Month: March 2018

മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ഐ.സി.ഐ.സി.ഐ ബാങ്കിന് 58.9 കോടി രൂപ പിഴ

വിഷ്ണു പ്രതാപ്
മുംബൈ: റിസര്‍വ് ബാങ്ക്, ട്രഷറി മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നാരോപിച്ച് ആര്‍. ബി.ഐ ഐ.സി.ഐ.സി.ഐ ബാങ്കിന് 58.9 കോടി രൂപ പിഴ ചുമത്തി. സര്‍ക്കാര്‍ കടപ്പത്ര വില്‍പ്പനയില്‍ ക്രമക്കേട് നടത്തിയ സംഭവത്തിലാണ് ആര്‍.ബി.ഐ പിഴയിട്ട്. ക്രമക്കേടിന്റെ പേരില്‍ ആര്‍.ബി.ഐ ആദ്യമായാണ് ഇത്രയും വലിയ തുക ഒരു ബാങ്കിന് പിഴ ഈടാക്കുന്നത്. ബാങ്ക് നേരിട്ട് നടത്തിയ കടപ്പത്ര വില്‍പ്പനയില്‍ ആര്‍.ബി.ഐയുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല. എന്നാല്‍ കടപ്പത്രങ്ങളുടെ കാലാവധിയേയോ മറ്റോ ഈ തീരുമാനം ബാധിക്കില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

എസ്ബിഐ പലിശ നിരക്ക് വര്‍ധിപ്പിച്ചു

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്കുകള്‍ വീണ്ടും പരിഷ്‌കരിച്ചു. രണ്ടുവര്‍ഷ കാലാവധിക്കുമുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വര്‍ധിപ്പിച്ചത്.
രണ്ടുമുതല്‍ മൂന്നുവര്‍ഷംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.50 ശതമാനത്തില്‍നിന്ന് 6.60 ശതമാനമായാണ് വര്‍ധിപ്പിച്ചു. മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.50 ശതമാനത്തില്‍നിന്ന് 6.70 ശതമാനമാക്കി.
അഞ്ചുമുതല്‍ പത്തുവര്‍ഷംവരെയുള്ള നിക്ഷേപങ്ങളുടെ നിരക്ക് 6.50 ശതമാനത്തില്‍നിന്ന് 6.75 ശതമാനമായുമാണ് പരിഷ്‌കരിച്ചത്. ഒരു കോടി രൂപക്ക് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കും കൂടി. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം കാലാവധിയുള്ള ഒരു കോടി്ക്ക് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ 6.5 ശതമാനത്തില്‍നിന്നു എഴ് ശതമാനമാക്കി നിശ്ചയിച്ചു.
മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനവും എസ്.ബി.ഐ. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ശതമാനവും അധികപലിശ ലഭിക്കും.

പാര്‍വ്വതി സിനിമയിലേക്ക് തിരിച്ചെത്തുന്നു

ഗായത്രി
കാല്‍നൂറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം നടി പാര്‍വ്വതി സിനിമയിലേക്ക് തിരിച്ചു വരാനൊരുങ്ങുന്നു. നല്ല സിനിമക്കു വേണ്ടി കാത്തിരിക്കുകയാണ്. അതു ലഭിക്കുന്ന വേളയില്‍ മടങ്ങി വരാന്‍ കാത്തിരിക്കുകയാണ്. ജയറാമും മക്കളും ഈ കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്. തിരിച്ചു വരുന്ന കഥാപാത്രം മികച്ചതായിരിക്കണമെന്ന് ആഗ്രഹിക്കുന്നു വെന്നും പാര്‍വതി പറഞ്ഞു. ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം വ്യക്തമാക്കിയത്.
കണ്ണന്‍ (കാളിദാസന്‍) എന്നോട് പറഞ്ഞിരുന്നു അവന്റെ അമ്മ കഥാപാത്രമായി തിരിച്ചു വന്നുകൂടേയെന്ന്. എന്നെ സംബന്ധിച്ച് അവനെ ആശ്രയിച്ച് സിനിമയിലേയ്ക്കു വരാന്‍ താല്‍പ്പര്യമില്ല. എന്റെ സ്വപ്‌നം എന്റെ കഥാപാത്രങ്ങള്‍ മികച്ചതായിരിക്കണമെന്നതാണ്. കണ്ണന്റെ അമ്മയായി സ്‌ക്രീനില്‍ അഭിനയിക്കാന്‍ എന്നേക്കാള്‍ നല്ല നടിമാരുണ്ട്. ജയറാമിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. സിനിമയില്‍ വ്യത്യസ്തത അനുഭവപ്പെടാന്‍ ഞങ്ങള്‍ക്കു പകരം കണ്ണന്റെ മാതാപിതാക്കളായി മറ്റു താരങ്ങള്‍ അഭിനയിക്കുന്നത് തന്നെയാണ് നല്ലത്.
നല്ല കഥാപാത്രങ്ങള്‍ ലഭിച്ച് സിനിമയിലേയ്ക്ക് തിരിച്ചു വരണമെന്ന് വലിയ ആഗ്രഹമുണ്ട്. പക്ഷേ അങ്ങനെ വന്നാലും ജയറാമിന്റെയും കണ്ണന്റെയും കൂടെ അഭിനയിക്കില്ലെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.

