ബെന്‍സ്‌റ്റോക്‌സ് പൊന്നും താരം, 12.5 കോടി, സഞ്ജുവിന് എട്ട് കോടി

ബെന്‍സ്‌റ്റോക്‌സ് പൊന്നും താരം, 12.5 കോടി, സഞ്ജുവിന് എട്ട് കോടി

അളക ഖാനം
ബംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണിന് മുന്നോടിയായുള്ള താരലേലം പുരോഗമിക്കുമ്പോള്‍ ബെന്‍ സ്‌റ്റോക്‌സ് വിലകൂടിയ താരം. കഴിഞ്ഞ സീസണിലും പൊന്നും വില നേടിയ താരമായിരുന്ന സ്‌റ്റോക്‌സിനെ12.5 കോടി നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ എട്ട് കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഒരു കോടി രൂപയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാനവില.
ഇന്ത്യയുടെ വെടിക്കെട്ട് താരം യുവരാജിന് നേട്ടമുണ്ടാക്കാനായില്ല. അടിസ്ഥാന വിലയായ 2 കോടിക്ക് പഞ്ചാബ് യുവിയെ ടീമിലെത്തിച്ചു. മലയാളിയായ കരുണ്‍ നായറെയും (5.60 കോടി) രൂപ കെ.എല്‍ രാഹുലിനെയും ( 11 കോടി രൂപ) പഞ്ചാബ് സ്വന്തമാക്കി. നിലവില്‍ അശ്വിന്‍, യുവരാജ്, ആരോണ്‍ ഫിഞ്ച്, മില്ലര്‍, കരുണ്‍ നായര്‍, കെ.എല്‍ രാഹുല്‍ എന്നിവര്‍ പഞ്ചാബ് ടീമിലുണ്ട്.
അതേ സമയം ബാംഗ്ലൂരിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിനെ വാങ്ങാന്‍ ടീമുകളൊന്നും മുന്നോട്ട് വന്നില്ല എന്നത് ശ്രദ്ധേയമായി. നാളെ ഗെയിലിനെ വീണ്ടും ലേലത്തിന് വെക്കും. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 2.8 കോടിക്ക് മുന്‍ കൊല്‍കത്ത നായകന്‍ ഗംഭീറിനെ സ്വന്തമാക്കി. ഡ്വെയ്ന്‍ ബ്രാവോയെ ചെന്നൈ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി നിലനിര്‍ത്തി. 6.4 കോടി രൂപയാണ് ചെന്നൈ മുടക്കിയത്. കീറോണ്‍ പൊള്ളാര്‍ഡിനെ മുംബൈയും നിലനിര്‍ത്തി.
കൊല്‍കത്ത ആസ്‌ത്രേലിയയുടെ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍കിനെ 9.4 കോടിക്ക് സ്വന്തമാക്കി. 9 കോടി മുടക്കിയാണ് ഗ്ലന്‍ മാക്‌സ് വെല്ലിനെ ഡല്‍ഹി ടീമിലുള്‍പെടുത്തിയത്. ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍ ഹര്‍ഭജന്‍ സിങിനെ ചെന്നൈ രണ്ട് കോടി രൂപക്ക് ടീമിലെത്തിച്ചു. ഫാഫ് ഡു പ്ലെസിസിനെ റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ചും ചെന്നൈ നിലനിര്‍ത്തി. അജിങ്ക്യ രഹാനയെ രാജസ്ഥാന്‍ സ്വന്തമാക്കിയതും റൈറ്റ് ടു മാച്ച് കാര്‍ഡ് വഴിയാണ്. നാല് കോടി രൂപക്ക് പഞ്ചാബ് രഹാനയെ നോട്ടമിട്ടിരുന്നു.
ആദ്യം വില്‍പനക്ക് വന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സൂപര്‍ താരം ശിഖര്‍ ധവാനായിരുന്നു. റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി ഹൈദരാബാദ് ധവാനെ നിലനിര്‍ത്തി. കിങ്‌സ് ഇലവന്‍ പഞ്ചാബ് 5.2 കോടി രുപക്ക് സ്വന്തമാക്കാനിരുന്നതായിരുന്നു ധവാനെ. അതേ സമയം രവിചന്ദ്ര അശ്വിനെ പഞ്ചാബ് 7.6 കോടി രൂപക്ക് ടീമിലെത്തിച്ചു. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാകിബുല്‍ ഹസനെ രണ്ട് കോടി രൂപക്ക് സണ്‍റൈസേഴ്‌സ് സ്വന്തമാക്കി.

Post Your Comments Here ( Click here for malayalam )
Press Esc to close