Month: February 2020

ടൊയോട്ടയുടെ അത്യാഡംബര എംപിവി വെല്‍ഫയര്‍ വിപണിയില്‍

ഫിദ-
കൊച്ചി: ടൊയോട്ടയുടെ അത്യാഡംബര എംപിവി വെല്‍ഫയര്‍ വിപണിയില്‍. ബേര്‍ണിംഗ് ബ്ലാക്ക്, വൈറ്റ് പേള്‍, ഗ്രാഫൈറ്റ്, ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളില്‍ വെല്‍ഫെയര്‍ ലഭ്യമാകും. ഫല്‍ക്‌സന്‍, ബ്ലാക്ക് എന്നിവയാണ് വാഹനത്തിന്റെ ഇന്റീരിയര്‍ നിറങ്ങള്‍. ഇറക്കുമതി ചെയ്ത ആദ്യ മൂന്ന് ബാച്ച് വാഹനങ്ങള്‍ ഇപ്പോള്‍ തന്നെ വിറ്റുതീര്‍ന്നിട്ടുണ്ട്.
രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ ഫോര്‍ സിലണ്ടര്‍ ഗ്യാസോലൈന്‍ ഹൈബ്രിഡ് എന്‍ജിനാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍പിന്‍ ആക്‌സിലുകളില്‍ 105കെവി, 50കെവി എന്നിങ്ങനെ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ഇത് ബാഹ്യമായ ചാര്‍ജിങ് ഇല്ലാതെ തന്നെ യാത്രയുടെ 40ശതമാനം ദൂരവും 60ശതമാനം സമയവും സീറോ എമിഷന്‍ ഇലക്ട്രിക് മോഡില്‍ യാത്ര ചെയ്യാന്‍ സഹായിക്കുന്നു. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.
യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയറിന്റെ രണ്ടാമത്തെ നിരയില്‍ വലുപ്പമുള്ള എക്‌സികൂട്ടിവ് ലോഞ്ച് സീറ്റുകള്‍ നല്‍കിയിരിക്കുന്നു. റിക്ലൈന്‍ ചെയ്യാന്‍ സാധിക്കുന്ന ബാക്ക് റസ്റ്റ്, നീളവും ആംഗിളും ക്രമീകരിക്കാന്‍ കഴിയുന്ന ഇലക്ട്രിക് ലെഗ് റെസ്റ്റ് മുന്നിലേക്കും പിന്നിലേക്കും നീക്കാനുള്ള സൗകര്യം എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ആം റെസ്റ്റില്‍ പ്രത്യേക കണ്‍സോളും സജ്ജീകരിച്ചിരിക്കുന്നു. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മധ്യനിര സീറ്റുകള്‍ ഒരു പരിധിവരെ കിടക്കയായി മാറ്റാന്‍ കഴിയും. നിവര്‍ത്താനും മടക്കാനും കഴിയുന്ന പ്രത്യേകതരം ടേബിളുകളും വാഹനത്തിലുണ്ട്.
മികച്ച തുകല്‍ ഉപയോഗിച്ചുകൊണ്ടുള്ള അപ്‌ഹോള്‍സ്റ്ററി, ത്രീ സോണ്‍ എസി, 16 കളര്‍ ആംബിയന്റ് റൂഫ് ഇല്യൂമിനേഷന്‍, സണ്‍ ബ്ലൈന്‍ഡ്‌സ്, മൂണ്‍ റൂഫ്, വി ഐ പി പേര്‍സണല്‍ സ്‌പോട്‌ലൈറ്റ്‌സ്, വണ്‍ ടച് പവര്‍ സ്ലൈഡ് സൈഡ് ഡോറുകള്‍, ഗ്രീന്‍ ടിന്റഡ് അകോസ്റ്റിക് ഗ്ലാസ്സുകള്‍ എന്നിവയും വെല്‍ഫെയറിന്റെ ആഡംബത്തിന്റെ മാറ്റ് കൂട്ടുന്നു.
സ്മാര്‍ട്ട് എന്‍ട്രിയോടുകൂടിയുള്ള പുഷ് സ്റ്റാര്‍ട്ട്, ബ്രേക്ക് ഹോള്‍ടോഡുകൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, തുടങ്ങിയ നിരവധി അത്യാധുനിക ആഡംബര ഫീച്ചറുകളും വെല്‍ഫെയറിലുണ്ട്.
ടൊയോട്ടയുടെ ക്ലാസ് നിര്‍വചിക്കുന്ന സാങ്കേതികവിദ്യ, സുഖസൗകര്യങ്ങള്‍, ചാരുത, സുസ്ഥിരത എന്നിവ പുതിയ വെല്‍ഫയര്‍ യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു, അത് ആത്യന്തികമായി ഉപയോക്താക്കള്‍ക്ക് മികച്ച െ്രെഡവിംഗ് അനുഭവം പ്രദാനം ചെയ്യുമെന്നും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ മാനേജിംഗ് ഡയറക്ടര്‍ മസകാസു യോഷിമുര പറഞ്ഞു. ടൊയോട്ട വെല്‍ഫയര്‍ ഇന്ത്യയില്‍ ആരംഭിക്കുന്നത് തങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുന്നതായും ഹരിത ഭാവി ഭാവനയില്‍ കാണുമ്പോള്‍ ആത്യന്തിക ആഡംബരത്തിന്റെ മുഖമുദ്രയാണ് ടൊയോട്ട എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന വെല്‍ഫയറിന്റെ എക്‌സ്‌ഷോറൂം വില 79.50 ലക്ഷം രൂപയാണ്. കേരളത്തില്‍ വിലയില്‍ നേരിയ വ്യത്യാസമുണ്ടാകുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്

