Month: March 2019

നന്മയുടെ കഥയുമായി ‘ചാച്ചാജി’ ഉടനെത്തും

അജയ് തുണ്ടത്തില്‍-
മരുതുപുരം ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും ഹൃദയത്തോടു ചേര്‍ത്തുവെച്ച മനുഷ്യസ്‌നേഹിയായ ചാച്ചാജിയുടെ നന്മ നിറഞ്ഞ കഥയാണ് ‘ചാച്ചാജി’ എന്ന സിനിമ പറയുന്നത്. ചാച്ചാജിയുടെ വളര്‍ത്തുമകളാണ് ശ്രീദേവി. ഗ്രാമത്തിലെ മനുഷ്യരുടെ നന്മയും നിലനില്‍പ്പുമാണ് ചാച്ചാജിയും ശ്രീദേവിയും ആഗ്രഹിക്കുന്നത്. ഭര്‍ത്താവ് നഷ്ടപ്പെട്ട ശ്രീദേവിക്ക് പത്തുവയസ്സുകാരി ദേവൂട്ടിയാണ് ഏകബലം. ചാച്ചാജിയുടെ വലംകയ്യാണ് ദേവൂട്ടി.

സുരഭിലക്ഷ്മി, എ.എ.റഹിം, ബേബികൃഷ്ണശ്രീ എന്നിവര്‍ക്കു പുറമെ ബാലാജി ശര്‍മ്മ, ദിനേശ് പണിക്കര്‍, വി.കെ.ബൈജു, ദീപക്‌രാജ് പുതുപ്പള്ളി, അഷ്‌റഫ് പേഴുംമൂട്, ആന്റണി അറ്റലസ്, നൗഫല്‍ നജ്മല്‍, തല്‍ഹത്ത് ബാബു, ഷിബു ഡാസ്‌ലര്‍, ബിസ്മിന്‍ഷാ, ബിജു ബാലകൃഷ്ണന്‍, എം.ജി.കാവ് ഗോപാലകൃഷ്ണന്‍, ദിയ, ആഷിക് അശോക്, മാളവിക എസ്.ഗോപന്‍, മായ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു.

ബാനര്‍-ഫാമിലി സിനിമാസ്, നിര്‍മ്മാണം-പ്രവാസി റഹിം, രചന, സംവിധാനം-എം.ഹാജാമൊയ്‌നു, ഛായാഗ്രഹണം-പ്രതീഷ് നെന്മാറ, എഡിറ്റിംഗ്-രതീഷ് മോഹന്‍, ഗാനങ്ങള്‍-എം.ഹാജാമൊയ്‌നു, പ്രവാസി റഹിം, സംഗീതം-എം.ജി.ശ്രീകുമാര്‍, ആലാപനം-എം.ജി.ശ്രീകുമാര്‍, വൈഷ്ണവി (ടോപ്പ് സിംഗര്‍, ഫഌവേഴ്‌സ് ചാനല്‍), പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജയശീലന്‍ സദാനന്ദന്‍, എക്‌സി: പ്രൊഡ്യൂസര്‍-ബി.ചിത്തരഞ്ജന്‍, കല-റിഷി എം., ചമയം-ൈബജു ബാലരാമപുരം, കോസ്റ്റ്യും-ശ്രീജിത്ത് കുമാരപുരം, ചീഫ് അസ്സോ:ഡയറക്ടര്‍-സുനില്‍ നന്നമ്പ്ര, ഷാന്‍ അബ്ദുള്‍ വഹാബ്, അസ്സോ:ഡയറക്ടര്‍-ഷാജഹാന്‍ തറവാട്ടില്‍, സംവിധാന സഹായി-സ്‌നിഗ്ദിന്‍ സൈമണ്‍ ജോസഫ്, സ്റ്റില്‍സ്-അജേഷ് ആവണി, ഡിസൈന്‍-പ്രമേഷ് പ്രഭാകര്‍, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍. തിരുവനന്തപുരവും പരിസരപ്രദേശങ്ങളുമാണ് ലൊക്കേഷന്‍.

