Month: July 2019

ശമ്പളം ട്രഷറിയിലേക്ക്; ബാങ്കുകള്‍ ജീവനക്കാര്‍ക്ക് പിന്നാലെ

ഗായത്രി-
തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ട്രഷറിയിലേക്ക് മാറ്റുന്നതില്‍ ആശങ്ക പൂണ്ട് ബാങ്കുകള്‍. ശമ്പളം അടിസ്ഥാനമാക്കി നല്‍കിയ വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ചയോ തടസമോ നേരിടുമോ എന്നതാണ് ആശങ്ക. ഈ പശ്ചാത്തലത്തില്‍ വിവിധ ബാങ്കുകള്‍ സര്‍ക്കാര്‍ ജീവനക്കാരായ, വായ്പയെടുത്ത ഇടപാടുകാരെ സമീപിച്ചു തുടങ്ങി. ട്രഷറിയില്‍നിന്ന് വായ്പ തിരിച്ചടവിനുള്ള തുക എല്ലാ മാസവും കൃത്യമായി ബാങ്കിലേക്ക് മാറ്റുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നാണ് ഇടപാടുകാരോട് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള അക്കൗണ്ട് ഏറ്റവുമധികമുള്ള എസ്.ബി.ഐ അതിന്റെ ഇടപാടുകാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
ജൂലൈ ഒന്ന് മുതല്‍ ശമ്പളം ട്രഷറിയിലേക്ക് മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ 43 വകുപ്പുകളുടെ ശമ്പളമാണ് മാറ്റിയത്. ക്രമേണ മറ്റ് വകുപ്പുകളുടേതും മാറ്റും. ഓരോ ജീവനക്കാരന്റെയും പേരില്‍ സര്‍ക്കാര്‍തന്നെ ട്രഷറി അക്കൗണ്ട് തുറന്നശേഷം അതിലേക്ക് കെ.വൈ.സി (ഇടപാടുകാരനെ അറിയുക) രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. ട്രഷറിയില്‍ ബാങ്കിനെക്കാള്‍ പലിശ കിട്ടുമെങ്കിലും ഭൂരിഭാഗം പേരും തുക ഏതാണ്ട് പൂര്‍ണമായി ബാങ്കിലേക്ക് മാറ്റുന്നവരാണ്. പുതിയ സാഹചര്യത്തില്‍ എത്ര ശതമാനം തുക ബാങ്കിലേക്ക് മാറ്റണമെന്ന് ചോദിക്കുന്നുണ്ട്. ഭരണപക്ഷ സംഘടനകളില്‍പ്പെട്ട പലരും കൂടുതല്‍ തുക ട്രഷറിയില്‍ നിര്‍ത്തുമ്പോള്‍ പ്രതിപക്ഷ സംഘടനകള്‍ തുക ഏതാണ്ട് പൂര്‍ണമായി ബാങ്കിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെടുന്നതത്രെ. ട്രഷറിയില്‍നിന്ന് തുക പിന്‍വലിക്കുന്നതിലെ നൂലാമാലകളാണ് കാരണമെന്ന് ഒരു പ്രതിപക്ഷ സംഘടന നേതാവ് പറഞ്ഞു.
അതേസമയം, ശമ്പളത്തുക പൂര്‍ണമായും നേരിട്ട് ബാങ്കിലേക്ക് വന്ന കാലത്ത് വായ്പാ തവണ പിടിക്കാന്‍ ഉണ്ടായിരുന്ന സൗകര്യം നഷ്ടപ്പെടുന്നതിലാണ് ബാങ്കുകള്‍ക്ക് ആശങ്ക. സാങ്കേതിക തടസ്സം നേരിട്ടാലും വായ്പാ തിരിച്ചടവിനെ ബാധിക്കും. ഇത് പിന്നീട് ബാങ്കും വായ്പയെടുത്തവരും തമ്മില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. ഇതിന് ഇടവരുത്തരുതെന്നും വായ്പാ തവണ തിരിച്ചടവിന്റെ കാര്യം ട്രഷറിയെ കൃത്യമായി ധരിപ്പിക്കണമെന്നും ബാങ്കുകള്‍ നിരന്തരം ഇടപാടുകാരെ ഓര്‍മിപ്പിക്കുകയാണ്. മാത്രമല്ല, ശമ്പളത്തുക കഴിയാവുന്നത്ര ബാങ്കിലേക്ക് മാറ്റാന്‍ അഭ്യര്‍ഥിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ചില ബാങ്കുകള്‍ സര്‍ക്കാര്‍ ജീവനക്കാരായ അതിന്റെ ഇടപാടുകാര്‍ക്ക് നല്‍കുന്നുണ്ട്.