ഫിദ-
കൊച്ച: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സാക്ഷിവിസ്താരത്തിന് ഹാജരാകാത്തതിനാല്‍ നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്. ഇന്നലെ സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ സമന്‍സ് കൈപ്പറ്റുകയോ അവധി അപേക്ഷ നല്‍കുകയോ ചെയ്തില്ല. ഇതിനെ തുടര്‍ന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കേസില്‍ നടി മഞ്ജു വാര്യരുടെ സാക്ഷിവിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.
കേസിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ പൂര്‍ണ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് വിചാരണ കോടതിയുടെ നിര്‍ദേശം നല്‍കി. താന്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും മറുപടിയില്ലെന്ന് കാണിച്ച് ദിലീപ് നല്‍കിയ പുതിയ ഹരജിയിലാണ് കോടിതിയുടെ നിര്‍ദേശം. സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബിനോടാണ് പരിശോധനയുടെ പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്.

എസ്ബിഐ ലോക്കര്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

വിഷ്ണു പ്രതാപ്-
ന്യഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ലോക്കര്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. ചുരുങ്ങിയത് 500 രൂപയുടെ വര്‍ധനവാണ് വരുത്തിയിട്ടുള്ളത്.
ഇതോടെ ചെറിയ ലോക്കറിന് 1,500 രൂപയില്‍നിന്ന് 2000 രൂപയാകും വാര്‍ഷിക വാടക. കൂടുതല്‍ വലുപ്പമുള്ള ലോക്കറിനാകട്ടെ 9000 രൂപയില്‍നിന്ന് 12,000 രൂപയുമായാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച് 31 മുതല്‍ നിലവില്‍വരും.
മീഡിയം വലിപ്പമുള്ള ലോക്കറിന്റെ നിരക്ക് 1000 രൂപകൂടി 4,000 രൂപയാകും. താരതമ്യേന വലിയ ലോക്കറിനാകട്ടെ 2000 രൂപയാണ് കൂട്ടിയത്. ഇതോടെ ഇതിന്റെ വാര്‍ഷിക വാടക 8000 രൂപയായി. ശരാശരി വര്‍ധന 33 ശതമാനമാണ്.
രാജ്യമൊട്ടാകെയുള്ള മെട്രോകളിലും മറ്റ് നഗരങ്ങളിലുമാണ് വര്‍ധന. വാടകയ്ക്ക് പുറമെ ജിഎസ്ടി കൂടി ബാധകമാണ്.
അര്‍ധ നഗരങ്ങളിലും ഗ്രാമങ്ങളിലും വലിപ്പമനുസരിച്ച് 1,500 രൂപമുതല്‍ 9,000 രൂപവരെയാണ് നിരക്ക്. ഇതിനുപുറമെ, ഒറ്റത്തവണയായി രജിസ്‌ട്രേഷന്‍ നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 500 രൂപയും ജിഎസ്ടിയുമാണ് ഈയിനത്തില്‍ നല്‍കേണ്ടിവരിക.&ിയുെ;ലോക്കര്‍ വാടക യഥാസമയം അടച്ചില്ലെങ്കില്‍ 40 ശതമാനം പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
വര്‍ഷത്തിലൊരിക്കലെങ്കിലും തുറന്നിട്ടില്ലെങ്കില്‍ ലോക്കര്‍ പരിശോധിക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ബാങ്കുകള്‍ നോട്ടീസ് അയക്കുകയാണ് ചെയ്തുവരുന്നത്. ഒന്നുകില്‍ ലോക്കര്‍ തുടര്‍ന്നും ഉപയോഗിക്കാനും അല്ലെങ്കില്‍ തിരിച്ചുനല്‍കാനും ആവശ്യപ്പെട്ടുമാണ് നോട്ടീസ് അയക്കുന്നത്.

