Month: September 2019

പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന

ഫിദ-
കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധന തുടരുന്നു. പെട്രോള്‍ ലിറ്ററിന് ആറ് പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ എട്ടു ദിവസം സംസ്ഥാനത്ത് ഇന്ധനവില വര്‍ധിച്ചിരുന്നു. എട്ടു ദിവസം കൊണ്ട് സംസ്ഥാനത്ത് പെട്രോളിന് 2.12 രൂപയാണ് വര്‍ധിച്ചത്. ഡീസല്‍ വിലയില്‍ 1.66 രൂപയും വര്‍ധിച്ചു.
കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 76.27 രൂപയും ഡീസലിന് 70.87 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 77.62 രൂപയും, 72.24 രൂപ എന്നീ ക്രമത്തിലാണ്.

 

അസൂസ് റോഗ് ഫോണ്‍ 2 ഇനി ഇന്ത്യയിലും

വിഷ്ണു പ്രതാപ്-
അസൂസ് റോഗ് ഫോണ്‍ 2 ഇന്ത്യയിലെത്തി. 6.59 ഇഞ്ച് വലിപ്പമുള്ള 1080 പിക്‌സല്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിന്റെ മുഖ്യ സവിശേഷത. എട്ട് ജിബി റാം + 128 ജിബി പതിപ്പിന് 37,999 രൂപയും12 ജിബി റാം / 512 ജിബി സ്‌റ്റോറേജ് മോഡലിന് 59,999 രൂപയും ആണ് വില വരുന്നത്.
6000 എംഎഎച്ച് ബാറ്ററിശേഷിയുള്ള ഫോണില്‍ 30 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. 48 എംപി പ്രധാന ക്യാമറയും 13 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും അടങ്ങുന്ന ഡ്യുവല്‍ ക്യാമറയും 24 എംപി സെല്‍ഫി ക്യാമറയുമാണ് റോഗ് ഫോണ്‍ 2നുള്ളത്.

 

വിലയില്‍ മത്സരിച്ച് പെട്രോളും സവാളയും

ഫിദ-
കൊച്ചി: വിലയില്‍ പെട്രോളും സവാളയും മത്സരിക്കുന്നു. പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി എട്ടാംദിവസവും വിലയുയര്‍ന്നു. 74 രൂപയായിരുന്നു പെട്രോളിന് ചൊവ്വാഴ്ച ഡല്‍ഹിയിലെ വില. അതേസമയം, മുംബൈയിലും ഡല്‍ഹിയിലും സവാളവില ഇന്നലെ കിലോഗ്രാമിന് 7580 രൂപവരെയെത്തി. ബെംഗലൂരുവിലും ചെന്നൈയിലും 60 രൂപക്കാണ് സവാള വിറ്റത്.
വില കുത്തനെ ഉയര്‍ന്നതോടെ രാജ്യത്ത് പലയിടത്തും കള്ളന്മാര്‍ സവാളമോഷണത്തിലേക്ക് ചുവടുമാറ്റി. ബിഹാറില്‍ പട്‌നയിലെ ഒരു സംഭരണശാലയില്‍നിന്ന് ഞായറാഴ്ച രാത്രി എട്ടുലക്ഷത്തിലധികം രൂപയുടെ സവാള മോഷണംപോയി. 328 ചാക്കുകളിലായി സൂക്ഷിച്ച സവാള മുറി കള്ളന്മാര്‍ കുത്തിത്തുറന്ന് ലോറിയില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
മഹാരാഷ്ട്രയിലെ നാസിക്കിലും കര്‍ഷകര്‍ സൂക്ഷിച്ച ഒരുലക്ഷം രൂപയോളം വിലവരുന്ന സവാള മോഷ്ടിച്ചു. 117 കൊട്ടകളിലായിവെച്ച 25 ടണ്‍ സവാള കള്ളന്‍ കൊണ്ടുപോയി. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും മഴയില്‍ കൃഷിനാശമുണ്ടായതോടെ സവാളയുടെ വരവുകുറഞ്ഞതാണ് വില കുത്തനെ ഉയരാന്‍ കാരണം. കാലാവസ്ഥാപ്രശ്‌നം കാരണം മൂന്നുവര്‍ഷമായി സവാളക്കൃഷിയില്‍ വലിയ ഇടിവാണുണ്ടായത്. രാജ്യത്തെ പ്രധാന ഉള്ളിയുത്പാദനകേന്ദ്രമായ നാസിക്കില്‍ ഇത്തവണ കാലവര്‍ഷം നാശം വിതച്ചിരുന്നു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഉള്ളി മൊത്തവിപണികളിലൊന്നാണ് നാസിക്കിലെ ലാസല്‍ഗാവ്. ക്വിന്റലിന് 3500 രൂപക്കാണ് ഇവിടെയിപ്പോള്‍ കര്‍ഷകരില്‍നിന്ന് ഉള്ളി സംഭരിക്കുന്നത്.

