരിത പരിവര്‍ത്തനത്തിന് വിധേയമാകാന്‍ പോകുകയാണ്, ടാറ്റ പവര്‍ ടിപിഎസ്ഡിഐ വഴി ഈ മാറ്റത്തിന് ഒരുങ്ങുകയാണ്.

 

പ്രവാസി നിക്ഷേപ സംഗമം സെപ്തംബര്‍ 28ന്

ഫിദ-
കൊച്ചി: നോര്‍ക്കാ ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ ‘പ്രവാസി നിക്ഷേപ സംഗമം 2022’ സെപ്തംബര്‍ 28ന് മലപ്പുറത്ത് നടക്കും.

നിലവില്‍ സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കും ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയാത്തവര്‍ക്കും ആശയങ്ങള്‍ നിക്ഷേപകര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടാകും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകരും സംരംഭകരും ആഗസ്റ്റ് 12ന് മുമ്പ് എന്‍.ബി.എഫ്.സിയില്‍ രജിസ്റ്റര്‍ ചെയ്യണം.
Web Link: https://norkaroots.org/web/guest/nbfc-application#loaded

വായ്പാ പരിധി; കേന്ദ്രസര്‍ക്കാരിനെതിരെ കേരളം

ഫിദ-
തിരു: വായ്പാ പരിധി വെട്ടിക്കുറക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരേ, ഇതരസംസ്ഥാനങ്ങളുമായി ചേര്‍ന്ന് കേരളം നിയമനടപടിക്കൊരുങ്ങുന്നു.

ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്രം കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ അനുവദിക്കുമ്പോള്‍, കേരളത്തിന്റെ സ്വന്തം പദ്ധതികള്‍പോലും തടസപ്പെടുത്തുന്നുവെന്നാണു സി.പി.എം. ആരോപണം.

ഭരണഘടനാവിദഗ്ധരുമായി ആലോചിച്ചാകും നിയമനടപടികളിലേക്കു നീങ്ങുക.
സഹകരണ ഫെഡറലിസത്തിന്റെ പൂര്‍ണലംഘനമാണു കേന്ദ്രം നടത്തുന്നതെന്ന ആരോപണം സാധൂകരിക്കുന്ന വസ്തുതകള്‍ കോടതിയില്‍ ഹാജരാക്കും.

പഞ്ചാബ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കോടതിയെ സമീപിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു.

ജി.എസ്.ടി. നഷ്ടപരിഹാരക്കുടിശിക ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇങ്ങനെ ഒറ്റക്കെട്ടായുള്ള സമീപനമാണു കേരളം സ്വീകരിച്ചത്. കിഫ്ബി, സാമൂഹികസുരക്ഷാ പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ് എന്നിവയ്ക്കായെടുത്ത 9,273.24 കോടി രൂപ സര്‍ക്കാരിന്റെ വായ്പയായാണു സി.എ.ജി. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. അതും കണക്കിലെടുത്തേ തുടര്‍വര്‍ഷങ്ങളില്‍ വായ്പയ്ക്ക് അനുമതി നല്‍കൂവെന്നാണു കേന്ദ്രധനമന്ത്രാലയത്തിന്റെ നിലപാട്.

അടുത്ത ഡിസംബര്‍ വരെ 17,936 കോടി രൂപയുടെ വായ്പയെടുക്കാനാണ് അനുമതി. സാധാരണയായി ജി.എസ്.ഡി.പിയുടെ മൂന്നരശതമാനമാണു വായ്പാനുമതി. അതുപ്രകാരം കേരളത്തിന് ഒരുവര്‍ഷം 32,425 കോടിയുടെ വായ്പയാണെടുക്കാന്‍ കഴിയുക. എന്നാല്‍ കിഫ്ബിയും സാമൂഹികസുരക്ഷാ പെന്‍ഷന്‍ ലിമിറ്റഡും എടുത്ത തുകയില്‍നിന്ന് 3,578 കോടി രൂപ ഇക്കൊല്ലത്തെ വായ്പാപരിധിയില്‍ വെട്ടിക്കുറയ്ക്കുമെന്നാണു കേന്ദ്രനിലപാട്.

കൊച്ചി – ക്വലാലംപര്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ മലിന്‍ഡോ

ഫിദ-
കൊച്ചി: മലിന്‍ഡോ എയര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ആഴ്ചയില്‍ നാല് സര്‍വീസുകള്‍ കൊച്ചിയില്‍ നിന്ന് ക്വലാലംപുരിലേയ്ക്ക് ഉണ്ടാകും. ഒന്നര മണിക്കൂറിനുള്ളില്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലേയ്ക്ക് മലിന്‍ഡോയുടെ കണക്ഷന്‍ ഫ്‌ളൈറ്റ് ലഭിക്കുന്ന തരത്തിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

നിലവില്‍ എയര്‍ ഏഷ്യ (ബെര്‍ഹാദ്)വിമാനം കൊച്ചി ക്വലാലംപൂര്‍ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. ഓഗസ്റ്റ് ഒന്നു മുതല്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 12:10 ന് കൊച്ചിയില്‍ നിന്ന് മലിന്‍ഡോ വിമാനം പുറപ്പെടും. രാവിലെ 07.05 ന് ക്വലാലംപൂരിലെത്തും.

08:25 ന് പെര്‍ത്തിലേക്ക് കണക്ഷന്‍ വിമാനമുണ്ട്. ഉച്ചകഴിഞ്ഞ് 2:10 ന് പെര്‍ത്തില്‍ ഇറങ്ങാം. ഞായര്‍,തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 21:35 നാണ് ക്വലാലംപൂരില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് മലിന്‍ഡോ വിമാനം പുറപ്പെടുന്നത്.

സര്‍വീസുകള്‍ക്ക് ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്നുമുതല്‍ ആഴ്ചയില്‍ എല്ലാദിവസവും കൊച്ചിക്വലാംലംപുര്‍ സെക്ടറില്‍ സര്‍വീസ് നടത്തും.