Month: May 2019

ഭക്ഷ്യോല്‍പ്പന്ന വ്യാപാരത്തിനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ട്

രാംനാഥ് ചാവ്‌ല-
ബംഗളൂരു: ആഗോള റീട്ടെയ്ല്‍ വമ്പന്‍ വാള്‍മാര്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള ഇ കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ട് ഇന്ത്യയില്‍ ഭക്ഷ്യോത്പന്ന റീട്ടെയ്ല്‍ ശൃംഖല ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ഭക്ഷ്യോത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്ന അഞ്ചു കേന്ദ്രങ്ങള്‍ ഫഌപ്കാര്‍ട്ടിനുണ്ട്. ഓണ്‍ ലൈന്‍ സ്‌റ്റോറുകള്‍ക്കു പുറമേ ഓഫ്‌ലൈന്‍ സ്‌റ്റോറുകള്‍കൂടി തുടങ്ങാനുള്ള ഫഌപ്കാര്‍ട്ടിന്റെ പുതിയ തീരുമാനം ഇന്ത്യയിലെ ഭക്ഷ്യോത്പന്ന വിപണിയുടെ സാധ്യതകള്‍ പരിഗണിച്ചാണെന്നാണ് വിലയിരുത്തല്‍.
ആഗോളതലത്തില്‍ വാള്‍മാര്‍ട്ട് വില്‍ക്കുന്ന സാധനങ്ങളില്‍ 50 മുതല്‍ 60 ശതമാനം വരെ ഭക്ഷ്യോത്പന്നങ്ങളാണ്. ഇന്ത്യയിലെ റീട്ടെയ്ല്‍ വിപണിയുടെ മുന്നില്‍ രണ്ടു ഭാഗവും ഭക്ഷോത്പന്നങ്ങളാണ്. വാള്‍മാര്‍ട്ടിന്റെ മുഖ്യ എതിരാളിയായ ആമസോണ്‍ അടുത്തിടെ തങ്ങള്‍ ഇന്ത്യയിലെ ഭക്ഷ്യോത്പന്ന റീട്ടെയ്ല്‍ വിപണിയില്‍ വലിയ നിക്ഷേപം നടത്തുമെന്ന് അറിയിച്ചിരുന്നു.

 

