Month: September 2020

ഇനി പിവിസി ആധാര്‍ കാര്‍ഡ് സ്വന്തമാക്കാം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇനി പിവിസി ആധാര്‍ കാര്‍ഡ് നിങ്ങള്‍ക്ക് സ്വന്തമാക്കാം. യുണിക് അഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.എ.ഡി.ഐ) യാണ് സുരക്ഷാ സവിശേഷതകളുള്ള പിവിസി ആധാര്‍ കാര്‍ഡ് അവതരിപ്പിക്കുന്നത്. ഡിജിറ്റല്‍ സൈന്‍, ക്യുആര്‍ കോഡ്, ഹോളോഗ്രാം തുടങ്ങിയവ കാര്‍ഡിലുണ്ടാകും. ആധാര്‍ ഉടമകള്‍ക്ക് ലളിതമായ നടപടിക്രമങ്ങളിലൂടെ ഓണ്‍ലൈനായി കാര്‍ഡിന് അപേക്ഷിക്കാം. തപാല്‍ ചാര്‍ജ്, ജിഎസ്ടി എന്നിവ ഉള്‍പ്പടെ 50 രൂപയാണ് ഫീസ് ഈടാക്കുക. സ്പീഡ് പോസ്റ്റില്‍ കാര്‍ഡ് ഉടമയുടെ കൈവശമെത്തും. കൂടുതല്‍ വിവരങ്ങള്‍ അറിയാനും ഓണ്‍ലൈനായി പിവിസി ആധാര്‍ കാര്‍ഡ് അപേക്ഷിക്കുവാനും ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറുക. https://residentpvc.uidai.gov.in/order-pvcreprint

ഓണ്‍ലൈനായി പിവിസി ആധാര്‍ കാര്‍ഡ് അപേക്ഷിക്കേണ്ട വിധം:
വെബ്‌സൈറ്റില്‍ കയറി ആധാര്‍ നമ്പര്‍ നല്‍കുക. മൊബൈലില്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ സൈറ്റില്‍ നിര്‍ദിഷ്ട സ്ഥലത്ത് നല്‍കുക. കാര്‍ഡുടമയുടെ അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ പേജ് തുറന്നുവരും. കാര്‍ഡിലെ വിവരങ്ങള്‍ കൃത്ത്യമാണെന്ന് ഉറപ്പുവരുത്തുക. അതിന്‌ശേഷം 50 രൂപ പണമടക്കുക. യുപിഐ, ക്രഡിറ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവ ഉപയോഗിച്ച് ഓണ്‍ലൈനായി പണമടക്കുക. പണമടച്ചതിന്‌ശേഷം സ്റ്റാറ്റസ് പരിശോധിക്കാന്‍ ഒരു നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ സൂക്ഷിച്ച് വെക്കുക. പിന്നീട് തപാലില്‍ കാര്‍ഡ് ലഭിക്കും.

‘എരിഡ’യുടെ ചിത്രീകരണം ബാംഗളൂരുവില്‍ പുരോഗമിക്കുന്നു

എഎസ്സ് ദിനേശ്-
ബാംഗളൂരു: വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’ എന്ന ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം ബാംഗളൂരുവില്‍ പുരോഗമിക്കുന്നു. ‘എരിഡ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു.
‘എരിഡ’ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് ‘എരിഡ’. നാസ്സര്‍, സംയുക്ത മേനോന്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് പ്രമുഖ താരങ്ങള്‍. അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥന്‍ നിര്‍വ്വഹിക്കുന്നു. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ‘എരിഡ’.
വൈ വി രാജേഷ് തിരക്കഥ, സംഭാഷണമെഴുതുന്നു. എഡിറ്റര്‍- സുരേഷ് അരസ്, സംഗീതം- അഭിജിത്ത് ഷൈലനാഥ്, ലൈന്‍ പ്രൊഡ്യൂസര്‍- ബാബു, കല- അജയ് മാങ്ങാട്, മേക്കപ്പ്- ഹീര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ലിജി പ്രേമന്‍, പരസ്യക്കല- ജയറാം പോസ്റ്റര്‍വാല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജയ് പാല്‍, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

