Month: December 2019

പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ കമ്യൂട്ടേഷന്‍ തിരിച്ചുവരുന്നു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്റെ ഒരു വിഹിതം മുന്‍കൂറായി വാങ്ങുന്ന രീതി (പെന്‍ഷന്‍ കമ്യൂട്ടേഷന്‍) തിരിച്ചുവരുന്നു. 2009ല്‍ നിര്‍ത്തിവെച്ച പെന്‍ഷന്‍ കമ്യൂട്ടേഷന്‍ ഈ ജനുവരിമുതല്‍ വീണ്ടും നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നിര്‍ദേശത്തിന് മന്ത്രാലയം അനുമതി നല്‍കി.
താത്പര്യമുള്ളവര്‍ക്ക് പെന്‍ഷന്റെ ഒരുവിഹിതം നേരത്തേ ഒന്നിച്ചുവാങ്ങാന്‍ അനുമതി നല്‍കുന്നതാണ് പെന്‍ഷന്‍ കമ്യൂട്ടേഷന്‍ രീതി. പെന്‍ഷന്‍ കമ്യൂട്ട്‌ചെയ്തു വാങ്ങാന്‍ 6,30,000 പേര്‍ നേരത്തേ അപേക്ഷ കൊടുത്തിരുന്നു. അവര്‍ക്ക് ഈ തീരുമാനം പ്രയോജനപ്പെടും. ജനുവരി ഒന്നിന് കമ്യൂട്ടേഷനുമായി ബന്ധപ്പെട്ട് വിശദ ഉത്തരവ് പുറപ്പെടുവിച്ചേക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കമ്യൂട്ട് ചെയ്തുവാങ്ങാനുള്ള വ്യവസ്ഥ നിലവിലുണ്ട്. കമ്യൂട്ടേഷന്‍ നിര്‍ത്തിവെച്ചതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

സംസ്ഥാനത്ത് ഇന്നും ഡീസല്‍ വില കൂടി

ഫിദ-
സംസ്ഥാനത്ത് ഇന്നും ഡീസല്‍ വില കൂടി. ലിറ്ററിന് പതിനൊന്ന് പൈസയാണ് ഇന്ന് വര്‍ധിച്ചത്. ഒരാഴ്ചക്കിടെ ഡീസലിന് 1.11 രൂപയുടെ വര്‍ധനവാണുണ്ടായത്. പെട്രോളിന് ഇന്ന് ആറു പൈസയും കൂടി.
ഇന്ന് കൊച്ചിയില്‍ 70.67 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. പെട്രോളിന് 76.55 രൂപയും. പവര്‍ പെട്രോളിനും ഡീസലിനും ഇതിനെക്കാള്‍ ആറ് പൈസ കൂടും. തിരുവനന്തപുരം, കോഴിക്കോട് മേഖലകളില്‍ കൊച്ചിയിലെ വിലയെക്കാള്‍ പത്ത് പൈസയും കൂടും.
ഇന്നലെ ഒഴികെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എല്ലാദിവസവും ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിരുന്നു. 11,16,21 പൈസ എന്നിങ്ങനെയാണ് ഓരോ ദിവസവും വര്‍ധിച്ചത്. തണുപ്പുകാലമായതിനാല്‍ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചതുമാണ് ഡീസല്‍ വില വര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതോടൊപ്പം യുഎസ്‌ചൈന വ്യാപാരതര്‍ക്കവും പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്‍ഷുറന്‍സ് കൂട്ടിയതും വില വര്‍ധനവിന് കാരണമായി പറയുന്നു.

 

