Month: May 2022

നയന്‍താരാ ചക്രവര്‍ത്തിയുടെ വര്‍ക്കൗട്ട് വീഡിയോ വയറലായി

മുപ്പതില്‍പരം സിനിമകളില്‍ ബാലതാരമായി അഭിനയിച്ച നയന്‍താരാ ചക്രവര്‍ത്തി നായികയാവനുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായി ബോഡി ഫിറ്റ്‌നസ് വരുത്താന്‍ വേണ്ടി തീവ്രമായ വര്‍ക്കൗട്ടില്‍ വ്യാപൃതയായിരിക്കയാണ്. താരം തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ജിം സെന്ററില്‍ വ്യായാമം ചെയ്യുന്ന വീഡിയോ പങ്കു വെച്ചിട്ടുള്ളത്. ഈ വിഡിയോ ആരാധകരും ഏറ്റെടുത്തിരിക്കയാണ്. നേരത്തെ തന്നെ നയന്‍താര മെഗാ പ്രൊഡ്യൂസര്‍ കെ.ടി. കുഞ്ഞുമോന്‍ നിര്‍മ്മിക്കുന്ന ‘ജെന്റില്‍മാന്‍ 2’ലെ നായികയായി നിര്‍മ്മാതാവ് തന്നെ പ്രഖ്യാപിച്ചിരുന്നു. അതിനെ തുടര്‍ന്ന് മലയാളം, തെലുങ്ക് ഭാഷകളില്‍ നിന്നും നായികയായി ഒട്ടേറേ അവസരങ്ങള്‍ താരത്തെ തേടി എത്തുന്നുണ്ട് എങ്കിലും അഭിനയ സാധ്യതയുള്ള നല്ല കഥാപാത്രങ്ങളും സിനിമകളുമാണെങ്കില്‍ സ്വീകാര്യം എന്ന സിദ്ധാന്തത്തിലാണത്രെ. ഏതായാലും തെന്നിന്ത്യന്‍ സിനിമയില്‍ നായികയായി ചുവടുറപ്പിക്കാനുള്ള തീവ്ര പരിശീലനത്തിലും പരിശ്രമത്തിലുമാണ് നയന്‍താരാ ചക്രവര്‍ത്തി.

Video Courtesy: InFilm Productions

പേടിഎം സംയുക്ത ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി രൂപീകരിച്ചു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പേടിഎം മാതൃസ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് സംയുക്ത ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി രൂപീകരിച്ചു.

സംയുക്ത സംരംഭമായ പേടിഎം ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡ് (PGIPL) സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം ബോര്‍ഡ് അംഗീകരിച്ചതായി കമ്പനി അറിയിച്ചു.

10 വര്‍ഷത്തിനുള്ളില്‍ 950 കോടി രൂപ കമ്പനി ഇതില്‍ നിക്ഷേപിക്കും.

തുടക്കത്തില്‍, വണ്‍97 കമ്മ്യൂണിക്കേഷന്‍സിന് പേടിഎം ജനറല്‍ ഇന്‍ഷുറന്‍സില്‍ 49 ശതമാനം ഓഹരി പങ്കാളിത്തമായിരിക്കും ഉണ്ടാകുക. ബാക്കി 51 ശതമാനം ഓഹരികള്‍ വണ്‍97 ന്റെ മാനേജിംഗ് ഡയറക്ടര്‍ വിജയ് ശേഖര്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള വിഎസ്എസ് ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് (VHPL) എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലായിരിക്കും.

നിക്ഷേപത്തിനു ശേഷം, ജനറല്‍ ഇന്‍ഷുറന്‍സില്‍ പേടിഎം 74 ശതമാനം ഓഹരികള്‍ സ്വന്തമാക്കുകയും, കമ്പനിയിലെ വിഎച്ച്പിഎല്ലിന്റെ ഓഹരി 26 ശതമാനമായി കുറയുകയും ചെയ്യുമെന്നും കമ്പനി അറിയിച്ചു.

ഹൈപ്പര്‍ലൂപ്പ്; റെയില്‍വേ മന്ത്രാലയം മദ്രാസ് ഐഐടിയുമായി സഹകരിക്കും

അളക ഖാനം-
ന്യൂഡല്‍ഹി: താഴ്ന്ന മര്‍ദ്ദമുള്ള ട്യൂബുകളില്‍ മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ ഉപയോഗിച്ച് വിമാനത്തിന് സമാനമായ വേഗതയില്‍ ആളുകളെയും ചരക്കുകളും കൊണ്ടുപോകുന്ന സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഹൈപ്പര്‍ലൂപ്പ്.