ഡിജിറ്റല്‍ ഇടപാട്; ബാങ്ക് ശാഖകളും എടിഎമ്മും കുറയും

ഫിദ-
കൊച്ചി: ബാങ്ക് ശാഖകളുടെയും എടിഎമ്മുകളുടെയും എണ്ണം ഗണ്യമായി കുറയാന്‍ ഇടയാക്കുന്ന തരത്തിലായിരിക്കും ഡിജിറ്റല്‍ ഇടപാടുകളിലുണ്ടാകാന്‍പോകുന്ന വന്‍ മുന്നേറ്റമെന്ന് അനുമാനം. ‘പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ്’ സംവിധാനത്തിന്റെ 2019 2021 കാലയളവിലെ ലക്ഷ്യങ്ങള്‍ നിര്‍വചിച്ചുകൊണ്ടു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയാറാക്കിയിട്ടുള്ള ദര്‍ശന രേഖയാണ് ഈ അനുമാനത്തിന് അടിസ്ഥാനം.
സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണു ‘പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ്’ സംവിധാനം എന്നതിനാലാണ് ആസൂത്രിത വികസനത്തിന് ആര്‍ബിഐ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ ആരംഭിച്ചത്. ആദ്യ മാര്‍ഗരേഖ 2002ല്‍ പ്രസിദ്ധീകരിച്ചു. ഇപ്പോഴത്തെ മാര്‍ഗ രേഖ 2021 ഡിസംബര്‍ വരെയുള്ള വികസനമാണു ലക്ഷ്യമിടുന്നത്.
ചെക്ക് അധിഷ്ഠിത ഇടപാടുകളില്‍ വലിയ തോതിലുള്ള ഇടിവുണ്ടായിട്ടുണ്ട്. ഈ പ്രവണത കൂടുതല്‍ ശക്തമാകുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ. 2021 ആകുമ്പോഴേക്കു ചെക്ക് അധിഷ്ഠിത ഇടപാടുകള്‍ ‘റീട്ടെയ്ല്‍ ഇലക്‌ട്രോണിക്’ ഇടപാടുകളുടെ രണ്ടു ശതമാനത്തില്‍ താഴെയായിരിക്കണമെന്നതാണു ലക്ഷ്യം.
ഇപ്പോള്‍ വ്യാപകമായി പ്രചാരത്തിലുള്ള യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫെയ്‌സ് (യുപിഐ), ഐഎംപിഎസ് എന്നീ സംവിധാനങ്ങള്‍ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തില്‍ 2021 വരെയുള്ള ഓരോ വര്‍ഷവും ലക്ഷ്യമിടുന്നതു 100% വളര്‍ച്ചയാണ്. നെഫ്റ്റ് സംവിധാനത്തില്‍ 40% വാര്‍ഷിക വളര്‍ച്ച ലക്ഷ്യമിടുന്നു.
വ്യാപാരശാലകളിലെ പോയിന്റ് ഓഫ് സെയ്ല്‍ വഴിയുള്ള ഡെബിറ്റ് കാര്‍ഡ് ഇടപാടുകളില്‍ പ്രതീക്ഷിക്കുന്ന വര്‍ധന 35 ശതമാനമാണ്. എടിഎമ്മുകളിലൂടെയുള്ളവ ഉള്‍പ്പെടെ ഡെബിറ്റ് കാര്‍ഡുകളുടെ മൊത്തം ഉപയോഗത്തിന്റെ 44 ശതമാനമെങ്കിലും പിഒഎസ് ടെര്‍മിനലുകളിലൂടെയായിരിക്കണം. എണ്ണത്തില്‍ മാത്രമല്ല ഇടപാടുകളുടെ മൂല്യത്തിലും വന്‍ വര്‍ധനയാണു പ്രതീക്ഷിക്കുന്നത്. പിഒഎസ് ടെര്‍മിനലുകളുടെ എണ്ണം 2021 അവസാനിക്കുന്നതിനു മുമ്പ് 50 ലക്ഷത്തിലെത്തിയിരിക്കണം.
മൊബൈല്‍ ഫോണ്‍ അധിഷ്ഠിത പേയ്‌മെന്റ് ഇടപാടുകളില്‍ 50% വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 35 കോടി കവിഞ്ഞിരിക്കുന്നുവെന്നതു സാധ്യതകള്‍ സൂചിപ്പിക്കുന്നു.

 

 

മാന്‍ ബുക്കര്‍ പുരസ്‌കാരം അറബി സാഹിത്യകാരി ജൂഖ അല്‍ഹാത്തിക്ക്

അളക ഖാനം-
ലണ്ടന്‍: 2019ലെ മാന്‍ ബുക്കര്‍ രാജ്യാന്തര പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാത്തിക്ക്. ‘സെലസ്റ്റിയന്‍ ബോഡീസ്’ എന്ന നോവലിനാണ് പുരസ്‌കാരം. സമ്മാനത്തുകയായ 44 ലക്ഷം (50,000 പൗണ്ട്) നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മെര്‍ലിന്‍ ബൂത്തുമായി പങ്കുവെക്കും.
മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ അറബി സാഹിത്യകാരിയും ഇംഗ്ലീഷിലേക്ക് പുസ്തകം വിവര്‍ത്തനം ചെയ്യുന്ന ആദ്യ ഒമാന്‍ എഴുത്തുകാരിയുമാണ് ജൂഖ. 2010ല്‍ പ്രസിദ്ധീകരിച്ച ലേഡീസ് ഓഫ് ദി മൂണ്‍ ആണ് ജൂഖയുടെ ആദ്യ പുസ്തകം.
അധിനിവേശ കാലത്തിന് ശേഷമുള്ള ഒമാന്‍ പശ്ചാത്തലമാക്കി മൂന്ന് ഒമാനി സഹോദരിമാരുടെ കഥയാണ് നോവലിന്റെ ഇതിവൃത്തം. ഇംഗ്ലീഷിലേക്ക് മൊഴി മാറ്റുന്ന സാഹിത്യ സൃഷ്ടികളാണ് മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.

