Month: December 2017

പത്മാവതിക്ക് പ്രദര്‍ശനാനുമതി

വിഷ്ണു പ്രതാപ്
മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പദ്മാവദിക്ക് പ്രദര്‍ശനാനുമതി. ചിത്രത്തിന്റെ പേര് പദ്മാവത് എന്നാക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. ജനുവരി ഒന്നിന് സമിതി യോഗം ചേരുന്നുണ്ട്. സിനിമയുടെ സംവിധായകന്‍, നിര്‍മ്മാതാക്കള്‍ എന്നിവരുമായി അന്ന് സമിതി ചര്‍ച്ച നടത്തും. ഇതിനു ശേഷമായിരിക്കും അന്തിമ തീരുമാനം.
വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ നിര്‍മാതാക്കളേയും ബന്‍സാലിയേയും അറിയിച്ചിട്ടുണ്ട്. അടുത്തമാസം നടക്കുന്ന ചര്‍ച്ച്ക്കു ശേഷമേ സിനിമക്ക് അന്തിമാനുമതി നല്‍കൂ. അതിന് മുമ്പ് നിര്‍മാതാക്കാളും സംവിധായകനും നിലപാട് അറിയിക്കണമെന്നും ബോര്‍ഡ് നിര്‍ദ്ദേശിച്ചു. മുന്‍ രാജകുടുംബാംഗങ്ങളും ചരിത്രകാരന്മാരും ഉള്‍പ്പെട്ട സമിതിയാണ് ചിത്രം കണ്ട് വിലയിരുത്തിയത്. സിനിമയുടെ പ്രമേയം സാങ്കല്പിക കഥയാണോ ചരിത്രകഥയാണോ എന്ന് വ്യക്തമാക്കേണ്ട ഭാഗത്തു നിര്‍മാതാക്കള്‍ ഒന്നും എഴുതിക്കാണിച്ചിരുന്നില്ല.
13 14 നൂറ്റാണ്ടുകളില്‍ നടന്നതെന്ന് പറയപ്പെടുന്ന ഒരു കഥയുടെ ചലച്ചിത്ര ആവിഷ്‌കാരമാണ് പദ്മാവതി. ചിത്രത്തില്‍ രജപുത്ര രാജ്ഞിയായ പദ്മാവതിയും ഡല്‍ഹി ഭരിച്ച മുസല്‍ം രാജാവായ ഖില്‍ജിയുമായുള്ള പ്രണയമാണ് ഇതിവൃത്തമെന്ന് കിംവദന്തി പടര്‍ന്നതോടെയാണ് വിവാദങ്ങള്‍ ചൂടുപിടിച്ചത്. ചിത്രീകരണം ആരംഭിച്ചപ്പോള്‍ തന്നെ വിവാദവും തുടങ്ങിയിരുന്നു. അനാവശ്യ സംഭവങ്ങളില്‍ പ്രതിഷേധിച്ച് തന്റെ പേരിനൊപ്പമുള്ള രജപുത് എന്ന വാല് എടുത്തു കളയാന്‍ വരെ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് തയാറായി. ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലൊക്കേഷന്‍ തീയിടാനും അണിയറ പ്രവര്‍ത്തകരെ ആക്രമിക്കാനും ഒക്കെ ആളുകളെത്തി. ഇതേത്തുടര്‍ന്ന് മൂന്നു തവണ ചിത്രീകരണം നിര്‍ത്തിവച്ചു.
പതിമൂന്നാം നൂറ്റാണ്ടിലെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് പദ്മാവതിയുടെ കഥ. മേവാറിലെ ശക്തനായ രാജാവായിരുന്നു റാണാ രത്തന്‍ സിംഗ്. അദ്ദേഹം സിംഹള രാജാവായ ഗന്ധര്‍വ്വസേനന്റെ മകളും അതിസുന്ദരിയുമായ പദ്മിനിയെ സ്വയംവരത്തിലൂടെ വിവാഹം കഴിച്ചു. ചിത്തോറിലെത്തിയ പദ്മിനിയെ എല്ലാവരും പദ്മാവതിയെന്ന് വിളിച്ചു. അഭൗമ സൗന്ദര്യത്തിന്റെ ഉടമയായിരുന്നു പദ്മാവതി. റാണാ രത്തന്‍ സെന്‍ കലകളുടെയും കലാകാരന്‍മാരുടെയും ആരാധകന്‍ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ സദസിലെ സംഗീതജ്ഞനായിരുന്നു