തുര്‍ക്കി കയറ്റുമതി നിര്‍ത്തി; ഉള്ളിവില ഉയര്‍ന്നേക്കും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഉള്ളി വില ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ഉള്ളി ഇറക്കുമതി ചെയ്യുന്ന തുര്‍ക്കിയില്‍ നിന്നും ഉള്ളി കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തി വെച്ചതാണ് വിലവര്‍ധനക്ക് കാരണമായി തീരുക. ഇന്ത്യയില്‍ ഇത് മൂലം ഉള്ളിക്ക് 10 മുതല്‍ 15 ശതമാനം വരെ വില ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മഴക്കെടുതിയില്‍ കൃഷിനാശം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ഉള്ളിവില ക്രമാതീതമായി ഉയര്‍ന്നിരുന്നു. വില വര്‍ധന കൂടിയതോടെ ഉള്ളി കിട്ടാതെയായതിനാല്‍ തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ തയ്യാറായി. എന്നാല്‍ തുര്‍ക്കിയിലും ഉള്ളി വില ഉയരാന്‍ തുടങ്ങിയതിനാലാണ് ഇന്ത്യയിലേക്കുള്ള കയറ്റുമതി നിര്‍ത്തിവെച്ചത്.
ഇത് ഇന്ത്യക്ക് തിരിച്ചടിയായി. എന്നാല്‍ ജനുവരി മധ്യത്തോടെ ആഭ്യന്തരമായി ഉത്പാദിപ്പിച്ച് ഉള്ളി വിപണിയിലേക്ക് എത്തുന്നതോടെ ഇന്ത്യയില്‍ ഉള്ളി വില സാധാരണ ഗതിയില്‍ ആകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

നിര്‍മ്മാതാവിന് വഴങ്ങിയില്ല; ഏഴെട്ട് മാസം വീട്ടിലിരുന്നു

ഫിദ-
തന്റെ നിലപാടുകള്‍ കൊണ്ട് ശക്തയാണ് നടി കല്‍ക്കി കൊച്‌ലിന്‍. നിരവധി ഹിറ്റ് ചിത്രങ്ങളിലെ സാന്നിധ്യമായിരുന്നു കല്‍ക്കി. എന്നാല്‍ നിര്‍മ്മാതാവിനോട് ഡേറ്റിങ്ങിന് താത്പര്യമില്ലെന്ന് അറിയിച്ചതോടെ ഏഴെട്ട് മാസം ഒരു ചിത്രവുമില്ലാതെ വീട്ടിലിരിക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്ന് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കല്‍ക്കി പറയുന്നു.
ആദ്യ ചിത്രം ദേവ് ഡി പുറത്തിറങ്ങിയ ശേഷം ഓരോ റിപ്പോര്‍ട്ടുകളും ആകാംക്ഷയോടെയാണ് വീക്ഷിച്ചിരുന്നത്. ഏറെ വിവാദങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രം കൂടിയാണ് ദേവ് ഡി. ചിത്രം പുറത്തിറങ്ങിയ ശേഷം ഒരു മാധ്യമം തന്നെ റഷ്യയില്‍ നിന്നുള്ള വേശ്യ എന്നാണ് വിശേഷിപ്പിച്ചതെന്ന് കല്‍ക്കി തുറന്നു പറഞ്ഞു. ബോളിവുഡില്‍ അഭിനയിക്കാന്‍ റഷ്യന്‍ വേശ്യകളെ കൊണ്ടുവരുന്നുവെന്നായിരുന്നു വാര്‍ത്ത. തന്റെ സ്വദേശം എവിടെയാണെന്ന് പോലും അറിയാതെയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ പോലും ഓരോന്ന് എഴുതിയത്. പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോളനിലിയിലാണ് കല്‍കി ജനിച്ചത്. ഫ്രാന്‍സ് സ്വദേശികളാണ് കല്‍കിയുടെ മാതാപിതാക്കള്‍.
ഇത്തരം വാര്‍ത്തകള്‍ തന്നെ ആദ്യകാലത്ത് അസ്വസ്ഥയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ തൊലിക്കട്ടി കൂടിയെന്നും കല്‍ക്കി പറയുന്നു. ഒരു ഓഡിഷന് ചെന്നപ്പോള്‍ നിര്‍മാതാവ് തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചു, താല്‍പര്യമില്ലെന്ന് അറിയിച്ചപ്പോള്‍ ആ സിനിമയില്‍ അവസരം നിഷേധിച്ചെന്നും കല്‍ക്കി പറയുന്നു. ഇത്തരം താല്‍പര്യങ്ങള്‍ക്ക് വഴങ്ങാന്‍ കൂട്ടാക്കാത്തതുകൊണ്ട് വിജയിച്ച ചിത്രങ്ങളുടെ ഭാഗമായിട്ട് പോലും തനിക്ക് ഏഴെട്ട് മാസത്തോളം ജോലിയില്ലാതെ ഇരിക്കേണ്ടി വന്നിട്ടുണ്ടെന്നും കല്‍ക്കി പറയുന്നു.

