Month: September 2019

റിസര്‍വ് ബാങ്കില്‍ നിന്ന് 30,000 കോടി കേന്ദ്രം വായ്പ എടുത്തേക്കും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഈ സാമ്പത്തികവര്‍ഷം അവസാനത്തോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 30,000 കോടി രൂപകൂടി ഇടക്കാല ലാഭവിഹിതമായി കേന്ദ്രസര്‍ക്കാര്‍ എടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉല്‍
പാദനത്തിന്റെ (ജി.ഡി.പി.) 3.3 ശതമാനത്തില്‍ കൂടാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
സാമ്പത്തികവളര്‍ച്ച അഞ്ചുശതമാനത്തിലേക്കു താഴ്ന്നതോടെ സര്‍ക്കാര്‍ ഒട്ടേറെ നികുതിയിളവുകള്‍ പ്രഖ്യാപിച്ചിരുന്നു. വിപണിയില്‍ ഉണര്‍വുണ്ടാക്കാന്‍ 1.45 ലക്ഷം കോടിയുടെ കോര്‍പ്പറേറ്റ് നികുതിയിളവാണ് സര്‍ക്കാര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളത്. വിദേശആഭ്യന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള ഇളവുകള്‍ വഴി 1400 കോടിയുടെ നികുതിനഷ്ടവും സര്‍ക്കാര്‍ കണക്കുകൂട്ടുന്നുണ്ട്. ജി.എസ്.ടി. കൗണ്‍സില്‍ ഒട്ടേറെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതിയിളവ് വരുത്തിയതും വരുമാനം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.
ഇത് ബജറ്റില്‍ ലക്ഷ്യമിട്ടതിലും കൂടുതല്‍ ധനക്കമ്മിക്ക് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ അധികവിഭവസമാഹരണത്തിന് ആര്‍.ബി.ഐ. വിഹിതത്തെ ആശ്രയിക്കാനൊരുങ്ങുന്നത്. 25,000 മുതല്‍ 30,000 കോടി രൂപവരെയാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ജനുവരിയിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. സര്‍ക്കാരിന്റെ കൈവശമുള്ള ഓഹരികള്‍ വിറ്റും ദേശീയ ചെറുകിട സമ്പാദ്യ പദ്ധതി (എന്‍.എസ്.എസ്.എഫ്.) വഴിയും പണം സ്വരൂപിക്കാനും നീക്കമുണ്ട്. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പൊതുമേഖലാ കമ്പനികളുടെ സ്വകാര്യവത്കരണത്തിന് വേഗം കൂടുമെന്നാണ് സൂചനകള്‍.
201718 സാമ്പത്തികവര്‍ഷം 10,000 കോടി രൂപയാണ് ആര്‍.ബി.ഐ. സര്‍ക്കാരിനു ലാഭവിഹിതമായി നല്‍കിയത്. 201819 കാലത്ത് അറ്റാദായമായ 12,13,414 കോടിയില്‍നിന്ന് 28,000 കോടിയും ആര്‍.ബി.ഐ. നല്‍കി. കഴിഞ്ഞമാസമാണ് 1.76 ലക്ഷം കോടി രൂപ കരുതല്‍ ശേഖരത്തില്‍നിന്ന് സര്‍ക്കാരിനു കൈമാറാന്‍ ഗവര്‍ണര്‍ ശക്തികാന്ത് ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍.ബി.ഐ. ബോര്‍ഡ് യോഗം തീരുമാനിച്ചത്. ബിമല്‍ ജലാന്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമായിരുന്നു ഇത്. നിലവില്‍ ബജറ്റില്‍ പറഞ്ഞിട്ടുള്ളതിലും കൂടുതല്‍ തുക സര്‍ക്കാര്‍ ഈ സാമ്പത്തികവര്‍ഷം റിസര്‍വ് ബാങ്കില്‍നിന്നു കൈപ്പറ്റിക്കഴിഞ്ഞു. ബജറ്റ് നിര്‍ദേശം 90,000 കോടിയും കൈപ്പറ്റിയത് 95,414 കോടിയുമാണ്.