വണ്ടര്‍ലായില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കിളവ്

ഫിദ
കൊച്ചി: പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ല ഈ അധ്യയനവര്‍ഷം എസ്.എസ്.എല്‍.സി., പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലത്തോട് അനുബന്ധിച്ച് നിരക്കിളവ് പ്രഖ്യാപിച്ചു. പരീക്ഷയുടെ ഒറിജിനല്‍ ഹാള്‍ടിക്കറ്റുമായി വണ്ടര്‍ല സന്ദര്‍ശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 31വരെ പ്രവേശന നിരക്കില്‍ 35 ശതമാനം കിഴിവ് ലഭിക്കും.
ഒറിജിനല്‍ കോളേജ് ഐ.ഡിയുമായി വരുന്ന 22 വയസില്‍ താഴെയുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക ഇളവ് ലഭിക്കും. ഏത് പ്രായക്കാര്‍ക്കും ആസ്വദിക്കാവുന്ന 55ലധികം റൈഡുകളാണ് വണ്ടര്‍ലയിലുള്ളത്.

 

സൗദി ടൂറിസ്റ്റ് വിസ അടുത്ത മാസം മുതല്‍

അളക ഖാനം
റിയാദ്: സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ് വിസ അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങും. സൗദിടൂറിസം നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റു കൂടിയായ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍ ഇത് സംബന്ധിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അത് എന്ന് മുതല്‍ നടപ്പാകും എന്ന് അന്ന് വ്യക്തമാക്കിയിരുന്നില്ല. സിംഗിള്‍ എന്‍ട്രി വിസയാകും നല്‍കുകയെന്നും അത് 30 ദിവസത്തേക്കാണ് നല്‍കുകയെന്നുമാണ് വിവരം. സാമ്പത്തിക രംഗത്തെ മുന്നേറ്റം ലക്ഷ്യമിട്ടാണ് ടൂറിസ്റ്റ് വിസ നല്‍കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷം 30 മില്യണ്‍ ടൂറിസ്റ്റ് വിസകള്‍ നല്‍കാനാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്.
ഫാമിലി വിസ, ജോബ് വിസ തുടങ്ങിയവയും ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസയുമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

സാമ്പത്തിക മാന്ദ്യം നേരിടാന്‍ സര്‍ക്കാര്‍ പുതിയ വഴികള്‍ തേടുന്നു

ഫിദ
കൊച്ചി: ജി.എസ്.ടി.യും നോട്ട് നിരോധനവും സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ വഴികള്‍ തേടുന്നു. സംസ്ഥാനത്തിന്റെ പ്രധാന വരുമാനം കേന്ദ്ര വിഹിതവും വാണിജ്യ നികുതിയുമാണ്. കേന്ദ്ര വിഹിതം മാസാദ്യത്തില്‍ നിന്ന് രണ്ടാം വാരത്തിലേക്ക് മാറ്റിയത് പ്രശ്‌നമായി. ജി.എസ്.ടി വരുമാനത്തിന്റെ പകുതിയോളം കേന്ദ്രം നല്‍കുന്ന നഷ്ടപരിഹാരമാണ്. ഇത് കിട്ടുന്നത് മൂന്ന് മാസത്തിലൊരിക്കലാണെന്നതും സംസ്ഥാനത്തിന്റെ വരുമാനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഈ പ്രതിസന്ധി മറി കടക്കുന്നതിനുള്ള ശ്രമമെന്ന നിലയിലാണ് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മാസത്തില്‍ ആദ്യത്തെ പത്ത് ദിവസം ശമ്പളത്തിനും പെന്‍ഷനും മാത്രം പണം അനുവദിക്കുകയാണ് ഇതിലൊരു നടപടി. അവസാനത്തെ ആഴ്ച അടിയന്തര സ്വഭാവമുള്ള ബില്ലുകള്‍ മാത്രം മാറുക, അടുത്ത മാസത്തെ ശമ്പള പെന്‍ഷന്‍ വിതരണത്തിനുള്ള പണം ഒരുക്കി വയ്ക്കുക എന്നിവയാണ് മറ്റ് നിയന്ത്രണങ്ങള്‍. ബാക്കി ദിവസങ്ങളില്‍ ട്രഷറി സാധാരണ മട്ടില്‍ പ്രവര്‍ത്തിക്കും.