റിയല്‍മി 7i ഒക്ടോബര്‍ 7 ന് അവതരിപ്പിക്കും

രാംനാഥ് ചാവ്‌ല-
മുംബൈ: റിയല്‍മി 7i ഒക്ടോബര്‍ 7 ന് വിപണിയിലെത്തും. റിയല്‍മി 7 സീരീസിലെ മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ ആണിത്. 7 സീരീസിനു കീഴിലുള്ള റിയല്‍മി യുടെ വരാനിരിക്കുന്ന ഫോണിനെ റിയല്‍മി 7 പ്രോ എസ്ഇ എന്ന് വിളിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കൂടാതെ, ഒരു കൂട്ടം ഉല്‍പ്പന്നങ്ങളും കമ്പനി പുറത്തിറക്കുമെന്നാണ് അറിയാന്‍ സാധിച്ചത്. റിയല്‍മി 7i കൂടാതെ, റിയല്‍മി അതിന്റെ ഏറ്റവും പ്രീമിയവും ദീര്‍ഘനാളായി പ്രതീക്ഷിക്കുന്ന 55 ഇഞ്ച് 4 കെ ടിവിയും പുറത്തിറക്കും. ഇതില്‍ എസ്എല്‍ഇഡി സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. എല്‍ഇഡിയിലൂടെ അപ്‌ഗ്രേഡുചെയ്ത ക്വാണ്ടം ഡോട്ട് ഡിസ്‌പ്ലേക്ക് സമാനമായ ഔട്ട്പുട്ട് ഉള്ള ഒരു പുതിയ ഡിസ്‌പ്ലേ മെറ്റീരിയലാണ് എസ്എല്‍ഇഡി. അടുത്ത മാസം നടക്കാനിരിക്കുന്ന പരിപാടിയില്‍ റിയല്‍മി ബഡ്‌സ് എയര്‍ പ്രോ, റിയല്‍മി വാച്ച് എസ് പ്രോ എന്നിവയും പുറത്തിറക്കുമെന്നാണ് സൂചന.

നോക്കിയ ഫോണുകളില്‍ ആന്‍ഡ്രോയിഡ് 11 ഉടനെത്തും

രാംനാഥ് ചാവ്‌ല-
മുംബൈ: നോക്കിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 അപ്‌ഡേറ്റ് ഉടനെത്തും. ഈ വര്‍ഷം അവസാനത്തോടെ അപ്‌ഡേറ്റ് ഫോണുകളില്‍ എത്തുമെന്നാണ് നോക്കിയ മൊബൈല്‍ ട്വീറ്റില്‍ പറയുന്നത്. നോക്കിയ 2.4, നോക്കിയ 3.4 ഉള്‍പ്പടെയുള്ള ഫോണുകളില്‍ ആന്‍ഡ്രോയിഡ് 11 അപ്‌ഡേറ്റ് ലഭിക്കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ അറിയിച്ചു. എന്നാല്‍ പിന്നീട് ഇക്കാര്യം അറിയിച്ചുകൊണ്ട് കമ്പനി പങ്കുവെച്ച ട്വീറ്റ് ഉടന്‍ തന്നെ പിന്‍വലിക്കപ്പെട്ടു. എന്തായാലും അധികം വൈകാതെ തന്നെ ആന്‍ഡ്രോയിഡ് 11 അപ്‌ഡേറ്റ് നോക്കിയ ഫോണുകളില്‍ എത്തുമെന്നാണ് ഈ ട്വീറ്റില്‍ വ്യക്തമാക്കിയത്.
നോക്കിയ 2.2, നോക്കിയ 5.3 ഫോണുകളില്‍ ഈ വര്‍ഷം അവസാനത്തോടെയും നോക്കിയ 1.3, നോക്കിയ 4.2 , നോക്കിയ 2.4, നോക്കിയ 3.4, നോക്കിയ 2.3 ഫോണുകളില്‍ 2021 ആദ്യമാസങ്ങളോടെയും അപ്‌ഡേറ്റ് ലഭിക്കും. നോക്കിയ 3.2, നോക്കിയ 7.2, നോക്കിയ 6.2യ, നോക്കിയ 1 പ്ലസ്, നോക്കിയ 9 പ്യുവര്‍ വ്യൂ, എന്നീ ഫോണുകളില്‍ 2021 രണ്ടാം പകുതിയോടെയും അപ്‌ഡേറ്റ് ലഭിക്കും. നോക്കിയ 7 പ്ലസ് ഫോണ്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