കഥയില്‍ മാറ്റമുണ്ടാകാറില്ല പക്ഷെ എന്റെ കഥാപാത്രം മാറുന്നു

ഫിദ-
ചെയ്യുന്ന സിനിമകളില്‍ പലതിന്റെയും കഥയില്‍ സാരമായ മാറ്റങ്ങളുണ്ടാകാറില്ലെന്നും താന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ ജോലിയിലാണ് മാറ്റം വരാറുള്ളതെന്ന് മമ്മൂട്ടി. ഗാനഗന്ധര്‍വന്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഒരു സ്വകാര്യ
ന്യൂസ് പോര്‍ട്ടലുമായി പങ്കുവെക്കുകയായിരുന്നു മമ്മൂട്ടിയും സംവിധായകന്‍ രമേഷ് പിഷാരടിയും. മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടായതിനാല്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ജോലിയും പശ്ചാത്തലവും അടങ്ങുന്ന കഥയുമായി താന്‍ മമ്മൂട്ടിയെ സമീപിക്കുകയായിരുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു.
‘യഥാര്‍ഥ ജീവിതത്തിലെ ഗാനഗന്ധര്‍വന്‍ യേശുദാസുമായി ഈ കഥക്ക് യാതൊരു ബന്ധവുമില്ല. ഗാനഗന്ധര്‍വന്‍ എന്നുളളത് ചെല്ലപ്പേരല്ല. കലാസദനം ഉല്ലാസിന്റെ വിളിപ്പേരാണ്. വളരെക്കാലങ്ങളായി ഗാനമേളകളില്‍ പാടുന്ന ഗായകന്‍. അയാള്‍ ഉയരങ്ങളിലെവിടെയും എത്തുന്നില്ല. ഈ ഗാനമേളകളില്‍ നിന്നും കിട്ടുന്ന പണവും കൊണ്ട് തന്റെ ചെറിയ കുടുംബം പോറ്റുന്നയാള്‍. അയാളുടെ വ്യക്തിജീവിതത്തില്‍ സംഭവിക്കുന്നതാണ്. സമൂഹത്തില്‍ കണ്ടിട്ടുള്ള ഒരുപാട് ഗാനഗന്ധര്‍വന്‍മാരുടെ കഥയാണ് ഈ സിനിമ.’
‘ട്രെയിലറിലെ ബുള്‍സൈ ആസ്വദിച്ചു കഴിക്കുന്ന രംഗങ്ങളെടുക്കുമ്പോള്‍ തനിക്കു ടെന്‍ഷനുണ്ടായെന്നും രമേഷ് പിഷാരടി പറഞ്ഞു. മുട്ടയിലെ മഞ്ഞക്കരു വായിലേക്കിടുന്ന ഷോട്ട് എടുക്കുമ്പോള്‍ രണ്ടോ മൂന്നോ മുട്ടയുടെ മഞ്ഞയൊക്കെ കഴിക്കേണ്ടി വരുമെന്ന് താന്‍ പറഞ്ഞപ്പോള്‍ ഉടനെ മമ്മൂക്ക പറഞ്ഞുവത്രേ’ ആരാണിതൊക്കെ പറഞ്ഞു പരത്തുന്നത്. ഞാന്‍ മുട്ടയുടെ മഞ്ഞ കഴിക്കാത്തയാളൊന്നുമല്ല. ഇതൊക്കെ എല്ലാവരും കഴിക്കുന്നതല്ലേ’
ഗാനഗന്ധര്‍വനില്‍ പുതുമുഖം വന്ദിതയാണ് നായിക. രമേഷ് പിഷാരടിയും ഹരി .പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.

കൊഴുപ്പുകള്‍ ഇല്ലാതാക്കാന്‍ ബെല്ലി ഡാന്‍സ്

രാംനാഥ് ചാവ്‌ല-
ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും ഒരുപോലെ ആരാധകരുളള താരമാണ് നടി ഇല്യാന ഡിക്രൂസ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. താരത്തിന്റെ ബെല്ലി ഡാന്‍സാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ശരീരത്തിലെ കൊഴുപ്പുകള്‍ ഇല്ലാതാക്കാനാണ് ഇത്തരത്തില്‍ ഡാന്‍സ് ചെയ്യുന്നതെന്ന് നടി പറയുന്നു. കറുത്ത പാവാടയും ബ്രായും ധരിച്ചാണ് നടിയുടെ ഡാന്‍സ്.