 

കൊറോണ ഭീതിയില്‍ വിപണി

രാംനാഥ് ചാവ്‌ല-
മുംബൈ: തുടര്‍ച്ചയായി അഞ്ചാംദിനവും നഷ്ടം തുടര്‍ന്നു ഓഹരി വിപണികള്‍. ചൈനക്കു പുറമേ കൊവിഡ് 19(കൊറോണ)വൈറസ് പടരുന്നതു രാജ്യാന്തര വിപണികളെ തളര്‍ത്തി. രാജ്യാന്തര വിപണികളുടെ മെല്ലെപ്പോക്ക് ഇന്ത്യന്‍ സൂചികകളെ ബാധിച്ചു.
സെന്‍സെക്‌സ് 143 പോയിന്റ് കുറഞ്ഞ് 39,475ലും നിഫ്റ്റി 45 പോയിന്റ് താഴ്ന്ന് 11,633 പോയിന്റുമാണു വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിങ്, റിയല്‍ എസ്‌റ്റേറ്റ് ഓഹരികളിലാണു വില്‍പ്പന സമ്മര്‍ദവും ലാഭമെടുപ്പും പ്രകടമായത്.
ബി.എസ്.ഇയില്‍ തെരഞ്ഞെടുത്ത 30 ഓഹരികളില്‍ എന്‍.ടി.പി.സി, കോട്ടക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ എന്നിവര്‍ മാത്രമാണ് ലാഭമുണ്ടാക്കിയത്.

 

 

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

ഫിദ-
തിരു: സ്വര്‍ണ വില വീണ്ടും ഉയരുന്നു. പവന് 120 വര്‍ധിച്ച് 31,640 രൂപയായി. 15 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3955 രൂപയായി. കഴിഞ്ഞ ദിവസം രണ്ടുഘട്ടങ്ങളിലായി 480 രൂപ കുറഞ്ഞ് 31,520 രൂപയായിരുന്നു. പിന്നീട് കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് വീണ്ടും ഉയര്‍ന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 30400 രൂപയുണ്ടായിരുന്ന സ്വര്‍ണവിലയാണ് പിന്നീട് തുടര്‍ച്ചയായി ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയത്. ആഗോളസമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന തളര്‍ച്ചയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

 

കൊറോണ വൈറസ്; മക്ക, ഉംറ തീര്‍ത്ഥാടനങ്ങള്‍ക്ക് താല്‍ക്കാലിക നിരോധനം

അളക ഖാനം-
മക്ക: കൊറോണ വൈറസ് (കോവിഡ്19) ബാധയുടെ പശ്ചാത്തലത്തില്‍ മക്ക, ഉംറ തീര്‍ത്ഥാടനങ്ങള്‍ക്ക് താല്‍ക്കാലിക നിരോധനം. ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായി എത്തുന്നവര്‍ക്കാണ് വിലക്ക്. ഇന്ന് രാവിലെയാണ് നിരോധനം സംബന്ധിച്ച വിവരങ്ങള്‍ വിമാനത്താവളങ്ങളില്‍ ലഭിച്ചത്.
ഇതറിയാതെ നാനൂറോളം യാത്രക്കാര്‍ കോഴിക്കോടുനിന്ന് യാത്രക്കൊരുങ്ങിയിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഇവരെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടകരമായി കൊറോണവൈറസ് പടരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ബഹറിന്‍ നിര്‍ത്തിവച്ചിട്ടുണ്ട്. ഇത് 48 മണിക്കൂര്‍ കൂടി തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. ഇറാക്ക്, ലബനന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്.