 

ആരാധകരെ ഞെട്ടിച്ച് ഐശ്വര്യ

അളക ഖാനം-
പാരീസ് ഫാഷന്‍ വീക്കില്‍ കിടിലന്‍ ലുക്കിലെത്തി ആരാധകരെ അമ്പരപ്പിച്ച് ബോളിവുഡ് നടി ഐശ്വര്യ റായ്. റാംപുകളില്‍ എന്നും വ്യത്യസ്തകളുമായി എത്താറുള്ള ഐശ്വര്യ ഇത്തവണയും പതിവ് തെറ്റിച്ചില്ല.
പര്‍പ്പിള്‍ നിറത്തില്‍ ഫ്‌ളോറല്‍ പ്രിന്റുകളോടും ട്രെയ്‌നോടും കൂടിയ വസ്ത്രമണിഞ്ഞാണ് ഐശ്വര്യ ഫാഷന്‍ വീക്കിനെത്തിയത്. കടും ചുവപ്പ് ലിപ്സ്റ്റിക്കും പര്‍പ്പിള്‍ സ്‌മോക്കി ഐ മെയ്ക്കപ്പും ലുക്കിന് പൂര്‍ണ്ണതയേകി.
മകള്‍ ആരാധ്യക്കൊപ്പമാണ് താരം പാരീസ് ഫാഷന്‍ വീക്കിനെത്തിയത്. പാരീസില്‍ നിന്ന് മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു.
രാജ്കുമാര്‍ റാവുവും അനില്‍ കപൂറും അഭിനയിച്ച ‘ഫന്നെ ഖാന്‍’ ആയിരുന്നു ഐശ്വര്യയുടെ അവസാനചിത്രം. മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിലാണ് ഐശ്വര്യ അടുത്തതായി അഭിനയിക്കുന്നത്.

ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചാല്‍ കനത്ത പിഴ: സൗദി

അളക ഖാനം-
റിയാദ്: ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുകയോ പൊതു സ്ഥലങ്ങളില്‍വച്ച് ചുംബിക്കുകയോ ചെയ്യരുതെന്ന് സൗദി. നിയമം ലംഘിച്ചാല്‍ വിദേശികളായ വിനോദസഞ്ചാരികളാണെങ്കില്‍പ്പോലും കനത്ത പിഴയീടാക്കുമെന്ന് സൗദി വ്യക്തമാക്കി.
പിഴയീടാക്കേണ്ട 19 നിയമലംഘനങ്ങള്‍ സംബന്ധിച്ചും സൗദി ആഭ്യന്തരമന്ത്രാലയം പറയുന്നുണ്ട്. എന്നാല്‍ എത്ര രൂപയാണ് പിഴയെന്നതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. പൊതുസ്ഥലങ്ങളില്‍വച്ചു സ്‌നേഹപ്രകടനങ്ങള്‍ പാടില്ല, മാന്യമായ വസ്ത്രങ്ങള്‍ സ്ത്രീകള്‍ക്കു ധരിക്കാം എന്നിവയാണ് സൗദിയുടെ പ്രസ്താവനയില്‍ പറയുന്നത്.
വിദേശികള്‍ക്ക് ടൂറിസ്റ്റ് വീസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സൗദി ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യമായാണ് സൗദി ടൂറിസ്റ്റ് വീസ ഇഷ്യു ചെയ്യുന്നത്. വിദേശവനിതകള്‍ക്ക് ഡ്രസ് കോഡിലും ഇളവ് അനുവദിച്ചിട്ടുണ്ട്. അവര്‍ പര്‍ദ ധരിക്കേണ്ടതില്ല. 49 രാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് വീസ ഓണ്‍ അറൈവല്‍, ഇ വീസാ സൗകര്യം പ്രയോജനപ്പെടുത്താം.

