അളക ഖാനം-
ന്യൂഡല്‍ഹി: താഴ്ന്ന മര്‍ദ്ദമുള്ള ട്യൂബുകളില്‍ മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ ഉപയോഗിച്ച് വിമാനത്തിന് സമാനമായ വേഗതയില്‍ ആളുകളെയും ചരക്കുകളും കൊണ്ടുപോകുന്ന സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഹൈപ്പര്‍ലൂപ്പ്.
തദ്ദേശീയമായ ഹൈപ്പര്‍ലൂപ്പ് സംവിധാനം വികസിപ്പിക്കുന്നതിനായി റെയില്‍വേ മന്ത്രാലയം മദ്രാസ് ഐഐടിയുമായി സഹകരിക്കുമെന്ന അധികൃതര്‍ അറിയിച്ചു. കൂടാതെ ഹൈപ്പര്‍ലൂപ്പ് സാങ്കേതിക വിദ്യയ്ക്കായി ഒരു സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രീമിയര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സ്ഥാപിക്കാന്‍ സഹായിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
2017ല്‍ അന്നത്തെ റെയില്‍വെ മന്ത്രി സുരേഷ്പ്രഭു യുഎസ് ആസ്ഥാനമായുള്ള ഹൈപ്പര്‍ലൂപ്പ് വണ്ണും തമ്മില്‍ നിരവധി റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും കാര്യമായ ഒന്നും നടന്നിരുന്നില്ല.
ഇന്ത്യയെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതില്‍ ഈ സാങ്കേതികവിദ്യക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.
ഇന്ത്യന്‍ റെയില്‍വേയെ സംബന്ധിച്ചിടത്തോളം കുറഞ്ഞ ഊര്‍ജം ആവശ്യമായ ഹൈപ്പര്‍ലൂപ്പ് ആകര്‍ഷകമായ നിര്‍ദ്ദേശമാക്കി മാറ്റുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അതിനാല്‍ യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗതത്തിനായി ഉയര്‍ന്നുവരുന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഈ ആശയം വികസിപ്പിക്കുന്നതിനുള്ള സംയുക്ത സഹകരണത്തിനായി റെയില്‍വേ മന്ത്രാലയം സാധ്യതയുള്ള പങ്കാളികളെയും ഡൊമെയ്ന്‍ വിദഗ്ധരെയും തേടുകയായിരുന്നു.