Month: May 2019

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രജനികാന്തിനും കമല്‍ഹാസനും ക്ഷണം

ഫിദ-
ചെന്നൈ: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് രജനികാന്തിനും കമല്‍ഹാസനും ക്ഷണം. മെയ് 30ന് വൈകീട്ട് ഏഴിന് രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്. ക്ഷണം ലഭിച്ചെങ്കിലും ഇരുവരും പങ്കെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. അതത് സംസ്ഥാനങ്ങളിലെ പ്രമുഖര്‍ക്ക് അയക്കുന്ന ക്ഷണത്തിന്റെ ഭാഗമാണിത്.
മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വം ഉള്‍പ്പെടെ അണ്ണാ ഡി.എം.കെ മുന്നണി നേതാക്കള്‍ പങ്കെടുക്കും. മക്കള്‍ നീതി മയ്യം പ്രസിഡന്റ് കൂടിയായ കമല്‍ഹാസന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരുന്നത്.
രജനികാന്തിനും മോദിക്കും അടുത്ത സൗഹൃദമാണുള്ളത്. വരുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ നേതൃത്വത്തിലെ പുതിയ രാഷ്ട്രീയകക്ഷി രംഗത്തിറങ്ങുമെന്ന് നേരത്തേ രജനികാന്ത് അറിയിച്ചിരുന്നു.

പ്രണയത്തില്‍ മേമ്പൊടി ചേര്‍ത്ത് ഇഷ്‌ക്

ഫിദ-
സമൂഹിക പ്രസക്തിയുള്ള ഒരു വിഷയം പ്രണയത്തിന്റെ മോമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കുന്ന സിനിമയാണ് ഇഷ്‌ക്. ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന സച്ചിദാനന്ദന്‍ എന്ന സച്ചിയുടേയും എംഎ വിദ്യാര്‍ഥിനിയായ വസുധയുടേയും പ്രണയവും പിന്നീടുള്ള സംഭവവികാസങ്ങളുമാണ് ഇഷ്‌ക് പറയുന്നത്. എന്നാല്‍ കണ്ടുമടുത്ത ക്ലീഷേകളല്ല ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. അവിടെയാണ് തിരക്കഥയുടേയും സംവിധാനത്തിന്റേയും മികവ് എടുത്ത് പറയേണ്ടത്. കണ്ടും കേട്ടും പരിചയമുള്ള സാധാരണ പ്രണയ കഥയില്‍ തുടങ്ങുന്ന ഇഷ്‌ക് ഒരു ഘട്ടത്തില്‍ ഗൗരവസ്വഭാവമുള്ളതായി മാറുന്നു.
തമാശയും സ്‌നേഹവുമെല്ലാം കൂടിക്കലര്‍ന്ന കുടുംബപശ്ചാത്തലത്തിലാണ് ചിത്രം ആരംഭിക്കുന്നത്. വീട്ടിലെ സാദാസംസാരങ്ങളില്‍ തുടങ്ങുന്ന, മൊബൈലില്‍ കുത്തിക്കളിക്കുന്ന, അമ്മയോടും പെങ്ങളോടും കുറുമ്പ് പറയുന്ന, അടികൂടുന്ന നായകന്‍ സച്ചിക്ക് അടുത്ത വീട്ടിലെ പയ്യന്‍ എന്ന ഫീല്‍ ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ട്. സച്ചിയുടെ പ്രണയത്തിലേക്ക് കടക്കുന്ന കഥ പിന്നീട് പ്രണയം പറഞ്ഞ് ‘നട്ടെല്ലുള്ളൊരു’ വിഷയത്തെ കൈകാര്യം ചെയ്യുന്നു. അടുത്തിടെ വാര്‍ത്തകളിലിടം നേടിയ പല സംഭവവികാസങ്ങളുടേയും പശ്ചാത്തലത്തില്‍ ഇഷ്‌ക് പറയുന്ന കഥ പ്രസക്തമാണ്
സ്‌ക്രീനില്‍ എത്തുന്ന കഥാപാത്രങ്ങളെല്ലാം അവരവരുടെ വികാരങ്ങള്‍ പ്രേക്ഷകരിലേക്കും പകരുന്നുണ്ട്. പ്രണയമോ സങ്കടമോ സമ്മര്‍ദ്ദമോ പേടിയോ ആവട്ടെ അവര്‍ അനുഭവിക്കുന്ന കാണികളിലേക്കും വ്യാപിക്കുന്നുണ്ട്.ചിത്രത്തിന്റെ ഒരുഘട്ടത്തില്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുന്ന നായകനും നായികക്കുമൊപ്പം കാണികളും ഒന്നു നിവര്‍ന്നിരുന്നു പോവും, ആശ്വസിച്ചുപോവും.
ഷൈന്‍ ടോം അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമാണ് എടുത്തുപറയേണ്ട മറ്റൊന്ന്. ഷൈനിന്റെ കരിയറില്‍ നിര്‍ണായകമാണ് ആല്‍വിന്‍ എന്ന കഥാപാത്രം. ഒരുഘട്ടം കഴിഞ്ഞാല്‍ ഷെയ്‌നും ഷൈനുമാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോവുന്നത്. സഹതാരങ്ങളായ ലിയോണയും ജാഫര്‍ ഇടുക്കിയും മാലാ പാര്‍വതിയും സ്വാസികയും സ്വന്തം വേഷങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു. സിദ് ശ്രീരാം പാടിയ പറയുവാനേറെ അടക്കം ജെയ്ക്‌സ് ബിജോയിയുടെ സംവിധാനത്തിലുള്ള എല്ലാ ഗാനങ്ങളും മികച്ചതാണ്.

