Month: January 2018

ഷാരൂഖിന്റെ ഫാം ഹൗസ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി

വിഷ്ണു പ്രതാപ്
മുംബൈ: കിംഗ് ഖാന്‍ ഷാരൂഖിന്റെ ആലിബാഗിലെ ഒഴിവുകാല വസതി ആദായ നികുതി വകുപ്പ് അധികൃതര്‍ കണ്ടുകെട്ടി. 2016ലെ ബിനാമി നിയമ പ്രകാരമാണ് നടപടി. മഹാരാഷ്ട്രയിലെ ആലിബാഗിലെ കടല്‍ത്തീരത്ത് പഴയ കൃഷി സ്ഥലം കൃഷി ചെയ്യാനെന്ന വ്യാജേനയാണ് ഖാന്‍ വാങ്ങിയത്. 19960 ചതുരശ്ര അടിയുള്ള കൃഷി സ്ഥലത്ത് ഖാന്‍ ഫാം ഹൗസ് കെട്ടിപ്പൊക്കുകയായിരുന്നു.
കൃഷി ഭൂമിയില്‍ കെട്ടിടം നിര്‍മിക്കാന്‍ അനുവദിക്കാത്തത് കൊണ്ട് ദേജാവു ഫാംസ് എന്ന കമ്പനിയുടെ പേരിലാണ് 2004ല്‍ ഷാരൂഖ് ഖാന്‍ സ്ഥലം വാങ്ങിയത്. കൃഷിയാവശ്യത്തിന് വാങ്ങുന്നുവെന്നാണ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ ആ സ്ഥലത്ത് പിന്നീട് ആഡംബര കെട്ടിടം നിര്‍മിക്കുകയായിരുന്നു. കൃഷി ചെയ്യാന്‍ വാങ്ങിയ സ്ഥലത്ത് കൃഷി നടത്തുകയോ വരുമാനം ഉണ്ടാക്കുകയോ ഇതുവരെ ചെയ്തിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നീന്തല്‍ കുളവും കടല്‍ തീരവുമുള്ള ഫാം ഹൗസാണ് ആലിബാഗില്‍ സ്ഥിതി ചെയ്യുന്നത്.
ദേജാവു ഫാംസ് എന്ന കമ്പനിയുടെ പേരില്‍ വാങ്ങിയ ഓഹരി ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും പിന്നീട് സ്വന്തമാക്കുകയായിരുന്നു. 14.67 കോടി രൂപ വില കാണിച്ചിരിക്കുന്ന ഫാം ഹൗസിന് അതിന്റെ അഞ്ചിരട്ടി വിലയെങ്കിലും കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ബിനാമി നിയമത്തിന്റെ പരിധിയില്‍ വരുന്നത് കൊണ്ടാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഡച്ച് ബാങ്കുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം

അളക ഖാനം
ഹേഗ്: നെതര്‍ലന്‍ഡിലെ ബാങ്കുകള്‍ക്കും നികുതി കേന്ദ്രങ്ങള്‍ക്കും നേരെ സൈബര്‍ ആക്രമണം. ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് (ഡിഡിഒഎസ്) ആക്രമണമാണ് ഉണ്ടായത്.
റാബോ ബാങ്ക്, ഐഎന്‍ജി, എബിഎന്‍ അംറോ എന്നീ ബാങ്കുകള്‍ക്ക് നേരെയും നികുതി കേന്ദ്രങ്ങള്‍ക്കും നേരെയാണ് ഒരാഴ്ചയ്ക്കിടെ ആക്രമണമുണ്ടായത്. ഇതോടെ ഇന്റര്‍നെറ്റ് ബാങ്കിംഗും മൊബൈല്‍ ബാങ്കിംഗും തടസപ്പെട്ടിരുന്നു. ബാങ്കുകളുടെ സേവനം ഉപയോഗിക്കുന്ന സൈറ്റുകളും നിശ്ചലമായി. സംഭവത്തില്‍ ഡച്ച് സുരക്ഷാ വിഭാഗം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഡച്ച് പെയ്‌മെന്റ്‌സ് അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം നെതര്‍ലന്‍ഡിലെ ബാങ്കുകള്‍ നിരന്തരം ഇത്തരം ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഡിഡിഒഎസ് ആക്രമണത്തിന് പിന്നില്‍ ഇതുവരെ വ്യക്തമായിട്ടില്ല.

