Month: September 2020

670 ഇലക്ട്രിക് ബസുകള്‍ക്കും 241 ചാര്‍ജിങ് സ്‌റ്റേഷനുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ അനുമതി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഫെയിം സ്‌കീമിന്റെ രണ്ടാംഘട്ടത്തില്‍ പുതിയ 670 ഇലക്ട്രിക് ബസുകള്‍ക്കും 241 ചാര്‍ജിങ് സ്‌റ്റേഷനുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ അനുമതി. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്റ് മാനുഫാക്ച്ചറിങ് ഓഫ്(ഹൈബ്രിഡ്) ഇലക്ട്രിക് വെഹിക്കിള്‍സ് എന്നതിന്റെ ചുരുക്കപ്പേരാണ് എഫ്എഎംഇ അഥവാ ഫെയിം. ഇവാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര പോലുള്ള കമ്പനികള്‍ക്ക് വലിയ അവസരമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. 10,000 കോടി രൂപ മൂന്നുവര്‍ഷത്തെ രണ്ടാംഘട്ട ഫെയിം പദ്ധതിക്കായി അനുവദിച്ചു. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് 670 ഇലക്ട്രിക് ബസുകളും കേരളം, തമിഴ്‌നാട്, മധ്യപ്രദേശ്, ഗുജറാത്ത്, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളില്‍ 241 ചാര്‍ജിങ് സ്‌റ്റേഷനുകളും സ്ഥാപിക്കും.

 

എല്ലാ യാത്രാനിയന്ത്രണങ്ങളും നീക്കി ഷാര്‍ജ

അളക ഖാനം-
ഷാര്‍ജ: താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള എല്ലാ യാത്രാനിയന്ത്രണങ്ങളും ഷാര്‍ജ നീക്കി. കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റുമായി മുന്‍കൂട്ടി അനുമതി വാങ്ങാതെ ഷാര്‍ജ വിമാനത്താവളത്തില്‍ ഇറങ്ങാം. യാത്രയ്ക്കു 96 മണിക്കൂര്‍ മുന്‍പുള്ള പരിശോധനയുടെ റിപ്പോര്‍ട്ട് കരുതണമെന്നും ദുരന്ത നിവാരണ സമിതി വ്യക്തമാക്കി. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ഷാര്‍ജ വിമാനത്താവളത്തില്‍ പരിശോധനയുണ്ടാകും. ഫലം വരുംവരെ ക്വാറന്റീനില്‍ കഴിയണം. പോസിറ്റീവ് ആണെങ്കില്‍ 14 ദിവസം ക്വാറന്റീനില്‍. ചികിത്സാ ചെലവുകള്‍ സ്വയം വഹിക്കണം. വരുന്ന എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം.

 

മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലും

എംഎം കമ്മത്ത്-
തിരു: മോട്ടോര്‍ വാഹന വകുപ്പില്‍ വിവിധ സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍. ലേണേഴ്‌സ് ലൈസന്‍സ് പുതിയത് അപേക്ഷിക്കാനും പുതുക്കാനും, ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഓണ്‍ലൈനിലൂടെ അപേക്ഷിച്ച് പ്രിന്റ് എടുക്കാം.
അതേസമയം ഇനി മുതല്‍ വാഹന പുകപരിശോധന സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന വകുപ്പ് തന്നെയായിരിക്കും നല്‍കുക. പുകപരിശോധനയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പരിശോധന കേന്ദ്രങ്ങള്‍തുടരും. ബാക്കിയുള്ള കാര്യങ്ങള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കി മോട്ടോര്‍വാഹന വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും. പുതിയ അപേക്ഷകള്‍ പരിണഗിച്ച് ആര്‍ടി ഓഫിസിലെ നടപടിക്രമം പൂര്‍ത്തിയാകുമ്പോള്‍ അപേക്ഷകന് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും. എം പരിവാഹന്‍ മൊബൈല്‍ ആപ്ലിക്കേഷനിലും ഡിജി ലോക്കറിലും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ലഭിക്കും. വാഹനപരിശോധനാ സമയത്ത് ഇത് പരിശോധന ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാക്കാവുന്നതാണ്. 15 ദിവസത്തിനകം ഡ്രൈവിങ് ലൈസന്‍സിന്റെ അസ്സല്‍ രേഖകള്‍ അപേക്ഷകന് ഓഫിസില്‍ നിന്നോ തപാലിലോ ലഭിക്കും.

പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കും; ചൈനക്ക് ഇന്ത്യയുടെ താക്കീത്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ചൈനയില്‍ നിന്നും ഇനി പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ ചൈനക്ക് ശക്തമായ താക്കീത് നല്‍കി. അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ക്ക് ശേഷവും ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണകള്‍ ചൈന ലംഘിക്കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തുന്നു. അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ആറാമത് കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ഇന്ത്യയും ചൈനയും വന്‍തോതിലുള്ള സൈനിക വിന്യാസമാണ് അതിര്‍ത്തിയില്‍ നടത്തിയത്. അതിര്‍ത്തിയില്‍ നിന്നും സൈനികരെ പിന്‍വലിക്കാനായി ഇരുരാജ്യങ്ങളും സൈനിക തലത്തിലും സര്‍ക്കാര്‍ തലത്തിലും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒന്നും തന്നെ ഫലം കണ്ടാകാത്ത സാഹചര്യത്തിലാണ് ചൈനക്ക് ഇന്ത്യയുടെ ശക്തമായ താക്കീത്.

കര്‍ണാടക സ്വകാര്യമേഖലയില്‍ ജോലി സംവരണം; ജോലി കന്നഡികള്‍ക്ക് മാത്രം?

രാംനാഥ് ചാവ്‌ല-
ബംഗലൂരു: കര്‍ണാടകത്തില്‍ സ്വകാര്യമേഖലയില്‍ കന്നഡികര്‍ക്ക് സംവരണമേര്‍പ്പെടുത്താനൊരുങ്ങി കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍. മലയാളികളടക്കമുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് തിരിച്ചടിയാകാന്‍ സാധ്യത. സ്വകാര്യസ്ഥാപനങ്ങളിലെ സി, ഡി വിഭാഗങ്ങളിലാണ് കന്നഡിഗര്‍ക്കു മാത്രം ജോലി നല്‍കാനും എ, ബി വിഭാഗങ്ങളില്‍ നിയമനത്തിന് കന്നഡിഗര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുമുള്ള ഉത്തരവിറക്കുക. നിയമ, പാര്‍ലമെന്ററികാര്യമന്ത്രി ജെസി മധുസ്വാമിയാണ്
ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പേ തന്നെ കന്നഡ വികസന അതോറിറ്റി ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ ഐടി കമ്പനികളുള്‍പ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങള്‍ എതിര്‍പ്പ് അറിയിച്ചതിനാല്‍ അന്ന് ഇത് നിയമമാക്കാന്‍ കഴിഞ്ഞിരുന്നില്ല.

 

മലയാളികളുടെ കൈയ്യൊപ്പുള്ള ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’