കുപ്പിവെള്ളത്തിന് വിലകുറക്കാനുള്ള തീരുമാനം കുപ്പിയില്‍ത്തന്നെ

ഗായത്രി-
കൊച്ചി: വിലകുറക്കാനുള്ള തീരുമാനം കുപ്പിയില്‍ത്തന്നെയിരിക്കുമ്പോള്‍ കടുത്ത വേനലില്‍ കേരളത്തില്‍ കുപ്പിവെള്ളവില പൊള്ളുന്നു. അസോസിയേഷനും സര്‍ക്കാരും വിലകുറക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും കുപ്പിവെള്ളം ലിറ്ററിന് 20 രൂപ തന്നെ.
ഒരു ലിറ്റര്‍ വെള്ളത്തിന് 12 രൂപയാക്കി കുറക്കാന്‍ കുപ്പിവെള്ള നിര്‍മാണക്കമ്പനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഒരുവര്‍ഷംമുമ്പ് തീരുമാനിച്ചിരുന്നു. വില 13 രൂപയാക്കി നിശ്ചയിച്ച് ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് സര്‍ക്കാരും പറഞ്ഞു. ഇതുരണ്ടും നടപ്പായില്ല. വലിയ കമ്പനികളുടെ താല്‍പ്പര്യപ്രകാരം തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്ന് അസോസിയേഷന്‍ ആരോപിക്കുന്നു.
കേരളത്തില്‍ നൂറ്റിയമ്പതോളം കമ്പനികള്‍ക്കാണ് കുപ്പിവെള്ളം ഉത്പാദിപ്പിക്കാനും വില്‍ക്കാനും ലൈസന്‍സുള്ളത്. എട്ടുരൂപ നിര്‍മാണച്ചെലവ് വരുന്ന കുപ്പിവെള്ളത്തിന് 12 രൂപയേക്കാള്‍ അധികം വില ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്നായിരുന്നു അസോസിയേഷന്റെ നിലപാട്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ കുപ്പിവെള്ളത്തെ അവശ്യസാധനപട്ടികയില്‍ ഉള്‍പ്പെടുത്തി വില ലിറ്ററിന് 13 രൂപയാക്കി നിജപ്പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കാമെന്ന് മന്ത്രി പറഞ്ഞിരുന്നു. പിന്നീട് പലവട്ടം ഇക്കാര്യത്തിനായി സര്‍ക്കാരിനെ സമീപിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ലെന്നാണ് അസോസിയേഷന്‍ പറയുന്നത്.