 

ജി.എസ്.ടി; പരോക്ഷനികുതി വരുമാനത്തില്‍ ഉണര്‍വെന്ന് സര്‍വെ

കൊച്ചി: ജി.എസ്.ടി.യുടെ വരവോടെ പരോക്ഷനികുതി വരുമാനത്തില്‍ ഉണര്‍വുവന്നതായി സാമ്പത്തിക സര്‍വേ. പരോക്ഷനികുതിദായകരുടെ എണ്ണം 50 ശതമാനം കൂടി. കഴിഞ്ഞവര്‍ഷം ഏപ്രില്‍മുതല്‍ നവംബര്‍വരെയുള്ള കാലത്ത് പരോക്ഷനികുതി വരുമാനം 18.3 ശതമാനം കൂടി.
നിര്‍ബന്ധമില്ലാഞ്ഞിട്ടും 17 ലക്ഷം പേര്‍ സ്വമേധയാ ജി.എസ്.ടി. രജിസ്‌ട്രേഷനെടുത്തു. വലിയ സ്ഥാപനങ്ങളുമായി ഇടപാടുനടത്തുന്ന ചെറുകിട സ്ഥാപനങ്ങള്‍ കൂടുതലായി രജിസ്‌ട്രേഷന്‍ നടത്തി. ഡിസംബര്‍വരെ 98 ലക്ഷം ജി.എസ്.ടി. രജിസ്‌ട്രേഷന്‍ നടന്നു. പഴയ പരോക്ഷനികുതി സമ്പ്രദായപ്രകാരം പല നികുതികളില്‍ രജിസ്‌ട്രേഷന്‍ ചെയ്തവരുണ്ട്. ഇതെല്ലാം കുറച്ചാല്‍ തന്നെയും ജി.എസ്.ടി. രജിസ്‌ട്രേഷനില്‍ 50 ശതമാനം (34 ലക്ഷം) വര്‍ധനയുണ്ടായതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു.
രജിസ്‌ട്രേഷന്‍ നടത്തിയതില്‍ 17 ശതമാനം മാത്രമാണ് ഉപഭോക്താക്കളുമായി ഇടപാടുനടത്തുന്ന ബിസിനസ്സുകാര്‍ (ബി 2 സി). ബിസിനസ്സുകാരുമായി ഇടപാടു നടത്തുന്ന ബിസിനസ്സുകാരാണ് (ബി 2 ബി) 34 ശതമാനത്തോളവും. പഴയ നികുതിസമ്പ്രദായവുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍തോതില്‍ ജി.എസ്.ടി. രജിസ്‌ട്രേഷനില്‍ വര്‍ധനയുള്ളത് യു.പി.യിലും പശ്ചിമബംഗാളിലുമാണ്.
സമഗ്രമായ മുന്നൊരുക്കങ്ങളും കണക്കുകൂട്ടലുകളും നടത്തിയാണ് ജി.എസ്.ടി. നടപ്പാക്കിയത്. എങ്കിലും സര്‍ക്കാര്‍ ഇത് ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു. നികുതിയിതര വരുമാനത്തിലെ കുറവുനികത്താന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന സഹായിക്കും. പ്രത്യക്ഷ നികുതി പിരിവും ലക്ഷ്യം കാണും. പ്രത്യക്ഷനികുതി വരുമാനത്തില്‍ 13.7 ശതമാനവും പരോക്ഷ നികുതിയില്‍ 18.3 ശതമാനവുമാണ് ഏപ്രില്‍നവംബര്‍ കാലയളവിലെ വര്‍ധന.

 

സൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു

ഗായത്രി
ജിദ്ദ:
പന്ത്രണ്ട് തൊഴില്‍മേഖലകളില്‍ കൂടി സൗദി ഈവര്‍ഷം സെപ്റ്റംബര്‍ മുതല്‍ സ്വദേശിവത്കരണം നടപ്പാക്കും. വാച്ച്, കണ്ണട, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രിക്കല്‍ വൈദ്യുതി ഉപകരണങ്ങള്‍, വാഹന സ്‌പെയര്‍പാര്‍ട്‌സ്, കെട്ടിട നിര്‍മാണ വസ്തുക്കള്‍, കാര്‍പറ്റ്, കാര്‍, മോട്ടോര്‍ സൈക്കിള്‍, ഫര്‍ണിച്ചര്‍, ഓഫീസ് ഉപകരണങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍, പുരുഷന്മാര്‍ക്ക് മാത്രമായ വസ്തുക്കള്‍, മിഠായി എന്നിവ വില്‍ക്കുന്ന കടകളിലെ ജോലികളാണ് സ്വദേശികള്‍ക്ക് മാത്രമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഇതില്‍ വന്‍ തോതില്‍ മലയാളികളുടെ സാന്നിധ്യമുള്ളതാണ് മിഠായി, വാച്ച്, റെഡിമെയ്ഡ് വസ്ത്ര രംഗങ്ങള്‍. ഇലക്ട്രോണിക് ഉപകരണം, വാച്ച്, കണ്ണട കടകളിലെ സ്വദേശിവത്കണം നവംബര്‍ ഒമ്പതിന് പ്രാബല്യത്തില്‍ വരും. മൂന്നാംഘട്ടത്തില്‍ 2019 ജനുവരി ഏഴ് മുതല്‍ മെഡിക്കല്‍ ഉപകരണം, കെട്ടിടനിര്‍മാണ വസ്തുക്കള്‍, സ്‌പെയര്‍പാര്‍ട്‌സ്, കാര്‍പറ്റ്, മിഠായികടകളിലും ബാധകമാക്കും. ഷോപ്പിങ് മാളുകളിലുള്ള കടകള്‍ക്കും ഒറ്റപ്പെട്ട കടകള്‍ക്കും നിയമം ബാധകമാണ്. അതേസമയം വനിതവത്കരണത്തിന്റെ ഭാഗമായി സ്വദേശി വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ സ്വദേശിവത്കരണം മാറ്റമില്ലാതെ തുടരുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
അതാത് മേഖല ഗവര്‍ണറേറ്റിന് കീഴിലെ സ്വദേശിവത്കരണ നടപടികള്‍ നിശ്ചിത തിയതി ക്രമം അനുസരിച്ച് തുടരണമെന്നും തീരുമാനത്തിലുണ്ട്. മൊബൈല്‍ വില്‍പന, റിപ്പയറിങ്, ജ്വല്ലറികള്‍, മാളുകള്‍ എന്നിവിടങ്ങളിലെ ജോലികള്‍ക്ക് പിന്നാലെയാണ് കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നത്.

പദ്മാവതിന് മലേഷ്യയില്‍ വിലക്ക്

ഫിദ
ഇന്ത്യയില്‍ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയ ബോളിവുഡ് ചിത്രം പദ്മാവതിന് മലേഷ്യയില്‍ വിലക്ക്. ഇസ്ലാം വിരുദ്ധമെന്ന് ആരോപിച്ചാണ് മലേഷ്യയിലെ നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡ് (എല്‍.പി.എഫ്.) സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്.
മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ പദ്മാവതിന്റെ കഥ ആശങ്കയുണ്ടാക്കുന്നതാണെന്ന് എല്‍.പി.എഫ്. ചെയര്‍മാന്‍ മുഹമ്മദ് സാംബെരി അബ്ദുള്‍ അസീസ് പറഞ്ഞു. ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരേ അപ്പീല്‍ നല്‍കാനിരിക്കുകയാണ് മലേഷ്യയിലെ വിതരണക്കാര്‍. മറ്റുരാജ്യങ്ങളില്‍ പ്രദര്‍ശനവിജയം നേടിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്ക് നേരത്തേയും മലേഷ്യ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസ്‌നിയുടെ ‘ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ്’ കഴിഞ്ഞവര്‍ഷം രാജ്യത്ത് നിരോധിച്ചിരുന്നു.
ഇന്ത്യയില്‍ പദ്മാവത് ആദ്യ ആഴ്ച നേടിയത് മികച്ച കളക്ഷന്‍. രാജ്യത്തെ 4000 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം നേടിയത് 100 കോടി രൂപ. പത്മാവത് ആദ്യദിനംതന്നെ 19 കോടി രൂപയുടെ കളക്ഷന്‍ നേടിയിരുന്നു.