മീ ടൂ; നടന്‍ സിദ്ദിഖ് അപമര്യാദയായി പെരുമാറിയെന്ന് രേവതി സമ്പത്ത്

ഫിദ-
കണ്ണൂര്‍: മുതിര്‍ന്ന നടന്‍ സിദ്ദിഖ് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി യുവനടി രേവതി സമ്പത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യുവനടി പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് തിരുവനന്തപുരം നിള തിയറ്ററില്‍ വെച്ച് താരത്തില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ലൈംഗീകാധിക്ഷേപം വലിയ മാനസിക പ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും കുറിപ്പില്‍ ആരെപിക്കുന്നു. ഡബ്ല്യുസിസിയ്‌ക്കെതിരെ നേരത്തെ കെപിഎസ്സി ലളിതക്കൊപ്പം സിദ്ദിഖ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ ദൃശ്യങ്ങളും പങ്കുവച്ചാണ് നടി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
നേരത്തെ സംവിധായകന്‍ രാജേഷ് ടച്ച് റിവറിനെതിരെ മീടൂ ആരോപണവുമായി നടി രംഗത്തുവന്നിരുന്നു. സംവിധായകനില്‍ നിന്നും മാനസികമായ അധിക്ഷേപവും അപമാനവും ലൈംഗികചുവയുള്ള സംഭാഷണങ്ങളും ലിംഗവിവേചനവും ബ്ലാക്ക്‌മെയിലിംഗും തനിക്ക് നേരിടേണ്ടി വന്നിരുന്നുവെന്നാണ് രേവതി ആരോപിച്ചത്. പാതിരാത്രി തന്റെ ഫോണിലേക്ക് മിസ്ഡ്‌കോള്‍ ചെയ്യുകയും മോശം സന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവെന്നും കഴിഞ്ഞ വര്‍ഷം പരാമര്‍ശിച്ചിരുന്നു.

 

 

കമല്‍ ഹാസനെതിരെ ഭീഷണി; മന്ത്രിക്കെതിരെ കേസ്

ഗായത്രി-
ചെന്നൈ: നാവരിയുമെന്ന് കമല്‍ ഹാസനെ ഭീഷണിപ്പെടുത്തിയ തമിഴ്‌നാട് മന്ത്രി രാജേന്ദ്ര ബാലാജിക്കെതിരെ നിയമ നടപടിക്കൊരുങ്ങി മക്കള്‍ നീതി മയ്യം. എം.എന്‍.എം വൈസ് പ്രസിഡന്റ് ആര്‍. മഹേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എ. അരുണാചലം എന്നിവരാണ് ഗ്രാമ വികസന മന്ത്രിക്കെതിരെ പോലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്.
ഗാന്ധി ഘാതകന്‍ നാഥുറാം ഗോദ്‌സെക്കെതിരായ കമല്‍ ഹാസന്റെ പരാമര്‍ശം വന്നതിനു പിറകെയായിരുന്നു മന്ത്രിയുടെ ഭീഷണി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണ്. അത് ഗോദ്‌സെയാണ് എന്നായിരുന്നു കമല്‍ ഹാസന്റെ പരാമര്‍ശം.
ഇതിനു മറുപടിയായി അറവകുറിച്ചി ലോക്‌സഭാ മണ്ഡലത്തില്‍ മെയ് 13ന് നടന്ന റാലിക്കിടെയാണ് കമല്‍ ഹാസനെതിരെ മന്ത്രി ഭീഷണി മുഴക്കിയത്. ഗോദ്‌സെയെ തീവ്രവാദിയെന്ന് വിളിച്ച കമല്‍ ഹാസന്റെ നാവ് അരിഞ്ഞെടുക്കണമെന്നായിരുന്നു മന്ത്രിയുടെ ആഹ്വാനം.
മെയ് 16ന് കുരൂര്‍ ജില്ലയില്‍ വച്ച് ചിലര്‍ മന്ത്രിയുടെ ആഹ്വാന പ്രകാരം കമല്‍ ഹാസനെ ആക്രമിച്ചുവെന്ന് പാര്‍ട്ടി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. മാനനഷ്ടത്തിനും സമാധാനം ലംഘിക്കുന്ന തരത്തില്‍ പ്രകോപനമുണ്ടാക്കിയതിനും ബാലാജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