തദ്ദേശീയമായ ഹൈപ്പര്‍ലൂപ്പ് സംവിധാനം വികസിപ്പിക്കുന്നതിനായി റെയില്‍വേ മന്ത്രാലയം മദ്രാസ് ഐഐടിയുമായി സഹകരിക്കുമെന്ന അധികൃതര്‍ അറിയിച്ചു. കൂടാതെ ഹൈപ്പര്‍ലൂപ്പ് സാങ്കേതിക വിദ്യയ്ക്കായി ഒരു സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രീമിയര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സ്ഥാപിക്കാന്‍ സഹായിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

2017ല്‍ അന്നത്തെ റെയില്‍വെ മന്ത്രി സുരേഷ്പ്രഭു യുഎസ് ആസ്ഥാനമായുള്ള ഹൈപ്പര്‍ലൂപ്പ് വണ്ണും തമ്മില്‍ നിരവധി റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും കാര്യമായ ഒന്നും നടന്നിരുന്നില്ല.

ഇന്ത്യയെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതില്‍ ഈ സാങ്കേതികവിദ്യക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.

ഇന്ത്യന്‍ റെയില്‍വേയെ സംബന്ധിച്ചിടത്തോളം കുറഞ്ഞ ഊര്‍ജം ആവശ്യമായ ഹൈപ്പര്‍ലൂപ്പ് ആകര്‍ഷകമായ നിര്‍ദ്ദേശമാക്കി മാറ്റുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അതിനാല്‍ യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗതത്തിനായി ഉയര്‍ന്നുവരുന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഈ ആശയം വികസിപ്പിക്കുന്നതിനുള്ള സംയുക്ത സഹകരണത്തിനായി റെയില്‍വേ മന്ത്രാലയം സാധ്യതയുള്ള പങ്കാളികളെയും ഡൊമെയ്ന്‍ വിദഗ്ധരെയും തേടുകയായിരുന്നു.

 

ഇനി ആളറിയാതെ ഫോണ്‍ കോള്‍ ചെയ്യാനാകില്ല; പുതിയ സംവിധാനവുമായി ട്രായി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഫോണില്‍ വിളിക്കുന്നവരുടെ പേര് ട്രൂകോളര്‍ ആപ് ഇല്ലാതെതന്നെ ദൃശ്യമാകുന്ന സംവിധാനവുമായി എത്തുകയാണ് ട്രായി.

ഉപഭോക്താക്കള്‍ സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയിലെ (KYC) പേര് ഫോണ്‍ കോള്‍ ലഭിക്കുന്ന വ്യക്തിയുടെ മൊബൈല്‍ സ്‌ക്രീനില്‍ ദൃശ്യമാകുന്ന സംവിധാനമാണ് കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ വരുത്തുവാന്‍ പോകുന്നത്.

ഈ സംവിധാനം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ഉടന്‍ ചര്‍ച്ച തുടങ്ങുമെന്നാണ് ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നത്.

ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം (DoT)യില്‍ നിന്ന് ഇതേക്കുറിച്ച് കൂടിയാലോചന ആരംഭിക്കുന്നതിനുള്ള ഒരു നിര്‍ദേശം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടിയാലോചന ഏതാനും നാളികള്‍ക്കുള്ളില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രായ് ചെയര്‍മാന്‍ പി.ഡി. വഗേലയും അറിയിച്ചു.

ട്രായി നേരത്തേ തന്നെ സമാനമായ രീതിയില്‍ ചിന്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രത്യേക പിന്തുണയോടെയാണ് ഇത് ആരംഭിക്കുന്നത്.

ഫോണില്‍ സേവ് ചെയ്തിട്ടില്ലാത്ത നമ്പരില്‍ നിന്നു കോള്‍ വന്നാല്‍ പേരു ദൃശ്യമാക്കുന്ന ട്രൂകോളര്‍ സ്വകാര്യ ആപ് സേവനം ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍, ട്രൂകോളര്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ഇത് സാധ്യമാക്കുന്നത്.

ക്രൗഡ് സോഴ്‌സിങ് ഡേറ്റയെ(CSD) അടിസ്ഥാനമാക്കി തട്ടിപ്പ് നടത്തുന്നവരെ തിരിച്ചറിയാനും കൃത്യതയും സുതാര്യതയും കൊണ്ടുവരാനും KYC പ്രകാരം വിളിക്കുന്നവരെ തിരിച്ചറിയാനും ഈ സംവിധാനം സഹായിക്കുമെന്നതിനാല്‍ ഈ നീക്കം കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു.

