Month: May 2021

പ്രവാസി മലയാളി നോമ്പുകാലത്ത് എഴുതിയ പെരുന്നാള്‍ പാട്ട് വൈറല്‍…

നോമ്പുകാലത്തിന്റെ നോവും നിനവുമായി പ്രവാസി മലയാളി എഴുതിയ പെരുന്നാള്‍ പാട്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു.
ഈ പെരുന്നാളിന് എല്ലാ മലയാളികള്‍ക്കും അര്‍പ്പിച്ചുകൊണ്ടെഴുതിയ ഗാനമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ദീര്‍ഘകാലമായി ദുബായില്‍ സ്ഥിര താമസമാക്കിയ അബ്ദുള്‍ ഗഫൂര്‍ അയത്തില്‍ എഴുതി കൂറ്റുവേലി ബാലചന്ദ്രന്‍ ഈണം നല്‍കി ആലപിച്ച ഖുര്‍ ആന്റെ വചനങ്ങള്‍ എന്ന ഗാനമാണ് ഇപ്പോള്‍ പ്രവാസികളുടെ പ്രിയഗാനമായി മാറിയിരിക്കുന്നത്. മനുഷ്യസ്‌നേഹവും സാഹോദര്യവും വിളിച്ചോതുന്നതാണ് പാട്ടിലെ വരികള്‍. എല്ലാ മനുഷ്യര്‍ക്കും വെളിച്ചം പകരുന്ന ഖുര്‍ ആന്റെ സന്ദേശം കൂടി ഈ ഗാനത്തിലുണ്ട്. ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിനിടയില്‍ അബ്ദുള്‍ ഗഫൂര്‍ ഒട്ടേറെ പാട്ടുകള്‍ രചിച്ചിട്ടുണ്ട്. നാടിന്റെ നന്മ വിളിച്ചോതുന്നതാണ് ഒട്ടുമിക്ക പാട്ടുകളും. ഭക്തിഗാനങ്ങളും പ്രണയഗാനങ്ങളും ഒക്കെ അദ്ദേഹം രചിച്ചിട്ടുണ്ട്. മാനവ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തുന്ന ആ പാട്ടുകളെല്ലാം തന്നെ ഏറെ ശ്രദ്ധേയമായിരുന്നു. അവയെല്ലാം തന്നെ പ്രവാസികള്‍ക്കിടയില്‍ പ്രിയപ്പെട്ട പാട്ടുകളായിരുന്നു.
മലയാളത്തിലെ ഏറ്റവും പ്രശസ്തരായ സംഗീത സംവിധായകര്‍ വിദ്യാധരന്‍ മാസ്റ്റര്‍, ഹിഷാം അബ്ദുള്‍ വഹാബ് എന്നിവരും അബ്ദുള്‍ ഗഫൂര്‍ അയത്തിലിന്റെ പാട്ടുകള്‍ക്ക് സംഗീതവും ആലാപനവും നിര്‍വ്വഹിച്ചിട്ടുണ്ട്. ശബരിമല ശാസ്താവിനെയും പമ്പാനദിയെയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഗാനം ആലപിച്ചിട്ടുള്ളത് വിദ്യാധരന്‍ മാസ്റ്ററായിരുന്നു.
ചുരുക്കം ഗാനങ്ങളേ രചിച്ചിട്ടുള്ളെങ്കിലും അവയെല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയ പാട്ടുകളായിരുന്നു. ദീര്‍ഘകാലമായി തുടരുന്ന പ്രവാസ ജീവിതത്തിനിടയിലും നാട്ടിന്‍പുറത്തിന്റെ നന്മകളും നാടിനെക്കുറിച്ചുള്ള ഓര്‍മ്മകളുമൊക്കെയാണ് ഈ പ്രവാസിയെ കവിതകളിലേക്കും പാട്ടുകളിലേക്കും അടുപ്പിക്കുന്നത്. പ്രവാസ ജീവിതത്തിനിടയില്‍ പല തരത്തിലുള്ള ജോലികള്‍ ചെയ്തിട്ടുള്ള അബ്ദുള്‍ ഗഫൂര്‍ വര്‍ഷങ്ങളോളം കപ്പലിലായിരുന്നു. അക്കാലത്തെ ജീവിതത്തിലെ ഏകാന്തതകളില്‍ നിന്നാണ് പലപ്പോഴും കവിതകളും പാട്ടുകളും പിറവിയെടുത്തതെന്ന് അദ്ദേഹം പറയുന്നു.
പിതാവ് ഒരു നിമിഷകവിയായിരുന്നു. അദ്ദേഹത്തിന്റെ കാവ്യാംശങ്ങള്‍ തന്നിലും പകര്‍ന്നിട്ടുണ്ടാകാം. കുറെ പാട്ടുകളും കവിതകളും എഴുതുന്നതിനേക്കാള്‍ സ്‌നേഹവും സാഹോദര്യവും ജീവിതമൂല്യങ്ങളും ഉയര്‍ത്തിക്കാട്ടുന്ന പാട്ടുകള്‍ രചിക്കാനാണ് തനിക്ക് താല്പര്യമെന്ന് അബ്ദുള്‍ ഗഫൂര്‍ പറയുന്നു. ദുബായിലെ സാംസ്‌ക്കാരിക സാഹിത്യ രംഗത്തെ സജീവ സാന്നിധ്യം കൂടിയാണ് ഈ എഴുത്തുകാരന്‍.
– പി.ആര്‍.സുമേരന്‍.

