Month: July 2022

കരാര്‍ വ്യവസ്ഥയില്‍ നിയമനം

ഫിദ-
തിരു: കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ വിവിധ തസ്തികകളില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25. അപേക്ഷകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കാം.
തസ്തിക, ഒഴിവുകള്‍, യോഗ്യത, മറ്റു നിബന്ധനകള്‍ തുടങ്ങിയ വിവരങ്ങള്‍ www.khrws.kerala.gov.in ല്‍ ലഭിക്കും.

 

തകര്‍ന്ന് തകര്‍ന്ന് രൂപ…

രാംനാഥ് ചാവ്‌ല-
മുംബൈ: അനുദിനം പുതിയ ആഴങ്ങളിലേക്ക് വീണ് രൂപ. ഇന്നലെ ഡോളറുമായുള്ള വിനിമയത്തില്‍ ഒന്പത് പൈസയുടെ നഷ്ടത്തില്‍ 79.90 ലാണു രൂപ ക്ലോസ് ചെയ്തത്. ചരിത്രത്തിലാദ്യമായാണു രൂപ ഇത്ര താഴുന്നത്.

ഇന്റര്‍ബാങ്ക് വിദേശനാണയ വിനിമയ വിപണിയില്‍ 79.72 ല്‍ വ്യാപാരം ആരംഭിച്ച രൂപ 79.71 വരെ ഉയരുകയും 79.92വരെ താഴുകയും ചെയ്തിരുന്നു. ക്രൂഡ് വില താഴ്ന്നതാണു രൂപയുടെ നഷ്ടം ഒമ്പത് പൈസയിലൊതുക്കിയത്.

അതിനിടെ പതിവ് തെറ്റിക്കാതെ ഡോളര്‍ ഇന്നലെയും കൂടുതല്‍ കരുത്തു നേടി. ആറു വിദേശ കറന്‍സികള്‍ക്കെതിരേയുള്ള ഡോളറിന്റെ കരുത്ത് അളക്കുന്ന ഡോളര്‍ സൂചിക 0.37 ശതമാനമുയര്‍ന്ന് 108.36 ലെത്തി.

അതേസമയം, ഓഹരിവിപണിയുടെ നഷ്ടയാത്ര തുടര്‍ച്ചയായ നാലാം ദിനത്തിലേക്കു കടന്നു. ഇന്നലെ ബിഎസ്ഇ സെന്‍സെക്‌സ് 98 പോയിന്റ് താഴ്ന്ന് 53,416.15 ലും നിഫ്റ്റി 28.00 പോയിന്റ് ഇടിവോടെ 15,938 ലുമാണു വ്യാപാരം അവസാനിപ്പിച്ചത്.

സമ്പാദ്യം മുഴുവന്‍ ദാനം ചെയ്യുമെന്ന് ബില്‍ഗേറ്റ്‌സ്

അളകാ ഖാനം-
കലിഫോര്‍ണിയ: മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ഗേറ്റ്‌സ് തന്റെ സമ്പാദ്യം മുഴുവന്‍ ദാനം ചെയ്യാനൊരുങ്ങുന്നു.

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി, മുന്‍ഭാര്യ മെലിന്‍ഡ ഫ്രെഞ്ചുമായി ചേര്‍ന്ന് 2000ല്‍ ആരംഭിച്ച ഗേറ്റ്‌സ് ഫൗണ്ടേഷനിലേക്കു തന്റെ സമ്പത്ത് മുഴുവന്‍ നല്കുമെന്നാണു ബില്‍ഗേറ്റ്‌സ് ബ്ലോഗ്‌പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ കാലക്രമേണ പിന്നോട്ടുപോയി ഒടുവില്‍ അതില്‍നിന്നു പുറത്തുകടക്കുകയാണു ലക്ഷ്യമെന്നും ഗേറ്റ്‌സ് അറിയിച്ചു. നേരത്തെ 2010 ലും ബില്‍ഗേറ്റ്‌സ് തന്റെ സമ്പത്ത് മുഴുവന്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി നല്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

‘കോവിഡ്, റഷ്യ യുക്രെയ്ന്‍ യുദ്ധം തുടങ്ങിയ സാഹചര്യങ്ങള്‍ പരിഗണിച്ച് ഗേറ്റ്‌സ് ഫൗണ്ടേഷനിലേക്ക് ഉടന്‍തന്നെ 2000 കോടി ഡോളര്‍ നല്‍കും. ഫൗണ്ടേഷന്റെ ധനവിനിയോഗം 2026 ഓടെ പ്രതിവര്‍ഷം 900 കോടി ഡോളറായി വര്‍ധിപ്പിക്കും.

