Month: May 2019

മെന്‍ ടുവിനെ പിന്തുണച്ച് പൂജാ ബേദി

രാംനാഥ് ചാവ്‌ല-
മെന്‍ ടൂ ക്യാമ്പയിനെ പിന്തുണച്ച് മുന്‍ ബോളിവുഡ് നടിയും കോളമിസ്റ്റുമായ പൂജാ ബേദി. മീ ടൂ എന്ന പേരില്‍ തുടങ്ങിയ പ്രചാരണം അതിന്റെ ദൗത്യം നിറവേറ്റിക്കൊണ്ട് ഇന്നും തുടരുന്നുണ്ടെങ്കിലും ഒരു പുതിയ പ്രസ്ഥാനം ഇപ്പോള്‍ ഉദയം ചെയ്തിരിക്കുന്നു. ഒറ്റനോട്ടത്തില്‍ അതു മീ ടൂവിന് എതിരാണെന്നു തോന്നാമെങ്കിലും അങ്ങനെയല്ല. മീ ടൂവിന്റെ അത്ര ശക്തമല്ലെങ്കിലും മെന്‍ ടൂവും പ്രബലമായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ മുറിവുകളെ കുറിച്ചു പറയുന്നതു പോലെ പുരുഷന്‍മാര്‍ അവരുടെ നിരപരാധിത്വം തെളിയിക്കട്ടെ. നീതി പുലരാനും സമത്വം നിലനില്‍ക്കാനും അതു നല്ലതാണ്.
മീ ടൂ യഥാര്‍ഥത്തില്‍ ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയല്ല. സ്ത്രീകളാണ് മീ ടൂ പ്രചാരത്തിലാക്കിയതെങ്കിലും പുരുഷന്‍മാര്‍ക്കും അവരുടെ സങ്കടങ്ങള്‍ ആ പ്രസ്ഥാനത്തിന്റെ ഭാഗമായി അവതരിപ്പിക്കാം. നീതി തേടാം. എങ്കിലും മീ ടൂ സ്ത്രീ കേന്ദ്രീകൃതമായതു കൊണ്ടാണ് ഇപ്പോള്‍ മെന്‍ ടൂ ഉദയം ചെയ്തിരിക്കുന്നത്. കള്ളക്കേസില്‍ കുടുക്കപ്പെട്ട പുരുഷന്‍മാരുണ്ട്. സത്യം പുറത്തു വരുന്നതിനു മുമ്പേ ആരോപണത്തിന്റെ നിഴലിലായവര്‍. കൈവിലങ്ങ് അണിയിക്കപ്പെട്ടവര്‍. ശിക്ഷ അനുഭവിക്കേണ്ടി വന്നവര്‍. തെളിവുകളുടെ അഭാവത്തില്‍ പോലും എല്ലാവരുടെയും മുമ്പില്‍ അന്തസ്സ് നഷ്ടപ്പെട്ട അത്തരക്കാരില്‍ ചിലര്‍ക്കെതിരെയുണ്ടായിരുന്നത് കള്ളത്തെളിവുകള്‍.
തെറ്റായി ഉണ്ടാക്കപ്പെട്ട തെളിവുകള്‍. ശിക്ഷ പോലും അനുഭവിച്ചു കഴിഞ്ഞതിനു ശേഷമായിരിക്കും പലര്‍ക്കും നീതി കിട്ടിയിട്ടുണ്ടാകുക. അത്തരക്കാരാണ് ഇപ്പോള്‍ സത്യം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ മെന്‍ ടൂ ഉപയോഗിക്കുന്നത്. അതങ്ങനെ തന്നെ തുടരട്ടെ. അതൊരിക്കലും സ്ത്രീകള്‍ക്ക് എതിരെയല്ല. മറിച്ച് കള്ളത്തെളിവുകളുമായി രംഗത്തു വരുന്നവര്‍ക്ക് എതിരെ മാത്രമാണ്. അതിനാല്‍ മെന്‍ ടൂ സ്ത്രീകള്‍ക്ക് എതിരായ പ്രസ്ഥാനമാണെന്ന് വിധിയെഴുതേണ്ടതുമില്ല. മീ ടൂ തുടരട്ടെ…മെന്‍ ടൂവും. സൂര്യനും ചന്ദ്രനും ലോകത്തെ പൂര്‍ണമാക്കുന്നതു പോലെ…