ഇനി ഗതാഗതനിയമങ്ങള്‍ ലംഘിച്ചാല്‍ ‘ഓണ്‍ലൈന്‍’പിടിവീഴും

എംഎം കമ്മത്ത്-
തിരു: ഗതാഗതനിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി എപ്പൊള്‍ വേണമെങ്കിലും പിടിവീഴാം. പോലീസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും വാഹനപരിശോധന സംവിധാനങ്ങള്‍ ഓണ്‍ലൈനായതോടെ ഗതാഗതനിയമങ്ങള്‍ ലംഘിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും പിടിവീഴാം. പിഴയടക്കാനുള്ള സന്ദേശം മൊബൈല്‍ഫോണില്‍ വരുമ്പോള്‍ മാത്രമാകും പെട്ടുപോയ കാര്യം അറിയുക. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള ഇ-ചെലാന്‍ സംവിധാനം വ്യാപകമായതോടെയാണ് ഈ മാറ്റം വന്നത്. റോഡരികില്‍ പാത്ത്‌നിന്ന് ചാടിവീണ് പിടികൂടുന്ന പഴയ ശൈലി മാറിയിരിക്കുകയാണ്. സ്മാര്‍ട്ട് ഫോണില്‍ കുറ്റകൃത്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈന്‍ ചെക്ക് റിപ്പോര്‍ട്ട് നല്‍കുകയാണ് ഇന്നത്തെ പുതിയ സംവിധാനം. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ മുതല്‍ മുകളിലോട്ടുള്ള 900 എന്‍ഫോഴ്‌സ്‌മെന്‍് ഓഫീസര്‍മാരുടെയും മൊബൈല്‍ ഫോണുകളില്‍ ഇ-ചെലാന്‍ സംവിധാനം ഉണ്ടാകും. യൂണിഫോമിട്ട് ഡ്യൂട്ടിയില്‍ നില്‍ക്കുമ്പോള്‍ മാത്രമല്ല, ഗതാഗത നിയമലംഘനങ്ങള്‍ എവിടെവെച്ച് കണ്ണില്‍പ്പെട്ടാലും പിഴചുമത്താം. മൊബൈല്‍ ഫോണില്‍ ചിത്രമെടുത്താല്‍ മാത്രം മതിയാകും. പരിവാഹന്‍ വെബ്‌സൈറ്റുമായി ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പിഴചുമത്തിയ കാര്യം അറിയിച്ചുകൊണ്ട് വാഹന ഉടമയുടെ മൊബൈല്‍ ഫോണിലേക്ക് ഉടന്‍ എസ്എംഎസ് എത്തും.
ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, നോ പാര്‍ക്കിങ്, വാഹനങ്ങളുടെ രൂപമാറ്റം, നമ്പര്‍ പ്ലേറ്റിിലെ ക്രമക്കേടുകള്‍, വാഹനങ്ങളുടെ രൂപമാറ്റം, കൂടാതെ വീലുകള്‍, സൈലന്‍സര്‍ എന്നിവയില്‍ മാറ്റംവരുത്തിയ വാഹനങ്ങള്‍, അനുവദനീയമല്ലാത്ത ലൈറ്റുകള്‍, ഹോണുകള്‍, കൂളിങ് ഫിലിം എന്നിവ ഉപയോഗിച്ചവര്‍ക്കും പിഴ നോട്ടീസാവരും. 30 ദിവസമാണ് പിഴയടക്കാന്‍ ലഭിക്കുക. പിഴ ഓണ്‍ലൈനായും അടക്കാം. സമയത്ത് പിഴ അടക്കാത്ത പക്ഷം ഓണ്‍ലൈനായി കോടതിയില്‍ കേസെത്തും. ‘സേഫ് കേരള’യുടെ 24 മണിക്കൂര്‍ സ്‌ക്വാഡുകള്‍കൂടി നിരത്തിലിറങ്ങിയാല്‍ പരിശോധന കൂടുതല്‍ കര്‍ശനമാകും.