ജെറ്റ് എയര്‍വേയ്‌സിലെ ഫണ്ട് തിരിമറി അന്വേഷിക്കും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: സര്‍വീസ് നിര്‍ത്തിയ ജെറ്റ് എയര്‍വേയ്‌സിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നു. ജെറ്റ് എയര്‍വേയ്‌സ് ഉടമ നരേഷ് ഗോയലും ഭാര്യ അനിതയും മുംബൈ എയര്‍പോര്‍ട്ടില്‍ ശനിയാഴ്ച പിടിയിലായതിന് പിന്നാലെയാണ് ഇ.ഡി അന്വേഷണം ശക്തമാക്കിയത്.
മറ്റ് കമ്പനികളില്‍ ജെറ്റ് എയര്‍വേയ്‌സ് നടത്തിയ നിക്ഷേപങ്ങളെ കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപിക്കാനുള്ള പണവും സര്‍ക്കാറിന് നികുതിയായി നല്‍കേണ്ട തുകയും കമ്പനി വകമാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെ കുറിച്ചും വിശദ അന്വേഷണമുണ്ടാകും.അതേസമയം, നിലവില്‍ ബാങ്കുകള്‍ അന്വേഷണപരിധിയില്‍ വരുന്നില്ലെന്നാണ് ഇ.ഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.

അക്കൗണ്ട് വിവരങ്ങള്‍ പങ്കുവെക്കല്‍: 11 ഇന്ത്യക്കാര്‍ക്ക് നോട്ടീസ്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: അക്കൗണ്ട് വിവരങ്ങള്‍ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് 11 ഇന്ത്യക്കാര്‍ക്ക് സ്വിറ്റ്‌സര്‍ലന്റ്് സര്‍ക്കാര്‍ നോട്ടീസയച്ചു. ഇന്ത്യയുമായി അക്കൗണ്ട് വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. മാര്‍ച്ചിന് ശേഷം ഇതേകാര്യം ഉന്നയിച്ച് 25 തവണയെങ്കിലും സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നോട്ടീസയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വിറ്റസര്‍ലാന്‍ഡിന്റെ നികുതി വകുപ്പാണ് നോട്ടീസുകള്‍ അയച്ചിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്റിലെ ബാങ്കുകളിലെ ഇന്ത്യക്കാരുടെ അക്കൗണ്ട് വിവരങ്ങള്‍ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ രാജ്യം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ അക്കൗണ്ട് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്ത്യക്ക് പുറമേ മറ്റ് ചില രാജ്യങ്ങളിലെ പൗരന്‍മാരുടെ വിവരങ്ങളും സ്വിസ് സര്‍ക്കാര്‍ അതാത് രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് നല്‍കും. എന്നാല്‍, മറ്റ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് അയച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
അക്കൗണ്ട് വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ 30 ദിവസത്തിനകം അത് അറിയിക്കണമെന്നാണ് സ്വിറ്റസ്ര്!ലന്റ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍, ആര്‍ക്കൊക്കെയാണ് നോട്ടീസ് അയച്ചിരിക്കുന്നത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