എഎസ്സ് ദിനേശ്-
കൊച്ചി: മലയാളി താരം പ്രിയ പ്രകാശ് വാര്യരെ നായികയാക്കി മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ മൂന്നാം ട്രെയ് ലര്‍ മലയാളത്തിന്റെ പ്രിയപ്പെട്ട സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു.
ചിത്രത്തിലെ നായകനായ അര്‍ബാസ് ഖാന്റെ ഫൈറ്റ് രംഗങ്ങളും ഒരു ഐറ്റം ഡാന്‍സിന്റെ ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് മൂന്നാമത്തെ ട്രെയിലര്‍. ഒരു ‘അഡാര്‍ ലൗ’എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രിയ പ്രകാശ് വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ‘ശ്രീദേവി ബംഗ്ലാവ്’.
ചിത്രത്തിന്റെ ആദ്യ രണ്ട് ട്രെയിലറുകളും ശ്രദ്ധേയമായിരുന്നു. അതീവ ഗ്ലാമറസായിട്ടാണ് പ്രിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയിലെ പ്രിയയുടെ ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിരുന്നു.
പ്രിയംഷു ചാറ്റര്‍ജി, അസീം അലി ഖാന്‍, മുകേഷ് ഋഷി, ലീ നിക്കോളാസ് ഹാരീസ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി, നായിക പ്രിയ പ്രകാശ് വാര്യര്‍, ഛായാഗ്രാഹകന്‍- സിനു സിദ്ധാര്‍ഥ്, എഡിറ്റര്‍- ബാബു രത്‌നം, സംഗീതം- ഫോര്‍ മ്യൂസിക്ക് എന്നിവര്‍ മലയാളികളാണ് എന്നതാണ് ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രത്യേകത.
ആറാത് എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ചന്ദ്രശേഖര്‍ എസ് കെ,റോമന്‍ ഗില്‍ബര്‍ട്ട്, ജറോം ജോസഫ്, മനീഷ് നായര്‍, രാജന്‍ ഗുപ്ത എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ‘ശ്രീദേവി ബംഗ്ലാവ്’.
ഗാനരചന ആരാഫത്ത് മെഹമൂദ്, കോറിയോഗ്രാഫര്‍- മുദാസര്‍ ഖാന്‍, കോസ്റ്റ്യും- കാമി, സ്റ്റില്‍സ്- സുരേഷ് മെര്‍ലിന്‍, ലോക്കേഷന്‍സ്- ലണ്ടന്‍, ബാങ്കോക്ക്, മുംബൈ.
‘ഇതൊരു സസ്‌പെന്‍സ് ത്രില്ലറാണ്. ശ്രീദേവി എന്ന പേര് മാത്രമാണ് ഉപയോഗിച്ചിരിക്കുന്ന്’ വിവാദങ്ങളോട് പ്രതികരിച്ചു കൊണ്ട് സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി പറഞ്ഞു.
സൂപ്പര്‍ നായികയെയാണ് ‘ശ്രീദേവി ബംഗ്ലാവി’ല്‍ താന്‍ അവതരിപ്പിക്കുന്നതെന്ന് പ്രിയ പ്രകാശ് വാര്യര്‍ വെളിപ്പെടുത്തി. മോഹന്‍ലാലിനെ നായകനാക്കി ‘ഭഗവാന്‍’ എന്ന ചിത്രം പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്തിട്ടുണ്ട്. ‘ശ്രീദേവി ബംഗ്ലാവ്’ പ്രദര്‍ശനത്തിനൊരുങ്ങുകയാണെന്ന് പ്രശാന്ത് മാമ്പുള്ളി പറഞ്ഞു. വാര്‍ത്ത പ്രചരണം എഎസ് ദിനേശ്.

 

‘വസന്തത്തിന്റെ കനല്‍വഴികളില്‍’ ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി

പിആര്‍ സുമേരന്‍-
കൊച്ചി: കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ വിപ്ലവ നക്ഷത്രം പി കൃഷ്ണപിള്ളയുടെ പോരാട്ടജീവിതം ആസ്പദമാക്കി അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്ത വസന്തത്തിന്റെ കനല്‍വഴികളില്‍ ഓണ്‍ലൈന്‍ റിലീസിലേക്ക്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ജനകീയ പ്രക്ഷോഭങ്ങളുടെയും കനല്‍ മൂടിക്കിടന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ വസന്തത്തിന്റെ കനല്‍വഴികളില്‍ വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. മലയാളസിനിമയില്‍ ഇന്നേവരെ ആവിഷ്‌ക്കരിച്ച വിപ്ലവ സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഈ ചിത്രം. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് പ്രേക്ഷകര്‍ ഒന്നാകെ ചിത്രം ഏറ്റെടുക്കുകയായിരുന്നു. പുതതലമുറയ്ക്ക് അജ്ഞാതമായ ചരിത്ര വീഥികളിലേക്കാണ് വസന്തത്തിന്റെ കനല്‍വഴികള്‍ വെളിച്ചം വീശിയത്. മൂവായിരത്തോളം അഭിനേതാക്കളും ഗ്രാമീണ തൊഴിലാളികളും ചിത്രത്തില്‍ അണിനിരന്നു.ഇന്‍ഡ്യന്‍ സിനിമാ സംഗീത ചരിത്രത്തില്‍ പുതചരിത്രം സൃഷ്ടിച്ച് ഏട്ട്‌സംഗീത സംവിധായകര്‍ ഒന്നിച്ചു ചേര്‍ന്നതാണ് ഇതിലെ സംഗീത വിഭാഗം. ഉള്‍ക്കരുത്തിന്റെ പ്രതീകമായ സഖാവ് പി.കൃഷ്ണപിള്ളയ്ക്ക് ചിത്രത്തില്‍ ജീവന്‍ നല്‍കിയത് പ്രമുഖ തമിഴ്‌നാടനും, സംവിധായകനും മയ സമുന്ദ്രക്കനിയാണ്. മലയാള സിനിമയില്‍ നായിക നായകന്മാരായി, പ്രതിഭാധനരായ സുരഭി ലക്ഷ്മിയെയും സമുദ്രക്കനിയെയും ആദ്യമായി പരീക്ഷിച്ച ചിത്രം കൂടിയായിരുന്നു, വസന്തത്തിന്റെ കനല്‍വഴികളില്‍ ഇരുവരും പിന്നീട് മികച്ച അഭിനേതാക്കള്‍ക്കുള്ള ദേശീയ പുരസ്‌കാരം നേടിയതു ചരിത്രം. ചരിത്രത്തിന്റെ ചോര ചീന്തിയ വഴികളില്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്കുള്ള പ്രണാമം കൂടിയായിരുന്നു ഈ ചിത്രം.
ബോളിവുഡില്‍ ശ്രദ്ധേയനായ ക്യാമറാമാന്‍ കവിയരശനായിരുന്നു ചിത്രത്തിന്റെ ക്യാമറാമാന്‍. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ജനപ്രിയമായി. ദേശിയ സംസ്ഥാന തലത്തിലും നിരവധി പുരസ്‌ക്കാരങ്ങള്‍ ഈ ചിത്രം നേടി.നല്ല സിനിമകള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നല്ല സ്വീകാര്യത ലഭിക്കുന്ന പുതിയ സാഹചര്യത്തിലാണ് ‘ഈ ചിത്രവും ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നത്. ബാനര്‍ വിശാരദ് ക്രിയേഷന്‍സ്, കഥ, തിരക്കഥ, സംവിധാനം, നിര്‍മ്മാണം അനില്‍ വി നാഗേന്ദ്രന്‍, ക്യാമറ കവിയരശ്, എഡിറ്റര്‍ ബി അജിത്ത്കുമാര്‍, ഗാനരചന കൈതപ്രം ദാമോദരന്‍ നമ്പൂതിരി പ്രഭാവര്‍മ്മ, അനില്‍ വി നാഗേന്ദ്രന്‍. സംഗീതം വി ദക്ഷിണാമൂര്‍ത്തി, എം.കെ. അര്‍ജ്ജുനന്‍, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, ജയിംസ് വസന്തന്‍, പി കെ മേദിനി, സി ജെ കുട്ടപ്പന്‍, എ ആര്‍ റേഹാന, അഞ്ചല്‍ ഉദയകുമാര്‍.പി.ആര്‍.ഒ.പി.ആര്‍.സുമേരന്‍ അഭിനേതാക്കള്‍ സമുദ്രക്കനി, സുരഭിലക്ഷ്മി, സിദ്ദിഖ്, മുകേഷ്, റിതേഷ്,ദേവന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഭീമന്‍ രഘു, പ്രേംകുമാര്‍, സുധീഷ്, കെ പി എ സി ലളിത, ദേവിക, ശാരി, ഊര്‍മ്മിള ഉണ്ണി, ഭരണി എന്നീ താരങ്ങള്‍ക്ക് പുറമേ മൂവായിരത്തോളം അഭിനേതാക്കളും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

ടോവിനോ തോമസ്സിന്റെ ‘വരവ്’

എഎസ്സ് ദിനേശ്-
കൊച്ചി: ‘അരവിന്ദന്റെ അതിഥികള്‍’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ടോവിനോ തോമസ്സിനെ നായകനാക്കി പതിയാറ എന്റര്‍ടൈന്‍മെന്റസിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ പതിയാറ നിര്‍മ്മിക്കുന്ന പുതിയ സിനിമയാണ് ‘വരവ്’.
തിര, ഗോദ എന്നി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രാകേഷ് മണ്ടോടി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘വരവ്’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് നിര്‍വ്വഹിക്കുന്നു. സഹ രചയിതാക്കള്‍- സരേഷ് മലയങ്കണ്ടി, മനു മഞ്ജിത്ത്.