പച്ചക്കറി വില കുതിച്ചുകൊണ്ടേയിരിക്കുന്നു

ഫിദ-
കൊച്ചി: പച്ചക്കറിയുടെ വില ദിവസേന കുതിച്ചുയരുന്നു. തക്കാളി, ബീന്‍സ്, കാരറ്റ്, പച്ചമുളക്, ചെറിയ ഉള്ളി തുടങ്ങിയവക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില കത്തിക്കയറിയത്. മറ്റിനം പച്ചക്കറികളുടെ വിലയിലും കാര്യമായ മാറ്റമുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിലാണ് വിലയില്‍ വലിയതോതിലുള്ള വര്‍ധന ഉണ്ടായത്.
കിലോക്ക് 30 രൂപ ഉണ്ടായിരുന്ന ബീന്‍സിന് ഇപ്പോള്‍ ഇരട്ടിയിലധികം തുക കൊടുക്കണം. 80 രൂപയാണ് വ്യാഴാഴ്ച ഒരുകിലോ ബീന്‍സിന്റെ വില. 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് 50 രൂപയായി. 30 രൂപയുണ്ടായിരുന്ന പച്ചമുളകിന് 70 രൂപയെത്തി. മിതമായ വില ഉണ്ടായിരുന്നപ്പോള്‍ അത്യാവശ്യം കച്ചവടവുമുണ്ടായിരുന്നെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലെ വിലവര്‍ധന കച്ചവടത്തെ ബാധിച്ചു. കുറഞ്ഞ അളവിലാണ് ആളുകള്‍ പച്ചക്കറികള്‍ വാങ്ങുന്നത്.
കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് ജില്ലയിലേക്ക് പച്ചക്കറി എത്തിക്കുന്നത്. അവിടെ ഉത്പാദനം കുറഞ്ഞതാണ് വിലവര്‍ധനക്കു കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു. ആദ്യം ജലക്ഷാമം കാരണം കര്‍ണാടകയിലും തമിഴ്‌നാട്ടിലുമെല്ലാം കൃഷിനനക്കാന്‍ സാധിക്കാതെയായി. ഇത് ഉത്പാദനം കുറയാന്‍ കാരണമായി. കര്‍ണാടകയില്‍ ദിവസങ്ങള്‍ക്കുമുമ്പ് തുടര്‍ച്ചയായി പെയ്ത മഴയും കൃഷിനാശത്തിന് കാരണമായി.
മഴ ലഭിക്കുന്നുണ്ടെങ്കിലും പകല്‍സമയത്തെ ശക്തമായചൂട് പച്ചക്കറി കച്ചവടത്തെ സാരമായി ബാധിക്കുന്നുണ്ട്. തക്കാളി, വെണ്ടക്ക, മല്ലിച്ചപ്പ്, ബീന്‍സ് തുടങ്ങിയവയൊക്കെ വേഗത്തില്‍ കേടായിപ്പോകുന്നതായി കച്ചവടക്കാര്‍ പറഞ്ഞു. മല്ലിച്ചപ്പും വെണ്ടയുമൊക്കെ ഒരുദിവസംകൊണ്ടുതന്നെ നാശമാവും. പച്ചക്കറി വാടിപ്പോയാല്‍ ആവശ്യക്കാരില്ലാതാവും. ഇത് കച്ചവടക്കാര്‍ക്ക് നഷ്ടമുണ്ടാക്കുകയും ചെയ്യും.
പച്ചക്കറിക്ക് വില കൂടിയപോലെതന്നെ പഴവര്‍ഗങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ പഴത്തിന്റെ വില്‍പ്പനയെ വിലവര്‍ധന കാര്യമായി ബാധിച്ചിട്ടില്ല. നോമ്പുകാലമായതിനാല്‍ പഴങ്ങള്‍ക്ക് ചെലവുണ്ട്. ശക്തമായ വേനലും വില്‍പ്പന വര്‍ധിക്കാന്‍ കാരണമായി.
നേന്ത്രപ്പഴത്തിന് കിലോയ്ക്ക് 65 രൂപയാണ് വില. ഉത്പാദനം കുറഞ്ഞതോടെയാണ് നേന്ത്രപ്പഴത്തിന്റെ വില കുതിച്ചുയര്‍ന്നത്. മുന്തിരിക്ക് 80 മുതല്‍ 90 രൂപവരെയാണ് വില. ആപ്പിളിന് 150 രൂപ മുതലാണ് വില. ഓറഞ്ചിന് 120 രൂപയും ചെറുനാരങ്ങയ്ക്ക് 100 രൂപയുമാണ് വില.

