Month: May 2018

ഫോര്‍ഡ് ഇന്ത്യ ചെന്നൈയില്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് സെന്റര്‍ തുടങ്ങി

ഗായത്രി
ചെന്നൈ: മികച്ച ടെക്‌നീഷ്യന്മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഫോര്‍ഡ് ഇന്ത്യ ടെക്‌നിക്കല്‍ ട്രെയിനിംഗ് സെന്റര്‍ (ടിടിസി) തുടങ്ങി. ചെന്നൈയില്‍ ഉദ്ഘാടനം ചെയ്ത ടിടിസിയിലൂടെ ജീവനക്കാരെ മികച്ച രീതിയില്‍ വാര്‍ത്തെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഫോര്‍ഡിന്റെ നാലാമത് ട്രെയിനിംഗ് സെന്ററാണിത്. ചെന്നൈ ചെങ്കല്‍പ്പെട്ടിലുള്ള വെഹിക്കിള്‍ അസംബ്ലി ആന്റ് എന്‍ജിന്‍ പ്ലാന്റിലാണ് പരിശീലനകേന്ദ്രം.
വര്‍ഷം 2500 ടെക്‌നീഷ്യന്മാരെ വാര്‍ത്തെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പുതിയ കേന്ദ്രത്തില്‍ 1500 പേര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയും.

ജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു

അളക ഖാനം
ജിദ്ദ: ജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം പരീക്ഷണാടിസ്ഥാടനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. അല്‍ഖുറയ്യാത്തില്‍ നിന്നുള്ള വിമാനമാണ് ആദ്യമായി ഇറങ്ങിയത്. ഈ വിമാനം പിന്നീട് അല്‍ ഖുറയ്യാത്തിലേക്ക് തന്നെ യാത്രക്കാരുമായി മടങ്ങി. ആദ്യ വിമാനത്തിലെത്തിയവരെ സ്വീകരിക്കാനും യാത്ര അയക്കാനും സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് കീഴിലെ ഉദ്യോഗസ്ഥരും വിമാനത്താവള ജോലിക്കാരുമുണ്ടായിരുന്നു.
ഉപഹാരങ്ങള്‍ നല്‍കിയാണ് യാത്രക്കാരെ സ്വീകരിച്ചതും യാത്ര അയച്ചതും. യാത്രക്കാര്‍ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കീഴില്‍ പൂര്‍ത്തിയാക്കിയിരുന്നു. സൗദി എയര്‍ലൈന്‍സിന് കീഴില്‍ ഏകദേശം 200 ഉദ്യോഗസ്ഥരെ ഒരുക്കിയിരുന്നു. ഗ്രൗണ്ട് സര്‍വീസിന് കീഴിലെ കമ്പനികളും ആവശ്യമായ ആളുകളെ ഒരുക്കിയിരുന്നു. ആറ് ഗേറ്റുകളാണ് തുടക്കത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
വിഷന്‍ 2030 ലക്ഷ്യമിട്ടാണ് പുതിയ ജിദ്ദ വിമാനത്താവള പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി അബ്ദുല്‍ ഹഖീം മുഹമ്മദ് തമീം പറഞ്ഞു. വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് എല്ലാ സംവിധാനങ്ങളും കുറ്റമറ്റതാണെന്ന് പരീക്ഷണത്തിനിടെ ഉറപ്പുവരുത്തും. ആദ്യ പരീക്ഷണഘട്ടമാണിപ്പോള്‍. രണ്ടാംഘട്ടം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ്.