രാഘവ് ചേതന്‍. രാഘവ് ദുര്‍മന്ത്രവാദങ്ങള്‍ ചെയ്യാറുണ്ടെന്ന് അറിഞ്ഞ രാജാവ് കടുത്ത ശിക്ഷ നല്‍കി നാടുകടത്തി. കോപാകുലനായ രാഘവ് പക വീട്ടാനായി ഡല്‍ഹി ഭരിച്ചിരുന്ന അലാവുദീന്‍ ഖില്‍ജിയെ കാണാന്‍ തീരുമാനിക്കുകയായിരുന്നു. അവിടെ ഖില്‍ജി നായാട്ടിനെത്തുന്ന കാട്ടില്‍ ഒളിച്ചിരുന്ന രാഘവ് തന്റെ മനോഹരമായ പുല്ലാങ്കുഴല്‍ വായനയിലൂടെ ഖില്‍ജിയെ കൈയിലെടുത്തു. ചിത്തോറിന്റെ പ്രൗഢിയും ധനശേഷിയും ഒക്കെ ഖില്‍ജിയുടെ മുന്നെ അവതരിപ്പിച്ചു രാഘവ്. ഇതിനൊപ്പം അഭൗമ സുന്ദരിയായ പദ്മാവതിയെക്കുറിച്ചും വര്‍ണ്ണിച്ചു. ഇതു കേട്ടതോടെ ഖില്‍ജി അവരില്‍ അനുരക്തനായി.
ഖില്‍ജി ഉടന്‍ തന്നെ ചിത്തോറിനു നേരെ പട നയിച്ചു. സൈന്യവുമായി മേവാറിന്റെ തലസ്ഥാനത്തെത്തിയ അലാവുദ്ദീന്‍ ചിത്തോര്‍ കോട്ട കണ്ട് അന്തംവിട്ടു. യുദ്ധം ചെയ്തു കയറാനാവില്ലെന്ന് ബോധ്യമായതോടെ നിരാശനായ സുല്‍ത്താന്‍ പത്മിനിയെ ഒരു സഹോദരിയെന്ന നിലയില്‍ ഒന്നു കാണാന്‍ അനുവദിക്കണമെന്ന സന്ദേശം റാണക്ക് കൊടുത്തു വിട്ടു. റാണ ധര്‍മ്മ സങ്കടത്തിലായി.എങ്കിലും പത്മിനിയുടെ സമ്മതത്തോടെ അവരുടെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ അലാവുദ്ദീനെ കാണിക്കാന്‍ തീരുമാനിച്ചു. പത്മിനിയുടെ പ്രതിബിംബം കണ്ണാടിയിലൂടെ ദര്‍ശിച്ച അലാവുദ്ദീന് എങ്ങിനെയെങ്കിലും അവരെ സ്വന്തമാക്കാനുള്ള അഭിനിവേശം ഇരട്ടിച്ചു. തന്നെ യാത്രയാക്കാന്‍ ഒപ്പമെത്തിയ റാണയെ ചതിയില്‍ പിടിച്ചുകെട്ടി പകരം പദ്മാവതിയെ ആവശ്യപ്പെട്ടു. രാജാവിനെ രക്ഷിക്കാനായി പദ്മാവതി സേനാതലവന്മാരുമായി ആലോചന നടത്തി. ഖില്‍ജിയുടെ ക്യാമ്പിലേക്ക് പോകാന്‍ തീരുമാനിച്ചു. ക്യാമ്പിലേക്ക് പല്ലക്കുകളില്‍ പെണ്‍ വേഷത്തിലെത്തിയത് സൈനികരായിരുന്നു. അവര്‍ റാണയെ മോചിപ്പിച്ച് കൊട്ടാരത്തിലെത്തി. വാശി കയറിയ ഖില്‍ജി കോട്ട ഉപരോധിക്കാന്‍ തുടങ്ങിയതോടെ രാജ്യം ദാരിദ്ര്യത്തിലായി. മറ്റുമാര്‍ഗം ഇല്ലാതായതോടെ കോട്ടയ്ക്കു പുറത്തെത്തി യുദ്ധം നടത്താന്‍ രാജാവ് തീരുമാനിക്കുന്നു. ഖില്‍ജിയുടെ സൈന്യത്തോട് വിജയിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായ രജപുത്ര സ്ത്രീകള്‍ പദ്മാവതിയുടെ നേതൃത്ത്വത്തില്‍ കൂട്ട സതി അനുഷ്ഠിക്കുകയായിരുന്നു. റാണയെയും സൈന്യത്തെയും വധിച്ച് കടന്നു കയറിയ ഖില്‍ജിക്ക് പദ്മാവതിക്കു പകരം ഒരുപിടി ചാരമാണ് കിട്ടിയതെന്നും ചരിത്രം പറയുന്നു. എന്നാല്‍, ഖില്‍ജിയുടെ സദസിലെ ഒരു കവി എഴുതിയ കവിതയിലെ കഥാപാത്രം മാത്രമാണ് പദ്മാവതിയെന്നും അങ്ങനെയൊരു റാണിയോ കഥയോ ഇല്ലെന്നും ചില ചരിത്ര ഗവേഷകര്‍ അവകാശപ്പെടുന്നുണ്ട്.