മുഖക്കുരു എന്നും വില്ലന്‍

ഫിദ-
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സായ്പല്ലവി. മേക്കപ്പില്ലാതെ, മുടി പോലും കെട്ടിവെക്കാതെ സിനിമയിലെത്തുന്ന നടിയുടെ മുഖക്കുരു പോലും ട്രെന്റ്് ആയി മാറിയ കാലമായിരുന്നു അത്. എന്നാല്‍ ആദ്യമൊക്കെ മുഖക്കുരു പ്രധാന വില്ലനായിരുന്നുവെന്ന് ഒരു സ്വകാര്യ മാസികക്കു നല്‍കിയ അഭിമുഖത്തില്‍ സായ്പല്ലവി പറയുന്നു. മേയ്ക്കപ്പ് വേണ്ടെന്നത് സ്വന്തം തീരുമാനമായിരുന്നുവെന്നും നടി പറയുന്നു.
പഠിക്കുന്ന കാലം തൊട്ടേ മുഖക്കുരു ഒരു വില്ലനാണ്. ജോര്‍ജിയയില്‍ പഠിക്കുമ്പോള്‍ മുഖക്കുരു മറക്കാനായി പലപ്പോഴും സ്‌കാര്‍ഫ് ചുറ്റുമായിരുന്നു. പ്രേമം ഇറങ്ങുന്ന ദിവസം പോലും ഞാന്‍ അമ്മയുടെ കൈ മുറുകെ പിടിച്ച് ചോദിച്ചു ‘ആള്‍ക്കാര്‍ക്ക് എന്നെ ഇഷ്ടപ്പെടുമോ ആ സിനിമ തന്ന കോണ്‍ഫിഡന്‍സ് വളരെ വലുതാണ്. മുഖക്കുരു ഉള്ള പെണ്‍കുട്ടികളും പിന്നീട് മുഖം മറച്ചു നടന്നില്ല. മെയ്ക്കപ്പ് വേണ്ട എന്ന തീരുമാനവും അത്തരമൊരു കോണ്‍ഫിഡന്‍സിന്റെ ഭാഗമാണ്. നിങ്ങള്‍ എങ്ങനെയാണോ, അങ്ങനെയിരിക്കുന്നതാണ് ഏറ്റവും ഭംഗി എന്ന് പറയാതെ പറയാന്‍ കഴിഞ്ഞു. സംവിധായകരും മറ്റും ആ തീരുമാനത്തെ മാനിച്ചു.
അതുപോലെയാണ് വസ്ത്രധാരണത്തിന്റെ രീതി. ചെറുപ്പത്തില്‍ ചെറിയ ഉടുപ്പൊക്കെ ഇട്ട് ഡാന്‍സ് ചെയ്തിട്ടുണ്ട്. ഇപ്പോ അത്തരം വസ്ത്രങ്ങളില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല. ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ക്ക് എന്തു വന്നാലും വഴങ്ങരുതെന്നാണ് എന്റെ രീതിയെന്നും സായ്പല്ലവി പറഞ്ഞു.