ഉപരോധം നല്‍കിയ കരുത്തുമായി ഖത്തര്‍

അളക ഖാനം
ദോഹ: ജൂണ്‍ അഞ്ചിന് അയല്‍രാജ്യങ്ങളേര്‍പ്പെടുത്തിയ ഉപരോധത്തിന്റെ രണ്ടാം വര്‍ഷത്തിലേക്ക് കടക്കവേ, ഖത്തര്‍ കൂടുതല്‍ കരുത്താര്‍ജിച്ചെന്ന് ഗവണ്‍മെന്റെ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് (ജി സി ഒ) വ്യക്തമാക്കി. ഖത്തറിനെതിരായ ഉപരോധം ഇതിനകം പരാജയപ്പെട്ടുവെന്നും ഇതിനെയെല്ലാം മറികടന്ന് വിവിധ മേഖലകളില്‍ ഖത്തര്‍ കൂടുതല്‍ കരുത്ത് തെളിയിച്ചുവെന്നും ജി സി ഒ വ്യക്തമാക്കി.
ഖത്തറിലെ അല്‍ ഉദൈദ് സൈനികത്താവളം ദോഹയില്‍ നിന്നും നീക്കം ചെയ്യണമെന്നതായിരുന്നു ഉപരോധരാജ്യങ്ങള്‍ മുന്നോട്ട് വെച്ചതെങ്കിലും ഖത്തറും അമേരിക്കയും ഈ വര്‍ഷം ആദ്യത്തില്‍ തന്നെ സൈനികത്താവളം ഖത്തറില്‍ തന്നെ നിലനില്‍ക്കുമെന്നും ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും വ്യക്തമാക്കിയിരുന്നുവെന്ന് ജി സി ഒ ഓര്‍മ്മിപ്പിച്ചു.
സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന 11000ത്തോളം സൈനികരെ ഉള്‍ക്കൊള്ളാന്‍ വിധത്തിലുള്ള ഉല്‍ ഉദൈദ് സൈനികത്താവളം ഐഎസിനെതിരായ അന്താരാഷ്ട്ര ആക്രമണത്തില്‍ മുഖ്യ പങ്ക് വഹിച്ചുവെന്നും വരും വര്‍ഷത്തിനുള്ളില്‍ സൈനികത്താവളത്തിന്റെ ക്ഷമത വര്‍ധിപ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഉപരോധത്തിനിടയിലും സുരക്ഷാ മേഖലയില്‍ അന്താരാഷ്ട്ര സഖ്യങ്ങളുമായുള്ള സഹകരണം ഖത്തര്‍ ശക്തിപ്പെടുത്തിയെന്ന് ജി സി ഒയുടെ ട്വീറ്റ് ചെയ്തിരുന്നു. 2017 ജൂലൈയില്‍ ഭീകരവാദത്തിനായുള്ള സാമ്പത്തിക സഹായത്തിനെതിരായി ഖത്തറും അമേരിക്കയും കരാറിലെത്തിയിരുന്നു. ഇതേ മേഖലയില്‍ 2017 ഡിസംബറില്‍ ഫ്രാന്‍സുമായും ഖത്തര്‍ കരാറിലെത്തിയെന്നും ജി സി ഒ വ്യക്തമാക്കി. ഈ വര്‍ഷം ജനുവരിയില്‍ ആഗോള സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാറ്റോയുമായും ഖത്തര്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

നീരാളിയുടെ റിലീസിംഗ് മാറ്റി

ഫിദ
മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസിംഗ് തീയതി മാറ്റി. നേരത്തെ അറിയിച്ചിരുന്ന പ്രകാരം ജൂണ്‍ 14ന് തിയേറ്ററുകളിലെത്തേണ്ട സിനിമ ജൂണ്‍ 15ലേക്കാണ് മാറ്റി വച്ചിരിക്കുന്നത്.
അജോയ് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന നീരാളി ത്രില്ലര്‍ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രമാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സണ്ണി ജോര്‍ജ്ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
നാദിയ മൊയ്തുവാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