 

പിഎം മോദി റിലീസായി; ആദ്യ ദിനങ്ങളില്‍ ആളില്ലെന്ന്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലും അനിശ്ചിതത്വങ്ങളിലും കുരുങ്ങിക്കിടന്ന ബോളിവുഡ് ചിത്രം പി.എം മോഡി റിലീസായി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യയുടെ തുടര്‍ ഭരണം ലഭിച്ച സമയത്ത് റിലീയായ ചിത്രത്തിന്റെ ആദ്യ ദിനം കാണാന്‍ ആളില്ലെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. വാര്‍ത്താ പ്രാധാന്യത്തോടെ റിലീസിനെത്തുന്ന ചിത്രങ്ങള്‍ക്കുള്ള തള്ളിക്കയറ്റം ഒരു തിയറ്ററിലും അനുഭവപെട്ടില്ലെന്നാണ് സുചന.
ആദ്യഘട്ട വോട്ടെടുപ്പ് സമയത്തായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. പിന്നീട് തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍പെട്ട് റിലീസ് ഡേറ്റ് മാറ്റുകയായിരുന്നു. സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ ബി.ജെ.പി നേതാക്കളുടെ സാന്നിധ്യവും അണിയറ പ്രവര്‍ത്തകരുടെ ബി.ജെ.പി പശ്ചാത്തലവും വിവാദമുയര്‍ത്തി. തുടര്‍ന്നാണ് സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഇടപെട്ട് പി.എം മോദിയുടെ റിലീസ് തടഞ്ഞത്.
വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ നരേന്ദേ മോദിയുടെ വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ഒമുംഗ് കുമാറാണ്.

 

ഇന്ധന വില വര്‍ധിപ്പിച്ചു

ഫിദ-
തിരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 13 പൈസയുമാണ് വര്‍ധിച്ചത്. മൂന്ന് ദിവസത്തിനിടെ പെട്രോളിന് 37 പൈസയും ഡീസലിന് 39 പൈസയുമാണ് വര്‍ധിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 74.74 രൂപയും 71.50 രൂപയുമാണ്. പെട്രോളിന് കൊച്ചിയില്‍ 73.44 രൂപയും ഡീസലിന് 70.15 രൂപയുമാണ് ഇന്നത്തെ വില. മേയ് 20 മുതലാണ് എണ്ണക്കമ്പനികള്‍ വില കൂട്ടാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്നതിനിടെയാണ് വിലവര്‍ധന.

 

രണ്ടു മത്തങ്ങകള്‍ ലേലം കൊണ്ടത് 31 ലക്ഷം രൂപക്ക്

അളക ഖാനം-
ടോക്കിയോ: ജപ്പാനിലെ യുബാരിയില്‍ രണ്ടു മത്തങ്ങകള്‍ ലേലത്തില്‍ വിറ്റത് അഞ്ചു മില്യണ്‍ യെന്നിന്(ഏകദേശം 31 ലക്ഷം രൂപ). രുചിയിലും പോഷകത്തിലും അപൂര്‍വയിനമായ മത്തനാണ് റിക്കാര്‍ഡ് തുകയ്ക്ക് വിറ്റത്. ഇവ വാങ്ങാന്‍ ജനങ്ങള്‍ മത്സരിച്ചതോടെ ലേലം കൊഴുക്കുകയായിരുന്നു.
കാര്‍ഷിക പട്ടണമായ യുബാരിയില്‍ എല്ലാവര്‍ഷവും കാര്‍ഷിക വിളകള്‍ ലേലം ചെയ്യാറുണ്ട്. ഇവ ഒരാഴ്ചയോളം നഗരമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇതാദ്യമായാണ് ഇത്രയധികം തുകയ്ക്ക് വിറ്റുപോകുന്നത്.