 

തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നു: വിനായകന്‍

ഫിദ-
കോഴിക്കോട്: കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നതാണെന്ന് നടന്‍ വിനായകന്‍. ഇടതുപക്ഷത്തിന്റെ പരാജയം തന്നെ ഞെട്ടിച്ചെന്നും എന്നാല്‍ ആര്‍.എസ്.എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്നു തെളിഞ്ഞെന്നും വിനായകന്‍ പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
താനൊരു ഇടതുപക്ഷ സഹയാത്രികനാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. എന്താണ് സംഭവിച്ചതെന്ന് ജനം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷത്തിന്റെ തകര്‍ച്ച ആശങ്കപ്പെടുത്തുന്നതാണ്. ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ട് എന്നാല്‍ രാഷ്ട്രീയം തൊഴിലാക്കാനില്ലെന്നും വിനായകന്‍ പറഞ്ഞു.
കിസ്മത് എന്ന ചിത്രത്തിനു ശേഷം ഷാനവാസ് കെ.ബാവക്കുട്ടിയുടെ സംവിധാനത്തില്‍ ‘തൊട്ടപ്പന്‍’ എന്ന ചിത്രമാണ് വിനായകന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയില്‍ തൊട്ടപ്പന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിക്കുന്നത്. ചിത്രം ഈദിനു റിലീസ് ചെയ്യും.

 

പ്രളയ സെസ് പിരിക്കുന്നത് ജൂലൈയിലേക്ക് നീട്ടി

ഫിദ-
കൊച്ചി: നിയമത്തിലെ അവ്യക്തത കാരണം പ്രളയ സെസ് പിരിക്കുന്നത് ജൂലൈയിലേക്ക് നീട്ടി. ജൂണ്‍ ഒന്നുമുതല്‍ ചരക്കുകളുടെയും സേവനങ്ങളുടെയും അടിസ്ഥാനവിലയില്‍ ഒരു ശതമാനം സെസ് പരിക്കാന്‍ വിജ്ഞാപനമിറങ്ങിയിരുന്നു. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് കാല്‍ശതമാനവും സെസ് ചുമത്തിയിരുന്നു. ഇതാണ് ജൂലൈ ഒന്നുമുതല്‍ പിരിക്കാനായി നീട്ടിവെച്ചതെന്ന് ജി.എസ്.ടി. വകുപ്പ് അറിയിച്ചു.
വിജ്ഞാപനമിറങ്ങിയശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന തരത്തില്‍ സെസ് ചുമത്തുന്നതിനുള്ള തടസ്സം ശ്രദ്ധയില്‍പ്പെട്ടത്. ഇപ്പോഴത്തെ രീതിയില്‍ നടപ്പാക്കിയാല്‍ സെസിന് പുറമേ നികുതിയും കൂടും. ഇത് ഇരട്ടനികുതിക്ക് തുല്യമാവും. സെസ് ചുമത്തുന്നതിന് പൊതുവേയുണ്ടാക്കിയ ഈ വ്യവസ്ഥ പ്രളയ സെസിന് ബാധകമല്ലെന്ന് വ്യക്തമാക്കി ജി.എസ്.ടി കൗണ്‍സില്‍ വിജ്ഞാപനമിറക്കിയാലേ സെസ് പരിക്കാനാവൂ. ഇതിനായി ജി.എസ്.ടി കൗണ്‍സിലിനോട് സംസ്ഥാനം ആവശ്യപ്പെട്ടു.
അഞ്ചുശതമാനത്തിനുമുകളില്‍ നികുതിയുള്ള ചരക്കുകള്‍ക്കും എല്ലാ സേവനങ്ങള്‍ക്കും അടിസ്ഥാനവിലയില്‍ ഒരു ശതമാനം സെസ് ചുമത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. അതായത് 12 ശതമാനം നികുതിയുള്ള ഒരു സാധനത്തിന്റെ നികുതി 13 ശതമാനമാവും.
എന്നാല്‍ ജി.എസ്.ടി. നിയമത്തിലെ നിര്‍വചനമനുസരിച്ച് സെസ് കൂടിച്ചേരുന്നതാണ് അടിസ്ഥാനവില. അതിനുമുകളിലാണ് നികുതി കണക്കാക്കുന്നതും. അടിസ്ഥാനവില നൂറ്‌രൂപയാണെങ്കില്‍ ഒരു ശതമാനം സെസുകൂടി ചേരുമ്പോള്‍ 101 രൂപയാവും. ഈ നൂറ്റിയൊന്നുരൂപയുടെ നികുതി ഉപഭോക്താവ് നല്‍കേണ്ടിവരും. സെസ് വിലയുമായി ബന്ധിപ്പിക്കാതിരുന്നാല്‍ ഒരുശതമാനം മാത്രമേ അധികബാധ്യതയുണ്ടാവൂ.