തുടര്‍ച്ചയായ ഇടിവിന് ശേഷം രൂപക്ക് നേട്ടം

ഗായത്രി
കൊച്ചി: തുടര്‍ച്ചയായുള്ള രൂപയുടെ ഇടിവിന് ശേഷം നേരിയ നേട്ടം കാഴ്ചവെച്ചു. ഡോളറിനെതിരെ 56 പൈസയുടെ മുന്നേറ്റത്തില്‍ ഇന്നലെ 67.78 എന്ന നിലയിലെത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഇത് 68.34 രൂപയിലായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെയുണ്ടായ വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 67.70 വരെയെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 14ന് ശേഷം ഇതാദ്യമായാണ് ഇത്രയധികം മികച്ച മുന്നേറ്റമുണ്ടാകുന്നത്. ഓഹരി വിപണിയിലെ മുന്നേറ്റത്തിന് പുറമെ ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില പെട്ടന്ന് രണ്ട് ശതമാനം താഴ്ന്നതും രൂപയ്ക്ക് കരുത്തായി മാറിയിരിക്കുന്നത്. ഏഷ്യന്‍ വിപണിയില്‍ മൊത്തമായും ഗുണം ചെയ്തിട്ടുണ്ട്.

ഇന്ധന വിലക്ക് നിയന്ത്രണമില്ല; ഇന്നും വില കൂടി

ഗായത്രി
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ 13ാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് ലിറ്ററിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 82.14 രൂപയും ഡീസലിന് ലിറ്ററിന് 74.76 രൂപയുമാണ് വില.
കൊച്ചിയില്‍ പെട്രോള്‍ 80.71 രൂപയും ഡീസല്‍ 73.35 രൂപയും കോഴിക്കോട് പെട്രോള്‍ 81.07 രൂപയും ഡീസല്‍ 73.70 രൂപയും ആണ് വില. ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 77.97, 68.90 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 19 ദിവസം നിര്‍ത്തിവെച്ചിരുന്ന പ്രതിദിന വില നിര്‍ണയം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുനരാരംഭിക്കുകയായിരുന്നു. പെട്രോളിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ ആറാം സ്ഥാനത്താണ് കേരളം.

വില്ലനായി സുഡാനി വീണ്ടും വരുന്നു

ഫിദ
സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച പ്രിയതാരമാണ് സാമുവല്‍ റോബിന്‍സന്‍. ചിത്രം പുറത്തിറങ്ങിയ ശേഷമുള്ള വംശീയ വിദ്വേഷമടക്കമുള്ള ആരോപണങ്ങള്‍ക്ക് ശേഷം വീണ്ടും നൈജീരിയന്‍ താരം ഇന്ത്യന്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
എന്നാല്‍ ഇത്തവണ നായകനായല്ല മറിച്ച് പ്രതിനായകനാണ് സുഡാനി എത്തുന്നത്. പര്‍പ്പിള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് പ്രധാനവില്ലന്‍ വേഷത്തില്‍ 19 കാരന്‍ എത്തുന്നത്.
ക്യാമ്പസ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രം ഒരുക്കുന്നത് തെലുങ്ക് സംവിധായകന്‍ പാര്‍ത്ഥസാരധിയാണ്. സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയന്‍, വിഷ്ണു ഗോവിന്ദ്, മരീന മൈക്കിള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ധനലക്ഷ്മി ബാങ്ക് 17 കോടി രൂപ നഷ്ടത്തില്‍

ഗായത്രി
കൊച്ചി: തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്ക് 201718ലെ ജനുവരി മാര്‍ച്ച് പാദത്തില്‍ 17 കോടി രൂപ നഷ്ടം നേരിട്ടു. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ ബാങ്ക് 8.81 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയിരുന്നത്. ഡിസംബര്‍ പാദത്തില്‍ നഷ്ടം 21.74 കോടി രൂപയായിരുന്നു. മൊത്തം നിഷ്‌ക്രിയ ആസ്തി 4.78 ശതമാനത്തില്‍ നിന്ന് 7.35 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 2.58 ശതമാനത്തില്‍ നിന്ന് 3.19 ശതമാനത്തിലേക്കും ഉയര്‍ന്നത് കഴിഞ്ഞ പാദത്തില്‍ തിരിച്ചടിയായി. സാമ്പത്തിക വര്‍ഷത്തെ മൊത്തം നഷ്ടം 24.87 കോടി രൂപയാണ്. 201617ല്‍ ബാങ്ക് 12.38 കോടി രൂപയുടെ ലാഭം നേടിയിരുന്നു.