 

ഇന്നോവയെ തോല്‍പ്പിക്കാന്‍ എം.പി.വി. യു 321

ഫിദ
കൊച്ചി: വിപണി കൈപിടിയിലാക്കിയ വാഹനമാണ് ടൊയോറ്റയുടെ ഇന്നോവ. ഇന്ന് വിപണിയില്‍ ഇന്നോവയോടൊപ്പം മത്സരിക്കാന്‍ മറ്റ് കമ്പനികള്‍ക്ക് മോഡലുകള്‍ വളരെ കുറവാണ്. എന്നാല്‍ ഈ വിഭാഗത്തില്‍ ഒരു മത്സരത്തിനായി മഹീന്ദ്ര പുതിയ മോഡല്‍ ഫെബ്രുവരിയില്‍ പുറത്തിറക്കും. 1.6 ലീറ്റര്‍ എം ഫാല്‍ക്കണ്‍ ഡീസല്‍ എഞ്ചിന്‍ ഉപയോഗിക്കുന്ന കാറിന് 130 ബി.എച്ച്.പി കരുത്തും 300 എന്‍.എം ടോര്‍ക്കുമുണ്ട്. മഹീന്ദ്രയും സാംഗ് യോംഗും സംയുക്തമായി വികസിപ്പിച്ച എഞ്ചിന് 18 കിലോമീറ്റര്‍ മൈലേജുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂഡല്‍ഹിയില്‍ അടുത്ത വര്‍ഷം നടക്കുന്ന രാജ്യാന്തര വാഹന മേളയില്‍ മഹീന്ദ്ര തങ്ങളുടെ പുതിയ എം.പി.വിയെ പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
നോര്‍ത്ത് അമേരിക്കയില്‍ സ്ഥിതിചെയ്യുന്ന മഹീന്ദ്രയുടെ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിക്കുന്ന വാഹനം ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ചിട്ട് നാളുകളേറെയായി. ഉയരം കൂടിയ രീതിയില്‍ ഡിസൈന്‍ ചെയ്ത പുതിയ എം.പി.വി യു 321 എന്ന പേരിലാണ് അറിയപ്പെടുന്നത്. മോണോകോക്ക് ബോഡി ഡിസൈനിലെത്തുന്ന വാഹനത്തില്‍ പ്രീമിയം ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അകത്തളത്തില്‍ പരമാവധി സ്ഥലസൗകര്യം ഉറപ്പാക്കാന്‍ നീളമേറിയ വീല്‍ബേസും മുന്നിലും പിന്നിലും നീളംകുറഞ്ഞ ഓവര്‍ഹാംഗുമാവും പുതിയ എം.പി.വിക്കുണ്ടാവുക. പ്രകടമായ എയര്‍ ഇന്‍ടേക്കും ഫോഗ് ലാമ്പിനുള്ള സ്ഥലസൗകര്യവുമുള്ള നീളമേറിയ ബംപറും പുതിയ സ്‌കോര്‍പ്പിയോയെ അനുസ്മരിപ്പിക്കുന്ന ഗ്രില്ലുമാണ് എം.പി.വിയിലുള്ളത്.