ദേശീയ പുരസ്‌കാരം ആഭാസം: അടൂര്‍

ഫിദ-
തിരു: ദേശീയ ചലച്ചിത്രപുരസ്‌കാര സമിതി നിറയെ ഇപ്പോള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കാലാള്‍പ്പടയാളികളാണെന്നും ദേശീയപുരസ്‌കാരമെന്ന സമ്പ്രദായം നിര്‍ത്തേണ്ട കാലം കഴിഞ്ഞുവെന്നും പ്രമുഖസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ടെലിവിഷന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കോണ്‍ടാക്ട് ‘സെന്‍സര്‍ ബോര്‍ഡും ഇന്ത്യന്‍ സിനിമയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ചുമടുകളും എടുത്തുമാറ്റി സിനിമയെ മോചിപ്പിക്കണം. ദേശീയപുരസ്‌കാരം ഏര്‍പ്പെടുത്തിയത് എന്തിനാണോ അതിന്റെ ആശയംതന്നെ കടപുഴകിയിരിക്കുകയാണ്. വെറും ആഭാസമായി മാറി. അതിനാലാണ് ‘ബാഹുബലി’യൊക്കെ അവാര്‍ഡ് നേടുന്നത്. ജനാധിപത്യരാഷ്ട്രത്തിന് ചേരാത്ത സെന്‍സറിംഗ് പൂര്‍ണമായും എടുത്തുകളയണം. സിനിമയില്‍ മാത്രമല്ല, നാടകത്തിലും മാധ്യമപ്രവര്‍ത്തനത്തിലും പ്രസംഗത്തിലുമൊന്നും നിയന്ത്രണങ്ങള്‍ പാടില്ല. സിനിമക്കുമുമ്പ് സിഗരറ്റ് വലിക്കെതിരെയുള്ള ഭീകരപരസ്യം കണ്ടാല്‍പ്പിന്നെ സിനിമ കാണാന്‍പോലും തോന്നില്ല. അത്ര കുഴപ്പമാണെങ്കില്‍ സര്‍ക്കാരിന് പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചാല്‍പോരെ. സര്‍ക്കാരിന് സൗജന്യമായി പരസ്യം നല്‍കുന്നതിനുള്ള ഉപാധിയായി സിനിമ മാറി അടൂര്‍ പറഞ്ഞു.
സിനിമയെപ്പറ്റി ഒന്നും അറിയാത്തവരും പുസ്തകംപോലും വായിക്കാത്തവരുമൊക്കെയാണ് സെന്‍സര്‍ബോര്‍ഡില്‍ ഇരിക്കുന്നത്. സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ സെന്‍സര്‍ ഓഫീസര്‍ വഴി നടപ്പാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പശുവിനെ കൊല്ലരുതെന്ന് പറയുന്നവര്‍ കറവ വറ്റിയ പശുക്കള്‍ വിശന്ന് വീണുചാവുന്ന ദയനീയാവസ്ഥ കാണുന്നില്ല. അതേസമയം, ടെലിവിഷനില്‍ എന്തെല്ലാം വൃത്തികേടുകളാണ് കാട്ടുന്നത്. കച്ചവട സിനിമാക്കാര്‍ സെന്‍സര്‍ ബോര്‍ഡിനോട് അടിമമനോഭാവം കാട്ടുന്നത് അവരിതിനെ കലാരൂപമായി കാണാത്തതുകൊണ്ടാണെന്നും അടൂര്‍ പറഞ്ഞു. സൂര്യ കൃഷ്ണമൂര്‍ത്തി, സിനിമാ നിരൂപകന്‍ വിജയകൃഷ്ണന്‍, കോണ്‍ടാക്ട് ഭാരവാഹികളായ മുഹമ്മദ് ഷാ, സി.ആര്‍. ചന്ദ്രന്‍, താജ് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഓഹരികള്‍ നഷ്ടത്തില്‍ഓഹരികള്‍ നഷ്ടത്തില്‍

രാംനാഥ് ചാവ്‌ല-
മുംബൈ: ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു. വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ നേട്ടത്തില്‍ തുടങ്ങിയ സെന്‍സെക്‌സ് താമസിയാതെ നഷ്ടത്തിലായി. പത്തുമണിയോടെ സെന്‍സെക്‌സ് 52 പോയന്റ് നഷ്ടത്തില്‍ 37830ലും നിഫ്റ്റി 36 പോയന്റ് താഴ്ന്ന് 11247ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 631 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 836 ഓഹരികള്‍ നഷ്ടത്തിലുമാണ്. എഫ്എംസിജി, ഐടി ഓഹരികള്‍ ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.ഇന്ത്യബുള്‍സ് ഹൗസിങ്, ബജാജ് ഓട്ടോ, വേദാന്ത, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

എസ്ബിഐ എല്ലാ നിക്ഷേപങ്ങളുടെയും പലിശ കുറച്ചു

രാംനാഥ് ചാവ്‌ല-
മുംബൈ: എല്ലാ കാലാവധിയിലുമുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശ എസ്ബിഐ കുറച്ചു. പലിശ നിരക്കുകള്‍ താഴുന്നതിനാലും ആവശ്യത്തിലധികം പണലഭ്യതയുള്ളതിനാലുമാണ് എസ്ബിഐ പലിശ നിരക്കുകള്‍ കുറച്ചത്.
ദീര്‍ഘകാലവധിയുള്ള നിക്ഷേപങ്ങളുടെ (രണ്ടുകോടി രൂപയ്ക്കുതാഴയുള്ള)പലിശ നിരക്കില്‍ 20 ബേസിസ് പോയന്റും അതിന് മുകളിലുള്ള തുകയ്ക്കുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 35 ബേസിസ് പോയന്റുമാണ് കുറച്ചിട്ടുള്ളത്. 179 ദിവസത്തിനുതാഴെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശയില്‍ 50 മുതല്‍ 75 ബേസിസ് പോയന്റുവരെ കുറവ് വരുത്തിയിട്ടുണ്ട്. ചെറുകിട നിക്ഷേപകരെ നിരാശപ്പെടുത്തിക്കൊണ്ട് ഈയിടെ സര്‍ക്കാര്‍ എന്‍എസ് സി, കിസാന്‍ വികാസ് പത്ര, പിപിഎഫ് തുടങ്ങിയവയുടെ പലിശ നിരക്കില്‍ 10 ബേസിസ് പോയന്റ് കുറവ് വരുത്തിയിരുന്നു.
ജൂണ്‍ മാസം അവസാനം ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചതിനെതുടര്‍ന്നാണ് ഈ പദ്ധതികളുടെ പലിശ നിരക്കും പരിഷ്‌കരിച്ചത്. ഇത് ബാങ്കുകള്‍ക്കും പലിശ കുറയ്ക്കുന്നതിന് പ്രേരണയായതായാണ് വിലയിരുത്തല്‍.

 

ഒരു സ്ത്രീപോലും വിവാഹാഭ്യര്‍ഥന നടത്താത്തതില്‍ അതിയായ ദുഖമുണ്ട്

രാംനാഥ് ചാവ്‌ല-
നിരവധി പ്രണയബന്ധങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും വിവാഹം കഴിക്കാതെ തുടരുകയാണ് ബോളീവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാന്‍. എവിടെ എത്തിയാലും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ സല്‍മാന് നേരെ ഉയരാറുണ്ട്. ഈയിടെ പുറത്തിറങ്ങിയ ഭാരത് എന്ന സിനിമയില്‍ കത്രീന കൈഫിന്റെ കഥാപാത്രം സല്‍മാന്‍ ഖാന്റെ കഥാപാത്രത്തോട് പ്രണയാഭ്യര്‍ഥന നടത്തുന്ന രംഗമുണ്ട്. ജീവിതത്തില്‍ എന്നെങ്കിലും ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് സല്‍മാന്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഇല്ല, ഇത് വരെ ഒരാള്‍ പോലും എന്നോട് വിവാഹം കഴിക്കണം എന്ന് പറഞ്ഞിട്ടില്ല. കാരണം മെഴുകുതിരി അത്താഴങ്ങള്‍ക്ക് ഞാന്‍ പോകാറില്ല. മെഴുകുതിരിയുടെ വെളിച്ചത്തില്‍ ഞാന്‍ എന്താണ് കഴിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകില്ല. എന്നാല്‍ ഒരു സ്ത്രീപോലും എന്നോട് വിവാഹാഭ്യര്‍ഥന നടത്താത്തതില്‍ അതിയായ ദുഖം തോന്നുന്നു.
സല്‍മാന്‍ ഖാന്റെ പ്രണയബന്ധങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ബോളിവുഡിലെത്തിയ ശേഷം നടി സംഗീത ബിജ്‌ലാനിയുമായുള്ള സല്ലുവിന്റെ പ്രണയം വലിയ വാര്‍ത്തയായിരുന്നു. പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. പിന്നീട് 1999ല്‍ ഐശ്വര്യ റായിയുമായി സല്‍മാന്‍ പ്രണയത്തിലായി. കുറച്ച് നാളുകള്‍ക്ക് ശേഷം ആ ബന്ധവും അവസാനിച്ചു. കത്രീന കൈഫ് ആയിരുന്നു സല്ലുവിന്റെ അടുത്ത പ്രണയം.
റൊമാനിയക്കാരിയായ മോഡല്‍ ലൂലിയ വാന്‍ച്വറിനെ സല്‍മാന്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് ഒരു കാലത്ത് പ്രചരണങ്ങളുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. വിവാഹ വാര്‍ത്തയില്‍ സത്യമില്ലെന്ന് സല്‍മാനും സഹോദരി അര്‍പിതയും രംഗത്ത് വരികയും ചെയ്തു. എന്നാല്‍ ലൂലിയയുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന് സല്‍മാന്‍ മറുപടി നല്‍കാന്‍ തയ്യാറായില്ല.

കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണം

ഫിദ-
വാതുറക്കുന്ന എന്തും ട്രോളാക്കുന്ന കാലമാണിതെന്ന് നടി നമിത പ്രമോദ്. എന്നാല്‍ അത് അത്ര നല്ല പ്രവണതയല്ല. അവരുടെ ലക്ഷ്യം സാമ്പത്തിക ലാഭം മാത്രമാണെന്നും നമിത പറഞ്ഞു. അവര്‍ ചിന്തിക്കേണ്ട കാര്യം അവരെപ്പോലെ തന്നെ നമ്മളും മനുഷ്യരാണെന്നതാണ്. ഒരാളുടെ വികാരങ്ങളെ ഒരിക്കലും വില്‍ക്കുന്നത് നല്ലതല്ല. നായികമാരോ അല്ലെങ്കില്‍ വനിത ആര്‍ട്ടിസ്റ്റുകളോ വാ തുറക്കുമ്പോഴാണ് ഇവിടെ ഏറ്റവും കൂടുതല്‍ ട്രോള്‍ വരുന്നത്. സിനിമയിലും അഭിമുഖങ്ങളിലും കാണുമ്പോള്‍ നമ്മള്‍ ചിരിച്ചിരിക്കും. അതിനര്‍ത്ഥം നമ്മള്‍ എപ്പോഴും സന്തോഷത്തോടെയാണെന്നല്ല. നമിത പറഞ്ഞു. പുതിയ ചിത്രമായ മാര്‍ഗംകളിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ച് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇതൊന്നും വിദ്യാഭ്യാസമില്ലായ്മയുടെ പ്രശ്‌നമല്ല. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടത് മാതാപിതാക്കളാണ്. കുട്ടികള്‍ക്കായി അവബോധ ക്ലാസുകള്‍ നടക്കുന്നുണ്ട്. നല്ലതും മോശവുമായ സ്പര്‍ശനത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുന്നുണ്ട്. നോ എന്ന് പറഞ്ഞാല്‍ അത് അങ്ങനെ തന്നെ ആയിരിക്കണം. സിനിമക്കാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന ഗുണമെന്തെന്നാല്‍ പൊതുവായ സ്ഥലങ്ങളില്‍ വച്ച് ഞങ്ങള്‍ക്ക് ഇതേക്കുറിച്ചൊക്കെ സംസാരിക്കാന്‍ അവസരം ലഭിക്കുന്നു എന്നതാണ്. അങ്ങനെ സംസാരിക്കുമ്പോള്‍ അതിനെ ജാഡയെന്നും മറ്റും വ്യാഖ്യാനിക്കാതെ അതില്‍ കാര്യമുണ്ടോ എന്നാണ് നോക്കേണ്ടത്. നമിത പറഞ്ഞു.
സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ അംഗമല്ല. എന്നെ ആരും അതിലേക്ക് ക്ഷണിച്ചിട്ടുമില്ല. പക്ഷേ അമ്മയില്‍ അംഗമാണ്. യോഗങ്ങളില്‍ പങ്കെടുക്കാറുണ്ട്. തനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ അമ്മ അതിന് പരിഹാരം കണ്ടെത്തി തന്നിട്ടുമുണ്ടെന്നും നമിത പറഞ്ഞു.

ബാലരാമപുരത്തിന്റെ ഓഡിയോ പ്രകാശിതമായി

അജയ് തുണ്ടത്തില്‍-
തിരു: ചന്ദ്രശ്രീ ക്രിയേഷന്‍സിന്റെ ബാനറില്‍ അജിചന്ദ്രശേഖര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ബാലരാമപുര’ത്തിന്റെ ഓഡിയോ, തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വെച്ച് പ്രകാശിതമായി.
ഗാനരചയിതാവ് എം.കെ. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, ഓഡിയോ – റെപ്പഌക്ക, പത്മജ രാധാകൃഷ്ണന്‍, പ്രശ്‌സത സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമന് നല്കിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. സ്വാഗതമാശംസിച്ചത് എ.കെ. നൗഷാദും നന്ദി പ്രകാശിപ്പിച്ചത് എം.കെ. ശ്രീകുമാറുമായിരുന്നു. ചിത്രത്തിന്റെ നായകന്‍ എം.ആര്‍. ഗോപകുമാര്‍, സംവിധായകന്‍ അജി ചന്ദ്രശേഖര്‍, സംഗീത സംവിധായകന്‍ ജി.കെ. ഹരീഷ്മണി എന്നിവര്‍ വേദിയലങ്കരിച്ചു. ഗാനരചന – പൂവ്വച്ചല്‍ ഖാദര്‍, എം.കെ. ശ്രീകുമാര്‍, നന്ദകുമാര്‍ വള്ളിക്കാവ്, രാജശേഖരന്‍ തുടലി, ആലാപനം – മധു ബാലകൃഷ്ണന്‍, ജി.കെ. ഹരീഷ് മണി, മോഹന്‍രാജ, രതീഷ് കൊട്ടാരം, സമ്പത്ത് വി.എസ്, പുഷ്പാഗിരീശന്‍, ശ്രുതി എസ്. കുമാര്‍, ദേവിക വി.എസ്, സംഗീതം ജി.കെ. ഹരീഷ് – മണി. ചിത്രത്തിന്റെ പിആര്‍ഓ – അജയ് തുണ്ടത്തില്‍.

വാഹന രജിസ്‌ട്രേഷന്‍ ഫീസുകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്തെ വാഹന രജിസ്‌ട്രേഷന്‍ ഫീസുകളില്‍ വന്‍ വര്‍ധന വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ രജിസ്ട്രര്‍ ചെയ്യാനുള്ള ചാര്‍ജ് 5,000 രൂപയാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 10,000 രൂപയും നല്‍കണം. നിലവില്‍ ഇതിന് 600 രൂപയാണ് ഫീസ്.
പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായാണ് ഇവയുടെ രജിസ്‌ട്രേഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇരുചക്രവാഹനങ്ങള്‍ക്ക് 1000 രൂപയായിരിക്കും ഫീസ്. നിലവില്‍ ഇത് 50 രൂപയാണ്. ടാക്‌സി വാഹനങ്ങള്‍ക്ക് 10,000 രൂപ രജിസ്‌ട്രേഷന്‍ ഫീസായും പുതുക്കാന്‍ 20,000 രൂപയും നല്‍കണം. നിലവില്‍ ടാക്‌സി വാഹനങ്ങള്‍ക്ക് 1000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.
ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍ സൈക്കിളുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഫീസ് 2500ല്‍ നിന്ന് 20,000 രൂപയായി ഉയര്‍ത്താനാണ് ശിപാര്‍ശ. പുതിയ നിരക്കുകള്‍ വൈകാതെ തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നടന്‍ ബാബു ആന്റണി ബോളിവുഡിലേക്ക്