പ്രത്യക്ഷനികുതിപിരിവില്‍ 15 ശതമാനം കുറവ്

രാംനാഥ് ചാവ്‌ല-
മൂംബൈ: പ്രത്യക്ഷനികുതിപിരിവ് ബജറ്റില്‍ ലക്ഷ്യമിട്ടതിനെക്കാള്‍ 15 ശതമാനം കുറഞ്ഞതോടെ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ്. നികുതിപിരിവ് ഊര്‍ജിതപ്പെടുത്താന്‍ സി.ബി.ഡി.ടി. ആദായനികുതി വകുപ്പിന്റെ മേഖലാ പ്രിന്‍സിപ്പല്‍ കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ബജറ്റില്‍ 12 ലക്ഷംകോടി പിരിച്ചെടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, മാര്‍ച്ച് 23 വരെ 10,21,251 കോടി രൂപമാത്രമാണ് പിരിച്ചെടുത്തത്. അതായത്, ലക്ഷ്യമിട്ടതിന്റെ 85.1 ശതമാനം മാത്രം. അപായസൂചന തിരിച്ചറിഞ്ഞ് മാര്‍ച്ച് 26നാണ് പ്രത്യക്ഷനികുതി ബോര്‍ഡംഗം നീനാകുമാര്‍ ആദായനികുതി വകുപ്പിന്റെ എല്ലാ പ്രാദേശിക മേധാവികള്‍ക്കും കത്തയച്ചത്. രാജ്യത്തെ ആദായനികുതി പിരിവിന്റെ മേല്‍നോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥയാണ് നീനാകുമാര്‍.
വ്യക്തിഗത ആദായനികുതി, കോര്‍പ്പറേറ്റ് നികുതി, മുന്‍കൂര്‍ നികുതി എന്നീയിനങ്ങളിലാണ് നികുതിവരുമാനം കുറഞ്ഞതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ദൈനംദിന നികുതിപിരിവില്‍ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും കഴിഞ്ഞയാഴ്ച മൈനസ് 5.2 ആയിരുന്ന നികുതിപിരിവില്‍ ഇടിവുസംഭവിച്ച് 6.9 ശതമാനത്തിലെത്തിയെന്നും അവര്‍ വ്യക്തമാക്കി.
ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണിതെന്നും കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഈയവസ്ഥയില്‍ സി.ബി.ഡി.ടി. അതൃപ്തി രേഖപ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ ലക്ഷ്യം കൈവരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശമുണ്ടെന്നും അവര്‍ അറിയിച്ചു. ആദായനികുതി വകുപ്പിനുവേണ്ടി നയങ്ങള്‍ രൂപവത്കരിക്കുന്നതും ധനമന്ത്രാലയത്തിന്റെ നോര്‍ത്ത് ബ്ലോക്കില്‍നിന്നുള്ള പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും പ്രത്യക്ഷനികുതി ബോര്‍ഡാണ്.
സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31നുമുമ്പായി നികുതിപിരിവ് പൂര്‍ത്തിയാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പ്രത്യക്ഷനികുതി ബോര്‍ഡ് ചെയര്‍മാന്‍ പി.സി. മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ആദായനികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തിരുന്നു. വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡ് നിരീക്ഷിക്കുന്നുണ്ട്.
മുന്‍കൂര്‍ നികുതി, കുടിശ്ശിക എന്നിവയുടെ പിരിവ്, നികുതിവെട്ടിപ്പ് നിരീക്ഷിക്കുന്നതിനും വെളിപ്പെടുത്താത്ത സ്വത്ത് കണ്ടുകെട്ടുന്നതിനും സ്വീകരിച്ച നടപടികള്‍ എന്നിവയ്ക്കാണ് ബോര്‍ഡ് മേല്‍നോട്ടം വഹിക്കുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഒരാഴ്ചകൊണ്ട് 15 ശതമാനം പിരിച്ചെടുക്കുകയെന്ന വലിയ ലക്ഷ്യമാണ് ഇപ്പോള്‍ ആദായനികുതിവകുപ്പിനുള്ളത്.

വേനലവധി; വിമാനക്കമ്പനികള്‍ ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചു

ഫിദ-
കൊച്ചി: വേനലവധിയായതോടെ വിമാനക്കമ്പനികള്‍ ഗള്‍ഫിലേക്കുളള വിമാനടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി. സ്‌കൂളുകള്‍ അടക്കുന്നതിനാല്‍ ഗള്‍ഫിലേക്ക് പോകുന്ന കുടുംബങ്ങളുടെ തിരക്ക് മുന്‍നിര്‍ത്തിയാണ് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചത്. ദുബായിലേക്ക് 5,000 രൂപവരെയുളള നിരക്ക് 18,000 രൂപവരെ നല്‍കേണ്ട അവസ്ഥയാണ്. ഷാര്‍ജ, അബുദാബി മേഖലയിലേക്കും നിലവിലെ നിരക്കിന്റെ മൂന്നിരട്ടി നല്‍കണം. ജിദ്ദയിലേക്ക് നിലവില്‍ 15,500 രൂപക്ക് ലഭിക്കുന്ന നിരക്ക് 26,000 രൂപയായി ഉയര്‍ത്തി. റിയാദിലേക്ക് 12,400 രൂപയില്‍നിന്ന് 24,000 രൂപയിലേക്കും ദമാമിലേക്ക് 22,000 രൂപയായും ഉയര്‍ന്നു.
ദോഹ, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍ രാജ്യങ്ങളിലേക്കും നിലവിലെ നിരക്കിനേക്കാളും 5,000 മുതല്‍ 10,000വരെ വര്‍ധനവുണ്ട്.
അതിനിടെ ഗള്‍ഫില്‍നിന്നുള്ള നിരക്കും ഏപ്രില്‍ മധ്യത്തോടെ വര്‍ധിക്കും. റംസാന്‍ മേയ് ആദ്യത്തില്‍ ആരംഭിക്കുന്നതിനാല്‍ ഗള്‍ഫില്‍നിന്നുള്ള തിരക്കും കൂടും. ഏപ്രില്‍ ആദ്യത്തില്‍ ഗള്‍ഫിലേക്ക് വിമാന ടിക്കറ്റ് ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്.
കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്നുമുതല്‍ വേനല്‍ക്കാല വിമാന സമയക്രമം നിലവില്‍വരും. പുതിയ ഷെഡ്യൂള്‍ പ്രകാരം കോഴിക്കോട് ജിദ്ദ, കോഴിക്കോട് ബെംഗളൂരു സെക്ടറുകളില്‍ സ്‌പൈസ്‌ജെറ്റ് ആഴ്ചയില്‍ എല്ലാദിവസവും പുതിയ സര്‍വീസുകള്‍ നടത്തും.
കോഴിക്കോട് മുംബൈ സെക്ടറില്‍ ജെറ്റ് എയര്‍വേസും ഡല്‍ഹി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യയും സര്‍വീസ് തുടങ്ങുന്നുണ്ട്. സ്‌പൈസ്‌ജെറ്റ് സര്‍വീസുകള്‍ ഏപ്രില്‍ 20 മുതലാണ് ആരംഭിക്കുന്നത്.
എയര്‍ഇന്ത്യ ഏപ്രില്‍ രണ്ടുമുതലാണ് കോഴിക്കോട് കണ്ണൂര്‍ ഡല്‍ഹി സെക്ടറില്‍ സര്‍വീസ് നടത്തുക. തിങ്കള്‍, വ്യാഴം ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും സര്‍വീസ്. ജെറ്റ് എയര്‍വേസിന്റെ സര്‍വീസ് മേയ് ഒന്നിനും പുനരാരംഭിക്കും.
ഇതിനുപുറമെ ഇന്‍ഡിഗോയുടെ ഡല്‍ഹി, ഹൈദരാബാദ് സര്‍വീസും വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതോടെ എയര്‍ഇന്ത്യയുടെ കോഴിക്കോട് ജിദ്ദ, റിയാദ്, എമിറേറ്റ്‌സിന്റെ കോഴിക്കോട് ദുബായ് സര്‍വീസുകളും പുനരാരംഭിക്കും. മേയ് മൂന്നുമുതല്‍ എയര്‍ ഇന്ത്യ എയര്‍ ബസ് നിയോ വിമാനം ഉപയോഗിച്ച് റിയാദിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

ദോഹയിലെ ഹമദ് എയര്‍പോര്‍ട്ടിന് ആറാംസ്ഥാനം

അളക ഖാനം-
ദോഹ: 2019 സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ്‌സില്‍ ഹമദിന് വീണ്ടും കുതിപ്പ്. ലോകത്തെ മികച്ച പത്ത് വിമാനത്താവളങ്ങളില്‍ ഖത്തര്‍ ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്(എച്ച്‌ഐഎ) ആറാം സ്ഥാനം. പ്രതിവര്‍ഷം 30 മില്യണിലധികം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ട്. പ്രവര്‍ത്തനം ആരംഭിച്ച് കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടംനേടാനായത് ഹമദിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ മുഹൂര്‍ത്തമാണ്. ഈ വര്‍ഷം ആദ്യത്തില്‍ എച്ച്‌ഐഎയുടെ വിപുലീകരണപദ്ധതിയുടെ രണ്ടാംഘട്ടത്തിനു തുടക്കംകുറിച്ചിട്ടുണ്ട്. 2022 ആകുമ്പോഴേക്കും പ്രതിവര്‍ഷം 53 മില്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലേക്ക് വിമാനത്താവളത്തിന്റെ ശേഷി ഉയര്‍ത്തുകയാണ് ലക്ഷ്യം.