സ്‌നേഹ അജിത്തിന്റെ സ്പാനീഷ് ഫ്‌ളമന്‍ഗോ കഥക് നൃത്തം ശ്രദ്ധേയമാകുന്നു

പിആര്‍ സുമേരന്‍-
കൊച്ചി: സ്‌നേഹ അജിത്തിന്റെ സ്പാനീഷ് ഫ്‌ളമന്‍ഗോ കഥക് നൃത്തം ശ്രദ്ധേയമാകുന്നു. മലയാളത്തിലെ പുതുമുഖനായിക സ്‌നേഹ അജിത്ത് നൃത്തസംവിധാനം നല്‍കി അവതരിപ്പിക്കുന്ന സ്പാനീഷ് ഫ്‌ളമന്‍ഗോ കഥക് നൃത്തം ശ്രദ്ധേയമാകുന്നു. പ്രശസ്ത സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത ‘ക്ഷണം’ എന്ന പുതിയ ചിത്രത്തിലെ നായികയാണ് സ്‌നേഹ അജിത്ത്. കുടെ നൃത്തം ചെയ്യുന്നത് ശ്രീപ്രഭ ഉണ്ണി. ബഹറിനില്‍ വച്ചാണ് നൃത്തം ചിത്രീകരിച്ചത്.ചിത്രീകരണം പൂര്‍ത്തിയ ‘ക്ഷണം’ നിലവിലെ സാഹചര്യം മാറിയാല്‍ റിലീസ് ചെയ്യും.

https://youtu.be/5RELPSq9sgQ

‘ഈ വഴി’ റൊമാന്റിക് ആല്‍ബം പുറത്തിറങ്ങി

അതുല്‍ മോഹന്‍-
കൊച്ചി: മ്യൂസിക് കഫെയുടെ ബാനറില്‍ അനീഷ് പി നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ഈ വഴി’ യൂട്യൂബിലൂടെ പുറത്തിറങ്ങി. ഗുല്‍ രഞ്ജിത്തും ലക്ഷ്മി ലാലാജിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റിയയും ഗുല്‍ രഞ്ജിത്തും ചേര്‍ന്നാണ് അഭിനയിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ആല്‍ബത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സംഗീതം- മിക്കു കാവില്‍, കാമറ- അമല്‍ സുരേഷ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- മുഹമ്മദ് റിയാസ്, എഡിറ്റര്‍- ജോസായി എം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അരുണ്‍കുമാര്‍ വി എസ്സ്, കൊറിയോഗ്രാഫി- അമൃത ഡിഎന്‍ബി & അനീഷ് ഡിഎന്‍ബി, മേക്കപ്പ്- രമ്യ ആര്‍ നായര്‍, ക്രീടിവ് ഹെഡ്- മഹേഷ് നായര്‍, പ്രൊഡക്ഷന്‍ മാനേജര്‍- മുനീര്‍ മുന്ന & പ്രവീണ്‍ കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- പ്രണവ് വി നായര്‍, ഫഌട്ടിസ്റ്റ്- രഘൂത്തമന്‍, അക്വസ്റ്റിക് ഗിറ്റാര്‍, മാന്‍ഡോലിന്‍ & ഉകെലെലെ- അരുണ്‍ കൃഷ്ണ, മിക്‌സ്ഡ് ആന്‍ഡ് മാസ്റ്റേര്‍ഡ്- മിക്കു കാവില്‍, സ്റ്റുഡിയോ- മൈ സ്റ്റുഡിയോ-കൊച്ചി, ഡീപ് പര്‍പ്പള്‍-കൊച്ചി.

ഏഴ് ഭാഷകള്‍, 42 പാട്ടുകളുമായി ‘സാല്‍മണ്‍ 3ഡി’