 

ട്രാക്ടറുകളെ വാണിജ്യവാഹനങ്ങളുടെ പട്ടികയില്‍ പെടുത്തില്ല

ഗായത്രി
കൊച്ചി: ട്രാക്ടറുകളെ വാണിജ്യവാഹനങ്ങളുടെ പട്ടികയില്‍ പെടുത്താനുള്ള ശ്രമം ഉപേക്ഷിച്ചു. മോട്ടോര്‍ വാഹന നിയമത്തില്‍ മാറ്റം വരുത്തി ട്രാക്ടറുകള്‍ വാണിജ്യവാഹന പട്ടികയിലാക്കാന്‍ കരട് വിജ്ഞാപനം തയാറായിരുന്നു.

ജനുവരി മുതല്‍ ട്രഷറി നിയന്ത്രണം ഭാഗികം

ഗായത്രി
തിരു: ജനുവരി പകുതി മുതല്‍ ട്രഷറി നിയന്ത്രണം ഭാഗികമായി നീക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 25 ലക്ഷത്തിന് മുകളില്‍ തുക പിന്‍വലിക്കാനേ നിയന്ത്രണമുണ്ടാകൂ എന്നറിയിച്ച മന്ത്രി കേരളത്തിന് വായ്പ്പയെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചുവെന്നും പറഞ്ഞു.
കേന്ദ്രം അനുവാദം നല്‍കിയതോടെ കേരളത്തിന് 6100 കോടി വായ്പയെടുക്കാനാകുമെന്നും 1353 കോടി രൂപുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയെന്നും മന്ത്രി പറഞ്ഞു. ആകെ 18,939 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

 

അനിലിന്റെ ആസ്തികള്‍ മുകേഷ് വാങ്ങും

രാംനാഥ് ചാവ്‌ല
മുംബൈ: അനില്‍ അംബാനി തന്റെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് (ആര്‍കോം) കമ്പനിയുടെ ആസ്തികളെല്ലാം മുകേഷ് അംബാനിക്കു വില്‍ക്കും.സ്‌പെക്ട്രം, ടവറുകള്‍, ഓപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക്, മീഡിയ കണ്‍വേര്‍ജന്‍സ് നോഡ് എന്നിവയെല്ലാം വില്‍പ്പനയില്‍പെടുന്നു. വില പിന്നീടു പ്രഖ്യാപിക്കും.
45,000 കോടി രൂപയുടെ കടം കയറി ദുരിതത്തിലായിരിക്കുകയാണ് അനില്‍ അംബാനി. ആര്‍കോം വിറ്റ് 25,000 കോടി കിട്ടുമെന്നാണു പ്രതീക്ഷ. പിന്നെ മുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റിയുടെ ഭൂമി വിറ്റ് പതിനായിരം കോടി സമാഹരിക്കും. ഒടുവില്‍ 6,000 കോടിയായി കടം കുറയ്ക്കാമെന്നാണു പ്രതീക്ഷ.എന്നാല്‍, മുകേഷ് ആര്‍കോമിന് ഇടുന്ന വില അനുസരിച്ചിരിക്കും അനിലിന്റെ ഭാവി. വില തീരെക്കുറവായാല്‍ ബാങ്കുകള്‍ അനില്‍ അംബാനിയെ കിട്ടാക്കടക്കാരനായി പ്രഖ്യാപിച്ചെന്നു വരും.
മുകേഷ് അംബാനിയുടെ ഇഷ്ടബിസിനസായിരുന്നു ടെലികോം. 2006ല്‍ സഹോദരന്മാര്‍ പിരിഞ്ഞപ്പോള്‍ അനില്‍ ബലമായി പിടിച്ചു വാങ്ങിയതാണത്. ഒരു ദശകത്തിനകം ജ്യേഷ്ഠന്‍ റിലയന്‍സ് ജിയോയുമായി വീണ്ടും ടെലികോമില്‍ വന്നു. ഇതോടെ ആര്‍കോം അടക്കമുള്ള ഇടത്തരം കമ്പനികള്‍ തകര്‍ച്ചയിലായി.

