കമല്‍ ഹാസനെതിരെ ഭീഷണി; മന്ത്രിക്കെതിരെ കേസ്

കമല്‍ ഹാസനെതിരെ ഭീഷണി; മന്ത്രിക്കെതിരെ കേസ്

ഗായത്രി-
ചെന്നൈ: നാവരിയുമെന്ന് കമല്‍ ഹാസനെ ഭീഷണിപ്പെടുത്തിയ തമിഴ്‌നാട് മന്ത്രി രാജേന്ദ്ര ബാലാജിക്കെതിരെ നിയമ നടപടിക്കൊരുങ്ങി മക്കള്‍ നീതി മയ്യം. എം.എന്‍.എം വൈസ് പ്രസിഡന്റ് ആര്‍. മഹേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എ. അരുണാചലം എന്നിവരാണ് ഗ്രാമ വികസന മന്ത്രിക്കെതിരെ പോലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്.
ഗാന്ധി ഘാതകന്‍ നാഥുറാം ഗോദ്‌സെക്കെതിരായ കമല്‍ ഹാസന്റെ പരാമര്‍ശം വന്നതിനു പിറകെയായിരുന്നു മന്ത്രിയുടെ ഭീഷണി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണ്. അത് ഗോദ്‌സെയാണ് എന്നായിരുന്നു കമല്‍ ഹാസന്റെ പരാമര്‍ശം.
ഇതിനു മറുപടിയായി അറവകുറിച്ചി ലോക്‌സഭാ മണ്ഡലത്തില്‍ മെയ് 13ന് നടന്ന റാലിക്കിടെയാണ് കമല്‍ ഹാസനെതിരെ മന്ത്രി ഭീഷണി മുഴക്കിയത്. ഗോദ്‌സെയെ തീവ്രവാദിയെന്ന് വിളിച്ച കമല്‍ ഹാസന്റെ നാവ് അരിഞ്ഞെടുക്കണമെന്നായിരുന്നു മന്ത്രിയുടെ ആഹ്വാനം.
മെയ് 16ന് കുരൂര്‍ ജില്ലയില്‍ വച്ച് ചിലര്‍ മന്ത്രിയുടെ ആഹ്വാന പ്രകാരം കമല്‍ ഹാസനെ ആക്രമിച്ചുവെന്ന് പാര്‍ട്ടി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. മാനനഷ്ടത്തിനും സമാധാനം ലംഘിക്കുന്ന തരത്തില്‍ പ്രകോപനമുണ്ടാക്കിയതിനും ബാലാജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close