സെന്‍ഫോണ്‍ 6 സ്മാര്‍ട്‌ഫോണുമായി അസൂസ്

അളക ഖാനം-
തായ്വാനീസ് കമ്പനി അസൂസ് പുതിയ സെന്‍ഫോണ്‍ 6 സ്മാര്‍ട്‌ഫോണ്‍ സ്‌പെയിനില്‍ നടന്ന ഒരു പരിപാടിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം അസൂസ് അവതരിപ്പിച്ച ഫല്‍ഗ്ഷിപ് സ്മാര്‍ട്‌ഫോണ്‍ സെന്‍ഫോണ്‍ 5സീ യുടെ പിന്‍ഗാമിയാണ് സെന്‍ഫോണ്‍ 6. മിഡ്‌നൈറ്റ് ബ്ലാക്ക്, ട്വിലൈറ്റ് സില്‍വര്‍ എന്നീ രണ്ട് നിറങ്ങളില്‍ ഫോണിന്റെ 6ഏആ + 64ഏആ , 6ഏആ + 128ഏആ, 8ഏആ + 256ഏആ പതിപ്പുകള്‍ ലഭ്യമാവും.
കോണിംഗ് ഗൊറില്ല ഗ്ലാസ് 6 സംരക്ഷണത്തോടു കൂടിയ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് സെന്‍ഫോണ്‍ 6ന്. 5000 എംഎഎച്ചിന്റെ ശക്തിയേറിയ ബാറ്ററിയില്‍ ക്യുക്ക് ചാര്‍ജ്4.0 സംവിധാനമുണ്ട്. രണ്ട് സ്പീക്കറുകളും ഡ്യുവല്‍ സ്മാര്‍ട് ആംപ്ലിഫെയറുകളും 3.5 എംഎം ഓഡിയോ ജാക്കും ഫോണിലുണ്ട്.
2ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ്് ഫോണില്‍ ഉപയോഗിക്കാം. ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയ സെന്‍ യുഐ6 ആണ് ഫോണില്‍. ആന്‍ഡ്രോയിഡിന്റെ ക്യൂ, ആര്‍ അപ്‌ഡേറ്റുകള്‍ ലഭിക്കുമെന്ന് കമ്പനി ഉറപ്പു നല്‍കുന്നുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 855 ഒക്ടാകോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ അഡ്രിനോ 640 ജിപിയു ആണുള്ളത്. 48 മെഗാപിക്‌സലിന്റെയും 13 മെഗാപിക്‌സലിന്റേയും സെന്‍സറുകളടങ്ങുന്ന ഡ്യുവല്‍ ക്യാമറയില്‍ എഫ്1.79 അപ്പേര്‍ച്ചറും ലേസര്‍ ഫോക്കസ്, ഡ്യുവല്‍ എല്‍ഇഡി ഫല്‍ഷുമുണ്ട്.
സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോള്‍ സെന്‍ഫോണ്‍ 6 ന്റെ ക്യാമറ മോഡ്യൂള്‍ മുകളിലേക്ക് ഉയര്‍ന്നുവരികയും സ്‌ക്രീനിന് മുകളിലായി ക്യാമറ നില്‍ക്കുകയും ചെയ്യുന്നു. ഇതിന്റെ മറ്റൊരു സവിശേഷത എന്തെന്നാല്‍, ക്യാമറ ഏത് വരെ തിരിക്കണം എന്ന് ഉപയോക്താവിന് തീരുമാനിക്കാം.
സെല്‍ഫി ക്യാമറ എടുക്കാന്‍ അല്ലാതെ വിവിധ കോണുകളില്‍ ക്യാമറ തിരിച്ചു വെച്ച് ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇതില്‍ സാധിക്കും. ഫോണ്‍ വീഴുമ്പോള്‍ ക്യാമറ മോഡ്യൂളിന് സംരക്ഷണം നല്‍കാനുള്ള ഫാള്‍ പ്രൊട്ടക്ഷന്‍ സംവിധാനവും അസൂസ് ഒരുക്കിയിട്ടുണ്ട്.