കിട്ടാക്കടമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാമത്

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ഏറ്റവുമധികം കിട്ടാക്കടമുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം. റേറ്റിംഗ് ഏജന്‍സിയായ കെയര്‍ റേറ്റിംഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ അപകടകരമായ വിധത്തിലുള്ള കിട്ടാക്കടങ്ങളെക്കുറിച്ചു സൂചിപ്പിച്ചത്. ഗ്രീസ്, ഇറ്റലി, പോര്‍ച്ചുഗല്‍, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് കിട്ടാക്കട പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍. ഇന്ത്യക്കു പിന്നിലുള്ള സ്‌പെയിനിന്റെ നിഷ്‌ക്രിയ ആസ്തി അനുപാതം 5.28 ശതമാനമാണ്. ഇന്ത്യയുടേതാവട്ടെ 9.85 ശതമാനവും.
ഏറ്റവും കുറഞ്ഞ എന്‍പിഎ, കുറഞ്ഞ എന്‍പിഎ, ഇടത്തരം അളവിലുള്ള എന്‍പിഎ, ഏറ്റവും കൂടിയ അളവിലുള്ള എന്‍പിഎ എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചാണ് കെയര്‍ നിഷ്‌ക്രിയ ആസ്തി പട്ടിക തയാറാക്കിയത്. ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോംഗ്, റിപ്പബ്ലിക് ഓഫ് കൊറിയ, യുണൈറ്റഡ് കിംഗ്ഡം എന്നിവയുടെ നിഷ്‌ക്രിയ ആസ്തിയുടെ അളവ് ഒരു ശതമാനത്തിലും താഴെയാണ്. കുറഞ്ഞ എന്‍പിഎ വിഭാഗത്തില്‍ ചൈന, ജര്‍മനി, ജപ്പാന്‍, അമേരിക്ക എന്നീ രാഷ്ട്രങ്ങളാണ്. രണ്ടു ശതമാനത്തില്‍ താഴെയാണ് ഇവിടത്തെ നിഷ്‌ക്രിയ ആസ്തി.

 

