Month: July 2022

ജിംനിയുടെ പുതിയ ഫെയ്‌സ് ലിഫ്റ്റ് മോഡല്‍ ഉടന്‍ വിപണിയില്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ജിംനിയുടെ പുതിയ ഫെയ്‌സ് ലിഫ്റ്റ് മോഡലും 5 ഡോര്‍ മോഡലും ഒരുമിച്ച് ഉടന്‍ പ്രദര്‍ശിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ യൂറോപ്പില്‍ പരീക്ഷണയോട്ടം നടത്തിയ 5 ഡോര്‍ ജിംനിയുടെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. സുസുക്കി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 4 മീറ്ററില്‍ താഴെ നീളമായിരിക്കും പുതിയ വാഹനത്തിന്.

ജപ്പാനിലും യൂറോപ്പിലും പുറത്തിറങ്ങിയ ജിംനിയുടെ ചെറിയ പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ കയറ്റുമതിക്കായി ജിംനിയുടെ അസംബ്ലിങ് ഗുരുഗ്രാം ശാലയില്‍ ആരംഭിച്ചിരുന്നു. 5 ഡോര്‍ മോഡലില്‍ 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 3 ഡോര്‍ മോഡലിന് 1.4 ലീറ്റര്‍ ടര്‍ബോ എന്‍ജിനുമാകും കരുത്തു പകരുക. 3850 എഎം നീളവും 1645 എംഎം വീതിയും 1730 എംഎം ഉയരവും 2550 എംഎം വീല്‍ബെയ്‌സുമുണ്ടാകും. ജിംനിയുടെ വില 10 ലക്ഷത്തില്‍ താഴെ ആയിരിയ്ക്കുമെന്നാണ് പ്രതീക്ഷ.

 

മ്യൂച്വല്‍ഫണ്ട് നിക്ഷേപം വര്‍ധിക്കുന്നു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: മ്യൂച്വല്‍ഫണ്ട് നിക്ഷേപകര്‍ക്ക് പ്രിയമേറുന്നു. അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ നടപ്പുവര്‍ഷം ഏപ്രില്‍ജൂണില്‍ മാത്രം പുതുതായി ചേര്‍ത്തത് 51 ലക്ഷം നിക്ഷേപക അക്കൗണ്ടുകളാണ്.

ഓഹരിവിപണി തുടര്‍ച്ചയായി നഷ്ടത്തില്‍ വീഴുമ്പോഴും മ്യൂച്വല്‍ഫണ്ടുകളിലേക്ക് വന്‍തോതില്‍ നിക്ഷേപം ഒഴുകുന്നുവെന്നതാണ് കൗതുകം. മ്യൂച്വല്‍ഫണ്ട് നിക്ഷേപം സംബന്ധിച്ച അവബോധം ഉയരുന്നതും ഡിജിറ്റലായി പണം നിക്ഷേപിക്കാവുന്ന മാര്‍ഗങ്ങള്‍ വര്‍ദ്ധിച്ചതുമാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നതെന്ന് ഈ രംഗത്തെ കമ്പനികള്‍ പറയുന്നു.

ജനുവരിമാര്‍ച്ച് പാദത്തില്‍ മ്യൂച്വല്‍ഫണ്ടുകളിലേക്ക് പുതുതായി ചേര്‍ക്കപ്പെട്ടത് 93 ലക്ഷം നിക്ഷേപക അക്കൗണ്ടുകളായിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ 3.2 കോടി പുതിയ അക്കൗണ്ടുകള്‍ ചേര്‍ക്കപ്പെട്ടു.

ട്വിറ്റര്‍ വാങ്ങുന്നതില്‍ നിന്ന് എലോണ്‍ മസ്‌ക് പിന്മാറി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ട്വിറ്റര്‍ വാങ്ങുന്നതില്‍ നിന്ന് എലോണ്‍ മസ്‌ക് പിന്മാറി. പിന്നാലെ ട്വിറ്ററിന്റെ ഓഹരികള്‍ ഇടിയുകയും ചെയ്തു.