 

ബാങ്കുകളില്‍ പണലഭ്യതയുടെ പ്രശ്‌നമില്ലെന്ന് നിര്‍മല സീതാരാമന്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളില്‍ പണലഭ്യതയുടെ പ്രശ്‌നമില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ധനകാര്യസ്ഥാപനങ്ങളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
പണലഭ്യതയില്‍ പ്രതിസന്ധി നേരിടുന്നുവെന്ന് ഒരു ധനകാര്യ സ്ഥാപനവും പരാതിപ്പെട്ടിട്ടില്ല. വായ്പകള്‍ക്ക് ഡിമാന്റുണ്ട്. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ഫിനാന്‍സ് യൂനിറ്റുകള്‍ നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്.
വായ്പകളില്‍ നല്ല വളര്‍ച്ചയുണ്ടാവുന്നുവെന്നാണ് ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ പറയുന്നത്. ചെലവ് കുറഞ്ഞ ഭവന നിര്‍മാണത്തിനുള്ള വായ്പകളിലും പുരോഗതിയുണ്ട്. വാണിജ്യ വാഹന വില്‍പന മെച്ചപ്പെടുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

 

കോഴിക്കോട്ടുകാരി ഹംന മറിയം ജിദ്ദ ഇന്ത്യന്‍ കോണ്‍സലായി ചുമതലയേല്‍ക്കും

ഫിദ-
കോഴിക്കോട്: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കമേഴ്‌സ്യല്‍, ഇന്‍ഫര്‍മേഷന്‍ ആന്റ്് പ്രസ് കോണ്‍സലായി കോഴിക്കോട്ടുകാരി ഹംന മറിയം ചുമതലയേല്‍ക്കും. മോയിന്‍ അഖ്തര്‍ സ്ഥലം മാറുന്നതിനെ തുടര്‍ന്നാണ് ഡിസംബര്‍ ആദ്യം ഇവര്‍ ജിദ്ദയില്‍ ചുമതലയേല്‍ക്കുക. 2017 കേഡറിലെ ഐ.എഫ്.എസുകാരിയും പാരിസ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥയുമാണ്.
ഡല്‍ഹിയിലെ രാംജാസ് കോളജില്‍ പഠിച്ച ഹംന ഫാറൂഖ് കോളജില്‍ ഇംഗ്ലീഷ് അധ്യാപികയായിരിക്കെ 28ാം റാങ്കുകാരിയായി രണ്ടു കൊല്ലം മുമ്പാണ് വിദേശകാര്യ സര്‍വിസിലെത്തിയത്. ശിശുരോഗ വിദഗ്ധന്‍ ഡോ. ടി.പി. അഷ്‌റഫിന്റെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ഫിസിയോളജിസ്റ്റ് ഡോ. പി.വി. ജൗഹറയുടേയും മകളാണ്.
ഭര്‍ത്താവ് തെലങ്കാന കാഡറിലെ ഐ.എ.എസുകാരനും ഹൈദരാബാദിലെ മുന്‍ പോലീസ് മേധാവി എ.കെ. ഖാന്റെ മകനുമായ മുസമ്മില്‍ ഖാന്‍. ഐ.എഫ്.എസ് നേടിയ രണ്ടാമത്തെ മുസ്‌ലിം മലയാളി വനിതയാണ്.

കടമറ്റത്ത് കത്തനാര്‍ ആയി ജയസൂര്യ

ഗായത്രി-
മാന്ത്രികനായ വൈദികന്‍ കടമറ്റത്ത് കത്തനാര്‍ ആയി ജയസൂര്യ എത്തുന്നു. ഫിലിപ്‌സ് ആന്റ് മങ്കിപെന്‍, ജോ ആന്‍ഡ് ദ് ബോയ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ റോജിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍. രാമാനന്ദാണ് തിരക്കഥ. 3 ഡി സാങ്കേതിക മികവോടെയാണ് ചിത്രം എത്തുക. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള െ്രെഫ!ഡേ ഫിലിം ഹൗസ് ആണ്.
പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഒരു മാന്ത്രികനായ വൈദികനായിരുന്നു കടമറ്റത്ത് കത്തനാര്‍. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കടമറ്റത്ത് കത്തനാരെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
1984 ല്‍ പ്രേംനസീറിനെ നായകനാക്കി എന്‍.പി സുരേഷ് ബാബു കടമറ്റത്തച്ചന്‍ എന്ന പേരില്‍ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ശ്രീവിദ്യ, എം.ജി സോമന്‍, ഹരി, പ്രതാചന്ദ്രന്‍ എന്നിവരാണ് പ്രധാന മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കടമറ്റത്ത് കത്തനാരുടെ കഥ ടെലിവിഷന്‍ സീരിയലായും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിട്ടുണ്ട്. പ്രകാശ് പോള്‍ ആയിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്.