‘സണ്‍ ഓഫ് ഗ്യാംങ്സ്റ്റര്‍’ ചിത്രീകരണം ആരംഭിച്ചു

എഎസ്സ് ദിനേശ്-
കൊച്ചി: രാഹുല്‍ മാധവ്,പുതുമുഖം കാര്‍ത്തിക സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിമല്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സണ്‍ ഓഫ് ഗ്യാംങ്സ്റ്റര്‍’ കൊടുങ്ങല്ലൂരില്‍ ചിത്രീകരണം ആരംഭിച്ചു.
കൈലാഷ്, ടിനി ടോം, രാജേഷ് ശര്‍മ്മ, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, ഹരിപ്രസാദ് വര്‍മ്മ, സഞ്ജയ് പടിയൂര്‍, ഡോമിനിക്, ജെസ്സി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ആര്‍ കളേഴ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനോജ് അഗസ്റ്റിന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു നിര്‍വ്വഹിക്കുന്നു. സംഗീതം- ശ്രീഹരി കെ നായര്‍, എഡിറ്റര്‍- മനു ഷാജു, പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍- പൗലോസ് കുറുമറ്റം, കല- ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം- പ്രദീപ് തിരുവല്ലം, സ്റ്റില്‍സ്- മോഹന്‍ സുരഭി, പരസ്യക്കല- ഡി കെ ക്രിയേഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍- സുജേഷ് ആനി ഈപ്പന്‍, അസ്സാേസിയേറ്റ് ഡയറക്ടര്‍- മനീഷ് തോപ്പില്‍, സ്‌ക്രിപ്റ്റ് അസോസിയേറ്റ്- എഡ്വവിന്‍ സി കെ, അസിസ്റ്റന്റ് ഡയറക്ടര്‍- വിഷ്ണു രവി, ജെസ്സിം, വിന്റോ വയനാട്, ഫിനാന്‍സ് കണ്‍ട്രോളര്‍- സുമിത്ത്, ആക്ഷന്‍- മാഫിയ ശശി, പ്രൊഡക്ഷന്‍ മാനേജര്‍- മിഥുന്‍ കൊടുങ്ങല്ലൂര്‍, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

 