 

പോസ്‌റ്റോഫീസുകളില്‍ അനാഥമായി കിടക്കുന്ന നിക്ഷേപങ്ങള്‍ കേന്ദ്രക്ഷേമനിധിയിലേക്ക് മാറ്റും

ഫിദ-
കോഴിക്കോട്: സംസ്ഥാനത്തെ 5000ത്തോളം പോസ്‌റ്റോഫീസുകളില്‍ അനാഥമായി കിടക്കുന്ന നിക്ഷേപങ്ങള്‍ കേന്ദ്രക്ഷേമനിധിയിലേക്ക് മാറ്റും. 10 വര്‍ഷത്തിലേറെയായി ഇടപാടില്ലാത്തതും ഉടമസ്ഥരില്ലാത്തതുമായ നിക്ഷേപങ്ങളാണ് സിറ്റിസണ്‍ വെല്‍ഫെയര്‍ ഫണ്ടിലേക്ക് മാറ്റുന്നത്. എല്ലാ പോസ്‌റ്റോഫീസുകളിലേക്കും അറിയിപ്പുകള്‍ കൈമാറി.
രേഖകള്‍ നല്‍കിയാല്‍ ഇടപാടുകാര്‍ക്കോ അവരുടെ നോമിനികള്‍ക്കോ നിക്ഷേപത്തുക കൈമാറുമെന്നും അധികൃതര്‍ പറയുന്നു. വിവിധ സേവിംഗ്‌സ് പദ്ധതികളിലുള്ള 7,32,565 അക്കൗണ്ടുകളാണ് ക്ഷേമനിധിയില്‍പ്പെടുത്തുക.
കിസാന്‍ വികാസ് പത്ര (കെ.വി.പി.), നാഷണല്‍ സേവിങ്‌സ് സ്‌കീം (എന്‍.എസ്.എസ്.), മാസനിക്ഷേപ പദ്ധതി (എം.ഐ.എസ്.), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്.), സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, സീനിയര്‍ സിറ്റിസണ്‍ സ്‌കീം (എസ്.സി.എസ്.), ടേം ഡെപ്പോസിറ്റ് (ടി.ഡി.), റെക്കറിങ് ഡെപ്പോസിറ്റ് (ആര്‍.ഡി.) കൂടാതെ പകുതിയില്‍ നിര്‍ത്തിയ എസ്.ബി., ടി.ഡി. അക്കൗണ്ടുകളും ഇതില്‍പ്പെടും. സിറ്റിസണ്‍ വെല്‍ഫെയര്‍ ഫണ്ടിലേക്കുമാറ്റുന്ന തുക മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ക്ക് വിനിയോഗിക്കും.

 

കൊറോണ; ഗള്‍ഫില്‍ ആശങ്ക പടരുന്നു

അളക ഖാനം-
ദുബായ്: ഇറാനില്‍ കൂടുതല്‍പ്പേര്‍ക്ക് കൊറോണ വൈറസ്(കോവിഡ്19)ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. സുരക്ഷാനടപടികളുടെ ഭാഗമായി കൂടുതല്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കി. ഇറാനിലേക്കുള്ള എല്ലാ വിമാനസര്‍വീസും ചൊവ്വാഴ്ചമുതല്‍ ഒരാഴ്ചത്തേക്ക് യു.എ.ഇ. നിര്‍ത്തിവെച്ചു. അതേസമയം, ദുബായില്‍നിന്നും ഷാര്‍ജയില്‍നിന്നുമുള്ള വിമാനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ 48 മണിക്കൂര്‍നേരത്തേക്ക് ബഹ്‌റൈന്‍ നിര്‍ത്തിവെച്ചിരുന്നു. വൈറസ് പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബഹ്‌റൈന്‍ വ്യോമയാനവകുപ്പ് ട്വീറ്റ് ചെയ്തു.
ഗള്‍ഫ് മേഖലയിലുടനീളം 110 പേര്‍ക്കാണ് നിലവില്‍ കോവിഡ്19 ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇറാനാണ് വൈറസിന്റെ പ്രഭവകേന്ദ്രം. ഇറാനില്‍ 50 പേര്‍ ഈ മാരകവൈറസ് ബാധിച്ച് മരിച്ചു. എന്നാല്‍, 15 പേര്‍മാത്രമാണ് മരിച്ചതെന്നും 61 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്നുമാണ് ഇറാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ബഹ്‌റൈനില്‍ 17, യു.എ.ഇ.യില്‍ 13, കുവൈത്തില്‍ എട്ട്, ഒമാനില്‍ നാല്, ഇറാഖില്‍ നാല്, ഈജിപ്ത്, ലെബനന്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍വീതവുമാണ് വൈറസ് ബാധിതരായിരിക്കുന്നത്. ഏറെപ്പേര്‍ നിരീക്ഷണത്തിലുമാണ്. ചൈനകഴിഞ്ഞാല്‍ കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ ജീവപായം സംഭവിച്ച രാജ്യമാണ് ഇറാന്‍. ഗള്‍ഫ് മേഖലയിലെ വ്യാപാര, ടൂറിസം മേഖലകള്‍ കടുത്ത ആശങ്കയിലാണ്.