ശീതള പാനീയ രംഗത്ത് ഇനി ഫുല്‍ജാര്‍ സോഡയും

ഗായത്രി-
സംസ്ഥാനത്ത് ഫുല്‍ജാര്‍ സോഡയുടെ വില്‍പ്പന പൊടിപൊടിക്കുന്നു. ഇത്തവണത്തെ റംസാന്‍ കാലത്താണ് ഫുല്‍ജാര്‍ സോഡയുടെ ജന്മം. കുലുക്കി സര്‍ബത്തിന്റെ മറ്റൊരു രൂപമാണിത്. പക്ഷെ ഇതിലെ ചേരുവകളും ഇത് ഗ്ലാസിലൊഴിച്ച് സോഡ ചേര്‍ക്കുന്ന രീതിയെല്ലാം വ്യത്യസ്തമാണ്. പലയിടങ്ങളിലും ഫുല്‍ജാര്‍ സോഡ കുടിക്കാന്‍ മണിക്കൂറോളമാണ് കാത്ത് നില്‍ക്കേണ്ടിയതായി വരുന്നത്.ഇപ്പോള്‍ കേരളത്തില്‍ ഫുല്‍ജാര്‍ സോഡക്കാണ് ഡിമാന്റ്. ദിവസേന ഒട്ടേറെപ്പേരാണ് ഫുല്‍ജാര്‍ സോഡയുടെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. വരും ദിവസങ്ങളില്‍ ഈ ശീതള പാനീയത്തിന്റെ വില്‍പ്പന ദൈവത്തിന്റെ നാട്ടിലെ മുക്കിലും മുലയിലും വ്യാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അജിതന്‍ വീണ്ടും, ചിത്രം ‘വരാല്‍’

അജയ് തുണ്ടത്തില്‍-
പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച ‘നല്ല വിശേഷം’ എന്ന ചിത്രത്തിനുശേഷം അജിതന്‍, കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘വരാല്‍’ എന്ന് പേരിട്ടു. പ്രവാസി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്രമുഖ താരത്തിനൊപ്പം നല്ലവിശേഷത്തിലെ നായകന്‍ ശ്രീജി ഗോപിനാഥന്‍ ഒരു സുപ്രധാനവേഷം അവതരിപ്പിക്കുന്നു. മലയാളത്തിലും തമിഴിലുമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് അജയന്‍ കടനാട്. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് വിനു തോമസ്, സുജിത് നായര്‍ എന്നിവരാണ്. താരനിര്‍ണ്ണയം പുരോഗമിക്കുന്ന ചിത്രത്തിന്റെ പിആര്‍ഓ അജയ് തുണ്ടത്തിലാണ്. വരാല്‍ 2020 ജനുവരിയില്‍ റിലീസ് ചെയ്യും.

