Month: December 2019

അടച്ചു പൂട്ടാനൊരുങ്ങി എയര്‍ ഇന്ത്യ

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: വാങ്ങാന്‍ ആളെ കിട്ടിയില്ലെങ്കില്‍ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ അടുത്ത ജൂണ്‍ മാസത്തോടെ അടച്ച് പൂട്ടേണ്ടി വരുമെന്ന് അധികൃതര്‍. താത്കാലിക നടപടികള്‍ക്കൊണ്ട് കൂടുതല്‍ കാലം നീട്ടിക്കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും ഒരു മുതിര്‍ന്ന എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
‘എയര്‍ ഇന്ത്യക്ക് നിലവില്‍ ഏകദേശം 60,000 കോടി രൂപയുടെ കടബാധ്യതയുണ്ട്, ഓഹരി വിറ്റഴിക്കലിനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെങ്കിലും തണുത്ത പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാങ്ങാന്‍ ആളില്ലെങ്കില്‍ അടുത്ത വര്‍ഷം ജൂണോട് കൂടി ജെറ്റ് എയര്‍വെയ്‌സിന് സംഭവിച്ചത് പോലെ എയര്‍ ഇന്ത്യക്കും അടച്ചു പൂട്ടലിലേക്ക് കടക്കേണ്ടി വരും’ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സ്വകാര്യവത്കരണ പദ്ധതികള്‍ക്കിടയില്‍ ഫണ്ട് ഇറക്കാന്‍ വിസമ്മതിച്ച സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ കടക്കെണിയില്‍ നിന്ന് സ്വയം മുക്തമാകാന്‍ വിട്ടിരിക്കുകയാണ്. എന്നാല്‍ ദീര്‍ഘനാളത്തേക്ക് അങ്ങനെ കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
201112 സാമ്പത്തിക വര്‍ഷം മുതല്‍ ഈ വര്‍ഷം ഡിസംബര്‍ വരെ എയര്‍ഇന്ത്യയില്‍ 30,520.21 കോടി രൂപയുടെ ഫണ്ട് നിക്ഷേപിച്ചതായി സര്‍ക്കാര്‍ പറയുന്നു. 2012ല്‍ യുപിഎ സര്‍ക്കാര്‍ 10 വര്‍ഷത്തെ കാലയളവില്‍ 30,000 കോടി രൂപയുടെ ധനസഹായം എയര്‍ഇന്ത്യക്ക് ലഭ്യമാക്കിയിരുന്നു.

 

ആരാധകരുടെ കണ്ണുകള്‍ ലിസിയിലേക്ക്

ഫിദ-
സംവിധായകന്‍ പ്രിയദര്‍ശന്റെ രഹസ്യം ഒളിപ്പിച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ആരാധകരെ കുഴക്കുന്നത്. ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ആള്‍ക്ക് ജന്മദിനാശംസ നേര്‍ന്നാണ് പ്രിയദര്‍ശന്റെ പോസ്റ്റ്. എന്നാല്‍ അത് ആരാണെന്ന് മാത്രം പോസ്റ്റില്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതോടെയാണ് അത് മുന്‍ ഭാര്യ ലിസിയെ ആണോ പ്രിയദര്‍ശന്‍ ഉദ്ദേശിച്ചതെന്ന് ആരാധകര്‍ ഒന്നടങ്കം സംശയം ഉയര്‍ത്തിയിരിക്കുന്നത്.
‘ഡിസംബര്‍ 30 ന് ജനിച്ച എല്ലാവര്‍ക്കും അനുഗ്രഹളുണ്ടാകട്ടെ, ഹൃദയത്തോട് വളരെ അടുത്തു നില്‍ക്കുന്ന ഒരാള്‍ എനിക്കുമുണ്ട്’ എന്നായിരുന്നു പ്രിയദര്‍ശന്റെ ഫേസ്ബുക്ക് പോസ്റ്റ്. നമ്മള്‍ ഇഷ്ടപ്പെടുന്ന ഒന്ന് അകലെയാണെങ്കിലും നന്നായി കണ്ടാല്‍ മതിയെന്നും, ഒരു നോക്ക് ഈ മെസേജ് കണ്ടിരുന്നെങ്കില്‍ എന്നും പോസ്റ്റില്‍ പറയുന്നു.
ഇത് ലിസിയെ ആയിരിക്കാം എന്ന ഊഹം വെച്ചുകൊണ്ടാണ് നിരവധി കമന്റുകള്‍ ഉയരുന്നത്. 2014 ലാണ് ലിസിയും പ്രിയദര്‍ശനും വിവാഹമോചിതരായത്. കല്യാണി, സിദ്ധാര്‍ത്ഥ് എന്നിവരാണ് മക്കള്‍.

