സി പി എഫ് വേങ്ങാടിന് ‘വ്യക്തി മുദ്ര’ പുരസ്‌കാരം

സി പി എഫ് വേങ്ങാടിന് ‘വ്യക്തി മുദ്ര’ പുരസ്‌കാരം

ഫിദ-
തിരു: ‘ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഒരു നഗരത്തിന്റെ കഥ’ ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ ‘വ്യക്തി മുദ്ര’ പുരസ്‌ക്കാരം എഴുത്തുകാരനും ന്യൂസ്ടൈം നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ് സീനിയര്‍ സബ് എഡിറ്ററുമായ സി പി എഫ് വേങ്ങാടിന്.

തിരുവനന്തപുരം ലെവി ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗമായ ആദിത്യ വര്‍മ്മ തമ്പുരാനില്‍ നിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ച ഗവേഷണ സമാനമായ പോസ്റ്റുകള്‍ക്കാണ് പുരസ്‌കാരം.

 

‘കേരളത്തിലെ കോട്ടകള്‍’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. സി.പി എഫ് വേങ്ങാട് എന്ന പേരില്‍ ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ കേരളത്തിലെ രാജവംശങ്ങളെയും കൊട്ടാരങ്ങളെയും കുറിച്ചുള്ള പുസ്തകത്തിന്റെ രചനയിലാണ്.

‘വ്യക്തി മുദ്ര’ പുരസ്‌കാരത്തിന് അര്‍ഹരായ വിനേഷ് കെ വി, ശിവപ്രസാദ് എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ പരമോന്നതമായ ‘ശംഖ് മുദ്ര’ പുരസ്‌ക്കാരം ഡോ. ആര്‍ പി രാജ ഏറ്റുവാങ്ങി.

‘സ്വാതിതിരുനാള്‍ ത്രു ട്രയല്‍സ് ഓഫ് ഹിസ്റ്ററി’ (Swathi Thirunal through trails of History) എന്ന ഗ്രന്ഥത്തിനാണ് ‘ശംഖ് മുദ്ര’ പുരസ്‌ക്കാരം.

ഗ്രൂപ്പിന്റെ പ്രഥമ ‘പത്മ സേവാ’ പുരസ്‌ക്കാരം ബിന്‍ കുമാര്‍ ആചാരി കാരണവരായിട്ടുള്ള ഓണവില്‍ കുടുംബവും, മുതിര്‍ന്ന അകത്തെ വിചാരിപ്പുകാര്‍ ശ്രീ രാമനാഥ അയ്യരും ഏറ്റുവാങ്ങി.

തിരുവോണ നാളില്‍ ശ്രീപത്മനാഭ സ്വാമിക്ക് നൂറ്റാണ്ടുകളായി സമര്‍പ്പിക്കുന്ന ഓണവില്ലുകള്‍ ഭക്തിപുരസരം വരച്ച് നിര്‍മ്മിച്ച് നല്‍കുന്ന കുടംബമാണ് പ്രസിദ്ധരായ ഓണവില്‍ കുടുംബാംഗങ്ങള്‍.

കഴിഞ്ഞ അമ്പതു വര്‍ഷത്തിലേറെ കാലമായി പൊന്നു തമ്പുരാന്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിനെയും, അദ്ദേഹത്തിന്റെ പിന്‍ഗാമികളായ ആണ്‍വഴി തമ്പുരാക്കന്മാരെയും ക്ഷേത്ര ചടങ്ങുകളുമായി ബന്ധപ്പെട്ട് സേവിക്കുന്ന അകത്തെ വിചാരിപ്പുകാരാണ് ശ്രീ രാമനാഥ അയ്യര്‍.

പ്രഥമ ‘തിരു. ചരിത്ര’ പുരസ്‌ക്കാരം പ്രശസ്ത ആക്ടിവിസ്റ്റ് ശ്രീ യുവരാജ് ഗോകുല്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ ഡോ. മിനി ജോണ്‍ രചനയും സംഗീതവും നിര്‍വ്വഹിച്ച് കിളിമാനൂര്‍ കൊട്ടാരത്തിലെ ശ്രീ രാമവര്‍മ്മ തമ്പുരാന്‍, സംവിധാനവും ആലാപനവും നടത്തിയ ‘ശ്രീ പത്മനാഭം’ എന്ന മ്യൂസിക് ആല്‍ബത്തിന്റെ ലോഞ്ചിങ്ങും നടന്നു.

ലോകപ്രശസ്ത എഴുത്തുകാരിയും തിരുവിതാംകൂര്‍ രാജകുടുംബാംഗവുമായ അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി, H. H മര്‍ത്താണ്ഡ വര്‍മ്മ തമ്പുരാന്‍ എന്നിവര്‍ വിവിധ പുരസ്‌കാര വിതരണം നടത്തി.

ഗ്രൂപ്പ് അഡ്മിന്‍ അശ്വിന്‍ സുരേഷ്, സ്ഥാപക മെമ്പറും എഴുത്തുകാരനുമായ മോഹന്‍ നായര്‍, അശ്വിന്‍ സലിജ ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Post Your Comments Here ( Click here for malayalam )
Press Esc to close