 

സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോഡിട്ട് അബുദാബി

അളക ഖാനം-
ദുബായ്: കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ എത്തിയ സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോഡ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള 11.35 ദശലക്ഷം ആളുകളാണ് അബുദാബിയില്‍ കഴിഞ്ഞ വര്‍ഷമെത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ 10.5 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയില്‍നിന്നുള്ളവരാണ് ഇവരില്‍ ഏറിയ പങ്കും.
ചൈന, ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇന്ത്യക്കാര്‍ക്ക് തൊട്ടുപിറകില്‍. അബുദാബിയില്‍ ഒരു ദിവസത്തേക്ക് എത്തിയവരടക്കമുള്ളവരുടെ പട്ടികയാണിത്. അബുദാബി വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പിന്റെ വൈവിധ്യപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് കൂടുതല്‍പ്പേരെ ഇവിടേക്ക് ആകര്‍ഷിച്ചതെന്ന് ആക്ടിങ് അണ്ടര്‍സെക്രട്ടറി സൗദ് അല്‍ ഹൊസാനി പറഞ്ഞു. സാദിയാത്, യാസ് എന്നിവിടങ്ങളിലെ മിക്ക ഹോട്ടലുകളിലും സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കലാസാംസ്‌കാരിക പരിപാടികള്‍, ഫോര്‍മുല വണ്‍ അടക്കമുള്ള വലിയ വിനോദപരിപാടികളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നവയായിരുന്നു. എണ്ണയിതര വരുമാന മേഖലകളിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായി വിനോദസഞ്ചാരരംഗത്ത് അബുദാബി നടത്തിയ പരീക്ഷണങ്ങള്‍ വലിയ വിജയമാണെന്ന് അടയാളപ്പെടുത്തുന്നതാണ് സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായ വര്‍ധന.

ബാര്‍ ലൈസന്‍സ് ഫീ കൂട്ടും

ഫിദ-
തിരു: പബ്ബുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. പുതുതായി ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചതായി സൂചന. ഇതു രണ്ടും ഒഴിവാക്കിയുള്ള പുതിയ മദ്യനയത്തിന്റെ കരട് തയ്യാറായിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ വിവാദ തീരുമാനം വേണ്ടെന്ന സിപിഎം സെക്രട്ടേറിയറ്റ് നിലപാടിന്റെ അടിസ്ഥാനത്തിലാണ് പബ്ബും ബ്രൂവറികളും തത്കാലം വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാറെത്തിയത്.
ബാറുകളുടെ ലൈന്‍സ് ഫീസ് കൂട്ടാനും ഡിസ്റ്റലറികളില്‍നിന്ന് ടൈഅപ്പ് ഫീസ് ഈടാക്കാനും പുതിയ മദ്യനയം വ്യവസ്ഥ ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ ലേലം പുനരാരംഭിക്കാനും ടോഡി ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഷാപ്പ് ലേലം തുടരാനുമുള്ള തീരുമാനം പുതിയ മദ്യനയത്തിലുണ്ട്. ബാര്‍ ലൈന്‍സുള്ള ക്ലബുകളുടെ വാര്‍ഷിക ലൈന്‍സ് ഫീ എടുത്ത് കളയാനും പുതിയ മദ്യനയത്തില്‍ വ്യവസ്ഥയുണ്ട്.
അജണ്ടക്ക് പുറത്തുള്ള വിഷയമായാണ് കരട് മദ്യനയം ഇന്ന് മന്ത്രിസഭയുടെ മുന്നില്‍ വരുന്നത്. നേരത്തെ സംസ്ഥാന ടൂറിസം മേഖലയുടെ താത്പര്യം പരിഗണിച്ചായിരുന്നു പബ്ബുകളും മറ്റും തുടങ്ങാനുള്ള ആവശ്യം ഉയര്‍ന്നിരുന്നത്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തില്‍ തത്കാലം പബ്ബുകള്‍ ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുകയായിരുന്നു.