രാധാകൃഷ്ണന്‍ മംഗലത്തിന്റെ മകന്‍ സംവിധായകനാകുന്നു

അജയ്തുണ്ടത്തില്‍-
പ്രശസ്ത സംവിധായകന്‍ രാധാകൃഷ്ണന്‍ മംഗലത്തിന്റെ മകന്‍ കൃഷ്ണനുണ്ണി മംഗലത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ട്രാന്‍സിഷന്‍’. തീര്‍ത്തും പരീക്ഷണാടിസ്ഥാനത്തിലാണ് ഫെസ്റ്റിവല്‍ മൂവിയായ ട്രാന്‍സിഷനെ വെറും 20 വയസ്സ് പ്രായമുള്ള കൃഷ്ണനുണ്ണി ഒരുക്കിയിരിക്കുന്നത്. മറ്റു ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായി മോണോക്രോം രീതിയിലാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
മധുരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ ഒരു യുവാവ് കടന്നുപോകുന്ന വ്യക്തികളെയും സന്ദര്‍ഭങ്ങളെയും കോര്‍ത്താണ് മുഹൂര്‍ത്തങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 21 വയസ്സിന് താഴെയുള്ളവരുടെ കൂട്ടായ്മയില്‍ അവതരിപ്പിക്കുന്ന ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യ ചിത്രത്തിന്റെ മുതല്‍മുടക്ക് വെറും പതിനായിരം രൂപ മാത്രമാണ്.
അഖില്‍ പ്രസന്നകുമാര്‍, മേഘസുനില്‍, ശ്രീകുമാര്‍ നായര്‍, രഘുചുള്ളിമാനൂര്‍, കൃഷ്ണകാന്ത്, മണി തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ബാനര്‍-ടു ജോബ്‌ലസ്സ് പീപ്പിള്‍ & ലൂണാ ക്രീയേഷന്‍സ്, കഥ, തിരക്കഥ, എഡിറ്റിംഗ്, കളര്‍ ഗ്രേഡിംഗ്, ഛായാഗ്രഹണം, സംവിധാനം – കൃഷ്ണനുണ്ണി മംഗലത്ത്, നിര്‍മ്മാണം – കൃഷ്ണനുണ്ണി മംഗലത്ത്, അഖില്‍ പ്രസന്നകുമാര്‍, അദൈ്വത് ശ്രീകുമാര്‍, സംഭാഷണം – കൃഷ്ണനുണ്ണി മംഗലത്ത്, തപസ്യ അശോക്, വിശാഖ്, മണി, ശ്രീകുമാര്‍, മഹേഷ് കുമാര്‍, രഘു ചുള്ളിമാനൂര്‍, ഗാനരചന – ആദര്‍ശ് അജിത്ത്, സംഗീതം – ആനന്ദ് സീതാരാമന്‍, മിക്‌സിംഗ്, എസ്എഫ്എക്‌സ് – രാഹുല്‍. എസ്.ജെ, പോസ്റ്റര്‍ ഡിസൈന്‍ – അനന്തകൃഷ്ണന്‍, ആലാപനം (റാപ്പേഴ്‌സ്) – തിരുമാലി, എ.ബി.ഐ, റാക്‌സ് റേഡിയന്റ്, സായി സാഗാസ്, പിആര്‍ഓ – അജയ് തുണ്ടത്തില്‍.

 

സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഇന്ത്യ അടിയന്തര നടപടികള്‍ കൈക്കൊള്ളണം

