വാണിജ്യയുദ്ധം ഒഴിവാക്കാന്‍ അമേരിക്കയും ചൈനയും

വാണിജ്യയുദ്ധം ഒഴിവാക്കാന്‍ അമേരിക്കയും ചൈനയും

വിഷ്ണു പ്രതാപ്
മുംബൈ: അമേരിക്കയും ചൈനയും വാണിജ്യയുദ്ധം ഒഴിവാക്കാന്‍ ഉന്നതതല ചര്‍ച്ച തുടങ്ങി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കമ്പളങ്ങളെ ആശ്വസിപ്പിച്ചു. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളില്‍ കുപ്പുകുത്തിയ കമ്പോളങ്ങള്‍ ഇന്നലെ തിരിച്ചു കയറി.
യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മ്‌നുചിന്‍, വാണിജ്യപ്രതിനിധി റോബര്‍ട്ട് ലൈത്തൈസര്‍ എന്നിവര്‍ ചൈനീസ് ഉപ പ്രധാനമന്ത്രി ലിയു ഹെയുമായി രഹസ്യ ചര്‍ച്ച നടത്തിവരികയാണ്. ചൈന കൂടുതല്‍ അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങണമെന്നതും ബൗദ്ധിക സ്വത്തവകാശങ്ങള്‍ പാലിക്കണം എന്നതുമാണ് യുഎസ് ആവശ്യം.
സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കു പിഴച്ചുങ്കം ചുമത്തിയാണ് അമേരിക്ക മറ്റു രാജ്യങ്ങളുമായി വാണിജ്യയുദ്ധം തുടങ്ങിയത്. അതില്‍നിന്നു മിത്രരാജ്യങ്ങളെ ഒഴിവാക്കിയെങ്കിലും ഇന്ത്യക്കും ചൈനക്കും ഒഴിവില്ല. ഇതിനു പുറമേ ചൈനയില്‍നിന്ന് 5,000 കോടി ഡോളര്‍ ഇറക്കുമതിക്കുകൂടി പിഴച്ചുങ്കം ചുമത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. രണ്ടും ഏപ്രിലിലോ മേയിലോ മാത്രമെ നടപ്പിലാകൂ.
പിഴച്ചുങ്കം ചുമത്താതിരിക്കാന്‍ ചൈന ചെയ്യേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് മ്‌നൂചിന്‍, ചൈനീസ് ഉപപ്രധാനമന്ത്രിക്കു കത്തയച്ചു. ഹാര്‍വഡില്‍ പഠിച്ചയാളാണു സാമ്പത്തിക വിഷയങ്ങളുടെ ചുമതലയുള്ള ഉപ പ്രധാനമന്ത്രി ലിയു ഹെ. കഴിഞ്ഞവര്‍ഷം ചൈനയുമായുള്ള വാണിജ്യത്തില്‍ അമേരിക്കയുടെ കമ്മി 37,500 കോടി ഡോളറായിരുന്നു. ഇതു പതിനായിരം കോടി ഡോളറെങ്കിലും കുറ്ക്കണം എന്നാണു മ്‌നൂചിന്‍ ആവശ്യപ്പെട്ടതെന്നു വോള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close