കാര്‍ഗോ ശേഷി പ്രതിവര്‍ഷം മൂന്നു മില്യണ്‍ ടണ്ണിലേക്ക് ഉയര്‍ത്തും. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളമായും ഹമദിനെ തെരഞ്ഞെടുത്തു. ലണ്ടനില്‍ നടന്ന പാസഞ്ചര്‍ ടെര്‍മിനല്‍ എക്‌സ്‌പോ 2019നോട് അനുബന്ധിച്ചായിരുന്നു സ്‌കൈട്രാക്‌സ് പുരസ്‌കാരപ്രഖ്യാപനം. പഞ്ചനക്ഷത്ര പദവിക്കും ഹമദ് അര്‍ഹമായി. മികച്ച ഗുണനിലവാര പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പഞ്ചനക്ഷത്ര പദവി ലഭിക്കുന്നത്. ഉന്നത ഗുണനിലവാരത്തിലുള്ള സൗകര്യങ്ങളും സേവനങ്ങളും യാത്രക്കാര്‍ക്ക് നല്‍കുന്ന വിമാനത്താവളങ്ങള്‍ക്കാണ് ഈ പദവി ലഭിക്കുന്നത്. ആഗമനം, നിര്‍ഗമനം, ട്രാന്‍സിറ്റ് എന്നിവയും വിമാനത്താവളത്തിലെ സൗകര്യങ്ങള്‍, ഉപഭോക്തൃ സേവനം, സുരക്ഷ, ഇമിഗ്രേഷന്‍, വാണിജ്യ സ്ഥാപനങ്ങള്‍, ഭക്ഷ്യ, ശീതള പാനീയ സൗകര്യങ്ങള്‍ എന്നിവയുടെയെല്ലാം കാര്യത്തില്‍ മികച്ച റാങ്കിംഗ് സ്വന്തമാക്കാന്‍ ഹമദിനായിട്ടുണ്ട്.

മാണ്ഡ്യയില്‍ ഡ്യൂപ്ലിക്കേറ്റ് ‘സുമലതമാര്‍’

രാംനാഥ് ചാവ്‌ല-
മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുമലതക്കു അപരന്മാരുടെ ഭീഷണി. സുമലതക്കെതിരെ മൂന്നു സുമലതമാരാണ് മത്സരിക്കുന്നത്. മൂന്നു പേരും സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് അങ്കത്തിനിറങ്ങുന്നത്. സുമലതയുടെ വിലാസം നല്‍കിയിരിക്കുന്നത് ബംഗളൂരു ജെപി നഗറും, മാണ്ഡ്യ ജില്ലയിലെ ദൊഡ്ഡ ഹരസിനകെരെയും ആണെങ്കില്‍ മറ്റ് മൂന്ന് സുമലതമാര്‍ രാമനഗര്‍, മാണ്ഡ്യ ജില്ലകളില്‍ നിന്നുള്ളവരാണ്.
അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലതയുടെ വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സിയാണ്. മറ്റൊരു സ്ഥാനാര്‍ഥിയായ മഞ്ചെ ഗൗഡയുടെ ഭാര്യ സുമതല എട്ടാം ക്ലാസുകാരിയാണ്. സിദ്ദെ ഗൗഡയുടെ ഭാര്യ സുമലത ഏഴാം ക്ലാസാണ് യോഗ്യതയായി പത്രികയോടൊപ്പം സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. കനകാപുരയില്‍നിന്നുള്ള സ്ഥാനാര്‍ഥി സുമലതക്കുമാത്രമാണ് കോളജ് വിദ്യാഭ്യസ യോഗ്യതയുള്ളത്. എംഎസ്‌സിക്കാരിയാണ് പി. സുമലത.
ജെഡിഎസിനു മാണ്ഡ്യ സീറ്റ് നല്‍കിയതോടെയാണു സുമലത സ്വതന്ത്രയായി മത്സരിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖിലാണു ജെഡിഎസ് സ്ഥാനാര്‍ഥി. ബിജെപിയുടെ പിന്തുണയോടെയാണ് ഒര്‍ജിനല്‍ സുമലത മാണ്ഡ്യയില്‍ മത്സരിക്കുന്നത്.

