മാണ്ഡ്യയില്‍ ഡ്യൂപ്ലിക്കേറ്റ് ‘സുമലതമാര്‍’

മാണ്ഡ്യയില്‍ ഡ്യൂപ്ലിക്കേറ്റ് ‘സുമലതമാര്‍’

രാംനാഥ് ചാവ്‌ല-
മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുമലതക്കു അപരന്മാരുടെ ഭീഷണി. സുമലതക്കെതിരെ മൂന്നു സുമലതമാരാണ് മത്സരിക്കുന്നത്. മൂന്നു പേരും സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് അങ്കത്തിനിറങ്ങുന്നത്. സുമലതയുടെ വിലാസം നല്‍കിയിരിക്കുന്നത് ബംഗളൂരു ജെപി നഗറും, മാണ്ഡ്യ ജില്ലയിലെ ദൊഡ്ഡ ഹരസിനകെരെയും ആണെങ്കില്‍ മറ്റ് മൂന്ന് സുമലതമാര്‍ രാമനഗര്‍, മാണ്ഡ്യ ജില്ലകളില്‍ നിന്നുള്ളവരാണ്.
അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലതയുടെ വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സിയാണ്. മറ്റൊരു സ്ഥാനാര്‍ഥിയായ മഞ്ചെ ഗൗഡയുടെ ഭാര്യ സുമതല എട്ടാം ക്ലാസുകാരിയാണ്. സിദ്ദെ ഗൗഡയുടെ ഭാര്യ സുമലത ഏഴാം ക്ലാസാണ് യോഗ്യതയായി പത്രികയോടൊപ്പം സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. കനകാപുരയില്‍നിന്നുള്ള സ്ഥാനാര്‍ഥി സുമലതക്കുമാത്രമാണ് കോളജ് വിദ്യാഭ്യസ യോഗ്യതയുള്ളത്. എംഎസ്‌സിക്കാരിയാണ് പി. സുമലത.
ജെഡിഎസിനു മാണ്ഡ്യ സീറ്റ് നല്‍കിയതോടെയാണു സുമലത സ്വതന്ത്രയായി മത്സരിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖിലാണു ജെഡിഎസ് സ്ഥാനാര്‍ഥി. ബിജെപിയുടെ പിന്തുണയോടെയാണ് ഒര്‍ജിനല്‍ സുമലത മാണ്ഡ്യയില്‍ മത്സരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close