Month: October 2018

സാലറി ചലഞ്ചില്‍ വിഷമിച്ച് സര്‍ക്കാര്‍

ഫിദ-
തിരു: സാലറി ചലഞ്ച് വിഷയത്തില്‍ ഹൈക്കോടതി ഉത്തരവിനെ മറികടക്കാന്‍ സുപ്രീംകോടതിയില്‍ പോയിട്ടും ഫലമുണ്ടാവാതെ പോയത് സര്‍ക്കാരിന് ക്ഷീണമായി.
ഇപ്പോള്‍ വിസമ്മതപത്രം അറിയിക്കാതെ നില്‍ക്കുന്ന ചിലര്‍ പിന്മാറാനും ഇത് കാരണമാകും. അതിനാല്‍ ഇതുവരെ വിസമ്മതപത്രം നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ജീവനക്കാര്‍ക്ക് മേല്‍ ഭീഷണിയുണ്ടായതെങ്കില്‍ ഇനി സമ്മതപത്രം വാങ്ങാനാകും സമ്മര്‍ദ്ദമുണ്ടാവുക. ഭരണപക്ഷ സര്‍വീസ് സംഘടനകള്‍ ഇന്നു തന്നെ ഇതിനുള്ള പ്രചാരണം തുടങ്ങിയേക്കും. സാലറി ചലഞ്ചിനോട് വിമുഖത കാട്ടി നില്‍ക്കുന്ന എയ്ഡഡ് കോളേജുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെയും അധ്യാപകര്‍ക്ക് മേല്‍ ഇപ്പോള്‍തന്നെ കടുത്ത സമ്മര്‍ദ്ദമുണ്ട്.
ശമ്പളം വൈകുമോ സുപ്രീംകോടതി ഉത്തരവ് വന്നതോടെ ഈ മാസത്തെ ശമ്പള വിതരണം കൂടുതല്‍ സങ്കീര്‍ണമായി. നവംബര്‍ ഒന്നിന് വിതരണം ചെയ്യേണ്ട ശമ്പളത്തില്‍ നിന്ന് സാലറി ചലഞ്ചിന്റെ രണ്ടാമത്തെ ഗഡു കുറവ് ചെയ്യേണ്ടതുണ്ട്. മുപ്പതിനായിരം വരുന്ന ഡി.ഡി.ഒമാരില്‍ പകുതിയിലേറെ പേര്‍ ശമ്പളത്തില്‍ നിന്ന് സംഭാവന കുറവ് ചെയ്ത് ബില്‍ തയ്യാറാക്കിക്കഴിഞ്ഞു. ഇന്ന് ഇറക്കാനിരിക്കുന്ന ഉത്തരവനുസരിച്ച് ബില്ലില്‍ ഇനി മാറ്റം വേണ്ടിവരാം. സംഭാവനത്തുകയില്‍ മാറ്റം വരുത്തണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടാല്‍ ബില്‍ റദ്ദാക്കി പുതിയത് തയ്യാറാക്കണം. അവസാന നിമിഷത്തെ ഈ പരിഷ്‌കാരം കാരണം ശമ്പളവിതരണം വൈകാനുമിടയുണ്ട്.

യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടിയേക്കും

അളക ഖാനം-
ദുബായ്: യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യമാവശ്യപ്പെട്ട് വിവിധ നയതന്ത്ര വിഭാഗങ്ങള്‍ യുഎഇ ഭരണകൂടത്തെ സമീപിച്ചതായാണ് വിവരം. അതേസമയം, കാലാവധി നീട്ടുന്നത് സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടായേക്കും. ഓഗസ്റ്റ് ഒന്നുമുതല്‍ മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ബുധനാഴ്ചയാണ് അവസാനിക്കുന്നത്.
അനധികൃതമായി രാജ്യത്തു തങ്ങുന്ന വിദേശികളായ തൊഴിലാളികള്‍ക്ക് നാമമാത്ര ഫീസു നല്‍കി രേഖകള്‍ ശരിയാക്കി താമസം തുടരാന്‍ പൊതുമാപ്പ് വഴി അവസരം ലഭിച്ചിരുന്നു. രാജ്യത്തു തുടരാന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനും ഇതിലൂടെ സാധിക്കും. ഇതിനുമുമ്പ് 2013ലാണ് യുഎഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്.

 

ഇന്ധന വിലയില്‍ 20 പൈസയുടെ കുറവ്

ഗായത്രി-
ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ 20 പൈസയുടെ കുറവ്. പെട്രോളിന് ലിറ്ററിന് 79.55 രൂപയും ഡീസലിന് 73.78 രൂപയുമാണ് ഡല്‍ഹിയിലെ ഇന്നത്തെ ചില്ലറ വില്‍പ്പന വില.
മുംബൈ നഗരത്തില്‍ പെട്രോളിന് 85.04 രൂപയിലും ഡീസലിന് 77.32 രൂപയിലുമാണ് വ്യാപാരം. നികുതി ഘടനയുടെ വ്യത്യാസം അനുസരിച്ച് സംസ്ഥാനങ്ങളുടെ വിലയില്‍ മാറ്റം ഉണ്ടാകും. രാജ്യന്തര എണ്ണ വിപണിയില്‍ ഉണ്ടായ മാറ്റമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്.

