ജി.എസ്.ടി; പരോക്ഷനികുതി വരുമാനത്തില്‍ ഉണര്‍വെന്ന് സര്‍വെ

ജി.എസ്.ടി; പരോക്ഷനികുതി വരുമാനത്തില്‍ ഉണര്‍വെന്ന് സര്‍വെ

കൊച്ചി: ജി.എസ്.ടി.യുടെ വരവോടെ പരോക്ഷനികുതി വരുമാനത്തില്‍ ഉണര്‍വുവന്നതായി സാമ്പത്തിക സര്‍വേ. പരോക്ഷനികുതിദായകരുടെ എണ്ണം 50 ശതമാനം കൂടി. കഴിഞ്ഞവര്‍ഷം ഏപ്രില്‍മുതല്‍ നവംബര്‍വരെയുള്ള കാലത്ത് പരോക്ഷനികുതി വരുമാനം 18.3 ശതമാനം കൂടി.
നിര്‍ബന്ധമില്ലാഞ്ഞിട്ടും 17 ലക്ഷം പേര്‍ സ്വമേധയാ ജി.എസ്.ടി. രജിസ്‌ട്രേഷനെടുത്തു. വലിയ സ്ഥാപനങ്ങളുമായി ഇടപാടുനടത്തുന്ന ചെറുകിട സ്ഥാപനങ്ങള്‍ കൂടുതലായി രജിസ്‌ട്രേഷന്‍ നടത്തി. ഡിസംബര്‍വരെ 98 ലക്ഷം ജി.എസ്.ടി. രജിസ്‌ട്രേഷന്‍ നടന്നു. പഴയ പരോക്ഷനികുതി സമ്പ്രദായപ്രകാരം പല നികുതികളില്‍ രജിസ്‌ട്രേഷന്‍ ചെയ്തവരുണ്ട്. ഇതെല്ലാം കുറച്ചാല്‍ തന്നെയും ജി.എസ്.ടി. രജിസ്‌ട്രേഷനില്‍ 50 ശതമാനം (34 ലക്ഷം) വര്‍ധനയുണ്ടായതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു.
രജിസ്‌ട്രേഷന്‍ നടത്തിയതില്‍ 17 ശതമാനം മാത്രമാണ് ഉപഭോക്താക്കളുമായി ഇടപാടുനടത്തുന്ന ബിസിനസ്സുകാര്‍ (ബി 2 സി). ബിസിനസ്സുകാരുമായി ഇടപാടു നടത്തുന്ന ബിസിനസ്സുകാരാണ് (ബി 2 ബി) 34 ശതമാനത്തോളവും. പഴയ നികുതിസമ്പ്രദായവുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍തോതില്‍ ജി.എസ്.ടി. രജിസ്‌ട്രേഷനില്‍ വര്‍ധനയുള്ളത് യു.പി.യിലും പശ്ചിമബംഗാളിലുമാണ്.
സമഗ്രമായ മുന്നൊരുക്കങ്ങളും കണക്കുകൂട്ടലുകളും നടത്തിയാണ് ജി.എസ്.ടി. നടപ്പാക്കിയത്. എങ്കിലും സര്‍ക്കാര്‍ ഇത് ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു. നികുതിയിതര വരുമാനത്തിലെ കുറവുനികത്താന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന സഹായിക്കും. പ്രത്യക്ഷ നികുതി പിരിവും ലക്ഷ്യം കാണും. പ്രത്യക്ഷനികുതി വരുമാനത്തില്‍ 13.7 ശതമാനവും പരോക്ഷ നികുതിയില്‍ 18.3 ശതമാനവുമാണ് ഏപ്രില്‍നവംബര്‍ കാലയളവിലെ വര്‍ധന.

 

Post Your Comments Here ( Click here for malayalam )
Press Esc to close