അളക ഖാനം-
വാഷിങ്ടണ്‍: സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കര കയറാന്‍ ഇന്ത്യ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്). ഉപഭോഗത്തിലും നിക്ഷേപത്തിലും നേരിട്ട തകര്‍ച്ചയും നികുതി വരുമാനത്തിലെ ഇടിവും മറ്റ് ഘടകങ്ങളും ലോകത്തിലെ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായ ഇന്ത്യക്ക് വിഘാതം സൃഷ്ടിച്ചതായി ഐ.എം.എഫ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ദശലക്ഷം ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയ ഇന്ത്യ ഇപ്പോള്‍ കടുത്ത സാമ്പത്തിക തകര്‍ച്ചയുടെ നടുവിലാണെന്ന് ഐ.എം.എഫ് മിഷന്‍ ചീഫ്(ഇന്ത്യ) റനില്‍ സല്‍ഗഡോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നിലവിലുള്ള സാമ്പത്തിക മാന്ദ്യം വിലയിരുത്തുമ്പോള്‍ ഇന്ത്യക്ക് ഇയര്‍ന്ന വളര്‍ച്ചയുടെ വഴിയിലേക്ക് എത്താന്‍ അടിയന്തര നടപടികള്‍ ആവശ്യമാണ്. ഉയര്‍ന്ന വായ്പയും പലിശ അടവും പരിഗണിക്കുമ്പോള്‍ വളര്‍ച്ചയെ സഹായിക്കുന്ന തരത്തില്‍ വിനിയോഗത്തെ ത്വരിതപ്പെടുത്താന്‍ സര്‍ക്കാറിന് പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്‌വ്യവസ്ഥക്ക് വായ്പ നല്‍കാനുള്ള കഴിവ് വര്‍ധിപ്പിക്കാനായി സാമ്പത്തിക മേഖലയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള നടപടികള്‍ ഇന്ത്യ കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിസര്‍വ് ബാങ്ക് ഈ വര്‍ഷം അഞ്ച് തവണയാണ് വായ്പാനിരക്ക് വെട്ടിക്കുറച്ചത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണിത്. കൂടാതെ റിസര്‍വ് ബാങ്ക് വാര്‍ഷിക വളര്‍ച്ചാനിരക്ക് നേരത്തേ പ്രവചിച്ച 6.1ല്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറക്കുകയും ചെയ്തു. സര്‍ക്കാര്‍ പുറത്തു വിട്ട കണക്കനുസരിച്ച് ജൂലൈ, സെപ്റ്റംബര്‍ സമയത്ത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കഴിഞ്ഞ വര്‍ഷം ഏഴ് ശതമാനമുള്ളത് 4.5ലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണിത്.

 

എയര്‍ഏഷ്യ ന്യൂഡല്‍ഹികൊച്ചി റൂട്ടില്‍ സര്‍വീസ് ആരംഭിച്ചു

ഫിദ-
കൊച്ചി: എയര്‍ഏഷ്യ ഇന്ത്യ ന്യൂഡല്‍ഹി കൊച്ചി, ന്യൂഡല്‍ഹി അഹമ്മദാബാദ് റൂട്ടുകളില്‍ പുതിയ സര്‍വീസ് ആരംഭിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളെ ബന്ധപ്പെടുത്തി നോണ്‍സ്‌റ്റോപ്പ് സര്‍വീസുകളുടെ ശൃംഖല ആരംഭിക്കുക എന്ന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായാണിത്.
ന്യൂഡല്‍ഹി കൊച്ചി, ന്യൂഡല്‍ഹി അഹമ്മദാബാദ് എന്നീ റൂട്ടുകളില്‍ തുടക്കത്തില്‍ യഥാക്രമം 3915 രൂപയും 2015 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്.
ന്യൂഡല്‍ഹികൊച്ചി, ന്യൂഡല്‍ഹിഅഹമ്മദാബാദ് റൂട്ടുകളില്‍ പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലെമ്പാടുമായുള്ള ശൃംഖല ശക്തിപ്പെടുത്തുകയാണെന്ന് എയര്‍ഏഷ്യ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു. 2020,2021 വര്‍ഷത്തേക്ക് സര്‍വീസുകള്‍ വിപുലമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കൂടുതല്‍ പുതിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹില്‍ നിന്നും രാവിലെ 4:55 പുറപ്പെടുന്ന പുറപ്പെടുന്ന വിമാനം 8 മണിക്ക് കൊച്ചിയിലെത്തും. 8.50 ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12 മണിക്ക് ന്യൂഡല്‍ഹിയില്‍ തിരികെയെത്തും.
ഇന്ത്യയിലെ 21 ലക്ഷ്യകേന്ദ്രങ്ങളിലേയ്ക്കായി എയര്‍ഏഷ്യ ഇന്ത്യ 27 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.