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു

ഗായത്രി-
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 11 പൈസയും ഡീസലിന് 19 പൈസയും കൂടി. കൊച്ചിയില്‍ പെട്രോള്‍ വില 77.22 രൂപയും ഡീസലിന് 71.72 രൂപയുമാണ് വില. ഒരു മാസത്തിനിടെ പെട്രോളിന് 20 പൈസയും ഡീസലിന് 2.25 രൂപയുമാണ് വര്‍ധിച്ചത്.

 

എസ്ബിഐ വായ്പ പലിശ കുറച്ചു

ഗായത്രി-
ആര്‍ബിഐ റിപ്പോ നിരക്കില്‍ മാറ്റംവരുത്താതെ പണവായ്പാനയം പ്രഖ്യാപിച്ചതിനുപിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പ പലിശ കുറച്ചു.
എക്‌സ്‌റ്റേണല്‍ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ കാല്‍ശതമാന(0.25 ബേസിസ് പോയന്റ്)മാണ് കുറച്ചത്. ഇന്ന് രാവിലെയാണ് പലിശ നിരക്ക് പരിഷ്‌കരിച്ചവിവരം ബാങ്ക് പുറത്തുവിടുന്നത്. പുതുക്കിയ നിരക്ക് പ്രകാരം 8.05 ശതമാനത്തില്‍നിന്ന് പലിശ 7.8ശതമാനമാകും. ജനുവരി ഒന്നുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍വരുന്നത്.
ഇതുപ്രകാരം പുതിയതായി ഭവനവായ്പയെടുക്കുന്നവര്‍ക്ക് 7.9 ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും. നേരത്തെ ഇത് 8.15ശതമാനമായിരുന്നു. ഡിസംബറിലെ പണവായ്പ നയം പ്രഖ്യാപിച്ചതിനുപിന്നാലെ ഇതാദ്യമായാണ് ഒരു ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നത്.

പഴയ മദ്യക്കുപ്പികള്‍ വിലനല്‍കി തിരിച്ചെടുക്കും

ഫിദ-
കൊച്ചി: പഴയ മദ്യക്കുപ്പികള്‍ വിലനല്‍കി തിരിച്ചെടുക്കാന്‍ ബിവറേജസ് കോര്‍പ്പറേഷനും ക്ലീന്‍കേരള കമ്പനിയുമായി ധാരണയായി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് പ്രാഥമികഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക.
തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് ഹരിതകര്‍മസേനയാണ് കുപ്പികള്‍ ശേഖരിക്കുക. പ്ലാസ്റ്റിക്, ചില്ലുകുപ്പികള്‍ക്ക് വില നിശ്ചയിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി, പ്ലാസ്റ്റിക് വില്‍ക്കുന്ന സ്ഥാപനങ്ങള്‍തന്നെ തിരിച്ചെടുക്കേണ്ടതുണ്ട്. സ്വന്തമായി ഇതിനുള്ള സംവിധാനമൊരുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ബിവറേജസ് കോര്‍പ്പറേഷന്‍ പുറമേയുള്ള ഏജന്‍സിയുടെ സഹായം തേടിയത്.
ക്ലീന്‍കേരള കമ്പനിയുടെ ഔട്ട്‌ലെറ്റുകളില്‍ ശേഖരിക്കുന്ന കുപ്പികള്‍ റീ സൈക്ലിങ് യൂണിറ്റുകള്‍ക്ക് കൈമാറും. 15 ദിവസത്തിലൊരിക്കല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിക്കും. ക്ലീന്‍ കേരള കമ്പനിക്കു നല്‍കേണ്ട പ്രതിഫലം സംബന്ധിച്ച് അന്തിമധാരണ ആയിട്ടില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.
മദ്യക്കുപ്പികള്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ശേഖരിക്കുന്നത് പ്രായോഗികമല്ല. അതിനാലാണ് പുറമേയുള്ള ഏജന്‍സികളെ ഏല്‍പ്പിച്ചത്.
ചില്ലുകുപ്പികളുടെ വില(രൂപ), ബിയര്‍, ഒരു ലിറ്റര്‍ മദ്യക്കുപ്പികള്‍ 3, രണ്ട് അരലിറ്റര്‍ കുപ്പികള്‍ 3, മൂന്ന് ക്വാര്‍ട്ടര്‍കുപ്പികള്‍ 3, പ്ലാസ്റ്റിക് കുപ്പികള്‍ 15 രൂപ (കിലോ്ക്ക്)