സമൂഹത്തിലെ കഷ്ടതകള്‍ കുറയ്ക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി എന്റെ വിഭവങ്ങളെല്ലാം നല്‍കുകയെന്നത് എന്റെ ബാധ്യതയാണെന്ന് ബില്‍ഗേറ്റ്‌സ് പറഞ്ഞു.

 

മൂല്യം 5,4192 കോടി കടത്തി എല്‍ഐസി

ഫിദ-
കൊച്ചി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എല്‍ഐസി)യുടെ എംബഡഡ് മൂല്യം 5,4192 കോടി രൂപ. 2022 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത എല്‍ഐസിയുടെ മുന്‍ വര്‍ഷത്തെ എംബഡഡ് മൂല്യം 95,605 കോടി രൂപയും 2021 സെപ്തംബര്‍ 30ലെ ഇതേ മൂല്യം 5.39 കോടി രൂപയുമായിരുന്നു.

ഓഹരി വില്‍പ്പനയ്ക്ക് മുന്നോടിയായി നിയമഭേദഗതി പ്രകാരം എല്‍ഐസിയുടെ ഫണ്ട് വിഭജിച്ചതിനെ തുടര്‍ന്നാണ് 2021 സെപ്തംബറിലെ എംബഡഡ് മൂല്യത്തില്‍ വലിയ ഉയര്‍ച്ച ഉണ്ടായത്. ഒരു ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ അറ്റ ആസ്തി മൂല്യവും ഭാവി ലാഭത്തിന്റെ നിലവിലെ മൂല്യവും ചേര്‍ത്തതാണ് എംബഡഡ് മൂല്യം. ഓഹരി ഉടമകള്‍ കമ്പനിക്ക് കല്‍പ്പിക്കുന്ന മൂല്യമാണിത്.

 

കുരങ്ങ് പനി സംശയിച്ച് ഒരാള്‍ നിരീക്ഷണത്തില്‍

ഫിദ-
തിരു: സംസ്ഥാനത്ത് കുരങ്ങ് പനി സംശയിച്ച് ഒരാള്‍ നിരീക്ഷണത്തില്‍. യുഎഇയില്‍ നിന്നെത്തിയ ആളാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്നും ഇയാളുടെ സാമ്പിള്‍ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചുവെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

പരിശോധനാഫലം വൈകിട്ട് ലഭിക്കും. ഫലം വന്നശേഷം ഏത് ജില്ലക്കാരനെന്ന് വ്യക്തമാക്കുമെന്നും മന്ത്രി പറ!ഞ്ഞു. പനിയും ശരീരത്തിലുണ്ടാകുന്ന പൊള്ളലുമാണ് രോഗ ലക്ഷണം. കുരങ്ങ് പനി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മികച്ച നികുതി വരുമാനം; ഫെഡറല്‍ ബാങ്കിന് അംഗീകാരം

ഫിദ-
കൊച്ചി: ദേശീയ ഖജനാവിലേക്ക് മികച്ച നികുതി വരുമാനം സംഭാവന ചെയ്തതിന് ഫെഡറല്‍ ബാങ്കിന് അംഗീകാരം. 2021-22 സാമ്പത്തിക വര്‍ഷത്തെ നേട്ടത്തിനാണ് കേന്ദ്രഎക്‌സൈസ്, കസ്റ്റംസ് വകുപ്പ് ഫെഡറല്‍ ബാങ്കിനെ ആദരിച്ചത്.