ഫെഫ്ക പിആര്‍ഓ യൂണിയന് പുതിയ ഭരണസമിതി

കൊച്ചി: ഫെഫ്ക പിആര്‍ഓ യൂണിയന്‍ 2019-2021 ലേക്ക് പുതിയ ഭരണസമിതി നിലവില്‍ വന്നു. ജനറല്‍ സെക്രട്ടറി-എബ്രഹാം ലിങ്കണ്‍, പ്രസിഡന്റ്-അജയ് തുണ്ടത്തില്‍, ട്രഷറര്‍-ദേവസ്സിക്കുട്ടി, വൈസ് പ്രസിഡന്റ്-മഞ്ജു ഗോപിനാഥ്, ജോയിന്റ് സെക്രട്ടറി-റഹിം പനവൂര്‍, എക്‌സി.അംഗങ്ങള്‍-വാഴൂര്‍ ജോസ്, എ.എസ്.ദിനേശ്, അയ്മനം സാജന്‍, ബിജു പുത്തൂര്‍, സി.കെ.അജയകുമാര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

 

ഓമാനിലെ വിപണികളില്‍ പെരുന്നാള്‍ തിരക്ക്

അളക ഖാനം-
മസ്‌കത്ത്: ഒമാനില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ നാല് ചൊവ്വാഴ്ചയാണ് പൊതു അവധി ആരംഭിക്കുക. ജൂണ്‍ ആറ് വ്യാഴാഴ്ച വരെ അവധിയായിരിക്കും.
വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികൂടി ചേര്‍ത്ത് തുടര്‍ച്ചയായ അഞ്ചു ദിവസത്തെ അവധിയാണ് ലഭിക്കുക. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും ആരംഭിച്ച് ഒരു ദിവസം കഴിഞ്ഞാണ് ഒമാനില്‍ റമദാന്‍ ആരംഭിച്ചത്. ജൂണ്‍ അഞ്ചിനോ ആറിനോ ആയിരിക്കും ഒമാനില്‍ ചെറിയ പെരുന്നാള്‍.
പെരുന്നാള്‍ വിളിപ്പാടകലെയെത്തിയതോടെ വിപണിയിലും തിരക്ക് അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. മത്ര സൂഖിലെ ഹോള്‍സെയില്‍, റീട്ടെയില്‍ മാര്‍ക്കറ്റുകളില്‍ കഴിഞ്ഞ വാരാന്ത്യം മുതല്‍ നല്ല തിരക്കുണ്ട്. നോമ്പുതുറക്കുശേഷമാണ് ആളുകള്‍ കൂടുതലായി എത്തുന്നത്.
നോമ്പിനൊപ്പം കടുത്ത വേനല്‍ച്ചൂടും മൂലമാണ് ആളുകള്‍ ഷോപ്പിംഗ് രാത്രിയിലേക്കു മാറ്റുന്നത്. സന്ധ്യക്കുശേഷം ഈ ഭാഗത്തെ റോഡുകളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. പെരുന്നാള്‍ സീസണായതോടെ മത്രയില്‍ കച്ചവട സ്ഥാപനങ്ങള്‍ പുലര്‍ച്ച രണ്ടിനാണ് അടക്കുന്നത്. വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം വില്‍ക്കുന്ന കടകളിലാണ് ഇപ്പോള്‍ കൂടുതല്‍ തിരക്ക്. പരമ്പരാഗത ഒമാനി വസ്ത്രങ്ങള്‍ വില്‍പന നടത്തുന്ന സൂഖുകളിലും തിരക്കേറെയാണ്.
ഉപഭോക്താക്കളായി കൂടുതല്‍ എത്തിത്തുടങ്ങിയതോടെ പാര്‍ക്കിംഗ് പ്രശ്‌നവും മത്രയില്‍ രൂക്ഷമാണ്. പാര്‍ക്കിങ് ലഭിക്കാതെ പലരും ചുറ്റിക്കറങ്ങുന്നതും പതിവ് കാഴ്ചയാണ്. ഹൈപ്പര്‍മാര്‍ക്കറ്റുകളിലും തിരക്ക് വര്‍ധിച്ചിട്ടുണ്ട്. റമദാന്‍ ആരംഭം മുതല്‍ ഒമാനിലെ എല്ലാ പ്രധാന ഹൈപ്പര്‍ മാര്‍ക്കറ്റുകളും വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. സ്‌കൂള്‍ അവധി കണക്കിലെടുത്ത് മലയാളി കുടുംബങ്ങളില്‍ പലരും നാട്ടിലേക്കു പോയി. ചിലര്‍ അടുത്ത ദിവസങ്ങളിലായി പോകും. പെരുന്നാള്‍ അടുത്തതോടെ വിമാന ടിക്കറ്റ് നിരക്കുകള്‍ മാനംമുട്ടെ ഉയര്‍ന്നിരിക്കുകയാണ്. കൊച്ചിക്ക് ജൂണ്‍ മൂന്ന്, നാല്, അഞ്ചു തീയതികളില്‍ ഒമാന്‍ എയറില്‍ ഒരു വശത്തേക്ക്് 346 റിയാലാണ് ടിക്കറ്റ് നിരക്ക്.