കഴിഞ്ഞ ദിവസം ട്വിറ്റര്‍ വാങ്ങുന്നതില്‍ നിന്ന് എലോണ്‍ മസ്‌ക് പിന്മാറിയിരുന്നു. ഇതാണ് പീമാര്‍ക്കറ്റ് ട്രേഡിംഗില്‍ ട്വിറ്ററിന്റെ ഓഹരികള്‍ ഏകദേശം ആറ് ശതമാനത്തോളം ഇടിയാന്‍ കാരണമായത്.

ഇതിന് പിന്നാലെ ട്വിറ്റര്‍ ഈ ആഴ്ച തന്നെ മസ്‌കിനെതിരെ കേസെടുക്കുകയും ട്വിറ്റര്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ട്വിറ്ററിന്റെ നിലപാടുകളെ വിമര്‍ശിച്ച് നിയമപോരാട്ടം നടത്തുമെന്ന് മസ്‌കും വ്യക്തമാക്കിയിട്ടുണ്ട്.

 

രൂപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് തകര്‍ച്ചയില്‍

ഫിദ-
കൊച്ചി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് തകര്‍ച്ചയില്‍. 22 പൈസ നഷ്ടത്തോടെയാണ് രൂപ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 79.48 ആണ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞത് രൂപയുടെ തകര്‍ച്ചയെ ഒരു പരിധി വരെ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചുവെന്ന് ഫോറെക്‌സ് വ്യാപാരികള്‍ പറഞ്ഞു.

79.30 രൂപയിലാണ് ഇന്ത്യന്‍ കറന്‍സി വ്യപാരം തുടങ്ങിയത്. പിന്നീട് മൂല്യം 79.24ലേക്ക് ഉയര്‍ന്നു. ഒടുവില്‍ 79.49ല്‍ ഇടിഞ്ഞ ശേഷം 79.48ല്‍ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം 79.26ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.

കെ എഫ് സിയുടെ പുതിയ പോപ്‌കോണ്‍ നാച്ചോസ്

ഫിദ-
തിരു: കെ എഫ്‌സി ഇന്ത്യ പുതിയ കെ എഫ്‌സി പോപ്‌കോണ്‍ നാച്ചോസ് അവതരിപ്പിച്ചു. മൊരിഞ്ഞ ചിക്കന്‍ പോപ്പകോണിനൊപ്പം ഡോറിറ്റോസും നാച്ചോസിന്റെ കോംപ്ലിമെന്റി രൂചികളും അടങ്ങുന്നതാണ് കെ എഫ്‌സി പോപ്‌കോണ്‍ നാച്ചോസ്.

പ്രത്യേകം രൂപകല്‍പന ചെയ്ത ത്രികോണാക്യതിയിലുള്ള ബോക്‌സിലാണ് ഇത് നല്‍കുന്നത്. എല്ലാ കെഎഫ്‌സി റെസ്‌റ്റോറന്റുള്‍ വഴിയും കെ എഫ്‌സി പോപ്‌കോണ്‍ നാച്ചോസ് ലഭ്യമാകും. ഡൈന്‍ഇന്‍, ടേക്ക്എവേ, ഡെലിവറി എന്നിവയിലൂടെയും ഈ ഉല്‍പന്നം ലഭ്യമാകുന്നതാണ്.

കെ എഫ്‌സി പോപ്‌കോണ്‍ നാച്ചോസും മറ്റ് കെഎഫ്‌സി വിഭവങ്ങളും പുതിയ കെഎഫ്‌സി അപ്പുവഴിയോ വെബ്‌സൈറ്റ് വഴിയോ ഓര്‍ഡറുകള്‍ നല്‍കാം.

സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയം നീട്ടി വാട്‌സ്ആപ്പ്

ഫിദ-
കൊച്ചി: വാട്‌സ്ആപ്പില്‍ ഉപയോക്തക്കാള്‍ക്ക് തങ്ങള്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള അവസരം ഇപ്പോഴുണ്ടെങ്കിലും അതിന്റെ സമയം ഒരു മണിക്കൂര്‍ എന്നൊതുക്കിയിരുന്നു. എന്നാല്‍ ഈ സമയപരിധി ഉയര്‍ത്താനുള്ള നീക്കവുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്.