പാചകവാതക പ്രതിമാസ വിലവര്‍ധന ഉപേക്ഷിക്കുന്നു

ഗായത്രി
കൊച്ചി: പാചക വാതകത്തിന്റെ പ്രതിമാസ വിലവര്‍ധന കേന്ദ്ര സര്‍ക്കാര്‍ വേണ്ടെന്നുവെച്ചേക്കും. മുന്‍മാസത്തെ എണ്ണവിലയും വിനിമയ മൂല്യവും കണക്കിലെടുത്താണ് പ്രതിമാസം വര്‍ധനവരുത്തിയിരുന്നത്. കഴിഞ്ഞ മെയ് മാസംവരെ രണ്ടുരൂപയാണ് വര്‍ധിപ്പിച്ചിരുന്നത്. എന്നാല്‍ നവംബര്‍ മുതല്‍ വര്‍ധന നാലുരൂപയാക്കിയിരുന്നു. ഇതിന് സമാന്തരമായി 2013 ഡിസംബര്‍ മുതല്‍ സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വിലയും വര്‍ധിപ്പിച്ചുവരികയാണ്.
സബ്‌സിഡി നിരക്കിലുള്ള പാചക വാതകം ഉപയോഗിക്കുന്ന 18.11 കോടിപേരാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പ്രകാരം പാവപ്പെട്ട സ്ത്രീകള്‍ക്ക് നല്‍കിയ മൂന്ന് കോടി സൗജന്യ കണക്ഷനുകള്‍ ഉള്‍പ്പടെയാണിത്. 2018 മാര്‍ച്ചോടെ സബ്‌സിഡി ഒഴിവാക്കുന്നതിന് മാസംതോറും എല്‍പിജി വില ഉയര്‍ത്താന്‍ പൊതുമേഖല എണ്ണക്കമ്പനികളോട് നേരത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതുപ്രകാരം കഴിഞ്ഞവര്‍ഷം ജൂലായ് മുതലാണ് വിലവര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. സിലിണ്ടറിന് ഇതുവരെ 76.51 രൂപയാണ് വര്‍ധിപ്പിച്ചത്.
2016 ജൂണില്‍ 14.2 കിലോഗ്രാമുള്ള സിലിണ്ടറിന്റെ വില 419.18 രൂപയായിരുന്നു.

ചെറു നിക്ഷേപ പദ്ധതികളുട പലിശ കുറച്ചു

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ദേശീയ സമ്പാദ്യ പദ്ധതി, പബ്ലിക്ക് പ്രൊവിഡന്‍ന്റ് ഫണ്ട് അടക്കമുള്ള ചെറു നിക്ഷേപ പദ്ധതികളുട പലിശ 0.2 ശതമാനം കുറച്ചു. കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി എന്നിവയുടെ പലിശ നിരക്കിലും സമാനമായ കുറവുവരും. എന്നാല്‍, അഞ്ച് വര്‍ഷം കാലാവധിയുള്ള സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ് സ്‌കീമിന്റെ പലിശ 8.3 ശതമാനമായി നിലനിര്‍ത്തും. പോസ്റ്റ് ഓഫീസ് സേവിംഗ് ബാങ്ക് അക്കൗണ്ടുകള്‍ക്കുള്ള പലിശ നിരക്ക് നാലുശതമാനമായി തുടരും. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് എല്ലാ പാദവര്‍ഷത്തിലും പരിഷ്‌കരിക്കുന്നുണ്ട്.

 

ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിക്കാനും ഇനി ആധാര്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിക്കാനും ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം. പുതുതായി അക്കൗണ്ട് ആരംഭിക്കുന്നവരോട് ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഫേസ്ബുക്ക് സ്ഥിരീകരിച്ചു. പുതിയ അക്കൗണ്ട് ആരംഭിക്കുന്നവര്‍ ആധാര്‍ കാര്‍ഡിലെ പേരുതന്നെ അക്കൗണ്ടില്‍ നല്‍കണമെന്നാണ് ഫേസ്ബുക്ക് ആവശ്യപ്പെടുന്നത്.
ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് ഫേസ്ബുക്കിന്റെ ഔദ്യോഗിക വിശദീകരണം. മൊബൈല്‍ ഫോണിലൂടെ അക്കൗണ്ട് ആരംഭിക്കുന്നവരോടാണ് ആധാറിലെ പേരുതന്നെ നല്‍കാന്‍ ഫേസ്ബുക്ക് ആവശ്യപ്പെടുന്നത്.
യുഎസ് കഴിഞ്ഞാല്‍ ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള രാജ്യമാണ് ഇന്ത്യ. 24.1 കോടി അക്കൗണ്ടുകളാണ് ഇന്ത്യയില്‍ നിന്നുള്ളത്. ഇതില്‍ നിരവധി വ്യാജ അക്കൗണ്ടുകളുമുണ്ട്.