 

ബാലന്‍സ് ഇല്ലാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ പണം പോകും

രാംനാഥ് ചാവ്‌ല
മുംബൈ: ഡിജിറ്റല്‍ പണമിടപാട് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ അതിനെതിരെ മുഖംതിരിച്ച് ബാങ്കുകള്‍.അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെന്നറിയാതെ ഏതെങ്കിലും എടിഎമ്മിലോ സൂപ്പര്‍മാര്‍ക്കറ്റിലോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ കീശയില്‍നിന്ന് കാശുപോകും.
മിനിമം ബാലന്‍സ് ഇല്ലാതെ ഓരോ തവണയും കാര്‍ഡ് സൈ്വപ് ചെയ്താല്‍ ബാങ്കുകള്‍ ഈടാക്കുക 17 രൂപമുതല്‍ 25 രൂപവരെയാണ്. ഈ തുക്‌ക്കൊപ്പം ജിഎസ്ടിയും ബാധകമാകും. എച്ച്ഡിഎഫ്‌സി ബാങ്കും ഐസിഐസിഐ ബാങ്കും ഓരോ തവണ ഇടപാട് നിഷേധിക്കുമ്പോഴും 25 രൂപവീതമാണ് ഇടപാടുകാരനില്‍നിന്ന് വസൂലാക്കുക.
കാര്‍ഡുവഴി പണമടക്കുമ്പോള്‍ കച്ചവടക്കാരനില്‍നിന്ന് ബാങ്ക് ഈടാക്കുന്നതുകക്ക് സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഇടപാടുകാരനില്‍നിന്ന് ഈടാക്കുന്നതുകക്ക് ന്യായീകരണമൊന്നുമില്ല. ബാങ്കിന്റെ ശാഖകളോ എടിഎമ്മോ ആശ്രയിക്കാതെ ഷോപ്പുകളില്‍ ഡെബിറ്റ് കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്യുന്നതിന് ബാങ്കുകള്‍തന്നെ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ പണംഈടാക്കുകകൂടി ചെയ്യുന്നത്.
ചെക്ക് മടങ്ങുന്നതിന് സമാനമായ രീതിയാണിതെന്നാണ് ബാങ്കുകളുടെ വിശദീകരണം. അതുകൊണ്ടാണ് താരതമ്യേന കുറഞ്ഞതുക പിഴ ഈടാക്കുന്നതെന്നും ബാങ്കുകള്‍ പറയുന്നു.

ദുബായില്‍ മലയാളിക്ക് ആറുകോടിയുടെ ഭാഗ്യം

ഫിദ
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ജാക്‌പോട്ട് നറുക്കെടുപ്പില്‍ മലയാളിക്ക് വീണ്ടും ഭാഗ്യം. ആറ് കോടിയുടെ ലോട്ടറിയാണ് ഇരുപത്തിയഞ്ചുകാരനായ ധനീഷ് കോതാരാംബനെ തേടിയെത്തിയത്. ധനീഷിനൊപ്പം ജോര്‍ദാന്‍ സ്വദേശിയായ യാസന്‍ ഖരിയൗട്ടിയും സമ്മാനത്തുക പങ്കിടും.
കഴിഞ്ഞ ഒന്നര വര്‍ഷമായി ദുബായില്‍ ഇലക്ട്രീഷ്യനായി ജോലി നോക്കുകയാണ് ധനീഷ്. അവധിക്കായി അടുത്തിടെ കേരളത്തിലേക്ക് മടങ്ങുന്നതിന് മുന്പാണ് ധനീഷ് ലോട്ടറി എടുത്തത്. ഇതാദ്യമായാണ് ധനീഷ് ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കുന്നത്. ആദ്യമായി എടുത്ത ടിക്കറ്റിന് തന്നെ സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ധനീഷ് പറഞ്ഞു. ദൈവത്തിന് നന്ദി പറയന്നതായും ധനീഷ് പറഞ്ഞു.
ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ ഏറ്റവുമുയര്‍ന്ന സമ്മാനത്തുകയായ 20 കോടി ജനുവരിയില്‍ നടന്ന നറുക്കെടുപ്പില്‍ മലയാളിയായ ഹരികൃഷ്ണന് ലഭിച്ചിരുന്നു.

