പ്രവാസി പണം വരവില്‍ ഇന്ത്യ മുന്നില്‍

പ്രവാസി പണം വരവില്‍ ഇന്ത്യ മുന്നില്‍

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: രാജ്യത്തിന് പുറത്തുള്ളവര്‍ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണത്തിന്റെ മൂല്യത്തില്‍ ഇന്ത്യ ഒന്നാമത്. 2017ല്‍ നാലര ലക്ഷം കോടിയിലേറെ രൂപയാണ് (69 ബില്യണ്‍ ഡോളര്‍) വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്ക് അയച്ചതെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊട്ടുമുമ്പത്തെ വര്‍ഷത്തെക്കാള്‍ 9.9 ശതമാനം കൂടിയ തുകയാണിത്. എന്നാല്‍, 2014ലാണ് രാജ്യത്തിന് പുറത്തുള്ളവര്‍ ഏറ്റവും കൂടുതല്‍ തുക അയച്ചത്. 70.4 ബില്യണ്‍ ഡോളര്‍. (4.67 ലക്ഷം കോടി രൂപ). പണമയക്കല്‍ കൂടിയതിനൊപ്പം പണം അയക്കാനുള്ള ചെലവും കൂടിയതായി ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യക്കു പിന്നില്‍ ചൈനയാണ് ഏറ്റവും കൂടുതല്‍ പ്രവാസി പണം ലഭിച്ച രാജ്യം. 4.25 ലക്ഷം കോടി രൂപ. വിദേശത്തുനിന്ന് സ്വന്തം നാട്ടിലേക്ക് അയക്കുന്ന പണമാണ് മിക്ക ദരിദ്ര രാജ്യങ്ങളുടെയും സാമ്പത്തിക നിലനില്‍പിന്റെ അടിത്തറയെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. യൂറോപ്, റഷ്യ, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെ സാമ്പത്തിക വളര്‍ച്ചയാണ് പണമയക്കല്‍ തോത് കൂടാനുള്ള കാരണം.
ഉയര്‍ന്ന എണ്ണ വിലമൂലം ഡോളര്‍ ശക്തിപ്പെട്ടു നില്‍ക്കുന്നതിനാല്‍ തിരിച്ചയക്കുന്ന പണത്തിന്റെ മൂല്യം ഡോളറില്‍ കണക്കാക്കുമ്പോഴും കൂടിയ തുകയാണ് രേഖപ്പെടുത്തുക. ലോകത്തിന്റെ എല്ലാ മേഖലകളിലും പ്രവാസി പണത്തിന്റെ വരവ് കൂടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നടപ്പു വര്‍ഷം പണമയക്കലില്‍ 4.1 ശതമാനം വര്‍ധനയുണ്ടാകുമെന്നും കണക്കാക്കിയിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close