നീരാളിയില്‍ സുരാജ് വെഞ്ഞാറമൂടും മോഹന്‍ലാലും പ്രധാന വേഷങ്ങളില്‍

ഫിദ
അജോയ് വര്‍മയുടെ പുതിയ ചിത്രമായ നീരാളി എന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂട് പ്രധാന റോളില്‍. നായകനായ
മോഹന്‍ലാലിന്റെ സുഹൃത്തായ വീരപ്പയുടെ വേഷത്തിലാണ് സുരാജ് എത്തുന്നത്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട് വരെയുള്ള ഒരു യാത്രയാണ് സിനിമയുടെ ഇതിവൃത്തം. യാത്രക്കിടെ ഒരു അപകടം സംഭവിക്കുന്നു. അത് എങ്ങനെ സംഭവിച്ചു. അതിന് ശേഷം എന്ത് സംഭവിച്ചു എന്നതൊക്കെയാണ് സിനിമ അനാവരണം ചെയ്യുന്നത്. സാജു തോമസാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. പൂര്‍ണമായും ഒരു ത്രില്ലര്‍ സിനിമയാണിത്.
മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷത്തില്‍ പഴയകാല നടി നാദിയ മൊയ്തു എത്തും. സായികുമാര്‍, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വതി നായര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി.കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

പ്രവാസി പണം വരവില്‍ ഇന്ത്യ മുന്നില്‍

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: രാജ്യത്തിന് പുറത്തുള്ളവര്‍ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണത്തിന്റെ മൂല്യത്തില്‍ ഇന്ത്യ ഒന്നാമത്. 2017ല്‍ നാലര ലക്ഷം കോടിയിലേറെ രൂപയാണ് (69 ബില്യണ്‍ ഡോളര്‍) വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്ക് അയച്ചതെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊട്ടുമുമ്പത്തെ വര്‍ഷത്തെക്കാള്‍ 9.9 ശതമാനം കൂടിയ തുകയാണിത്. എന്നാല്‍, 2014ലാണ് രാജ്യത്തിന് പുറത്തുള്ളവര്‍ ഏറ്റവും കൂടുതല്‍ തുക അയച്ചത്. 70.4 ബില്യണ്‍ ഡോളര്‍. (4.67 ലക്ഷം കോടി രൂപ). പണമയക്കല്‍ കൂടിയതിനൊപ്പം പണം അയക്കാനുള്ള ചെലവും കൂടിയതായി ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യക്കു പിന്നില്‍ ചൈനയാണ് ഏറ്റവും കൂടുതല്‍ പ്രവാസി പണം ലഭിച്ച രാജ്യം. 4.25 ലക്ഷം കോടി രൂപ. വിദേശത്തുനിന്ന് സ്വന്തം നാട്ടിലേക്ക് അയക്കുന്ന പണമാണ് മിക്ക ദരിദ്ര രാജ്യങ്ങളുടെയും സാമ്പത്തിക നിലനില്‍പിന്റെ അടിത്തറയെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. യൂറോപ്, റഷ്യ, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെ സാമ്പത്തിക വളര്‍ച്ചയാണ് പണമയക്കല്‍ തോത് കൂടാനുള്ള കാരണം.
ഉയര്‍ന്ന എണ്ണ വിലമൂലം ഡോളര്‍ ശക്തിപ്പെട്ടു നില്‍ക്കുന്നതിനാല്‍ തിരിച്ചയക്കുന്ന പണത്തിന്റെ മൂല്യം ഡോളറില്‍ കണക്കാക്കുമ്പോഴും കൂടിയ തുകയാണ് രേഖപ്പെടുത്തുക. ലോകത്തിന്റെ എല്ലാ മേഖലകളിലും പ്രവാസി പണത്തിന്റെ വരവ് കൂടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നടപ്പു വര്‍ഷം പണമയക്കലില്‍ 4.1 ശതമാനം വര്‍ധനയുണ്ടാകുമെന്നും കണക്കാക്കിയിട്ടുണ്ട്.