പുതിയ ഫീച്ചര്‍ പ്രകാരം സന്ദേശങ്ങള്‍ രണ്ട് ദിവസം കഴിഞ്ഞും നീക്കം ചെയ്യാനാകും. വാബീറ്റാഇന്‍ഫോയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പായ 2.22.15.8ലെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി 2 ദിവസവും 12 മണിക്കൂറുമായി ഉയര്‍ത്തിയിട്ടുണ്ട്.
എന്നാല്‍ ഇത്തരത്തിലൊരു അറിയിപ്പ് ഇതുവരെ വാട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ലഭ്യമായില്ലെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. അതിനാല്‍ ഉപയോക്താക്കള്‍ക്ക് ഒരു സന്ദേശം അയച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അത് നീക്കം ചെയ്യാന്‍ സാധിക്കുന്നുണ്ടോയെന്ന് സ്വയം പരീക്ഷിച്ച് നോക്കാവുന്നതാണ്.

 

ല മൈസന്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂം കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു

ഫിദ-
കോഴിക്കോട്: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണിന്റെ ഡീലര്‍ഷിപ്പായ ‘ല മൈസന്‍ സിട്രോണ്‍’ ഫിജിറ്റല്‍ ഷോ റൂം കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. സിട്രോണ്‍ ഇന്ത്യയില്‍ വിപണിയിലിറക്കുന്ന രണ്ടാമത് കാറായ സിട്രോണ്‍ സി 3 യുടെ ലോഞ്ചിംഗും ഇതോടൊപ്പം നടന്നു’ഹാച്ബാക്ക് വിത്ത് എ ട്വിസ്റ്റ്’ എന്ന വിശേഷണത്തോടെ ഇന്ത്യന്‍ വിപണിക്കു വേണ്ടി പ്രത്യേകം തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത കാറാണ് ബി സെഗ്മെന്റ് ഹാച്ച്ബാക്കായ സി3. കോഴിക്കോടിനൊപ്പം ചണ്ഡീഗഢ്, ജയ്പൂര്‍, ലഖ്‌നൗ, ഭുവനേശ്വര്‍, സൂറത്ത്, നാഗ്പൂര്‍, വിശാഖപട്ടണം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂമുകള്‍ തുറന്നു.
ഏറ്റവും മികച്ച യാത്രാസുഖം, ഡിസൈന്‍, റൈഡ് ക്വാളിറ്റി, യഥേഷ്ടം തിരഞ്ഞെടുക്കാവുന്ന കസ്റ്റമൈസേഷന്‍ ഒപ്ഷനുകള്‍ എന്നിവ നല്‍കുന്ന സി 3, 90 ശതമാനവും ഇന്ത്യന്‍ നിര്‍മിത കാറാണ്. രാജ്യത്തുടനീളമുള്ള സിട്രോണിന്റെ ല മൈസന്‍ ഷോറൂമുകളിലും സിട്രോണ്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രിബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. ജൂലൈ 20നാണ് സിട്രോണ്‍ സി 3 ഇന്ത്യയില്‍ നിരത്തിലിറങ്ങുന്നത്.

മില്‍മ കര്‍ക്കടക കഞ്ഞിക്കൂട്ട് വിപണിയിലിറക്കി

ഫിദ-
കോഴിക്കോട്: കര്‍ക്കടക കഞ്ഞിക്കൂട്ട് വിപണിയിലിറക്കി മലബാര്‍ മില്‍മ. കര്‍ക്കടകത്തില്‍ ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നതാണ് കര്‍ക്കടക കഞ്ഞിക്കൂട്ട്. കോഴിക്കോട് എം.ആര്‍.ഡി.എഫ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി വിതരണോദ്ഘാടനം നിര്‍വഹിച്ചു.

മില്‍മയുടെ സഹോദരസ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്‌മെന്റ് ഫൗണ്ടേഷനും ആയുഷ് കെയര്‍ ഔഷധീയവും സഹകരിച്ചാണ് കര്‍ക്കടക കഞ്ഞിക്കൂട്ട് വിപണിയിലെത്തിക്കുന്നത്.