 

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

ഗായത്രി-
കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് ഇന്ന് 23 പൈസയാണു കൂടിയത്. ഡീസലിന് 15 പൈസയും വര്‍ധിച്ചു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുന്നത്.
പെട്രോള്‍ വില കൊച്ചിയില്‍ 76.28 രൂപയായും ഡീസല്‍ വില 70.97 രൂപയായും ഉയര്‍ന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പെട്രോളിന് 2.52 രൂപയും ഡീസലിന് 2.12 രൂപയുടെയും വര്‍ധന രേഖപ്പെടുത്തി. പെട്രോളിന് 30 പൈസയുടെയും ഡീസലിന് 20 പൈസയുടെയും വര്‍ധനയാണു ഇന്നലെ രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഒമ്പതിനു പെട്രോളിന് 73.76 രൂപയും ഡീസല്‍ വില 68.85 രൂപയുമായിരുന്നെങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില പടിപടിയായി ഉയരുകയായിരുന്നു.

ഇന്ത്യന്‍ ഓഹരി വിപണികളിലേക്ക് വിദേശ കമ്പനികളുടെ ഒഴുക്ക്

ഫിദ-
കൊച്ചി: കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് കിട്ടയതിന്റെ ആഹല്‍ദവുമായി ഓഹരി വിപണി മുന്നേറ്റം തുടരുന്നു. സെന്‍സെക്‌സ് 1075 പോയിന്റ് ഉയര്‍ന്ന് 39,090ലും നിഫ്റ്റി 326 പോയിന്റ് നേട്ടവുമായി 11,600ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച സെന്‍സെക്‌സ് 1921 പോയിന്റും നിഫ്റ്റി 569 പോയിന്റും മുന്നേറിയിരുന്നു. ഇരു സൂചികകളുടെയും കഴിഞ്ഞ പത്തുവര്‍ഷത്തെ ഏറ്റവും മികച്ച ഏകദിന നേട്ടമായി അത്.
ബജാജ് ഫിനാന്‍സ്, എല്‍ ആന്‍ഡ് ടി., ഏഷ്യന്‍ പെയിന്റ്‌സ്, ഐ.ടി.സി., കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, ഇന്ത്യന്‍ ഓയില്‍ എന്നിവയാണ് കുതിപ്പിന് നേതൃത്വം കൊടുത്ത പ്രമുഖ ഓഹരികള്‍. സമ്പദ്‌വളര്‍ച്ചക്ക് ഉണര്‍വേകാനായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പ്പറേറ്ര് നികുതിയിളവ് പ്രഖ്യാപിച്ചത്. നിലവിലെ 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി നികുതി കുറഞ്ഞു. പുതിയ കമ്പനികളുടെ നികുതി 25ല്‍ നിന്ന് 15 ശതമാനവുമാക്കി.
ലാഭത്തിന്മേലുള്ള നികുതി കുറക്കുകയും വിദേശ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റര്‍മാര്‍ക്കുമേല്‍ (എഫ്.പി.ഐ) ഏര്‍പ്പെടുത്തിയ സൂപ്പര്‍ സര്‍ചാര്‍ജ്, മൂലധന നേട്ട നികുതി എന്നിവ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നികുതി ബാധ്യത ഒഴിവായതോടെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിത്തുടങ്ങി. വെള്ളിയാഴ്ച മാത്രം 36 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ എഫ്.പി.ഐകള്‍ വാങ്ങി.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സെന്‍സെക്‌സിലെ നിക്ഷേപകര്‍ കൊയ്ത നേട്ടം 10.35 ലക്ഷം കോടി രൂപയാണ്. ഇന്നലെ മാത്രം 3.52 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടായി. സെന്‍സെക്‌സിന്റെ മൂല്യം 145.37 ലക്ഷം കോടി രൂപയില്‍ നിന്ന് 148.89 ലക്ഷം കോടി രൂപയായാണ് ഇന്നലെ ഉയര്‍ന്നത്.
ഓഹരികളിലേക്ക് നിക്ഷേപത്തിന്റെ ഒഴുക്ക് തുടങ്ങിയത് രൂപക്കും നേട്ടമായി. ഇന്നലെ ഡോളറിനെതിരെ ഒരു പൈസ ഉയര്‍ന്ന് 70.93ലാണ് രൂപ വ്യാപാരം പൂര്‍ത്തിയാക്കിയത്. വെള്ളിയാഴ്ച രൂപ 40 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രഭരണം വീണ്ടും എന്‍.ഡി.എ ഉറപ്പിച്ചതിനെ ആഘോഷവുമായി കഴിഞ്ഞ മേയ് 23ന് സെന്‍സെക്‌സ് ചരിത്രത്തില്‍ ആദ്യമായി 40,000 പോയിന്റ് ഭേദിച്ചിരുന്നു. നിഫ്റ്രി 12,000വും മറികടന്നു. കോര്‍പ്പറേറ്റ് നികുതിയിളവ്, കുറഞ്ഞ പലിശഭാരം, സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ എന്നിവയുടെ കരുത്തില്‍ അടുത്ത ജൂണിനകം സെന്‍സെക്‌സ് 45,000 കടന്നേക്കുമെന്ന് പ്രമുഖ വിദേശ ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി അഭിപ്രായപ്പെട്ടു. നിഫ്റ്റി മാര്‍ച്ചോടെ 13,000വും കടക്കും.