 

മണിരത്‌നം ചിത്രത്തില്‍ വീണ്ടും ഐശ്വര്യ

ഫിദ-
ഐശ്വര്യറായ് മണിരത്‌നം ചിത്രത്തില്‍ വീണ്ടും അഭിനയിക്കാന്‍ പോകുന്നു. മണിരത്‌നത്തിന്റെ പീരിയോഡിക് സിനിമയിലാണ് ആഷ് അഭിനയിക്കുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ടച്ചുള്ള വേഷമാണ് താരം കൈകാര്യം ചെയ്യുകയെന്നാണ് അറിയുന്നത്. പെരിയ പഴുവൈരയ്യറിന്റെ ഭാര്യ നന്ദിനിയുടെ വേഷത്തിലാണ് ആഷ് അഭിനയിക്കുക. മോഹന്‍ ബാബുവാണ് ആഷിന്റെ ഭര്‍ത്താവായി അഭിനയിക്കുന്നത്. ആഷിന്റെ പ്രിയപ്പെട്ട സംവിധായകനാണ് മണിരത്‌നം. 2019 അവസാനം ചിത്രം പ്രദര്‍ശനത്തിനെത്തും.

ഹൃദ്യം മെയ് 31ന് തീയറ്ററുകളിലെത്തും

അജയ് തുണ്ടത്തില്‍-
സമൂഹത്തിലെ കാതലായ വിഷയങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ചിത്രമാണ് ‘ഹൃദ്യം’. കേരളത്തിലും ഭാരതത്തിലും ലോകത്തിലും വലിയ ചോദ്യചിഹ്നമായും വെല്ലുവിളിയായും ഭീഷണിയായും നിലനില്‍ക്കുന്ന ‘ഭീകരത’ എന്ന വിഷയത്തെ സമാധാനത്തിന്റെ ഒരു കുടുംബാന്തരീക്ഷത്തിലുടെ പറയുകയാണ് ഹൃദ്യം.
ബാനര്‍, നിര്‍മ്മാണം-ജ്വാലാമുഖി ഫിലിംസ്, രചന, സംവിധാനം-കെ.സി.ബിനു, ഛായാഗ്രഹണം-ആനന്ദ് കൃഷ്ണ, ഗാനരചന-പൂവ്വച്ചല്‍ ഖാദര്‍, സംഗീതം-അജിത്ത്കുമാര്‍, പവിത്രന്‍, ആലാപനം-പാര്‍വ്വതി നായര്‍ എ.എസ്., എഫക്ട്‌സ്-രാജ്മാര്‍ത്താണ്ടം, പശ്ചാത്തല സംഗീതം-ശ്രീരാഗ് സുരേഷ്, സഹസംവിധാനം-ഷബീര്‍ഷാ, എഡിറ്റിംഗ്-വിഷ്ണു പുളിയറ, കല-രാജേഷ് ട്വിങ്കിള്‍, ചമയം-വൈശാഖ്, വസ്ത്രാലങ്കാരം-സച്ചിന്‍കൃഷ്ണ, സംവിധാന സഹായികള്‍-അനീഷ്.ബി.ജെ., അനീഷ്, അശ്വതി, സ്റ്റില്‍സ്-സന്തോഷ്, ഡിസൈന്‍സ്-സജീവ് വ്യാസ, പി.ആര്‍.ഓ, മീഡിയ പ്രൊമോഷന്‍സ്-അജയ് തുണ്ടത്തില്‍.

അജിത്ത്, ശോഭ, കൊച്ചുപ്രേമന്‍, കോട്ടയം നസീര്‍, പ്രൊഫ.എ.കൃഷ്ണകുമാര്‍, അജേഷ് ബാബു, ബീനാസുനില്‍, ഷബീര്‍ഷാ, ക്രിസ്റ്റിന, സന്തോഷ് അടൂര്‍, ജാബിര്‍, അജേഷ് ജയന്‍, ദിവേഷ്, വിഷ്ണു, രാജന്‍ ജഗതി, ശ്രീകുമാര്‍, സച്ചിന്‍, കെ.പി.സുരേഷ്‌കുമാര്‍ എന്നിവരഭിനയിക്കുന്നു.