എഎസ് ദിനേശ്-
കൊച്ചി: ഒരു സിനിമയും ഏഴ് ഭാഷകളെന്നതു മാത്രമല്ല, ഒരു സിനിമയില്‍ ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്നതാണ് ‘സാല്‍മണ്‍’ ത്രിഡി ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി അടയാളപ്പെടുത്തിയ ഒരേ സമയം ഏഴ് ഭാഷകളില്‍ ത്രിമാന ചിത്രം പുറത്തിറങ്ങുന്നു എന്ന പ്രത്യേകതയ്ക്ക് പുറമെയുള്ള അംഗീകാരമാണിത്.
എംജെഎസ് മീഡിയയുടെ ബാനറില്‍ ഷലീല്‍ കല്ലൂര്‍, ഷാജു തോമസ്, ജോസ് ഡി പെക്കാട്ടില്‍, ജോയ്‌സ് ഡി പെക്കാട്ടില്‍, കീ എന്റര്‍ടൈന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്നു പതിനഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ‘സാല്‍മണ്‍’ ഷലീല്‍ കല്ലൂര്‍ സംവിധാനം ചെയ്യുന്നു.
ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘സാല്‍മണ്‍’.
ഗായകന്‍ വിജയ് യേശുദാസ് സര്‍ഫറോഷ് എന്ന പ്രധാനകഥാപാത്രത്തെ സാല്‍മണില്‍ അവതരിപ്പിക്കുന്നു. ശ്രീജിത്ത് എടവനയാണ് സംഗീതവും പശ്ചാതല സംഗീതവുമൊരുക്കുന്നത്.
പാന്‍ ഇന്ത്യന്‍ രീതിയിലുള്ളതാണ് സാല്‍മണിന്റെ സംഗീതമെന്നും അതുകൊണ്ടുതന്നെ ഏത് ഭാഷയിലുള്ളവര്‍ക്കും ഹൃദയത്തോടു ചേര്‍ക്കാനാവുന്ന തരത്തിലുള്ളയാരിക്കുമെന്നും സംഗീത സംവിധായകന്‍ ശ്രീജിത്ത് എടവന പറയുന്നു. ഭാഷയുടേയോ നാടിന്റെയോ അതിരുകള്‍ക്കുള്ളില്‍ തളച്ചിടാനാവാത്ത തരത്തിലാണ് സാല്‍മണിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. യുവ്, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങി മലയാളത്തിലും ശിവാനി, മ്യാവു എന്നിങ്ങനെ തമിഴിലും കാമസൂത്രയെന്ന ഇന്ത്യന്‍ ഇംഗ്ലീഷിനും സംഗീതം നല്കിയതിന് ശേഷമുള്ള ശ്രീജിത്തിന്റെ ചിത്രമാണ് സാല്‍മണ്‍. നേരത്തെ കാമസൂത്ര എന്ന ത്രി ഡി ചിത്രത്തിന് സംഗീതം നല്കിയ ശ്രീജിത്ത് എടവനയുടെ രണ്ടാമത്തെ ത്രി ഡി ചിത്രം കൂടിയാണ് സാല്‍മണ്‍.
തിയേറ്ററില്‍ കാഴ്ചക്കാരന് കിട്ടുന്ന ത്രി ഡി സാങ്കേതികതയുടെ ഗുണങ്ങള്‍ സംഗീതത്തിലും എത്തിക്കാനാണ് അദ്ദേഹം സാല്‍മണിലൂടെ ശ്രമിക്കുന്നത്. നിരവധി വ്യത്യസ്ത സംഗീത ഉപകരണങ്ങള്‍ ചേര്‍ത്തുവെക്കുന്ന സാല്‍മണില്‍ സാരംഗി വായിച്ചിരിക്കുന്നത് സരോദും ദില്‍റുബയും ഉള്‍പ്പെടെ 35 വ്യത്യസ്ത തന്ത്രിവാദ്യങ്ങള്‍ അനായാസമായി കൈകാര്യം ചെയ്യുന്ന സീനുവാണെന്ന പ്രത്യേകതയുമുണ്ട്.
ഏഴ് ഭാഷകളിലായി തയ്യാറാകുന്ന സാല്‍മണില്‍ ഗാനത്തിന് വരികള്‍ കുറിച്ചിരിക്കുന്നത് ഏഴ് ഭാഷകളിലെ എഴുത്തുകാരാണ്. ആദ്യമെഴുതിയ വരികള്‍ക്ക് മറ്റു ഭാഷകളില്‍ വിവര്‍ത്തനം തയ്യാറാക്കുന്നതിന് പകരം ഓരോ ഭാഷയിലും കഥയുടെ പശ്ചാതലത്തിന് അനുസരിച്ചാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.
ആറ് പാട്ടുകളുള്ള സിനിമയില്‍ തമിഴില്‍ നവീന്‍ കണ്ണനാണ് മുഴുവന്‍ ഗാനങ്ങളുടേയും രചന നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തില്‍ നവീന്‍ മാരാര്‍ നാല് പാട്ടുകളും ഗാനരചനാരംഗത്ത് പുത്തന്‍ കാല്‍വെപ്പുമായി എത്തുന്ന ഡോ. ഗിരീഷ് ഉദിനൂക്കാരന്‍ വിദേശത്ത് കലാപ്രവര്‍ത്തനരംഗത്ത് കഴിവ് തെളിയിച്ച ഒരു ഇ.എന്‍. ടി. സ്‌പെഷ്യലിസ്റ്റാണ്. ആലുവയിലുള്ള ഡോ. അനസിന്റെ സൌഹൃദത്തിലൂടെയാണ് ഡോ. ഗിരീഷ് സാല്‍മണ്‍ എന്ന ചിത്രത്തില്‍ എത്തിച്ചേര്‍ന്നത്.ഡോ. ഗിരീഷ് രണ്ട് ഗാനങ്ങളും രചിച്ചപ്പോള്‍ ബംഗാളിയില്‍ എസ് കെ മിറാജ് അഞ്ച് പാട്ടുകളും സബ്രിന റൂബിന്‍ ഒരു പാട്ടും രചിച്ചു. തെലുങ്കിലും കന്നഡയിലും പ്രസാദ് കൃഷ്ണയും ഹിന്ദിയിലും മറാത്തിയിലും ചന്ദ്രന്‍ കട്ടാരിയയുമാണ് മുഴുവന്‍ ഗാനങ്ങള്‍ക്കും വരികള്‍ എഴുതിയിരിക്കുന്നത്.