സാമ്പത്തിക പ്രതിസന്ധി; തോമസ് കുക്ക് വിമാനക്കമ്പനി പൂട്ടി

അളക ഖാനം-
ലണ്ടന്‍: ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് പാപ്പരായി പ്രഖ്യാപിച്ചു. 178 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പ്യരമുള്ള കമ്പനിയില്‍ 22,000 പേരാണ് ജോലി ചെയ്തിരുന്നത്. ബ്രിട്ടനില്‍മാത്രം 9000 പേര്‍ ജോലി ചെയ്തിരുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ലോകത്താകമാനമുള്ള ഓഫീസുകളും ആയിരക്കണക്കിന് ഉപഭോക്താക്കളുമുണ്ടായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെതുടര്‍ന്നാണ് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കമ്പനി പൂട്ടിയത്. 25 കോടി ഡോളര്‍ ബാധ്യതയുള്ള കമ്പനി പിടിച്ചുനില്‍ക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ടതിനെതുടര്‍ന്നാണ് നിശ്ചലമായത്. ഇതോടെ തോമസ് കുക്കിന്റെ പാക്കേജിലൂടെ യാത്രയിലായിരുന്ന പലരുടെയും സ്ഥിതി അനിശ്ചിതത്വത്തിലായി. ഓഫീസുകളുടെ പ്രവര്‍ത്തനവും വിമാന സര്‍വീസുകളും നിര്‍ത്തിയതായി കമ്പനി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

സ്വയം ഭോഗം അവതരിപ്പിക്കനുള്ള ഭയംകൊണ്ട് പിന്‍മാറി: ഷെയ്ന്‍ നിഗം

ഗായത്രി-
രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തില്‍ നിന്ന് പിന്‍മാറിയതിന് പിന്നിലുള്ള കാരണം തുറന്ന് പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേയായിരുന്നു ഷെയ്‌ന്റെ പിന്‍മാറ്റം.
ഞാന്‍ സ്റ്റീവ് ലോപ്പസ് ചെയ്യാതിരിക്കാന്‍ ഒരു കാരണമുണ്ട്. എനിക്കന്ന് 17 വയസ്സ് മാത്രമേ പ്രായമുള്ളൂ. കോളേജില്‍ ഫസ്റ്റ് ഇയറാണ്. അങ്ങനെ ഷൂട്ടിംഗ് തുടങ്ങാന്‍ ഒരാഴ്ച മുമ്പ് രാജീവ് രവി സാര്‍ എന്നോട് പറഞ്ഞു. ഇതില്‍ ഒരു സ്വയംഭോഗം ചെയ്യുന്ന രംഗമുണ്ടെന്ന്. ഞാന്‍ ആകെ ഞെട്ടിപ്പോയി. ഇത് വീട്ടില്‍ പറയാന്‍ പേടി.
സൗബിനാണ് ഒടുവില്‍ ഈ കാര്യം എന്റെ വീട്ടില്‍ അവതരിപ്പിക്കുന്നത്. വാപ്പിച്ചിക്കും ഉമ്മച്ചിക്കും അത് കേട്ടപ്പോള്‍ താല്‍പര്യം തോന്നിയില്ല. കാരണം ഞാന്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയില്‍ ഇങ്ങനെ ഒരു രംഗമുണ്ടെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അതുകൊണ്ടാണ് ഞാന്‍ അന്ന് സിനിമയില്‍ നിന്ന് പിന്‍മാറിയത്. ഇത്രയും കാലം ഞാന്‍ പറഞ്ഞിരുന്നത് കോളേജില്‍ പഠിക്കുകയായിരുന്നു, പഠിക്കാനുണ്ടായിരുന്നു എന്നൊക്കെയാണ്. എന്നാല്‍ അതൊന്നുമല്ല യഥാര്‍ഥ കാരണമെന്നും ഷെയന്‍ പറഞ്ഞു.

ഇന്ധന വില കുതിക്കുന്നു

ഗായത്രി-
കൊച്ചി: ഇന്ധന വില കത്തിക്കയറുന്നു. ഇന്ന് സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 20 പൈസയും വര്‍ധിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് പെട്രോളിന് 2.07 രൂപയും ഡീസലിന് 1.73 രൂപയുമാണ് വര്‍ധിച്ചത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 77.33 രൂപയും ഡീസലിന് 72.02 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 75.99 രൂപയും ഡീസലിന് 70.66 രൂപയുമാണ്.