ആരാധകരെ ഞെട്ടിച്ച് സുഹാന

വിഷ്ണു പ്രതാപ്
കിംഗ് ഖാന്റെ മകള്‍ സുഹാന ആരാധകരെ ഞെട്ടിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുന്നു. സുഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കൂട്ടുകാരിക്കൊപ്പം സ്വിമ്മിങ് പൂളില്‍ നില്‍ക്കുന്ന ചിത്രമാണത്. മോണോക്രോം സ്വിം സ്യൂട്ടില്‍ ഗ്ലാമറസായാണ് സുഹാന. താരപുത്രിയുടെ ലുക്കില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഓ സുഹാന നിങ്ങളും എന്നാണ് പലരും ആശ്ചര്യത്തോടെ ചിത്രത്തിന് കുറിപ്പിട്ടിരിക്കുന്നത്. ലണ്ടനില്‍ ഉന്നത പഠനം നടത്തുകയാണ് സുഹാന.
തന്റെ മക്കളെ ക്യാമറകള്‍ വിടാതെ പിന്തുടരുന്നതില്‍ ഷാരുഖ് നേരത്തേ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. അവര്‍ സിനിമാ താരങ്ങളല്ല. സിനിമാ താരങ്ങളുടെ മക്കളായി പോയെന്ന് കരുതി സ്വകാര്യത നശിപ്പിക്കരുത്. താരങ്ങള്‍ നേരിടുന്ന പോലെ ക്യാമറകളെ നേരിടാന്‍ അവര്‍ക്ക് സാധിക്കണമെന്നില്ല. അവര്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുമത്’ ഷാരുഖ് പറഞ്ഞിരുന്നു.
താര പുത്രിമാരില്‍ ഇതുവരെ സിനിമാ അരങ്ങേറ്റം നടത്താത്ത വ്യക്തിയാണ് സുഹാനയെങ്കിലും സുഹാനയുടെ സൗന്ദര്യത്തിന് നിരവധി പ്രശംസയാണ് ലഭിക്കുന്നത്. പക്ഷേ വസ്ത്രധാരണത്തിന്റെ പേരില്‍ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്.

വാണിജ്യയുദ്ധം ഒഴിവാക്കാന്‍ അമേരിക്കയും ചൈനയും

വിഷ്ണു പ്രതാപ്
മുംബൈ: അമേരിക്കയും ചൈനയും വാണിജ്യയുദ്ധം ഒഴിവാക്കാന്‍ ഉന്നതതല ചര്‍ച്ച തുടങ്ങി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കമ്പളങ്ങളെ ആശ്വസിപ്പിച്ചു. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളില്‍ കുപ്പുകുത്തിയ കമ്പോളങ്ങള്‍ ഇന്നലെ തിരിച്ചു കയറി.
യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മ്‌നുചിന്‍, വാണിജ്യപ്രതിനിധി റോബര്‍ട്ട് ലൈത്തൈസര്‍ എന്നിവര്‍ ചൈനീസ് ഉപ പ്രധാനമന്ത്രി ലിയു ഹെയുമായി രഹസ്യ ചര്‍ച്ച നടത്തിവരികയാണ്. ചൈന കൂടുതല്‍ അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങണമെന്നതും ബൗദ്ധിക സ്വത്തവകാശങ്ങള്‍ പാലിക്കണം എന്നതുമാണ് യുഎസ് ആവശ്യം.
സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കു പിഴച്ചുങ്കം ചുമത്തിയാണ് അമേരിക്ക മറ്റു രാജ്യങ്ങളുമായി വാണിജ്യയുദ്ധം തുടങ്ങിയത്. അതില്‍നിന്നു മിത്രരാജ്യങ്ങളെ ഒഴിവാക്കിയെങ്കിലും ഇന്ത്യക്കും ചൈനക്കും ഒഴിവില്ല. ഇതിനു പുറമേ ചൈനയില്‍നിന്ന് 5,000 കോടി ഡോളര്‍ ഇറക്കുമതിക്കുകൂടി പിഴച്ചുങ്കം ചുമത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. രണ്ടും ഏപ്രിലിലോ മേയിലോ മാത്രമെ നടപ്പിലാകൂ.
പിഴച്ചുങ്കം ചുമത്താതിരിക്കാന്‍ ചൈന ചെയ്യേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് മ്‌നൂചിന്‍, ചൈനീസ് ഉപപ്രധാനമന്ത്രിക്കു കത്തയച്ചു. ഹാര്‍വഡില്‍ പഠിച്ചയാളാണു സാമ്പത്തിക വിഷയങ്ങളുടെ ചുമതലയുള്ള ഉപ പ്രധാനമന്ത്രി ലിയു ഹെ. കഴിഞ്ഞവര്‍ഷം ചൈനയുമായുള്ള വാണിജ്യത്തില്‍ അമേരിക്കയുടെ കമ്മി 37,500 കോടി ഡോളറായിരുന്നു. ഇതു പതിനായിരം കോടി ഡോളറെങ്കിലും കുറ്ക്കണം എന്നാണു മ്‌നൂചിന്‍ ആവശ്യപ്പെട്ടതെന്നു വോള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.