ഹ്യൂണ്ടായി വെന്യൂ വിപണിയില്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: കാത്തിരിപ്പിന് വിരാമമിട്ട് ഹ്യൂണ്ടായിയുടെ കോംപാക്റ്റ് എസ്.യു.വിയായ വെന്യൂ വിപണിയിലെത്തി. 1.0 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പതിപ്പുകളുള്ള വെന്യൂവിന് 6.50 ലക്ഷം മുതല്‍ 11.10 ലക്ഷം രൂപവരെയാണ് എക്‌സ്‌ഷോറൂം വില. പെട്രോളില്‍ എട്ടും ഡീസലില്‍ അഞ്ചും വേരിയന്റുകളുള്ള വെന്യൂ ആകര്‍ഷകമായ ഏഴ് നിറങ്ങളില്‍ ലഭിക്കും.
മാനുവലിന് പുറമേ പെട്രോളില്‍ 7സ്പീഡ് ഡ്യുവല്‍ കല്‍ച്ച് ട്രാന്‍സ്മിഷനും വാഗ്ദാനം ചെയ്യുന്ന വെന്യൂവിന്റെ പതിപ്പുകള്‍ ലിറ്ററിന് 17.52 കിലോമീറ്റര്‍ മുതല്‍ 23.70 കിലോമീറ്റര്‍ വരെ മൈലേജും അവകാശപ്പെടുന്നു.
ഗ്‌ളോബല്‍ ബല്‍ ലിങ്ക് ടെക്‌നോളജിയാണ് വെന്യൂവിന്റെ പ്രധാന സവിശേഷത. റിമോട്ട് അധിഷ്ഠിത സ്റ്റാര്‍ട്ട് സ്‌റ്റോപ്പ്, ക്ലൈമറ്റ് കണ്‍ട്രോള്‍, ഡോര്‍ ലോക്ക്അണ്‍ലോക്ക് തുടങ്ങി 33ഓളം ഫീച്ചറുകള്‍ അടങ്ങിയതാണ് ഈ സാങ്കേതികവിദ്യ.
വയര്‍ലെസ്, ഫോണ്‍ ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, ആറ് എയര്‍ ബാഗുകള്‍, ഇ.എസ്.പി., ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍, സണ്‍റൂഫ്, പാര്‍ക്കിംഗ് കാമറ തുടങ്ങിയ മികവുകളും അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന വെന്യൂവിനുണ്ട്. യുവാക്കളെ ആകര്‍ഷിക്കുന്ന മനോഹരമായ രൂപകല്‍പ്പനയും പ്രത്യേകതയാണ്.