കൊച്ചിയിലെ കേന്ദ്ര നികുതി, കേന്ദ്ര എക്‌സൈസ് ആസ്ഥാനത്ത് ജിഎസ്ടി ദിനത്തില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ടാക്‌സേഷന്‍ വിഭാഗം മേധാവിയുമായ പ്രദീപന്‍ കെ, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ശ്രീഹരി ജിയും ചേര്‍ന്ന് ജിഎസ്ടി, കേന്ദ്ര എക്‌സൈസ്, കസ്റ്റംസ് കമ്മിഷണര്‍ ഡോ. ടി. ടിജു ഐആര്‍എസില്‍ നിന്ന് ആദരം ഏറ്റുവാങ്ങി.

ലാവയുടെ ബജറ്റ് ഫോണ്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ലാവ ഇന്റര്‍നാഷണലിന്റെ ഏറ്റവും പുതിയ ബജറ്റ് ഫോണ്‍ ലാവ ബ്ലേസ് അവതരിപ്പിച്ചു.

ലാവ ബ്ലേസിന്റെ 3 ജിബി റാം + 64 ജിബി സ്‌റ്റോറേജ് മോഡലിന്റെ വില 8,699 രൂപയാണ്. നാല് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ വരുന്ന ഈ സ്മാര്‍ട് ഫോണ്‍ മീഡിയടെക് ഹീലിയോ എ22 പ്രോസസര്‍ ആണുള്ളത്.

ഗ്ലാസ് ബ്ലാക്ക്, ഗ്ലാസ് ബ്ലൂ, ഗ്ലാസ് ഗ്രീന്‍, ഗ്ലാസ് റെഡ് കളര്‍ വേരിയന്റുകളിലാണ് ഫോണ്‍ വരുന്നത്.

ലാവ ബ്ലേസിന് 13 മെഗാപിക്‌സല്‍ എഐ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും എല്‍ഇഡി ഫല്‍ഷുമുണ്ട്.
എച്ച്ഡിആര്‍, പനോരമ, പോര്‍ട്രെയ്റ്റ്, ബ്യൂട്ടി, ടൈംലാപ്‌സ് ഫൊട്ടോഗ്രഫി എന്നിവയുള്‍പ്പെടെയുള്ള ക്യാമറ മോഡുകളും ഫില്‍ട്ടറുകളും ഫോണിലുണ്ട്. സ്‌ക്രീന്‍ ഫല്‍ഷോടു കൂടിയ 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഉണ്ട്.
മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വികസിപ്പിക്കാവുന്ന 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമായാണ് ഫോണ്‍ വരുന്നത്.
ഫിംഗര്‍പ്രിന്റ് സെന്‍സറും ഫേസ് അണ്‍ലോക്ക് ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലാവ ബ്ലേസില്‍ 5,000 എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാര്‍ജില്‍ 40 മണിക്കൂര്‍ വരെ പ്ലേബാക്ക് സമയവും 25 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ സമയവും ലഭിക്കുമെന്നാണ് ലാവ അവകാശപ്പെടുന്നത്.

കടപ്പത്ര സമാഹരണവുമായി കൊശമറ്റം ഫിനാന്‍സ്

ഫിദ-
കൊച്ചി: 350 കോടിയുടെ കടപ്പത്ര സമാഹരണവുമായി കൊശമറ്റം ഫിനാന്‍സ്.
കൊശമറ്റം ഫിനാന്‍സിന്റെ 25-ാമതു കടപ്പത്ര സമാഹരണമാണിത്. വിവിധ കാലാവധികളിലായി ഉള്ള എട്ടു പദ്ധതികളില്‍നിന്നു തെരഞ്ഞടുക്കാവുന്ന കടപ്പത്രങ്ങള്‍ക്ക് ആകര്‍ഷമായ പലിശ നിരക്കുമുണ്ടാകും.

കടപ്പത്ര സമാഹരണത്തില്‍ നിക്ഷേപിക്കാന്‍ ഡീമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും മാത്രം മതിയാവും. നിക്ഷേപകരുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനം ഉപയോജിച്ചു ഓണ്‍ലൈന്‍ ആയും നിക്ഷേപിക്കാന്‍ ഉള്ള അവസരമുണ്ട്.

