ഇന്നോവയെ തോല്‍പ്പിക്കാന്‍ എം.പി.വി. യു 321

ഇന്നോവയെ തോല്‍പ്പിക്കാന്‍ എം.പി.വി. യു 321

ഫിദ
കൊച്ചി: വിപണി കൈപിടിയിലാക്കിയ വാഹനമാണ് ടൊയോറ്റയുടെ ഇന്നോവ. ഇന്ന് വിപണിയില്‍ ഇന്നോവയോടൊപ്പം മത്സരിക്കാന്‍ മറ്റ് കമ്പനികള്‍ക്ക് മോഡലുകള്‍ വളരെ കുറവാണ്. എന്നാല്‍ ഈ വിഭാഗത്തില്‍ ഒരു മത്സരത്തിനായി മഹീന്ദ്ര പുതിയ മോഡല്‍ ഫെബ്രുവരിയില്‍ പുറത്തിറക്കും. 1.6 ലീറ്റര്‍ എം ഫാല്‍ക്കണ്‍ ഡീസല്‍ എഞ്ചിന്‍ ഉപയോഗിക്കുന്ന കാറിന് 130 ബി.എച്ച്.പി കരുത്തും 300 എന്‍.എം ടോര്‍ക്കുമുണ്ട്. മഹീന്ദ്രയും സാംഗ് യോംഗും സംയുക്തമായി വികസിപ്പിച്ച എഞ്ചിന് 18 കിലോമീറ്റര്‍ മൈലേജുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂഡല്‍ഹിയില്‍ അടുത്ത വര്‍ഷം നടക്കുന്ന രാജ്യാന്തര വാഹന മേളയില്‍ മഹീന്ദ്ര തങ്ങളുടെ പുതിയ എം.പി.വിയെ പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
നോര്‍ത്ത് അമേരിക്കയില്‍ സ്ഥിതിചെയ്യുന്ന മഹീന്ദ്രയുടെ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിക്കുന്ന വാഹനം ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ചിട്ട് നാളുകളേറെയായി. ഉയരം കൂടിയ രീതിയില്‍ ഡിസൈന്‍ ചെയ്ത പുതിയ എം.പി.വി യു 321 എന്ന പേരിലാണ് അറിയപ്പെടുന്നത്. മോണോകോക്ക് ബോഡി ഡിസൈനിലെത്തുന്ന വാഹനത്തില്‍ പ്രീമിയം ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അകത്തളത്തില്‍ പരമാവധി സ്ഥലസൗകര്യം ഉറപ്പാക്കാന്‍ നീളമേറിയ വീല്‍ബേസും മുന്നിലും പിന്നിലും നീളംകുറഞ്ഞ ഓവര്‍ഹാംഗുമാവും പുതിയ എം.പി.വിക്കുണ്ടാവുക. പ്രകടമായ എയര്‍ ഇന്‍ടേക്കും ഫോഗ് ലാമ്പിനുള്ള സ്ഥലസൗകര്യവുമുള്ള നീളമേറിയ ബംപറും പുതിയ സ്‌കോര്‍പ്പിയോയെ അനുസ്മരിപ്പിക്കുന്ന ഗ്രില്ലുമാണ് എം.പി.വിയിലുള്ളത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close