പഴം, പച്ചക്കറി, മീന്‍, ഇറച്ചി വില കൂടി

ഫിദ-
കൊച്ചി: അവശ്യസാധനങ്ങളുടെ തീവിലയില്‍ കൈപൊള്ളി ജനം. റംസാന്‍ മാസമായതോടെ പഴവര്‍ഗങ്ങള്‍, പച്ചക്കറി, മീന്‍, കോഴി തുടങ്ങി എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിച്ചു. അരി വിലയിലും രണ്ടുരൂപ വരെ വില കൂടി. ഒരു മാസം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 10 മുതല്‍ 20 രൂപ വരെയാണ് പല സാധനങ്ങള്‍ക്കും വില കൂടിയത്.
ചെറുതല്ല ചെറുനാരങ്ങ വിലയും കൂടിയിട്ടുണ്ട്.
വേനല്‍ കടുത്തതോടെ ചെറുനാരങ്ങക്ക് ആവശ്യക്കാര്‍ ഏറിയപ്പോഴാണ് വിലയും കൂടിയത്. 80 മുതല്‍ 100 രൂപ വരെയാണ് ഒരു കിലോക്ക് വില. ഒരുമാസം മുമ്പ് 60 രൂപയായിരുന്നു. ചെറുനാരങ്ങയുടെ ലഭ്യത കുറഞ്ഞതും ആവശ്യക്കാര്‍ വര്‍ധിച്ചതുമാണ് വില ഉയരാനുള്ള കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.
പച്ചക്കറി വിലയും ഉയര്‍ന്ന് തന്നെ
തക്കാളി 3540, പച്ചമുളക് 5060, കാരറ്റ് 4050, പയര്‍ 3040 എന്നിങ്ങനെയാണ് ഇപ്പോള്‍ വില. ഇഞ്ചിക്കും വിലയില്‍ എരിവു കൂടി. 130 മുതല്‍ 150 വരെയാണ് ഇഞ്ചിവില. കഴിഞ്ഞമാസം 6070 ആയിരുന്നു. ഒരുമാസം മുമ്പ് നാല് കൈതച്ചക്കക്ക് 50 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു കിലോക്ക് 70 രൂപ. നേന്ത്രപ്പഴത്തിന് 35 രൂപയായിരുന്നത് 45 മുതല്‍ 50 വരെയെത്തി. ആപ്പിള്‍ 160, മുന്തിരി 90, 100, അനാര്‍ 80 100 എന്നിങ്ങനെയായി വില.
ഒരുമാസം മുമ്പ് 120 140 ആയിരുന്ന ബ്രോയിലര്‍ കോഴിക്ക് വില 180 200 ആയി. തമിഴ്‌നാട്ടില്‍നിന്ന് കോഴിയെത്താത്തതാണ് വര്‍ധനവിനു കാരണം. വില നിയന്ത്രിക്കാനായി കേരളാചിക്കന്‍ വന്നിട്ടും വിലയില്‍ മാറ്റമില്ല. കിലോക്ക് 100 രൂപയില്‍ താഴെയുള്ള മീന്‍ കിട്ടാനില്ല. സാധാരണക്കാരുടെ ഇഷ്ടമീനായ മത്തിക്ക് 140 മുതല്‍ 160 രൂപ വരെയാണ് വില. ചൂര 180, കൊഞ്ച് 240, മാന്തള്‍ 160, ആവോലി 520 എന്നിങ്ങനെയാണ് പട്ടിക. കായല്‍മീനുകളുടെ വിലയും കൂടുതലാണ്. എടവാള 160, ചെമ്പല്ലി 120, പിലാന 140 എന്നിങ്ങനെയാണ് കായല്‍മീനുകളുടെ വില.

രണ്ടാമൂഴം; തര്‍ക്കം ഹൈക്കോടതിയിലേക്ക്

ഗായത്രി-
രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പട്ട കേസ് ഹൈക്കോടതിയിലേക്ക്. എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാറും വ്യത്യസ്ത ഹര്‍ജികളുമായി ഹൈക്കോടതിയിലെത്തി. സിനിമയുടെ തിരക്കഥ തിരികെ ലഭിക്കാന്‍ എം.ടി നല്‍കിയ കേസില്‍ തര്‍ക്കപരിഹാരത്തിനു മധ്യസ്ഥനെ വെക്കെണമെന്ന ആവശ്യമുന്നയിച്ച് താന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയതിനെതിരെയാണ് ശ്രീകുമാര മേനോന്റെ ഹരജി. ജില്ലാ കോടതിയുടെ ഉത്തരവില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന പരാമര്‍ശം നീക്കാനാണ് എം.ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിത്.
ശ്രീകുമാര്‍ മേനോന്റെ ഹര്‍ജി തള്ളിയെങ്കിലും കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവില്‍ വിഷയത്തില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന പരാമര്‍ശമുണ്ടായിരുന്നു. ഇത് നീക്കണമെന്നാവശ്യപ്പെട്ടാണ് എം.ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ചിത്രീകരണം അനന്തമായി നീളുന്നതാണ് എംടിയെ ചിത്രത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. നാല് വര്‍ഷം മുമ്പാണ് എംടി ചിത്രത്തിന്റെ തിരക്കഥ കൈമാറിയത്. മൂന്ന് വര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്.
എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷവും സിനിമയുടെ ചിത്രീകരണം പോലും ആരംഭിച്ചിരുന്നില്ല. ഒരു വര്‍ഷം കൂടി കരാര്‍ നീട്ടി നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് എം.ടി തിരക്കഥ നല്‍കിയത്. എം.ടിയുടേയും ശ്രീകുമാര്‍ മേനോന്റേയും ഹര്‍ജികള്‍ പരിഗണിക്കുന്നത് ഹൈക്കോടതി ജൂണ്‍ 12ലേക്ക് മാറ്റി.