 

മാരുതി പെട്രോള്‍ കാറുകളുടെ നിര്‍മ്മാണം നിര്‍ത്തുന്നു

രാംനാഥ് ചാവ്‌ല-
മുംബൈ: പൂര്‍ണമായി പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെ നിര്‍മ്മാണം അവസാനിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി. വരുന്ന 10 വര്‍ഷം കൊണ്ടാകും ഇതു നടപ്പാക്കുക.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഹരിതനയത്തിനും കാര്‍ബണ്‍ ബഹിര്‍ഗമന നിര്‍മാര്‍ജന യജ്ഞത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണു നീക്കം. ‘അടുത്ത 10 വര്‍ഷം കൊണ്ട് ഞങ്ങളുടെ എല്ലാ പുതിയ വാഹനങ്ങളും ഹൈബ്രിഡ് ആക്കിമാറ്റും.

പെട്രോളില്‍ മാത്രമായി ഓടുന്ന വാഹനങ്ങളുണ്ടാകില്ല. പെട്രോളിനൊപ്പം വൈദ്യുത ബാറ്ററിയിലും പ്രവര്‍ത്തിക്കാവുന്നതോ അല്ലെങ്കില്‍ സിഎന്‍ജിയോ മറ്റ് ജൈവ ഇന്ധനങ്ങളിലോ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളായിരിക്കും പുറത്തിറക്കുക. നേരത്തെ 2020 ഏപ്രിലില്‍ ഡീസല്‍ വാഹനങ്ങളുടെ നിര്‍മാണവും കമ്പപനി അവസാനിപ്പിച്ചിരുന്നു.

ക്യാംപസ് ഫാഷന്‍ ലീഗ്, ടൈറ്റില്‍ ലോഗോ നൈല ഉഷ പ്രകാശനം ചെയ്തു

ഫിദ-
തൃശൂര്‍: കൊച്ചിയില്‍ നടക്കുന്ന പ്രഥമ ക്യാംപസ് ഫാഷന്‍ ലീഗിന്റെ ടൈറ്റില്‍ ലോഗോ പ്രശസ്ത ചലച്ചിത്ര താരവും, മോഡലുമായ നൈല ഉഷ പ്രകാശനം ചെയ്തു. കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ചടങ്ങിലാണ് പ്രകാശനം.

റാംപില്‍ നിന്നും ലഭിക്കുന്ന ഊര്‍ജവും ആത്മവിശ്വാസവും കേരളത്തിലെ കാമ്പസുകള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായി നടക്കുന്ന പ്രാഥമിക റൗണ്ടുകളില്‍ നിന്നും യോഗ്യത നേടുന്നവരാണ് കൊച്ചിയില്‍ വെച്ച് നടക്കുന്ന അവസാന റൗണ്ടില്‍ മത്സരിക്കുക.

വിജയികള്‍ക്ക് മിസ്സ് ആന്റ് മിസ്റ്റര്‍ കാമ്പസ് കേരള, 2022 ടൈറ്റിലിനൊപ്പം യഥാക്രമം 30000, 20000, 10000 എന്നിങ്ങനെ കാഷ്‌െ്രെ പസും, വിവിധ ഗിഫ്റ്റ് വൗച്ചറുകളും പുരസ്‌കാരമായി നല്‍കും. ഇരുപതിലധികം ചലച്ചിത്ര സംവിധായകര്‍, അഭിനേതാക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളിലായി പരിപാടിയുടെ ഭാഗമായി മാറുന്നു എന്നതാണ് ലീഗിന്റെ സവിശേഷത.

2002 ല്‍ ആദ്യമായി കാമ്പസ് ചലച്ചിത്രോത്സവം സംഘടിപ്പിച്ച്, കാമ്പസുകള്‍ക്ക് ചലച്ചിത്ര ഭാക്ഷ്യം പരിചയപ്പെടുത്തിയ ഗ്രാഫിക്‌സ് ആണ് ഈ നവീന സംരഭത്തിന്റെയും സംഘാടകര്‍.

രജിസ്‌ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും 9447131774 എന്ന വാട്ട്‌സ് ആപ്പ് നമ്പറില്‍ ബന്ധപ്പെടണം. വിശദാംശങ്ങള്‍ www.dreamgrafix.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.