 

എക്‌സിറ്റ് ഫലങ്ങള്‍; ഓഹരി വിപണി കുതിച്ചു

രാംനാഥ് ചാവ്‌ല-
മുംബൈ: എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്ന എക്‌സിറ്റ് ഫലങ്ങള്‍ പുറത്തുവന്നതിനെതുടര്‍ന്ന് ഓഹരി വിപണി കുതിച്ചു.
സെന്‍സെക്‌സ് 811 പോയന്റ് ഉയര്‍ന്ന് 38741ലും നിഫ്റ്റി 242 പോയന്റ് നേട്ടത്തില്‍ 11649ലുമെത്തി.
ബിഎസ്ഇയിലെ 952 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 100 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, വാഹനം, ഊര്‍ജം, ഇന്‍ഫ്ര, എഫ്എംസിജി ഓഹരികളാണ് നേട്ടത്തില്‍. ഐടി ഓഹരികള്‍ നഷ്ടത്തിലാണ്.
യെസ് ബാങ്ക്, എംആന്റ്എം, ഇന്‍ഡസിന്‍ഡ് ബാങ്ക്, എല്‍ആന്റ്ടി, ബജാജ് ഫിനാന്‍സ്, എച്ച്പിസിഎല്‍, ബിപിസിഎല്‍, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഡോ.റെഡ്ഡീസ് ലാബ്, സീ എന്റര്‍ടെയ്ന്‍മെന്റ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

 

ബ്രിട്ട്‌നി സ്പിയേഴ്‌സ് സംഗീത ജീവിതത്തോട് വിടപറയുന്നു

അളക ഖാനം-
അമേരിക്കന്‍ പോപ്പ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സ് സംഗീത ജീവിതത്തോട് വിടപറയുന്നു. കടുത്ത വിഷാദ രോഗം ബ്രിട്ട്‌നിയുടെ മനസിന്റെ താളം തെറ്റിച്ചുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ദീര്‍ഘകാലം ബ്രിട്ട്‌നിയുടെ മാനേജരായിരുന്ന ലാറി റുഡോള്‍ഫാണ് ബ്രിട്ട്‌നി സംഗീത പരിപാടികള്‍ അവസാനിപ്പിക്കയാണെന്ന് ലോകത്തെ അറിയിച്ചത്.
വിദഗ്ധ ചികിത്സക്കായി ബ്രിട്ട്‌നിയെ ലാസ് വെഗാസിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. വ്യക്തിപരമായ കാരണങ്ങളാലാണ് പൊതുപരിപാടികളില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നും സമാധാനവും സന്തോഷവുമാണ് അവര്‍ക്ക് ഇപ്പോള്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജീവിതമാണ് പ്രധാനം. കരിയര്‍ രണ്ടാമതാണ്.
മകളെപ്പോലെയാണ് ബ്രിട്ട്‌നിയെ താന്‍ കാണുന്നതെന്നും ഇത്തരമൊരു വാര്‍ത്ത പുറത്ത് വിടുന്നതില്‍ മാനസികമായി പ്രയാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തിലെ പ്രശ്‌നങ്ങളും അവരെ മാനസികമായി തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഹൃദയങ്ങള്‍ കീഴടക്കാന്‍ ബ്രിട്ട്‌നി തിരിച്ചെത്തുമെന്നാണ് അവരുടെ സുഹൃത്തുക്കളും ആരാധകരും ഒരുപോലെ പറയുന്നത്.
റെക്കോര്‍ഡിങ് ഇന്‍ഡസ്ട്രി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ കണക്കുകള്‍ പ്രകാരം ഇവരുടെ 3.2 കോടി ആല്‍ബങ്ങളാണ് ബ്രിട്ട്‌നിയുടെതായി വിറ്റഴിയപ്പെട്ടിട്ടുള്ളത്. ലോകവ്യാപകമായി സ്പിയേര്‍സിന്റെ ആല്‍ബങ്ങളുടെ വില്പന 8.5 കോടിയാണ്.
1999ല്‍ പുറത്തിറങ്ങിയ ‘ ബേബി വണ്‍ മോര്‍ ടൈം ‘ ലോകമെങ്ങും ബ്രിട്ട്‌നിക്ക് ആരാധകരെ സമ്മാനിച്ചു. പ്രണയത്തകര്‍ച്ചയുടെ ചുഴിയില്‍ നിന്ന് ആയിരക്കണക്കിന് യുവാക്കള്‍ ബ്രിട്ട്‌നിക്കൊപ്പം ആ പാട്ട് ചേര്‍ന്ന് പാടുകയായിരുന്നു. ‘ബേബി വണ്‍ മോര്‍ ടൈമു’മായി ബ്രിട്ട്‌നി സ്പിയേഴ്‌സ് ഇനി വേദികളില്‍ എത്തില്ലെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.