ലക്ഷദ്വീപിനായി യുവസംവിധായിക ഐഷ സുല്‍ത്താന നിവേദനം സമര്‍പ്പിച്ചു

പിആര്‍ സുമേരന്‍-
കൊച്ചി: സാമൂഹികവും സാമ്പത്തികവുമായി ഏറെ പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ ജീവിക്കുന്ന ലക്ഷദ്വീപ് ഇപ്പോള്‍ അതീവ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ദ്വീപുകളില്‍ ആധുനിക ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച നിവേദനത്തില്‍ യുവസംവിധായിക ഐഷ സുല്‍ത്താന ആവശ്യപ്പെട്ടു. കോവിഡ് 19 പോലെ അതീവ ഗുരുതരമായ വൈറസുകള്‍ പടരുന്ന സാഹചര്യത്തില്‍ പോലും അവയെ ചികിത്സ കൊണ്ടോ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയോ ലക്ഷദ്വീപ് നിവാസികള്‍ക്ക് തടഞ്ഞുനിര്‍ത്താനാവുന്നില്ല. എങ്കില്‍ തന്നെ ഇന്ത്യയില്‍ കോവിഡ് 19 ബാധിക്കാത്ത ഏക പ്രദേശം ലക്ഷദ്വീപാണെന്നു കൂടി സൂചിപ്പിക്കട്ടെ. 36 ദ്വീപുകളാണ് ലക്ഷദ്വീപിലുള്ളത്. അതില്‍ 10 ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. അതില്‍ മൂന്ന് ദ്വീപുകളില്‍ മാത്രമാണ് ഇപ്പോള്‍ പരിമിതമായ സൗകര്യങ്ങളോടെ ആശുപത്രികള്‍ ഉള്ളത്. എന്നാല്‍ ഈ ആശുപത്രികളിലേക്ക് എത്തിച്ചേരാന്‍ വളരെയധികം പ്രയാസമാണ്. മണ്‍സൂണ്‍ സമയങ്ങളില്‍ രോഗികളുമായി ഇവിടേയ്ക്ക് എത്തുക ലക്ഷദ്വീപ് നിവാസികളെ സംബന്ധിച്ച് മഹാദുരിതം തന്നെയാണ്. എല്ലാ ദ്വീപുകളിലും ചികിത്സാ സംവിധാനം ഒരുക്കുകയാണ് അടിസ്ഥാന ആവശ്യം. കൂടാതെ യാത്രാസൗകര്യങ്ങളും.
അടിയന്തിരമായി ലക്ഷദ്വീപില്‍ ആധുനിക സൗകര്യമുള്ള ആശുപത്രികള്‍ ഒരുക്കുക, മികച്ച ഡോക്ടര്‍മാരെ നിയമിക്കുക, പ്രാപ്തരും കാര്യശേഷിയുമുള്ള നേഴ്‌സുമാര്‍, മറ്റ് ആരോഗ്യ വകുപ്പ് ജീവനക്കാരെ നിയമിക്കുക, ദ്വീപ് നിവാസികള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ആരോഗ്യ മേഖലയിലെ ദുരിതം തീര്‍ക്കാന്‍ അടിയന്തിരമായി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടേ തീരൂ. ടി. വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ഇടപെടണം. മികച്ച ചികിത്സ കിട്ടാതെ നൂറ് കണക്കിന് പേര്‍ക്കാണ് ലക്ഷദ്വീപില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ എന്റെ പിതാവിന് യഥാസമയത്ത് ലക്ഷദ്വീപിലെ ആശുപത്രിയില്‍ വെച്ച് രോഗം തിരിച്ചറിയാനും ചികിത്സ നല്‍കാനും കഴിയാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടു. ഹൃദയാഘാതം വന്ന എന്റെ പിതാവിനെ 24 മണിക്കൂറിനകം നല്‍കേണ്ട ചികിത്സ നല്‍കാന്‍ ലക്ഷദ്വീപിലെ ആശുപത്രികള്‍ക്ക് സാധിച്ചില്ല. കൊച്ചിയില്‍ ലിസി ആശുപത്രിയില്‍ എത്തിച്ചാണ് വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ കഴിഞ്ഞത്. എന്നാല്‍ താമസിയാതെ അദ്ദേഹം മരണപ്പെട്ടു. യഥാസമയത്ത് ലക്ഷദ്വീപില്‍നിന്ന് ചികിത്സ കിട്ടിയിരുന്നെങ്കില്‍ എന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. അങ്ങനെ വ്യക്തിപരമായും സാമൂഹ്യപരമായും ഞാന്‍ ലക്ഷദ്വീപിലെ ആരോഗ്യമേഖലയില്‍ ആശങ്കയും സങ്കടവും അറിയിക്കുകയാണ്. ഒരു സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരിയെന്ന നിലയില്‍ ലക്ഷദ്വീപിലെ പ്രശ്‌നങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിക്കുന്നതാണ്. എന്റെ നാടിന്റെയും നാട്ടുകാരുടെയും ദുരിതങ്ങള്‍ എത്രയും വേഗം പരിഹരിച്ച് കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒട്ടേറെ സിനിമകളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച ഐഷ സുല്‍ത്താന നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിന്റെ സാമൂഹിക ജീവിതം ചൂണ്ടിക്കാണിക്കുന്ന ‘ഫഌഷ്’ എന്ന ചിത്രം ഐഷ സുല്‍ത്താന സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.