 

ആര്‍ടിജിഎസ് വഴി ആറുമണിവരെ പണമിടപാട് നടത്താം

രാംനാഥ് ചാവ്‌ല-
മുംബൈ: ആര്‍ടിജിഎസ്(റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്)വഴിയുള്ള പണമിടപാടിനുള്ള സമയം ആറുമണിവരെ നീട്ടി.
നേരത്തെ 4.30വരെയായിരുന്നു ഇടപാടുകള്‍ അനുവദിച്ചിരുന്നത്. ജൂണ്‍ ഒന്നുമുതലാണ് പുതിയ സമയം നിലവില്‍ വരിക.
നെറ്റ് ബാങ്കിംഗ് വഴി പണം കൈമാറുന്നതിന് ആര്‍ബിഐ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനമാണ് ആര്‍ടിജിഎസ്. ചുരുങ്ങിയത് രണ്ടു ലക്ഷം രൂപയെങ്കിലുമുണ്ടെങ്കിലെ ഈ സംവിധാനത്തിലൂടെ പണം കൈമാറാന്‍ കഴിയൂ.
2019 ഏപ്രിലിലെ കണക്കുപ്രകാരം 112 ലക്ഷം കോടി രൂപയാണ് ഈ സംവിധാനംവഴി കൈമാറിയിട്ടുള്ളത്.

 

ഗള്‍ഫ് സഹകരണ കൗണ്‍സിലിന് ഖത്തര്‍ അമീറിന് ക്ഷണം

അളക ഖാനം-
ദോഹ: മക്കയില്‍ മേയ് 30ന് നടക്കാനിരിക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് സൗദിയിലെ സല്‍മാന്‍ രാജാവിന്റെ ക്ഷണം. ക്ഷണം ലഭിച്ചതായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇക്കാര്യം ഖത്തര്‍ വാര്‍ത്താ ഏജന്‍സിയും സ്ഥിരീകരിച്ചു. അല്‍ജസീറ ചാനലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്ലതീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഖത്തര്‍ അമീറിനുള്ള ക്ഷണം ഉപപ്രധാനമന്ത്രി സ്വീകരിച്ചത്.
2017 മുതല്‍ സൗദി, ഈജിപ്ത്, ബഹ്‌റൈന്‍, യു.എ.ഇ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധത്തിലാണ്. ഉപരോധം രണ്ടാം വര്‍ഷത്തിലേക്ക് കടക്കാനിനിരിക്കേയാണ് ജി.സി.സി യോഗത്തിന് ഖത്തര്‍ അമീറിനെ സല്‍മാന്‍ രാജാവ് ക്ഷണിക്കുന്നത്.