 

ക്രിസ്മസ് സീസണിലും വിപണിയില്‍ വിലക്കയറ്റം തുടരുന്നു

ഫിദ-
തിരു: പൗരത്വ ഭേദഗതി നിയമവിവാദത്തിന്റെ മറവില്‍, ക്രിസ്മസ് സീസണിലും വിപണിയില്‍ വിലക്കയറ്റം തുടരുന്നു. നിത്യോപയോഗസാധനങ്ങളുടെ തീവില അണഞ്ഞില്ലെന്നു മാത്രമല്ല, അരിവില ആളിക്കത്തുകയുമാണ്. സവാള, ചെറിയ ഉള്ളി എന്നിവയുടെ വിലയിലും കാര്യമായ മാറ്റമില്ല.
സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ 95 രൂപക്കു സവാള വിതരണം ചെയ്യാനുള്ള നടപടി വീണ്ടും പാളി. മിക്ക ഔട്ട്‌ലെറ്റുകളിലും സവാളയില്ല. ഉള്ളയിടങ്ങളില്‍ വിതരണം ചെയ്യുന്നതിലാകട്ടെ തൂക്കത്തില്‍ വെട്ടിപ്പു നടക്കുന്നതായി വ്യാപക ആക്ഷേപമുയര്‍ന്നു. ക്രിസ്മസ് ഒരുദിനം അകലെ നില്‍ക്കുമ്പോഴും വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ല. രാഷ്ട്രീയവിവാദങ്ങളുടെ മറവില്‍, വിലക്കയറ്റം ചര്‍ച്ചയാകാതിരിക്കാനുള്ള മനഃപൂര്‍വമായ നീക്കവും നടക്കുന്നു. വിപണിയില്‍ വന്‍തോതില്‍ പൂഴ്ത്തിവെപ്പും സജീവമാണ്. അഞ്ചുവര്‍ഷത്തേക്ക് 13 നിത്യോപയോഗസാധനങ്ങള്‍ക്കു വില കൂടില്ലെന്ന സര്‍ക്കാര്‍ വാഗ്ദാനം ലംഘിക്കപ്പെട്ടിട്ടും അക്കാര്യം ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു. മാവേലി സ്‌റ്റോറുകള്‍ ഉള്‍പ്പെടെ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ ഏറെക്കുറെ കാലിയായി. ഉള്ള സാധനങ്ങള്‍ക്കു ഗുണനിലവാരം തീരെയില്ല. സാഹചര്യങ്ങള്‍ ഇങ്ങനെയായിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ല.
മേല്‍ത്തരം കുത്തരിയുടെ വില 56 രൂപ കടന്നപ്പോള്‍ ഇടത്തരം കുത്തരിവില 52ല്‍നിന്ന് 53 രൂപയായി. 32 രൂപയായിരുന്ന പച്ചരിവില 35 ആയി. റേഷന്‍ കടകളില്‍ പച്ചരി കിട്ടാതായിട്ടു നാളുകളായി. സംസ്ഥാനത്തെ എഫ്.സി.ഐ, വെയര്‍ ഹൗസ് ഗോഡൗണുകളില്‍ അരിയും ഗോതമ്പും കെട്ടിക്കിടന്ന് നശിക്കുമ്പോഴാണ് ഈ അവസ്ഥ. ഉരുളക്കിഴങ്ങ്50 രൂപ, ചെറിയ ഉള്ളി165, സവാള148 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില. ഇവക്കു കഴിഞ്ഞദിവസം വില കുറഞ്ഞിരുന്നെങ്കിലും ക്രിസ്മസ് അടുത്തതോടെ വീണ്ടും കൂടി.

 

 