ഏപ്രില്‍ മുതല്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍

ഫിദ-
കൊച്ചി: ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ പുതിയ മോട്ടോര്‍വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ (എച്ച്.എസ്.ആര്‍.പി.) നിര്‍ബന്ധമാക്കും. ഏപ്രില്‍ ഒന്നിനോ അതിനു ശേഷമോ നിര്‍മ്മിക്കുന്ന വാഹനങ്ങളില്‍ എച്ച്.എസ്.ആര്‍.പി ഘടിപ്പിച്ച് നല്‍കേണ്ടത് ഡീലര്‍മാരാണ്.
നമ്പര്‍പ്ലേറ്റിന് വിലയോ ഘടിപ്പിക്കുന്നതിന് കൂലിയോ ഈടാക്കാന്‍ പാടില്ലെന്നും കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
വ്യാജ നമ്പര്‍പ്ലേറ്റുകള്‍ തടയാനാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ഇതിനായി കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 1989, 2001 ലെ എച്ച്.എസ്.ആര്‍.പി ഉത്തരവ് എന്നിവ ഭേദഗതി ചെയ്യും.
പഴയ വാഹനങ്ങള്‍ക്ക് എന്നാല്‍ ഈ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമില്ല. എന്നാല്‍ താല്പര്യമുള്ളവര്‍ക്ക് പഴയ എച്ച്.എസ്.ആര്‍.പി. സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുള്ള നിര്‍മാതാക്കളില്‍ നിന്ന് വാങ്ങാം. ചെലവ് വാഹനയുടമ വഹിക്കണമെന്നു മാത്രം. പുതിയ നമ്പര്‍ പ്ലേറ്റില്‍ നിരവധി സുരക്ഷാ ഫീച്ചറുകള്‍ ഉണ്ടായിരിക്കും.

ചിത്രീകരണത്തിനിടെ ബൈക്ക് മറിഞ്ഞ് നടന്‍ വിശാലിന് പരിക്ക്

ഗായത്രി-
ചെന്നൈ: തെന്നിന്ത്യന്‍ നടന്‍ വിശാലിന് ഷൂട്ടിങ്ങിനിടയില്‍ പരിക്കേറ്റു. തുര്‍ക്കിയില്‍ വെച്ച് നടന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ് പരിക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ എ ടി വി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുന്ദര്‍ സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിശാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തമന്നയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മലയാളി താരം ഐശ്വര്യലക്ഷ്മിയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വിശാലിന്റെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. പരുക്കുകള്‍ ഗുരുതരമല്ലെങ്കിലും കുറച്ച് ദിവസം ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ വിശാലിന് കഴിയില്ല. അയോഗ്യയാണ് വിശാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. സണ്ടക്കോഴി 2 ന് ശേഷം വിശാലിന്റേതായി വരുന്ന ചിത്രമാണ് അയോഗ്യ.

മാര്‍ച്ച് 31ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ അവസാനദിനം ഞായറാഴ്ചയാണെങ്കിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം. സാമ്പത്തിക വര്‍ഷത്തിന്റെ ക്ലോസിങിന്റെ ഭാഗമായി മാര്‍ച്ച് 31ന് സര്‍ക്കാരിന്റെ രസീത്, പെയ്‌മെന്റ് ഇടപാടുകള്‍ നടത്തുന്നതിനുവേണ്ടിയാണിത്. സര്‍ക്കാര്‍ ഇടപാടുകള്‍ നടക്കുന്ന ബാങ്കുകളുടെ എല്ലാശാഖകളും മാര്‍ച്ച് 31ന് രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം.