Month: November 2022

സി പി എഫ് വേങ്ങാടിന് ‘വ്യക്തി മുദ്ര’ പുരസ്‌കാരം

ഫിദ-
തിരു: ‘ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഒരു നഗരത്തിന്റെ കഥ’ ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ ‘വ്യക്തി മുദ്ര’ പുരസ്‌ക്കാരം എഴുത്തുകാരനും ന്യൂസ്ടൈം നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ് സീനിയര്‍ സബ് എഡിറ്ററുമായ സി പി എഫ് വേങ്ങാടിന്.

തിരുവനന്തപുരം ലെവി ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗമായ ആദിത്യ വര്‍മ്മ തമ്പുരാനില്‍ നിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ച ഗവേഷണ സമാനമായ പോസ്റ്റുകള്‍ക്കാണ് പുരസ്‌കാരം.

 

‘കേരളത്തിലെ കോട്ടകള്‍’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. സി.പി എഫ് വേങ്ങാട് എന്ന പേരില്‍ ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ കേരളത്തിലെ രാജവംശങ്ങളെയും കൊട്ടാരങ്ങളെയും കുറിച്ചുള്ള പുസ്തകത്തിന്റെ രചനയിലാണ്.

‘വ്യക്തി മുദ്ര’ പുരസ്‌കാരത്തിന് അര്‍ഹരായ വിനേഷ് കെ വി, ശിവപ്രസാദ് എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ പരമോന്നതമായ ‘ശംഖ് മുദ്ര’ പുരസ്‌ക്കാരം ഡോ. ആര്‍ പി രാജ ഏറ്റുവാങ്ങി.

‘സ്വാതിതിരുനാള്‍ ത്രു ട്രയല്‍സ് ഓഫ് ഹിസ്റ്ററി’ (Swathi Thirunal through trails of History) എന്ന ഗ്രന്ഥത്തിനാണ് ‘ശംഖ് മുദ്ര’ പുരസ്‌ക്കാരം.

ഗ്രൂപ്പിന്റെ പ്രഥമ ‘പത്മ സേവാ’ പുരസ്‌ക്കാരം ബിന്‍ കുമാര്‍ ആചാരി കാരണവരായിട്ടുള്ള ഓണവില്‍ കുടുംബവും, മുതിര്‍ന്ന അകത്തെ വിചാരിപ്പുകാര്‍ ശ്രീ രാമനാഥ അയ്യരും ഏറ്റുവാങ്ങി.

തിരുവോണ നാളില്‍ ശ്രീപത്മനാഭ സ്വാമിക്ക് നൂറ്റാണ്ടുകളായി സമര്‍പ്പിക്കുന്ന ഓണവില്ലുകള്‍ ഭക്തിപുരസരം വരച്ച് നിര്‍മ്മിച്ച് നല്‍കുന്ന കുടംബമാണ് പ്രസിദ്ധരായ ഓണവില്‍ കുടുംബാംഗങ്ങള്‍.

കഴിഞ്ഞ അമ്പതു വര്‍ഷത്തിലേറെ കാലമായി പൊന്നു തമ്പുരാന്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിനെയും, അദ്ദേഹത്തിന്റെ പിന്‍ഗാമികളായ ആണ്‍വഴി തമ്പുരാക്കന്മാരെയും ക്ഷേത്ര ചടങ്ങുകളുമായി ബന്ധപ്പെട്ട് സേവിക്കുന്ന അകത്തെ വിചാരിപ്പുകാരാണ് ശ്രീ രാമനാഥ അയ്യര്‍.

പ്രഥമ ‘തിരു. ചരിത്ര’ പുരസ്‌ക്കാരം പ്രശസ്ത ആക്ടിവിസ്റ്റ് ശ്രീ യുവരാജ് ഗോകുല്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ ഡോ. മിനി ജോണ്‍ രചനയും സംഗീതവും നിര്‍വ്വഹിച്ച് കിളിമാനൂര്‍ കൊട്ടാരത്തിലെ ശ്രീ രാമവര്‍മ്മ തമ്പുരാന്‍, സംവിധാനവും ആലാപനവും നടത്തിയ ‘ശ്രീ പത്മനാഭം’ എന്ന മ്യൂസിക് ആല്‍ബത്തിന്റെ ലോഞ്ചിങ്ങും നടന്നു.

ലോകപ്രശസ്ത എഴുത്തുകാരിയും തിരുവിതാംകൂര്‍ രാജകുടുംബാംഗവുമായ അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി, H. H മര്‍ത്താണ്ഡ വര്‍മ്മ തമ്പുരാന്‍ എന്നിവര്‍ വിവിധ പുരസ്‌കാര വിതരണം നടത്തി.

ഗ്രൂപ്പ് അഡ്മിന്‍ അശ്വിന്‍ സുരേഷ്, സ്ഥാപക മെമ്പറും എഴുത്തുകാരനുമായ മോഹന്‍ നായര്‍, അശ്വിന്‍ സലിജ ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

റീട്ടെയില്‍ ഉപയോക്താക്കള്‍ക്കുള്ള ഇ-റുപ്പി ഈ മാസം പുറത്തിറക്കും: ആര്‍ബിഐ ഗവര്‍ണര്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: റീട്ടെയില്‍ ഉപയോക്താക്കള്‍ക്കുള്ള ഡിജിറ്റല്‍ രൂപ ഈ മാസം പുറത്തിറക്കുമെന്ന് അറിയിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

മൊത്തവിപണിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നവംബര്‍ 1 മുതല്‍ ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിച്ചിരുന്നു.
പൈലറ്റ് പ്രോഗ്രാമിന്റെ ആദ്യ ദിനം പുതിയ രൂപത്തിലുള്ള കറന്‍സി ഉപയോഗിച്ച് ബാങ്കുകള്‍ 275 കോടി ബോണ്ടുകള്‍ ട്രേഡ് ചെയ്തിട്ടുണ്ട്.

ആര്‍ബിഐയുടെ അടിയന്തിര മോണിറ്ററി പോളിസി കമ്മിറ്റി യോഗം നാളെ ചേരാനിരിക്കവെയാണ് ഇ-റുപ്പിയുടെ റീടൈല്‍ പതിപ്പ് ഈ മാസം അവതരിപ്പിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചത്.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (ഫിക്കി) ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (ഐബിഎ) സംഘടിപ്പിച്ച ബാങ്കിംഗ് കോണ്‍ക്ലേവിലാണ് ശക്തികാന്ത ദാസ് ഇ-റുപ്പിയുടെ റീടൈല്‍ പതിപ്പിനെ കുറിച്ച് അറിയിച്ചത്.

 

വമ്പന്‍ മൈലേജുമായി മാരുതി സുസുക്കി ഇക്കോ

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: കുറഞ്ഞ ബജറ്റിലുള്ള ഒരു ഏഴ് സീറ്റര്‍ മള്‍ട്ടി പര്‍പ്പസ് വാഹനം എന്ന നിലയില്‍ റെക്കോര്‍ഡ് നേടിയ വാഹനമാണ് മാരുതി സുസുക്കി ഇക്കോ. വമ്പന്‍ മൈലേജ് വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്ന ഇക്കോയെക്കുറിച്ച് മാരുതി അവകാശപ്പെടുന്നത്.
പെട്രോള്‍ മോഡില്‍ 16.11kmpl ഉം CNG മോഡില്‍ 20.88km/kg മൈലേജും ലഭിക്കുമെന്നമാണ് കമ്പനിയുടെ അവകാശപ്പെടുന്നത്.

നിരവധി ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഇപ്പോള്‍ ഇക്കോയെ വാങ്ങുകയാണ് എന്നാണ് വില്‍പ്പന കണക്കുകള്‍ പറയുന്നത്.

പവറന്റെ കാര്യത്തിലും ഈ വാഹനം മികച്ചതാണ്. സെവന്‍ സീറ്റര്‍ സെഗ്മെന്റിലെ മറ്റ് വാഹനങ്ങള്‍ കൂടുതല്‍ പ്രീമിയം ആയതിനാല്‍ വില കൂടുതലാണ്.
എന്നാല്‍ താങ്ങാനാവുന്ന 7 സീറ്റര്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാരുതി സുസുക്കി ഇക്കോ ഒരു മികച്ച ഓപ്ഷനാണ്.