 

പ്രതിഷേധങ്ങള്‍ക്കിടയിലും ഇന്ധന വില കുതിക്കുന്നു

ഗായത്രി
കൊച്ചി: ഇന്ധന വില വര്‍ധനക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കിടെ ഡീസല്‍വില സര്‍വകാല റെക്കോഡായ എഴുപതിലേക്ക്. ലിറ്ററിന് 69.30 രൂപയാണ് ഞായറാഴ്ച തിരുവനന്തപുരത്തെ വില. പെട്രോള്‍ വിലയും കുതിക്കുകയാണ്. തിരുവനന്തപുരത്ത് 76.68 രൂപയായി പെട്രോള്‍ വില. മുംബൈയില്‍ 80.64 രൂപയാണ്.
അടച്ചുപൂട്ടിയ സ്വകാര്യപമ്പുകള്‍ ഇന്ധനവില കുതിച്ചതോടെ വീണ്ടും തുറന്നുതുടങ്ങി. പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി എടുത്തുകളയുകയും വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കുകയും ചെയ്തതിനു പിന്നാലെ ലാഭം പെരുകുമെന്ന് ഉറപ്പായപ്പോഴാണ ്‌സ്വകാര്യ പമ്പുകള്‍ തുറക്കുന്നത്.
സംസ്ഥാനത്ത് റിലയന്‍സിനും എസ്സാര്‍ ഓയിലിനുമായി ഇരുനൂറോളം പമ്പാണ് ഉള്ളത്. ഇതില്‍ തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ നേരത്തെ അടച്ചുപൂട്ടിയ റിലയന്‍സ് പമ്പുകള്‍ വീണ്ടും തുറന്നു. മറ്റ് ജില്ലകളിലും പമ്പുകള്‍ അതിവേഗം തുറക്കാന്‍ ശ്രമം നടക്കുന്നു. പമ്പുകളുടെ എണ്ണം ഒരു വര്‍ഷത്തിനകം ഇരട്ടിയാക്കാനാണ് റിലയന്‍സും എസ്സാറും ലക്ഷ്യമിടുന്നത്. വില്‍പ്പന വര്‍ധിപ്പിക്കാനായി പൊതുമേഖലാ എണ്ണക്കമ്പനികളേക്കാള്‍ ഇന്ധനം വില കുറച്ച് നല്‍കാനും സ്വകാര്യ കമ്പനികള്‍ക്കാകും.
രണ്ടാഴ്ചയായി പെട്രോളിന് ശരാശരി 15 പൈസ വീതവും ഡീസലിന് 20 പൈസ വീതവും ഓരോ ദിവസവും കൂട്ടി. ഡീസല്‍വില കൂടിയതോടെ അവശ്യസാധനവിലയും കുതിക്കുകയാണ്. ബിജെപി അധികാരത്തിലെത്തുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 69.15 രൂപയും ഡീസലിന് 49.57 രൂപയുമായിരുന്നു. 2015ല്‍ പെട്രോളിന് കേന്ദ്ര എക്‌സൈസ് നികുതി ലിറ്ററിന് 11.48 രൂപ ആയിരുന്നത് ഇപ്പോള്‍ 19.48 രൂപയാണ്. 69 ശതമാനമാണ് വര്‍ധന. ഡീസലിന്റെ കേന്ദ്രനികുതി 4.46 രൂപ ആയിരുന്നത് ഇപ്പോള്‍ 15.33 രൂപയായി.
ക്രൂഡോയിലിന്റെ വില അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ കുറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയത്. ഡീസല്‍വില വര്‍ധിപ്പിച്ചതോടെ ചരക്ക് കടത്ത് കൂലി കൂടി. ബസ് നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 30 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

അുത്തവര്‍ഷം മുതല്‍ 7.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി:
2018-19 സാമ്പത്തിക വര്‍ഷം ഏഴു മുതല്‍ 7.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ. ധനക്കമ്മി 3.2 ശതമാനമായി കുറയുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലിമെന്റില്‍ വെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജി.എസ്.ടിക്കും നോട്ടു നിരോധനത്തിനും ശേഷം രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണ്. സ്വകാര്യ നിക്ഷേപം കൂടി. ഉത്പാദന മേഖലയിലും കയറ്റു മതിയിലും റെക്കോര്‍ഡ് നേട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജി.എസ്.ടി വന്നതോടെ നികുതി നല്‍കുന്നവരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവുണ്ടായി. നികുതി വരുമാനവും വര്‍ധിച്ചു. എന്നാല്‍ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ കുവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പെട്രൊളിയം ഉത്പന്നങ്ങള്‍ക്ക് വില വര്‍ധനവുണ്ടാകും. എന്നാല്‍ വിലക്കയറ്റം 4.5 ശതമാനത്തില്‍ നിന്ന് 3.3 ശതമാനമായി കുറക്കാനാകുമെന്ന പ്രതീക്ഷയും റിപ്പോര്‍ട്ട് പങ്കുവെക്കുന്നു.