ബംഗാളി ഭാഷയില്‍ പാട്ടെഴുതിയ എസ് കെ മിറാജ് ബംഗ്ലാദേശിയാണ്. ആ അര്‍ഥത്തില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സാംസ്‌ക്കാരിക കൈമാറ്റം കൂടിയാണ് സാല്‍മണ്‍. ആലുവയിലെ ഡോ. അനസിന്റെ സഹായത്തോടെയാണ് ബംഗ്ലാദേശി എഴുത്തുകാരനുമായി സംവിധായകന്‍ സംവദിച്ചത്. ബംഗാളി ഭാഷ അറിയുന്ന ഡോ. അനസ് സംവിധായന്‍ ഷലീല്‍ കല്ലൂരിന്റെ നിര്‍ദ്ദേശങ്ങള്‍ എസ് കെ മിറാജിന് ഭാഷാന്തരം ചെയ്തു നല്കുകയും അദ്ദേഹത്തിന്റെ രചന തിരികെ വായിച്ചു നല്കിയുമാണ് ഗാനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ലോക്ക്ഡൗണ്‍ കാലത്ത് ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായതോടെ ഗാനങ്ങളുടെ മികച്ച തയ്യാറെടുപ്പിനാണ് സംവിധായകന്‍ ഈ സമയം വിനിയോഗിച്ചത്. ഇന്ത്യന്‍ സംഗീത ലോകത്തെ വന്‍ ടീമാണ് സാല്‍മണിന്റെ ഗാനങ്ങളുടെ അവകാശം വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അതോടൊപ്പം വ്യത്യസ്ത ഭാഷകളില്‍ ഇന്ത്യന്‍ സിനിമകളിലെ പ്രഗത്ഭ ഗായകരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. ഇതോടൊപ്പം കഴിവ് തെളിയിച്ച ഏതാനും പുതിയ ഗായകര്‍ക്കും കൂടി സാല്‍മണ്‍ അവസരം നല്‍കുന്നു. എന്നാല്‍ ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ഇതിനകം നാല്പത്തി രണ്ട് ഗാനങ്ങളുടേയും ട്രാക്കുകള്‍ പൂര്‍ത്തിയാക്കിയിക്കഴിഞ്ഞു.
ദുബൈ മഹാനഗരത്തില്‍ കുടുംബ ജീവിതം നയിക്കുന്ന സര്‍ഫറോഷിന് ഭാര്യ സമീറയും മകള്‍ ഷെസാനും അവധിക്ക് നാട്ടിലേക്ക് പോയപ്പോള്‍ സുഹൃത്തുക്കള്‍ നല്കിയ സര്‍െ്രെപസിനിടയിലുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ദുര്‍മരണവും അതുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലെ നിര്‍ണായക രഹസ്യം ലോകത്തോടു പറയാന്‍ ആഗ്രഹിക്കുന്ന ആത്മാവിന്റെ സാന്നിധ്യവുമായാണ് ത്രി ഡി റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലറായ സാല്‍മണ്‍ മുന്നോട്ടു പോകുന്നത്.
ജനിച്ചു വീഴുമ്പോള്‍ തന്നെ അനാഥനാകുകയും പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്ത് കടല്‍മാര്‍ഗ്ഗം ഭൂഖണ്ഡങ്ങള്‍ മാറിമാറി സഞ്ചരിക്കുകയും ചെയ്യുന്ന സാല്‍മണ്‍ മത്സ്യത്തിന്റെ പേര് അന്വര്‍ഥമാക്കുന്ന വിധത്തിലാണ് ചലച്ചിത്രത്തിലെ രംഗങ്ങള്‍ ദൃശ്യവല്‍ക്കരിച്ചിട്ടുള്ളത്.
വിജയ് യേശുദാസിന് പുറമേ വിവിധ ഇന്ത്യന്‍ ഭാഷാ നടന്മാരായ ചരിത് ബലാപ്പ, ജോനിത ഡോഡ, രാജീവ് പിള്ള, മീനാക്ഷി ജയ്‌സ്വാള്‍, ഷിയാസ് കരീം, പ്രേമി വിശ്വനാഥ്, തന്‍വി കിഷോര്‍, ജാബിര്‍ മുഹമ്മദ്, ആഞ്‌ജോ നായര്‍, ബഷീര്‍ ബഷി തുടങ്ങിയ പ്രമുഖരും സാല്‍മണില്‍ അഭിനയിക്കുന്നുണ്ട്. വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

