ഡിജിറ്റല്‍ ഇടപാട്; ബാങ്ക് ശാഖകളും എടിഎമ്മും കുറയും

ഡിജിറ്റല്‍ ഇടപാട്; ബാങ്ക് ശാഖകളും എടിഎമ്മും കുറയും

ഫിദ-
കൊച്ചി: ബാങ്ക് ശാഖകളുടെയും എടിഎമ്മുകളുടെയും എണ്ണം ഗണ്യമായി കുറയാന്‍ ഇടയാക്കുന്ന തരത്തിലായിരിക്കും ഡിജിറ്റല്‍ ഇടപാടുകളിലുണ്ടാകാന്‍പോകുന്ന വന്‍ മുന്നേറ്റമെന്ന് അനുമാനം. ‘പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ്’ സംവിധാനത്തിന്റെ 2019 2021 കാലയളവിലെ ലക്ഷ്യങ്ങള്‍ നിര്‍വചിച്ചുകൊണ്ടു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയാറാക്കിയിട്ടുള്ള ദര്‍ശന രേഖയാണ് ഈ അനുമാനത്തിന് അടിസ്ഥാനം.
സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണു ‘പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ്’ സംവിധാനം എന്നതിനാലാണ് ആസൂത്രിത വികസനത്തിന് ആര്‍ബിഐ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ ആരംഭിച്ചത്. ആദ്യ മാര്‍ഗരേഖ 2002ല്‍ പ്രസിദ്ധീകരിച്ചു. ഇപ്പോഴത്തെ മാര്‍ഗ രേഖ 2021 ഡിസംബര്‍ വരെയുള്ള വികസനമാണു ലക്ഷ്യമിടുന്നത്.
ചെക്ക് അധിഷ്ഠിത ഇടപാടുകളില്‍ വലിയ തോതിലുള്ള ഇടിവുണ്ടായിട്ടുണ്ട്. ഈ പ്രവണത കൂടുതല്‍ ശക്തമാകുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ. 2021 ആകുമ്പോഴേക്കു ചെക്ക് അധിഷ്ഠിത ഇടപാടുകള്‍ ‘റീട്ടെയ്ല്‍ ഇലക്‌ട്രോണിക്’ ഇടപാടുകളുടെ രണ്ടു ശതമാനത്തില്‍ താഴെയായിരിക്കണമെന്നതാണു ലക്ഷ്യം.
ഇപ്പോള്‍ വ്യാപകമായി പ്രചാരത്തിലുള്ള യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫെയ്‌സ് (യുപിഐ), ഐഎംപിഎസ് എന്നീ സംവിധാനങ്ങള്‍ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തില്‍ 2021 വരെയുള്ള ഓരോ വര്‍ഷവും ലക്ഷ്യമിടുന്നതു 100% വളര്‍ച്ചയാണ്. നെഫ്റ്റ് സംവിധാനത്തില്‍ 40% വാര്‍ഷിക വളര്‍ച്ച ലക്ഷ്യമിടുന്നു.
വ്യാപാരശാലകളിലെ പോയിന്റ് ഓഫ് സെയ്ല്‍ വഴിയുള്ള ഡെബിറ്റ് കാര്‍ഡ് ഇടപാടുകളില്‍ പ്രതീക്ഷിക്കുന്ന വര്‍ധന 35 ശതമാനമാണ്. എടിഎമ്മുകളിലൂടെയുള്ളവ ഉള്‍പ്പെടെ ഡെബിറ്റ് കാര്‍ഡുകളുടെ മൊത്തം ഉപയോഗത്തിന്റെ 44 ശതമാനമെങ്കിലും പിഒഎസ് ടെര്‍മിനലുകളിലൂടെയായിരിക്കണം. എണ്ണത്തില്‍ മാത്രമല്ല ഇടപാടുകളുടെ മൂല്യത്തിലും വന്‍ വര്‍ധനയാണു പ്രതീക്ഷിക്കുന്നത്. പിഒഎസ് ടെര്‍മിനലുകളുടെ എണ്ണം 2021 അവസാനിക്കുന്നതിനു മുമ്പ് 50 ലക്ഷത്തിലെത്തിയിരിക്കണം.
മൊബൈല്‍ ഫോണ്‍ അധിഷ്ഠിത പേയ്‌മെന്റ് ഇടപാടുകളില്‍ 50% വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 35 കോടി കവിഞ്ഞിരിക്കുന്നുവെന്നതു സാധ്യതകള്‍ സൂചിപ്പിക്കുന്നു.

 

 

Post Your Comments Here ( Click here for malayalam )
Press Esc to close