ഫിദ-
നടന്‍ ബാബു ആന്റണി ബോളിവുഡിലേക്ക്. അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തിലാണ് അദ്ദേഹം വേഷമിടുന്നത്. ഒരു പ്രധാനവേഷമായിരിക്കും താന്‍ കൈകാര്യം ചെയ്യുക എന്ന് ബാബു ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിനിമയുടെ മറ്റു വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാബു ആന്റണിയുടെ ആറാമത്തെ ബോളിവുഡ് ചിത്രമാണിത്. 1988 ല്‍ പുറത്തിറങ്ങിയ ഹത്യ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 2012 ല്‍ പുറത്തിറങ്ങിയ എക് ദിവാനാ ഥാ എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണെത്താണ്ടി വരുവായ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്നു ഈ ചിത്രം. തമിഴ് പതിപ്പിലും അദ്ദേഹം തന്നെയാണ് ആ കഥാപാത്രമായി വേഷമിട്ടത്.

ദുബായിയില്‍ നിന്ന് ഷാര്‍ജയിലേക്കും തിരിച്ചും ഫെറി സര്‍വീസ്

അളക ഖാനം-
ദുബായ്: ദുബായിയില്‍ നിന്ന് ഷാര്‍ജയിലേക്കും തിരിച്ചും ഫെറി സര്‍വീസ് ആരംഭിച്ചു. നിത്യേന 42 സര്‍വീസുകളായിരിക്കും ദുബായ് റോഡ്‌സ് ആന്റ്് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്നത്.
മുപ്പത്തിയഞ്ച് മിനുട്ടാണ് യാത്രാസമയം. ഒരു യാത്രയില്‍ 125 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ദുബായിക്കും ഷാര്‍ജക്കും ഇടയിലെ ഗതാഗത തിരക്ക് കുറക്കാന്‍ പുതിയ ഫെറി സര്‍വീസ് കൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്‍ ഗുബൈബയിലെത്തിയാല്‍ പെട്ടെന്ന് തന്നെ ദുബായ് മെട്രോയില്‍ കയറാനും യാത്രക്കാര്‍ക്ക് സൗകര്യമുണ്ട്.
സില്‍വര്‍ ക്ലാസ്സിന് 15 ഉം ഗോള്‍ഡ് ക്ലാസ്സിന് 25 ഉം ദിര്‍ഹമാണ് യാത്രാ നിരക്ക്. ദുബായിയിലെ അല്‍ ഗുബൈബ സ്‌റ്റേഷനില്‍ നിന്ന് ഷാര്‍ജ അക്വാറിയം മറൈന്‍ സ്‌റ്റേഷനിലേക്കായിരിക്കും യാത്ര. പുലര്‍ച്ചെ അഞ്ച് മണിക്ക് ഷാര്‍ജയില്‍ നിന്നും 5.15 ന് ദുബായില്‍ നിന്നും സര്‍വീസ് തുടങ്ങും. കാലത്തും വൈകീട്ടും തിരക്കുള്ള സമയങ്ങളില്‍ ഓരോ അരമണിക്കൂറിലും സര്‍വീസ് ഉണ്ടാകും. മറ്റ് സമയങ്ങളില്‍ ഒന്നര മണിക്കൂറിന്റെ ഇടവേളയുണ്ടാകും. ഷാര്‍ജ സ്‌റ്റേഷനില്‍ ഫെറി യാത്രക്കാര്‍ക്ക് സൗജന്യ പാര്‍ക്കിങ്ങിനും സൗകര്യമുണ്ടാവും. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു ടിക്കറ്റ് ആവശ്യമില്ല.