യു.പി.ഐ. ഐ.ഡി. മുഖേനയും നിക്ഷേപം നടത്താനാവും. കഴിഞ്ഞ 24 കടപ്പത്ര സമാഹരണത്തിലൂടെ 6000 കോടിയിലധികം രൂപ ഇത്തരത്തില്‍ സമാഹരിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്നും, കടപ്പത്ര വിതരണത്തിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും കമ്പനിയുടെ വായ്പ പ്രവര്‍ത്തനങ്ങള്‍ക്കാവും വിനിയോഗിക്കുക എന്നും കൊശമറ്റം ഫിനാന്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മാത്യു കെ. ചെറിയാന്‍ അറിയിച്ചു.

എണ്ണവില 100 ഡോളറിന് താഴെ

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ആഗോളവിപണിയില്‍ എണ്ണവില വീണ്ടും 100 ഡോളറിന് താഴെയെത്തി. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വ്യാപാരം 98 ഡോളറിലാണ് പുരോഗമിക്കുന്നത്. സാമ്പത്തികമാന്ദ്യം മൂലം എണ്ണയുടെ ആവശ്യകതയില്‍ കുറവുണ്ടാകുമെന്ന ഭയമാണ് വില കുറയുന്നതിലേക്ക് നയിക്കുന്നത്.

ബ്രെന്റ് ക്രൂഡിന്റെ ഭാവി വിലകളും കുറയുകയാണ്. 0.7 ശതമാനം ഇടിവോടെ 98.81 ഡോളറിലാണ് ബ്രെന്റ് ഫ്യൂച്ചര്‍ വ്യാപാരം നടത്തുന്നത്. യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയില്‍ വില 0.8 ശതമാനം ഇടിഞ്ഞ് 95.12 ഡോളറിലെത്തി.

വെള്ളാപ്പള്ളിക്കും പ്രീതിക്കും 55-ാം വിവാഹ വാര്‍ഷികം

ഫിദ-
കൊച്ചി: എസ്.എന്‍.ഡി.പി യോഗത്തിന്റെ എക്കാലത്തെയും മികച്ച നേതാക്കളില്‍ ഒരാളായ വെള്ളാപ്പള്ളി നടേശന് ഇന്ന് (ജൂലൈ 13)55-ാം വിവാഹ വാര്‍ഷികം. 1967 ജൂലൈ 13 ന് ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിലായിരുന്നു വെള്ളാപ്പള്ളിയുടേയും ഹരിപ്പാട് കാര്‍ത്തികപ്പള്ളി സ്വദേശിനി പ്രീതിയുടേയും വിവാഹം.

കരാര്‍ ജോലികള്‍ ഏറ്റെടുത്തു നടത്തുകയായിരുന്ന വെള്ളാപ്പള്ളിക്ക് വിവാഹ സമയത്ത് 28 വയസായിരുന്നു. ബന്ധുക്കള്‍ മുഖേനയാണ് വിവാഹ ആലോചനയെത്തിയത്.

സഹോദരിയും ഭര്‍ത്താവുമാണ് ആദ്യം പെണ്ണ് കണാന്‍ പോയതെന്ന് വെള്ളാപ്പള്ളി ഓര്‍ക്കുന്നു. അവര്‍ക്ക് ഇഷ്ടമായതോടെയാണ് താന്‍ പെണ്ണ് കാണല്‍ ചടങ്ങിനെത്തിയതെന്നും പിന്നീട് കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ആലോചിച്ച് വിവാഹം നിശ്ചയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ വിവാഹ വാര്‍ഷികം ആഘോഷിച്ചിട്ടില്ല. ഇക്കുറിയും ഇതിന് മാറ്റമുണ്ടാകില്ല. എന്നാല്‍ അനുഗ്രഹം ചൊരിയുന്ന കണിച്ചുകുളങ്ങര ദേവിക്ക് പ്രത്യേക പൂജകള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പി യോഗത്തിന്റേയും എസ്.എന്‍ ട്രസ്റ്റിന്റേയും ഭരണ സാരഥ്യം ഏറ്റെടുത്തതിന്റെ രജത ജൂബിലി വര്‍ഷത്തിലാണ് ഇത്തവണത്തെ വിവാഹ വാര്‍ഷിക ആഘോഷമെന്ന പ്രത്യേകതയുമുണ്ട്.