കവര്‍ച്ചക്കിരയായ ജാപ്പനീസ് ഉപയോക്താക്കള്‍ക്ക് 40 കോടി യുഎസ് ഡോളര്‍

അളക ഖാനം
ടോക്കിയോ: ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ നാണയ കവര്‍ച്ച നേരിട്ട ജാപ്പനീസ് ഡിജിറ്റല്‍ നാണയ എക്‌സ്‌ചേഞ്ച് ഉപയോക്താക്കള്‍ക്ക് 40 കോടി യുഎസ് ഡോളര്‍ (2543.6 കോടി രൂപ) നഷ്ടപരിഹാരമായി നല്‍കും. ഡിജിറ്റല്‍ നാണയ എക്‌സ്‌ചേഞ്ചായ ‘കോയിന്‍ചെക്ക്’ ആണ് ഇക്കാര്യം അറിയിച്ചത്.
‘കോയിന്‍ചെക്ക്’ സര്‍വറുകള്‍ ലക്ഷ്യമിട്ടായിരുന്നു സൈബര്‍ കവര്‍ച്ച നടന്നത്. 53.4 കോടി അമേരിക്കന്‍ ഡോളര്‍ (3396 കോടി രൂപ) ചോര്‍ത്തി. 2014ലും ക്രിപ്‌റ്റോ നാണയ എക്‌സ്‌ചേഞ്ചുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.

 

ബെന്‍സ്‌റ്റോക്‌സ് പൊന്നും താരം, 12.5 കോടി, സഞ്ജുവിന് എട്ട് കോടി

അളക ഖാനം
ബംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണിന് മുന്നോടിയായുള്ള താരലേലം പുരോഗമിക്കുമ്പോള്‍ ബെന്‍ സ്‌റ്റോക്‌സ് വിലകൂടിയ താരം. കഴിഞ്ഞ സീസണിലും പൊന്നും വില നേടിയ താരമായിരുന്ന സ്‌റ്റോക്‌സിനെ12.5 കോടി നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ എട്ട് കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഒരു കോടി രൂപയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാനവില.
ഇന്ത്യയുടെ വെടിക്കെട്ട് താരം യുവരാജിന് നേട്ടമുണ്ടാക്കാനായില്ല. അടിസ്ഥാന വിലയായ 2 കോടിക്ക് പഞ്ചാബ് യുവിയെ ടീമിലെത്തിച്ചു. മലയാളിയായ കരുണ്‍ നായറെയും (5.60 കോടി) രൂപ കെ.എല്‍ രാഹുലിനെയും ( 11 കോടി രൂപ) പഞ്ചാബ് സ്വന്തമാക്കി. നിലവില്‍ അശ്വിന്‍, യുവരാജ്, ആരോണ്‍ ഫിഞ്ച്, മില്ലര്‍, കരുണ്‍ നായര്‍, കെ.എല്‍ രാഹുല്‍ എന്നിവര്‍ പഞ്ചാബ് ടീമിലുണ്ട്.
അതേ സമയം ബാംഗ്ലൂരിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിനെ വാങ്ങാന്‍ ടീമുകളൊന്നും മുന്നോട്ട് വന്നില്ല എന്നത് ശ്രദ്ധേയമായി. നാളെ ഗെയിലിനെ വീണ്ടും ലേലത്തിന് വെക്കും. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 2.8 കോടിക്ക് മുന്‍ കൊല്‍കത്ത നായകന്‍ ഗംഭീറിനെ സ്വന്തമാക്കി. ഡ്വെയ്ന്‍ ബ്രാവോയെ ചെന്നൈ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി നിലനിര്‍ത്തി. 6.4 കോടി രൂപയാണ് ചെന്നൈ മുടക്കിയത്. കീറോണ്‍ പൊള്ളാര്‍ഡിനെ മുംബൈയും നിലനിര്‍ത്തി.
കൊല്‍കത്ത ആസ്‌ത്രേലിയയുടെ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍കിനെ 9.4 കോടിക്ക് സ്വന്തമാക്കി. 9 കോടി മുടക്കിയാണ് ഗ്ലന്‍ മാക്‌സ് വെല്ലിനെ ഡല്‍ഹി ടീമിലുള്‍പെടുത്തിയത്. ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍ ഹര്‍ഭജന്‍ സിങിനെ ചെന്നൈ രണ്ട് കോടി രൂപക്ക് ടീമിലെത്തിച്ചു. ഫാഫ് ഡു പ്ലെസിസിനെ റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ചും ചെന്നൈ നിലനിര്‍ത്തി. അജിങ്ക്യ രഹാനയെ രാജസ്ഥാന്‍ സ്വന്തമാക്കിയതും റൈറ്റ് ടു മാച്ച് കാര്‍ഡ് വഴിയാണ്. നാല് കോടി രൂപക്ക് പഞ്ചാബ് രഹാനയെ നോട്ടമിട്ടിരുന്നു.
ആദ്യം വില്‍പനക്ക് വന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സൂപര്‍ താരം ശിഖര്‍ ധവാനായിരുന്നു. റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി ഹൈദരാബാദ് ധവാനെ നിലനിര്‍ത്തി. കിങ്‌സ് ഇലവന്‍ പഞ്ചാബ് 5.2 കോടി രുപക്ക് സ്വന്തമാക്കാനിരുന്നതായിരുന്നു ധവാനെ. അതേ സമയം രവിചന്ദ്ര അശ്വിനെ പഞ്ചാബ് 7.6 കോടി രൂപക്ക് ടീമിലെത്തിച്ചു. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാകിബുല്‍ ഹസനെ രണ്ട് കോടി രൂപക്ക് സണ്‍റൈസേഴ്‌സ് സ്വന്തമാക്കി.