തൃശൂര്‍പൂരത്തില്‍ സ്വാതി റെഡ്ഡി തിരിച്ചെത്തി

ഫിദ-
ജയസൂര്യ നായകനാകുന്ന തൃശൂര്‍പൂരം എന്ന സിനിമയിലേക്ക് സ്വാതി റെഡ്ഡി തിരിച്ചെത്തി. ആദ്യം സ്വാതിയെയാണ് നായികയായി ചിത്രത്തില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ തിരക്കുകള്‍ മൂലം സ്വാതി ചിത്രം ഉപേക്ഷിച്ചിരുന്നു.
തുടര്‍ന്ന് അനു സിതാരയെ ചിത്രത്തിലേക്ക് പരിഗണിച്ചെങ്കിലും തമിഴ് സിനിമയിലെ തിരക്കുകള്‍ കാരണം ഇവരും സിനിമയില്‍ നിന്നും ഒഴിവായി. തുടര്‍ന്ന് ഈ അവസരം സ്വാതി റെഡ്ഡിയിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. സ്വാതി ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങി. രതീഷ് വേഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

പുതിയ മോഡലുമായി ഷവോമി

രാംനാഥ് ചാവ്‌ല-
പുതിയ മോഡലുമായി ഷവോമി, റെഡ്മി 8 എ എന്ന മോചലാണ് ഷവോമി പുറത്തിറക്കിയത്. 12 എംപി സോണി ഐഎംഎക്‌സ് 363 സെന്‍സറാണ് ഫോണിനുള്ളത്. 5000 എംഎഎച്ച് ബാറ്ററിയില്‍ അഞ്ച് ദിവസം വരെ ചാര്‍ജ് ലഭിക്കുമെന്നാണ് ഷാവോമി അവകാശപ്പെടുന്നത്. വാട്ട് അതിവേഗ ചാര്‍ജിംഗ് ഫോണില്‍ സാധ്യമാണെങ്കിലും 10 വാട്ട് ചാര്‍ജറാണ് ഫോണിനൊപ്പം നല്‍കുന്നത്.
വെള്ളം തെറിച്ച് കേടുവരാതിരിക്കാന്‍ പി2ഐ കവചവും ഫോണിനുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 439 പ്രൊസസറിന്റെ പിന്തുണയില്‍ രണ്ട് ജിബി, മൂന്ന് ജിബി റാം വേരിയന്റുകളാണ് ഫോണിനുള്ളത്. 32 ജിബി ആണ് ഇന്റേണല്‍ സ്‌റ്റോറേജ്. 512 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാനാവും. 6499 രൂപ മുതലാണ് വില.