ഷെയ്ന്‍ നിഗം വിഷയത്തില്‍ വീണ്ടും അമ്മ ഇടപെടുന്നു

ഫിദ-
കൊച്ചി: ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിനായി താരംസംഘടനയായ അമ്മ ഇടപെടുന്നു. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ജനുവരി ഒമ്പതിന് കൊച്ചിയില്‍ ചേരും. ഡിസംബര്‍ 22ന് അമ്മയുടെ യോഗം കൊച്ചിയില്‍ ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രസിഡന്റ് മോഹന്‍ലാലിന്റെ അസൗകര്യം കാരണം മാറ്റിവെക്കുകയായിരുന്നു.
ജനുവരി ഒമ്പതിനാണ് കൊച്ചിയില്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത്. ഈ യോഗത്തിലേക്ക് ഷെയ്‌നെ കൂടി വിളിച്ചു വരുത്തി പ്രശ്‌നപരിഹാരത്തിനാണ് സംഘടന ശ്രമിക്കുക.
അതേസമയം ഷെയ്‌നുമായി നേരിട്ടൊരു ചര്‍ച്ചക്ക് തങ്ങള്‍ ഇപ്പോഴില്ലെന്ന നിലപാടിലാണ് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. വിഷയം അമ്മ ചര്‍ച്ച ചെയ്ത ശേഷം ആ തീരുമാനം തങ്ങളെ അറിയിച്ചാല്‍ മതിയെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. ഇതിനു ശേഷം തങ്ങളുടെ പ്രതികരണം ഉണ്ടാകുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നു. പ്രശ്‌നപരിഹാരം ഉണ്ടായേക്കുമെന്നാണ് സൂചന.

ഇന്റര്‍നെറ്റ് വിലക്ക്; കമ്പനികള്‍ക്ക് മണിക്കൂറില്‍ കോടികളുടെ നഷ്ടം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്ത് പ്രക്ഷോഭങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമ്പോള്‍ മൊബൈല്‍ കമ്പനികള്‍ക്ക് കോടികള്‍ നഷ്ടം. ഓരോ മണിക്കൂറിലും 2.45 കോടി രൂപയാണ് കമ്പനികള്‍ക്ക് നഷ്ടമാകുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പലയിടങ്ങളിലും ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ക്ക് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ മാത്രം 18 ജില്ലകളിലാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. ഡല്‍ഹിയിലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

മഞ്ജു വാര്യരുമായി ശസ്ത്രുതയില്ല; ആവശ്യപ്പെട്ടാല്‍ ഒന്നച്ചഭിനയിക്കും: ദീലിപ്

ഗായത്രി-
മഞ്ജു വാര്യരുമായി തനിക്ക് ഒരു ശസ്ത്രുതയും ഇല്ലെന്ന് നടന്‍ ദിലീപ്. സിനിമ ആവശ്യപ്പെട്ടാല്‍ അവരുമായി ഒന്നിച്ച് അഭിനയിക്കുമെന്നും ദീലിപ് പറഞ്ഞു. ഡബ്ല്യൂസിസിയില്‍ ഉള്ളവരെല്ലാം തന്റെ സഹപ്രവര്‍ത്തകര്‍ ആണെന്നും അവര്‍ക്കെല്ലാം നല്ലത് വരാന്‍ ആഗ്രഹിക്കുന്നുവെന്നും ദിലീപ് പറഞ്ഞു.
നടിലെ അക്രമിച്ച കേസില്‍ തനിക്ക് അറിയാവുന്നത് എല്ലാം ഒരിക്കല്‍ തുറന്ന് പറയുമെന്നും ഇപ്പോള്‍ കേസ് കോടതിയില്‍ ആയതിനാല്‍ പറയനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ദിലീപ് പറഞ്ഞു.

 

ജനുവരി മുതല്‍ എസ്ബിഐ എടിഎമ്മുകളില്‍ പണം പിന്‍വലിക്കാന്‍ പുതിയ രീതി

ഫിദ-
കൊച്ചി: അനധികൃത ഇടപാടുകള്‍ തടയാന്‍ എസ്ബിഐ എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിന്‍വലിക്കല്‍ സംവിധാനം നടപ്പാക്കുന്നു. 2020 ജനുവരി ഒന്നുമുതല്‍ രാജ്യത്തൊട്ടാകെയുള്ള എസ്ബിഐയുടെ എടിഎമ്മുകളില്‍ പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടുമുതല്‍ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തില്‍ പണംപിന്‍വലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്.

മാമാങ്കത്തിലെ ഉണ്ണിമായയുടെ ഫോട്ടോഷൂട്ട് വൈറലാവുന്നു

ഫിദ-
മാമാങ്കത്തിലെ ഉണ്ണിമായയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് പ്രാചി ടെഹ്‌ലാന്‍. ഇന്ത്യന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ പദവി വഹിച്ചശേഷം മലയാള സിനിമയില്‍ നായികയാകുന്ന ആദ്യ വനിതയാണ് പ്രാചി തെഹ്‌ലാന്‍ എന്ന ഡല്‍ഹിക്കാരി. 2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ നെറ്റ്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു പ്രാചി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗം തീര്‍ക്കുകയാണ് പ്രാചി. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സൈബര്‍ ലോകം ചര്‍ച്ചചെയ്യുന്നത്.