ഉപരോധം നല്‍കിയ കരുത്തുമായി ഖത്തര്‍

ഉപരോധം നല്‍കിയ കരുത്തുമായി ഖത്തര്‍

അളക ഖാനം
ദോഹ: ജൂണ്‍ അഞ്ചിന് അയല്‍രാജ്യങ്ങളേര്‍പ്പെടുത്തിയ ഉപരോധത്തിന്റെ രണ്ടാം വര്‍ഷത്തിലേക്ക് കടക്കവേ, ഖത്തര്‍ കൂടുതല്‍ കരുത്താര്‍ജിച്ചെന്ന് ഗവണ്‍മെന്റെ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് (ജി സി ഒ) വ്യക്തമാക്കി. ഖത്തറിനെതിരായ ഉപരോധം ഇതിനകം പരാജയപ്പെട്ടുവെന്നും ഇതിനെയെല്ലാം മറികടന്ന് വിവിധ മേഖലകളില്‍ ഖത്തര്‍ കൂടുതല്‍ കരുത്ത് തെളിയിച്ചുവെന്നും ജി സി ഒ വ്യക്തമാക്കി.
ഖത്തറിലെ അല്‍ ഉദൈദ് സൈനികത്താവളം ദോഹയില്‍ നിന്നും നീക്കം ചെയ്യണമെന്നതായിരുന്നു ഉപരോധരാജ്യങ്ങള്‍ മുന്നോട്ട് വെച്ചതെങ്കിലും ഖത്തറും അമേരിക്കയും ഈ വര്‍ഷം ആദ്യത്തില്‍ തന്നെ സൈനികത്താവളം ഖത്തറില്‍ തന്നെ നിലനില്‍ക്കുമെന്നും ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും വ്യക്തമാക്കിയിരുന്നുവെന്ന് ജി സി ഒ ഓര്‍മ്മിപ്പിച്ചു.
സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന 11000ത്തോളം സൈനികരെ ഉള്‍ക്കൊള്ളാന്‍ വിധത്തിലുള്ള ഉല്‍ ഉദൈദ് സൈനികത്താവളം ഐഎസിനെതിരായ അന്താരാഷ്ട്ര ആക്രമണത്തില്‍ മുഖ്യ പങ്ക് വഹിച്ചുവെന്നും വരും വര്‍ഷത്തിനുള്ളില്‍ സൈനികത്താവളത്തിന്റെ ക്ഷമത വര്‍ധിപ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഉപരോധത്തിനിടയിലും സുരക്ഷാ മേഖലയില്‍ അന്താരാഷ്ട്ര സഖ്യങ്ങളുമായുള്ള സഹകരണം ഖത്തര്‍ ശക്തിപ്പെടുത്തിയെന്ന് ജി സി ഒയുടെ ട്വീറ്റ് ചെയ്തിരുന്നു. 2017 ജൂലൈയില്‍ ഭീകരവാദത്തിനായുള്ള സാമ്പത്തിക സഹായത്തിനെതിരായി ഖത്തറും അമേരിക്കയും കരാറിലെത്തിയിരുന്നു. ഇതേ മേഖലയില്‍ 2017 ഡിസംബറില്‍ ഫ്രാന്‍സുമായും ഖത്തര്‍ കരാറിലെത്തിയെന്നും ജി സി ഒ വ്യക്തമാക്കി. ഈ വര്‍ഷം ജനുവരിയില്‍ ആഗോള സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാറ്റോയുമായും ഖത്തര്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close