റിലയന്‍സ് റീട്ടെയിലില്‍, ജനറല്‍ അറ്റ്‌ലാന്റിക് 3675 കോടി നിക്ഷേപിക്കുന്നു

രാംനാഥ് ചാവ്‌ല-
മുംബൈ: ഒരു മാസത്തിനുള്ളില്‍ റിയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സില്‍ മൂന്നാമത്തെ വിദേശ നിക്ഷേപവുമായി അമേരിക്കന്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമെത്തി. 3675 കോടി രൂപയുടെ നിക്ഷേപമാണ് ജനറല്‍ അറ്റ്‌ലാന്റിക് നടത്തുന്നത്. 0.84 ശതമാനം ഓഹരിയാണ് ഇതിലൂടെ ജനറല്‍ അറ്റ്‌ലാന്റിക്കിന് ലഭിക്കുക. ശൃംഖലയാണുള്ളത്. 4.28 ലക്ഷം കോടി രൂപയുടെ പ്രീമണി ഇക്വിറ്റി മൂല്യത്തിലാണ് റിലയന്‍സ് റീട്ടെയില്‍ നിക്ഷേപമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദേശ നിക്ഷേപകര്‍ക്ക് റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപം നടത്താനുള്ള താല്‍പര്യം വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. 13,050 കോടി രൂപയുടെ ആകെ നിക്ഷേപമാണ് ഒരു മാസത്തിനിടെ റിലയന്‍സ് റീട്ടെയിലില്‍ നടന്നത്.

‘സ്വത്തൊന്നും ഇല്ല, കഴിയുന്നതു ഭാര്യയുടെ ചെലവില്‍’: അനില്‍ അംബാനി

അളഗഖഖാനം-
ലണ്ടന്‍: തന്റെ പക്കല്‍ സ്വത്തൊന്നുമില്ലെന്നും ഭാര്യയുടെ ചെലവിലാണ് കഴിയുന്നതെന്നും റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ പറഞ്ഞു. ലളിത ജീവതമാണു നയിക്കുന്നതെന്നും ഒരു കാര്‍ മാത്രമാണ് ഉള്ളതെന്നും ആഭരണങ്ങള്‍ വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നതെന്നും അനില്‍ വ്യക്തമാക്കി. മൂന്നു ചൈനീസ് ബാങ്കുകളില്‍നിന്ന് റിലയന്‍സ് കോം 2012 ഫെബ്രുവരിയില്‍ എടുത്ത 700 മില്യന്‍ ഡോളര്‍ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട കേസിലാണ് അനില്‍ ഇത് വ്യക്തമാക്കിയത്.