കോവിഡ് പ്രതിരോധത്തിന് ഇന്‍ഡ്യക്ക് ട്വിറ്ററിന്റെ 15 മില്യണ്‍ ഡോളര്‍ സഹായം

വാഷിങ്ടണ്‍: കോവിഡ് പ്രതിരോധത്തിനായി ഇന്‍ഡ്യക്ക് 15 മില്യണ്‍ ഡോളര്‍ (ഏകദേശം 110 കോടി ഇന്ത്യന്‍ രൂപ) സഹായമായി നല്‍കുമെന്ന് ട്വീറ്റര്‍ സി ഇ ഒ ജാക് ഡൊറോസി അറിയിച്ചു.
കെയര്‍, എയ്ഡ് ഇന്ത്യ, സേവ ഇന്റര്‍നാഷണല്‍ എന്നീ മൂന്ന് എന്‍ ജി ഒകള്‍ക്കാവും ഈ പണം കൈമാറുകയെന്ന് കമ്പനി സി ഇ ഒ അറിയിച്ചു.

ഹിന്ദു വിശ്വാസ പ്രകാരം പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സേവ ഇന്റര്‍നാഷണലിന് നല്‍കുന്ന പണം അവര്‍ കോവിഡ് പ്രതിരോധനത്തിനുളള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിനായിരിക്കും വിനിയോഗിക്കുക. സംഘടനയുടെ ഹെല്‍പ് ഇന്ത്യ ഡിഫീറ്റ് ഇന്ത്യ കാമ്ബയിനിന്റെ ഭാഗമായാണ് സഹായം. ട്വിറ്ററിനോട് സേവ ഇന്റര്‍നാഷണല്‍ വൈസ് പ്രസിഡന്റ് നന്ദിയറിയിച്ചു.

 

എം ജി മോട്ടോര്‍ ജീവനക്കാര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കും

കോവിഡ് വ്യാപനം ലോകത്തെ പടര്‍ന്ന് പിടിക്കുന്ന ഈ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കി മാതൃകയാകാന്‍ തയ്യാറെടുക്കുന്നു എം ജി മോട്ടോര്‍.
ബ്രിട്ടീഷ് ബ്രാന്‍ഡായ എം ജി മോട്ടോര്‍ ഇന്ത്യ പ്രതിരോധ വാക്‌സിന്‍ സൗജന്യമായി കമ്പനി ജീവനക്കാര്‍ക്ക് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഗുരുഗ്രാമിലെ കോര്‍പറേറ്റ് ഓഫിസുകളിലെയും ഹാലോളിലെ നിര്‍മാണശാലയിലും അവരുടെ മറ്റ് വിവിധ മേഖലാ ഓഫിസുകളിലെയും ജീവനക്കാരുടെ വാക്‌സീനേഷന് എം ജി മോട്ടോര്‍ ഇന്ത്യ നടപടി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

എം ജി മോട്ടോര്‍ ഇന്ത്യ പ്രാദേശികതലത്തിലുള്ള ആശുപത്രികളുമായി സഹകരിച്ചാണ് അവരുടെ ജീവനക്കാര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നത്. സാമൂഹിക സേവന വിഭാഗമായ എം ജി സേവന മുഖേന താല്‍പര്യമുള്ള ജീവനക്കാര്‍ക്ക്, പ്രായഭേദമന്യെ വാക്‌സീന്‍ സ്വീകരിക്കാനുള്ള അവസരമാണു കമ്പനി ഒരുക്കിയിരിക്കുന്നത്.
വാക്‌സീനേഷന്റെ ആദ്യ നാളില്‍ തന്നെ നാനൂറിലധികം ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു.

ബിഎസ്എന്‍എല്‍ ഡബിള്‍ ഡാറ്റ പ്ലാന്‍

ബിഎസ്എന്‍എല്‍ ഉപഭോതാക്കള്‍ക്കായി മികച്ച പ്ലാനുകള്‍ എത്തി. 249 രൂപയുടെ പ്ലാന്‍ ആണ് അതില്‍ എടുത്തു പറയേണ്ടത്. ഈ പ്ലാനില്‍ ഇപ്പോള്‍ ഡബിള്‍ ഡാറ്റയാണ് ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത്. അതായത് ഈ പ്ലാനില്‍ ഇപ്പോള്‍ ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ബിഎസ്എന്‍എല്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുക. അതുപോലെ തന്നെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഈ പ്ലാനില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ്. 60 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാന്‍ ലഭിക്കുന്നത്.