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 7 സീറ്റര്‍ മള്‍ട്ടി പര്‍പ്പസ് വാഹനമെന്ന നിലയില്‍ കുടുംബ ഉപയോഗത്തോടുകൂടിയ ബിസിനസ്, മാര്‍ക്കറ്റിംഗ് ആവശ്യങ്ങള്‍ക്കും ഇത് നല്ലതാണ്.

വര്‍ഷങ്ങളായി അതിന്റെ സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി ഇത് മാറുന്നതിന്റെ കാരണം ഇതാണ്.

കഴിഞ്ഞ മാസം (ഒക്ടോബര്‍ 2022) കമ്പനി 8,861 യൂണിറ്റ് ഇക്കോകള്‍ വിറ്റു എന്നാണ് മാരുതി സുസുക്കിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 10,320 യൂണിറ്റുകളെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനവാണ് വില്‍പ്പനയില്‍. ഈ വര്‍ഷം സെപ്റ്റംബറില്‍ കമ്പനി ഇക്കോയുടെ 12,697 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ജൂലൈയില്‍ കമ്പനി 13,048 യൂണിറ്റുകള്‍ വിറ്റു.

എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കില്‍, മാരുതി ഇഇസിഒയ്ക്ക് കരുത്തേകുന്നത് 54 കിലോവാട്ട് പവറും 98 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ G112B പെട്രോള്‍ എഞ്ചിനാണ്. ഇതിന് പുറമെ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിന്റെ സൗകര്യവും ലഭിക്കുന്നു.

ഈ വാഹനത്തിന്റെ എഞ്ചിന്‍ ശക്തവും മികച്ചതുമാണ്. ഇക്കോ 3 കാര്‍ഗോ വേരിയന്റുകളോടൊപ്പം നാല് പാസഞ്ചര്‍, ഒരു ആംബുലന്‍സ് വേരിയന്റും വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ഡല്‍ഹിയിലെ എക്സ് ഷോറൂം വില 4.63 ലക്ഷം രൂപയില്‍ തുടങ്ങി 7.63 ലക്ഷം രൂപ വരെയാണ്.

മാരുതി ഇക്കോ പെട്രോള്‍ എഞ്ചിനിലും സിഎന്‍ജി ഓപ്ഷനിലും ലഭ്യമാണ്. അതായത് നിങ്ങളുടെ ആവശ്യാനുസരണം മോഡല്‍ തിരഞ്ഞെടുക്കാം. ഇതിന് 5-സീറ്റര്‍, 7-സീറ്റര്‍ ഓപ്ഷനുകളും ലഭിക്കുന്നു. മാരുതി സുസുക്കി ഇക്കോ ഉയര്‍ന്ന ഡിമാന്‍ഡില്‍ തുടരുന്നു. കുറഞ്ഞ മെയിന്റനന്‍സും ഉയര്‍ന്ന മൈലേജും ഇതിന്റെ പ്ലസ് പോയിന്റുകളാണ്.

ഈ വാഹനത്തിന്റെ അളവുകളെക്കുറിച്ച് പറയുമ്പോള്‍, ഇതിന്റെ നീളം 3675 മില്ലീമീറ്ററും വീതി 1475 മില്ലീമീറ്ററും ഉയരം 1825 മില്ലീമീറ്ററുമാണ്.
വീല്‍ബേസ് 2350 എംഎം. 940 കിലോഗ്രാം ആണ് ഭാരം.

സുരക്ഷക്കായി, ചൈല്‍ഡ് സേഫ്റ്റി ലോക്ക്, ഡിസ്‌ക് ബ്രേക്ക്, പാസഞ്ചര്‍ സൈഡ് എയര്‍ബാഗ്, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം + ഇബിഡി, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകള്‍ ലഭിക്കുന്നു.