കമലിന്റെ വാക്കുകള്‍ പ്രതികരണം അര്‍ഹിക്കുന്നില്ല: വിദ്യാബാലന്‍

ഗായത്രി
എ്രഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ചിത്രമായ ആമിയെക്കുറിച്ചുള്ള വിവാദം പുകയുന്നു. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിദ്യാ ബാലന്‍ പിന്മാറിയത് നന്നായി ഇല്ലെങ്കില്‍ ചിത്രത്തില്‍ ലൈംഗികതയുടെ അതിപ്രസരമുണ്ടായേനെ എന്ന കമലിന്റെ പ്രസ്താവന വലിയ തോതിലുള്ള വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരുന്നത്. എന്നാല്‍ ഇതില്‍ കമല്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് വിദ്യ പ്രതികരിച്ചു. മലയാളത്തിലെ ഒരു പ്രമുഖ മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് കമലിനെതിരെ വിദ്യ തുറന്നടിച്ചത്.
കമലിന്റെ വാക്കുകള്‍ പ്രതികരണം അര്‍ഹിക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്ന് വിദ്യ പറഞ്ഞു. ഒരു പ്രതികരണം പോലും ആ കമന്റ് അര്‍ഹിക്കുന്നുണ്ടെന്ന് കരുതുന്നില്ല. സ്ത്രീകളുടെ ലൈംഗികതയെപ്പറ്റിയും ശരീരത്തെ പറ്റിയും മോശമായി പ്രതിപാദിച്ച് അവരെ കൊച്ചാക്കുക എന്നത് പണ്ടു മുതലേ നടക്കുന്നതാണ്. ഇതിലധികം ഇതിനെക്കുറിച്ച് സംസാരിക്കാന്‍ എനിക്കു താല്‍പര്യമില്ല. സംഭവിച്ചതെല്ലാം നല്ലതിനായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒന്നരവര്‍ഷം മുമ്പ് ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തതാണ്. വിദ്യാ ബാലന്‍ പറഞ്ഞു.
തെന്നിന്ത്യന്‍ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ട നില്‍ക്കുമ്പോഴാണ് ആമിയില്‍ അവസരം ലഭിച്ചത്. താന്‍ അഭിനയിക്കുന്നതിന് തയ്യാറാകുമായിരുന്നുവെങ്കില്‍ അഞ്ചു വര്‍ഷം വരെ കാത്തിരിക്കുമെന്നും കമല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഞാനുദ്ദേശിച്ചതു പോലെ നടന്നില്ല. ക്രിയേറ്റീവ് ഡിഫറന്‍സ് എന്നു മാത്രം പറഞ്ഞാണ് ആ ചിത്രത്തില്‍ നിന്ന് താന്‍ പിന്മാറിയതെന്നും വിദ്യ വെളിപ്പെടുത്തി.