ഈ സംവിധാനം അറിയാത്ത നമ്പറില്‍ നിന്ന് വിളിവന്നാല്‍ ആളെ മനസിലാക്കി വേണമെങ്കില്‍ കോള്‍ എടുക്കാനും കട്ട് ചെയ്യാനും സാധിക്കും.
ഇത് ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ KYC ഉപയോഗിച്ചുള്ള കോളര്‍ ഐഡി സംവിധാനം സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ശല്യമാകുന്ന കൊമേഴ്‌സ്യല്‍ കമ്മ്യൂണിക്കേഷന്‍ (UCC) അല്ലെങ്കില്‍ സ്പാം കോളുകളും സന്ദേശങ്ങളും തടയാന്‍ ബ്ലോക്ക്‌ചെയ്യാനുള്ള സാങ്കേതിക വിദ്യയും ട്രായി നടപ്പിലാക്കുന്നുണ്ട്.

ഇനി കെട്ടിടങ്ങളിലെ ചൂടും തണുപ്പും ക്രമീകരിക്കാന്‍ ‘സിനിക്കോണ്‍ സാന്റ്’

എം.എം. കമ്മത്ത്-
കൊച്ചി: ഇനി ഒരു കോണ്‍ക്രീറ്റ് കെട്ടിടത്തിലെ ചൂടും തണുപ്പും ക്രമീകരിക്കാന്‍ ശാശ്വത പരിഹാരവുമായി ‘സിനിക്കോണ്‍ സാന്റ്’ വിപണി കീഴടക്കുന്നു.
ഇനി പഴയതും പുതിയതുമായ വീടിനും കെട്ടിടങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ‘സിനിക്കോണ്‍ സാന്റ്’ കൊണ്ട് ചൂടിന് ശാശ്വത പരിഹാരമുണ്ടാക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

ചൂട് കൂടുതല്‍ അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ചൂട് കുറക്കാനും തണുപ്പുള്ള സ്ഥലങ്ങളില്‍ തണുപ്പകറ്റാനും ടെറസ് റൂഫില്‍ നിലവിലുള്ള ഉറപ്പുള്ള പ്ലാസ്റ്ററിന് മുകളില്‍ സിനിക്കോണ്‍ സാന്റ് മതി.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. പഴയ കെട്ടിടങ്ങളുടെ ടെറസ് റൂഫില്‍ നിലവിലുള്ള ഉറപ്പുള്ള പ്ലാസ്റ്ററിന് മുകളില്‍ സിനിക്കോണ്‍ സാന്റ് കൊണ്ട് വീണ്ടും പ്ലാസ്റ്റര്‍ ചെയ്യുക, പുതിയ വീട് പണിയുകയാണെങ്കില്‍ റൂഫും സീലിങ്ങും ചുമരുകളും സിനിക്കോണ്‍ സാന്റ് കൊണ്ട് പ്ലാസ്റ്റര്‍ ചെയ്താല്‍ മതിയാകുമെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. സിനിക്കോണ്‍ ഉപയോഗിച്ചാല്‍ കോണ്‍ക്രീറ്റ് പിന്നെ ചൂടാകില്ല. അതുകൊണ്ടു തന്നെ പഴയ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഈട് കൂടും.

പുറത്തു നിന്നുള്ള ചൂടിനെ അകത്തേക്ക് കടത്തി വിടാതെ വീടിനകത്ത് തണുപ്പും, തണുപ്പുകാലത്ത് തണുപ്പകറ്റാനും സിനിക്കോണ്‍ സാന്റ് കൊണ്ടുള്ള പ്ലാസ്റ്ററിന് സാധിക്കും. ഇത് കാരണം എസിയുടെ ഉപയോഗം കുറക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

2007 മുതല്‍ വിപണിയിലുള്ള സിനിക്കോണ്‍ സാന്റ് ‘ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലും’ ഗവണ്‍മെന്റ് ഏജന്‍സിയായ ‘ഗൃഹ’യും അംഗീകരിച്ച ഇന്ത്യയിലെ തന്ന ആദ്യത്തെ ഗ്രീന്‍ സര്‍ട്ടിഫൈഡ് ഹീറ്റ് പ്രൂഫിങ്ങ് പ്ലാസ്റ്ററിംങ് സാന്റാണ്.

തികച്ചും പ്രകൃതിദത്തവും സുരക്ഷിതവുമായ ‘സിനിക്കോണ്‍ സാന്റ്’ കെട്ടിടങ്ങള്‍ക്ക് ഒരു കവചമായാണ് പ്രവര്‍ത്തിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.sinicon.net/sinicon_sand എന്ന വെബ്‌സൈറ്റ് സന്ദര്‍ശ്ശിക്കുക.

Or Call : +91 94 95 22 11 22, Tollfree : 1800 425 200 000

ധനലക്ഷ്മി ബാങ്കിന് 134.30 കോടി രൂപയുടെ പ്രവര്‍ത്തനലാഭം

ഗായത്രി-
തൃശൂര്‍: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ധനലക്ഷ്മി ബാങ്ക് 134.30 കോടി രൂപയുടെ പ്രവര്‍ത്തനലാഭം നേടി. 56.47 ശതമാനമാണ് ബിസ്‌നസ്സ് വളര്‍ച്ച.
അറ്റാദായം 35.90 കോടി രൂപയും.

ജനുവരി-മാര്‍ച്ച് പാദത്തില്‍ പ്രവര്‍ത്തനലാഭം 63.62 കോടി രൂപയും അറ്റാദായം 23.42 കോടി രൂപയുമാണ്.

മൊത്തം ബിസിനസ്സ് മുന്‍വര്‍ഷത്തെ 18,834 കോടി രൂപയില്‍ നിന്നും 10.69 ശതമാനം വളര്‍ച്ച 20,847 കോടി രൂപയായി.

നിക്ഷേപം 5.90 ശതമാനം ഉയര്‍ന്ന് 12,403 കോടി രൂപയിലും വായ്പകള്‍ 18.56 ശതമാനം വര്‍ദ്ധിച്ച് 8,444 കോടി രൂപയിലുമെത്തി.

നിക്ഷേപത്തില്‍ 34.28 ശതമാനവും കറന്റും സേവിംഗ്‌സും അക്കൗണ്ട് നിക്ഷേപങ്ങളാണ്.

കേന്ദ്ര ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആദ്യത്തെ 5 ജി കോള്‍ ചെയ്തു

ഗായത്രി-
ചെന്നൈ: കേന്ദ്ര ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്, മദ്രാസ് ഐഐടിയില്‍ സ്ഥാപിച്ച ട്രയല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് രാജ്യത്തെ ആദ്യത്തെ 5ജി കോള്‍ ചെയ്തു.

പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച 5ജി സാങ്കേതികവിദ്യയെ ‘ആത്മനിര്‍ഭര്‍ 5ജി’ എന്നാണ് അദ്ദേഹം വിളിക്കുന്നത്. പ്രധാനമന്ത്രിയുടെ ആശയങ്ങളുടെ പൂര്‍ത്തീകരണമാണ് ഇതുവഴി നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘4ജി, 5ജി സാങ്കേതികവിദ്യ ഇന്ത്യയില്‍ വികസിപ്പിച്ചെടുക്കുകയും ഇന്ത്യയില്‍ നിര്‍മ്മിക്കുകയും അത് കൂടാതെ ലോകത്തിന് വേണ്ടി നിര്‍മ്മിക്കുകയും ചെയ്യുക എന്നതാണ് മോദിയുടെ കാഴ്ചപ്പാട്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നമുക്ക് ലോകം ജയിക്കണം’ എന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ഈ വേളയില്‍ പറഞ്ഞു.

Video Courtesy: ANI News

പാചകവാതകം ഗാര്‍ഹിക സിലിണ്ടറിന് വീണ്ടും വിലകൂട്ടി…

ഫിദ-
കൊച്ചി: 12 ദിവസങ്ങള്‍ക്കിടെ പാചകവാതക ഗാര്‍ഹിക സിലിണ്ടറിന് രണ്ടാം തവണയും വിലകൂട്ടി. പാചകവാതക ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയും വാണിജ്യ സിലിണ്ടറിന് 8 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ഇതോടെ കൊച്ചിയില്‍ പാചകവാതക സിലിണ്ടറിന്റെ വില യഥാക്രമം 1010 രൂപ, 2357.50 രൂപ എന്നിങ്ങനെയായി.
ഈ വര്‍ഷം ഇതുവരെ ഗാര്‍ഹിക സിലിണ്ടറിന് 103.50 രൂപയും വാണിജ്യ സിലിണ്ടറിന് 364 രൂപയുമാണ് വര്‍ധിച്ചത്.

 

ഇന്ത്യക്ക് ഒരു ലക്ഷം ഡ്രോണ്‍ പൈലറ്റുമാരെ വേണം: കേന്ദ്ര വ്യോമയാന മന്ത്രി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: വരും വര്‍ഷങ്ങളില്‍ ഇന്ത്യക്ക് ഒരു ലക്ഷം ഡ്രോണ്‍ പൈലറ്റുമാരെ വേണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാധിത്യ സിന്ധ്യ.

കേന്ദ്രസര്‍ക്കാറിന്റെ 12 മന്ത്രാലയങ്ങളും ഡ്രോണ്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ഡ്രോണ്‍ പൈലറ്റാകാന്‍ സാധിക്കുമെന്നും കോളേജ് ഡിഗ്രി ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

രണ്ടോ മൂന്നോ മാസത്തെ പരിശീലനം നേടി ഡ്രോണ്‍ പൈലറ്റായി ജോലിക്ക് കയറാമെന്നും പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

2030 ഓടെ രാജ്യത്തെ അന്താരാഷ്ട്രാ ഡ്രോണ്‍ ഹബ് ലീഡറാക്കി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരിശ്രമിക്കുന്നതെന്നും സിന്ധ്യ പറഞ്ഞു.

മൂന്നു ഘട്ടങ്ങളായാണ് ഡ്രോണ്‍ സെക്ടറിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും ആദ്യ ഘട്ടമായ ഡ്രോണ്‍ നയം രൂപവത്കരിച്ചതായും മന്ത്രി പറഞ്ഞു.
രണ്ടാമത്തെ ഘട്ടം പ്രോത്സാഹനം നല്‍കുന്നതാണെന്നും പ്രധാനമന്ത്രിയുടെ കീഴിലുള്ള PLI (പ്രാഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്‌സ്) വഴി ഈ ലക്ഷം നടത്തി വരികയാണെന്നും ജോതിരാധിത്യ സിന്ധ്യ പറഞ്ഞു.

2021 ആഗസ്റ്റ് 25ന് പുറത്ത്‌വിട്ട ഡ്രോണ്‍ ലിബറലൈസ്ഡ് നിയമത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ മുതല്‍ PLI പദ്ധതി നടക്കുന്നുണ്ട്.
മൂന്നാം ഘട്ടമായാണ് മന്ത്രാലയങ്ങള്‍ ഡ്രോണ്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നത് എന്നും മന്ത്രി അറിയിച്ചു.

 

മികച്ച താരങ്ങളുമായി രാജേഷ് കെ രാമന്‍

കൊച്ചി: ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് കെ രാമന്‍
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ വെച്ച് നടന്നു.

പ്രശസ്ത സംവിധായകന്‍ സിബി മലയില്‍ സ്വിച്ചോണ്‍ നിര്‍വ്വഹിച്ചു.
സംവിധായകന്‍ മനു അശോകന്‍ ആദ്യ ക്ലാപ്പടിച്ചു.

‘ഹൃദയം’ ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്, അരുണ്‍ കുമാര്‍, ശ്രുതി രജനീകാന്ത്, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം രമേഷ് റെഡ്ഡി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഗേഷ് നാരായണന്‍ നിര്‍വ്വഹിക്കുന്നു.

കന്നട സിനിമയിലെ പ്രശസ്ത നിര്‍മ്മാതാവായ രമേഷ് റെഡ്ഡിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്.

എഡിറ്റര്‍- അയൂബ് ഖാന്‍, സംഗീതം-സച്ചിന്‍ ശങ്കര്‍ മന്നത്ത്, കല- മനു ജഗത്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം- ബ്യൂസി ബേബി ജോണ്‍, സ്റ്റില്‍സ്- രാകേഷ് നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭി ആനന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- നിധീഷ് ഇരിട്ടി, രാഹുല്‍ കൃഷ്ണ, ക്യാമറ അസോസിയേറ്റ്- മണികണ്ഠന്‍ പി.സി, അസിസ്റ്റന്റ് ഡയറക്ടര്‍- യദോകൃഷ്ണ, ദേയകുമാര്‍, കാവ്യ തമ്പി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സജി പുതുപ്പള്ളി.
മെയ് ആറ് മുതല്‍ എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും.
പി ആര്‍ ഒ- എ എസ് ദിനേശ്.