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 23 മലയാളികള്‍

ഗായത്രി-
കൊച്ചി: ഐ.ഐ.എഫ്.എല്‍. വെല്‍ത്ത് ഹുറുണ്‍ പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 23 മലയാളികള്‍ ഇടം നേടി. ഇത്തവണയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് മലയാളി സമ്പന്നരില്‍ ഒന്നാമത്. 35,700 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി. ഇന്ത്യന്‍ സമ്പന്നരില്‍ 21ാം സ്ഥാനത്താണ് അദ്ദേഹം ഇടംപിടിച്ചിട്ടുള്ളത്.
വി.പി.എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷംഷീര്‍ വയലില്‍ (ആസ്തി 13,200 കോടി രൂപ) മലയാളികളില്‍ രണ്ടാം സ്ഥാനവും ഇന്ത്യന്‍ സമ്പന്നരില്‍ 58ാം സ്ഥാനവും നേടി. 11,600 കോടി രൂപയുടെ ആസ്തിയുമായി ആര്‍.പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ രവി പിള്ള (69ാം സ്ഥാനം) മൂന്നാം സ്ഥാനത്തും 10,600 കോടി രൂപയുടെ ആസ്തിയുമായി ഗൂഗിള്‍ ക്ലൗഡ് സി.ഇ.ഒ. തോമസ് കുര്യന്‍ (80ാം സ്ഥാനം) നാലാം സ്ഥാനത്തും 9,400 കോടി രൂപയുടെ ആസ്തിയുമായി ആലുക്കാസ് ജ്വല്ലറി സ്ഥാപകനും ചെയര്‍മാനുമായ ജോയ് ആലുക്കാസ് (98ാം സ്ഥാനം) അഞ്ചാം സ്ഥാനത്തും ഇടം നേടി.
ശോഭ ലിമിറ്റഡ് ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍ (8,800 കോടി), ഭാര്യ ശോഭ മേനോന്‍ (5,200 കോടി), കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും എം.ഡി.യുമായ ടി.എസ്. കല്യാണരാമനും കുടുംബവും (5,200 കോടി ), മുത്തൂറ്റ് ഫിനാന്‍സ് എം.ഡി. ജോര്‍ജ് അലക്‌സാണ്ടര്‍ (4,000 കോടി), മണപ്പുറം ഫിനാന്‍സ് എം.ഡി. വി.പി. നന്ദകുമാര്‍ (3,700 കോടി) എന്നിവരാണ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് മലയാളികള്‍.
ശോഭ മേനോന്‍, ബിന്ദു പി.എന്‍.സി. മേനോന്‍, സൂസന്‍ തോമസ്, ഷീല കൊച്ചൗസേപ്പ്, അന്ന അലക്‌സാണ്ടര്‍, എലിസബത്ത് ജേക്കബ്, ലത മാത്യൂസ്, സാറാ ജോര്‍ജ് എന്നീ എട്ട് മലയാളി വനിതകളാണ് ഇത്തവണ പട്ടികയില്‍ ഇടം പിടിച്ചത്. അതേസമയം, ഇന്ത്യന്‍ ധനികരുടെ പട്ടികയിലെ ആദ്യ പത്തില്‍ ഒരു വനിത പോലുമില്ല.
തുടര്‍ച്ചയായി എട്ടാം തവണയും മുകേഷ് അംബാനി ഹുറുണ്‍ പട്ടികയില്‍ ഒന്നാമതെത്തി. 3.8 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ലോകത്തിലെ അതിസമ്പന്നരില്‍ എട്ടാം സ്ഥാനത്താണ് അംബാനി. 1.86 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി എസ്.പി. ഹിന്ദുജയും കുടുംബവുമാണ് ഇന്ത്യന്‍ സമ്പന്നരില്‍ രണ്ടാം സ്ഥാനത്തുള്ളത്. വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചു. 1.17 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ലക്ഷ്മി മിത്തലും കുടുംബവും (1.07 കോടി രൂപ), ഗൗതം അദാനി (94,500 കോടി) എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനം കരസ്ഥമാക്കി.

പുതിയ ഹ്യുണ്ടായ് എലാന്‍ട്ര ഒക്ടോബറില്‍ വിപണിയിലെത്തും

രാംനാഥ് ചാവ്‌ല-
പുതിയ ഹ്യുണ്ടായ് എലാന്‍ട്ര ഒക്ടോബര്‍ മൂന്നിന് വിപണികളിലെത്തും. പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും എലാന്‍ട്ര ലഭ്യമാവുക. ബിഎസ് 6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ എന്‍ജിനായിരിക്കും വാഹനത്തിലുണ്ടാവുക. 152 എച്ച്പി കരുത്തേകുന്നതായിരിക്കും ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍. വാഹനത്തിനുള്ള ബുക്കിംഗ് കമ്പനി സ്വീകരിച്ച് തുടങ്ങി.
പുതുക്കിപ്പണിത ഹെക്‌സഗണല്‍ ഗ്രില്‍, ത്രികോണാകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, വി രൂപത്തിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, പരിഷ്‌കരിച്ച ബൂട്ട് ലിഡ്, എല്‍ഇഡി ടെയില്‍ ലൈറ്റ്, പുതുക്കിപ്പണിത ഡാഷ്‌ബോര്‍ഡ്, പുതിയ അലോയി വീല്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ അകത്തളത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.