ബിക്കിനി രംഗം ആവശ്യമാണെങ്കില്‍ അത് ധരിച്ചല്ലേ പറ്റൂ

ഫിദ-
നീന എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് ദീപ്തി സതി. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ നീനയെ ആയിരുന്നു ദീപ്തി അവതരിപ്പിച്ചത്. നീനക്ക് ശേഷം മലയാളത്തില്‍ ലവകുശ, സോളോ, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങളിലും ദീപ്തി സതി വേഷമിട്ടു. കന്നഡ, തെലുങ്ക്, മറാത്തി തുടങ്ങിയ ഭാഷകളിലും സതി അഭിനയിച്ചിട്ടുണ്ട്.
ഒരിടവേളക്ക് പൃഥ്വിരാജ് നായകനായെത്തുന്ന െ്രെഡവിംഗ് ലൈസന്‍സിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ദീപ്തി. തന്റെ ആദ്യ ചിത്രത്തെ കുറിച്ചും പുതിയ സിനിമയെ കുറിച്ചും മറാത്തി ചിത്രത്തില്‍ ബിക്കിനിയിട്ട് അഭിനയിച്ചതിനെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് ദീപ്തി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദീപ്തി തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
കുറച്ച് നാളത്തെ ഇടവേളക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ഈ തിരിച്ചു വരവ് ഒരു ഭാഗ്യമായാണ് കരുതുന്നത്. കാരണം െ്രെഡവിംഗ് ലൈസന്‍സ് പോലെ നല്ലൊരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. വളരെ വ്യത്യസ്തമായൊരു ചിത്രമാണ് െ്രെഡവിംഗ് ലൈസന്‍സ്. ഭാര്യാവേഷം ആദ്യമായാണ് ചെയ്യുന്ന്. പൃഥ്വിരാജിനോടൊപ്പവും ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നത്. എന്നാല്‍ പൃഥ്വിരാജിന്റെ ഭാര്യാ വേഷത്തില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കാരണം ബോംബൈയില്‍ വെച്ച് അയ്യ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടപ്പോള്‍, അതില്‍ റാണി മുഖര്‍ജിയോടൊപ്പമാണ് പൃഥ്വിരാജ് അഭിനയിച്ചത്. അന്നു മുതലേ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ് ഞാന്‍. അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്ന് അതുകൊണ്ട് തന്നെ വളരെ ആഗ്രഹമായിരുന്നു.
നീനക്ക് ശേഷം അഞ്ച് മലയാളം സിനിമ ചെയ്തു. മറ്റ് ഭാഷകളിലേക്ക് സജീവമായതോടെയാണ് മലയാളത്തില്‍ ഒരു വര്‍ഷം ഇടവേള വന്നത്. മറാത്തി ചിത്രത്തില്‍ ബിക്കിനിയിട്ട് അഭിനയിച്ചത് സെന്‍സേഷണലാകാനല്ല. ഞാനൊരു ആക്ടറാണ്. ആ മറാത്തി പടം ഒരു കോമഡി സബ്ജക്ടായിരുന്നു. ആ പടത്തിന് ആ ബിക്കിനി രംഗം ആവശ്യമായിരുന്നു. അതൊരു പത്ത് സെക്കന്‍ഡ് മാത്രമുള്ള ഒരു രംഗമായിരുന്നു. ഒരു ചിത്രത്തില്‍ കഥയാണ് അതിന്റെ നട്ടെല്ല്. അതുകൊണ്ട് തന്നെ കഥാപാത്രം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചെയ്യേണ്ടി വരും. ചിത്രത്തിലെ കഥാപാത്രത്തിന് ആവശ്യമാണെങ്കില്‍ ബിക്കിനിയും ചെയ്യേണ്ടി വരും. ഞാന്‍ മോഡലിംഗും ചെയ്യുന്ന ആളാണ്. കഥയാണ് ഹീറോ അപ്പോള്‍ ഇത്തരം വേഷങ്ങളെയും ആരാധകര്‍ സ്വീകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്ന് ദീപ്തി തുറന്നു പറയുന്നു.

അനന്തപുരി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എന്‍ട്രി ക്ഷണിച്ചു

അജയ്തുണ്ടത്തില്‍-
അനന്തപുരി ഫിലിം സൊസൈറ്റിയുടെ രണ്ടാമത് അനന്തപുരി ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, മ്യൂസിക് ആല്‍ബം ഫെസ്റ്റിവലിന് എന്‍ട്രി ക്ഷണിച്ചു. ജനുവരി 21-ന് തിരുവനന്തപുരം ഭാരത് ഭവനില്‍ നടക്കുന്ന അവാര്‍ഡ് നിശയില്‍ മികച്ച ചിത്രങ്ങള്‍ക്ക് കാഷ് അവാര്‍ഡും ഫലകവും നടന്‍, നടി, സംവിധാനം, തിരക്കഥ, എഡിറ്റിംഗ്, ക്യാമറാമെന്‍, മ്യൂസിക്, ഗാനരചന തുടങ്ങിയവയ്ക്ക് ഫലകവും ലഭിക്കും. രജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ എന്‍ട്രിക്കും മൊമെന്റോ നല്കുന്നതാണ്.
എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയതി 2020 ജനുവരി പത്ത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7907622216, 9495626762-ല്‍ ബന്ധപ്പെടുക.