ജാക്ക് ആന്റ് ജില്ലിന്റെ ഷൂട്ടിംഗ് തുടങ്ങി

ഗായത്രി-
സന്തോഷ് ശിവന്റെ പുതിയ ചിത്രം ജാക്ക് ആന്റ്് ജില്ലിന്റെ ഷൂട്ടിംഗ് ആലപ്പുഴയില്‍ തുടങ്ങി. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ഇതില്‍ അണിനിരക്കുന്നുണ്ട്. ദുബായിലുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് ചിത്രം ഒരുക്കുന്നത്. സുരേഷ് കുമാര്‍ രവീന്ദ്രന്‍, വിജേഷ് തോട്ടിങ്ങല്‍ എന്നിവര്‍ ചേര്‍ന്ന് സംഭാഷണം രചിക്കുന്നു. ഗോപിസുന്ദറാണ് സംഗീതസംവിധായകന്‍.
ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ഒരു മുഴുനീള എന്റര്‍ടെയിനറായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്ദ്ധര്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍.
മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കുഞ്ഞാലിമരയ്ക്കാറാണ് സന്തോഷ് ശിവന്‍ മലയാളത്തില്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന മറ്റൊരു ചിത്രം.

ആധാറില്ലാതെ സിം രജിസ്‌ട്രേഷന്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി:
പുതിയ മൊബൈല്‍ സിം അനുവദിക്കുന്നതിനും പഴയതു പുതുക്കുന്നതിനും ആധാര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ടെലിക്കോം കമ്പനികളോടു നിര്‍ദേശിച്ചു. ആധാര്‍ മൊബൈല്‍ വെരിഫിക്കേഷന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ സെപ്റ്റംബറിലെ വിധിയുടെ അടിസ്ഥാനത്തിലാണു നടപടി. സ്വകാര്യ കമ്പനികള്‍ ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നതിനാണ് സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തിയത്.
ആധാറിനെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് നോ യുവര്‍ കസ്റ്റമര്‍ (ഇകെവൈസി) ഉപയോഗിക്കുന്നതു വിലക്കുന്നത് ഉള്‍പ്പെടെയുള്ള ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ പുതിയ നിര്‍ദേശങ്ങള്‍ നവംബര്‍ അഞ്ചുമുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് തങ്ങളുടെ ഡിജിറ്റല്‍ നടപടിക്രമങ്ങളില്‍ മാറ്റംവരുത്തണമെന്ന് കേന്ദ്രം കമ്പനികളോടു നിര്‍ദേശിച്ചു.
പുതിയ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ ഉപഭോക്താവിന്റെ ആ സമയത്തെ ചിത്രവും മറ്റു ഡിജിറ്റല്‍ രേഖകളും ടെലിക്കോം മന്ത്രാലയം ഏര്‍പ്പെടുത്തുന്ന ആപ്പില്‍ ചേര്‍ക്കാനാണു നിര്‍ദേശം. ഈ നടപടിയോടെ മുഴുവന്‍ നടപടിക്രമങ്ങളും പേപ്പര്‍ രഹിതമാകും. ഇതോടൊപ്പം സിം കാര്‍ഡ് നല്‍കുന്ന ഏജന്റ് വഴി ഒടിപി സംവിധാനവും സിം രജിസ്റ്റര്‍ ചെയ്യുന്ന സ്ഥലത്തിന്റെ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സംവിധാനവും ഏര്‍പ്പെടുത്തുമെന്നാണ് കമ്പനികള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളില്‍ പറയുന്നത്.

താന്‍ ലെസ്ബിയനല്ല

രാംനാഥ് ചാവ്‌ല-
തനുശ്രീ ദത്ത ലെസ്ബിയനാണെന്നും നിരവധി തവണ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നുമുള്ള രാഖി സാവന്തിന്റെ ആരോപണത്തിന് മറുപടിയുമായി തനുശ്രീ രംഗത്തെത്തി. ”ഞാന്‍ ലഹരിമരുന്നിന് അടിമയല്ല, ഞാന്‍ പുകവലിക്കുകയോ മദ്യം ഉപയോഗിക്കുകയോ ചെയ്യാറില്ല. ലെസ്ബിയനുമല്ല. ഞാനൊരു പൂര്‍ണസ്ത്രീയാണ്”, തനുശ്രീ വ്യക്തമാക്കി.
ഇത്തരം ആരോപണത്തിലൂടെ വ്യക്തിഹത്യ ചെയ്യാനുള്ള വക്രബുദ്ധിയാണ് രാഖി കാണിച്ചതെന്നും ഇത്തരം ഗറില്ലാ യുദ്ധങ്ങള്‍ ശരിയല്ലെന്നും തനുശ്രീ പറഞ്ഞു.

ഇന്ധനവില വീണ്ടും കുറഞ്ഞു

ഗായത്രി-
കൊച്ചി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിനു 31 പൈസയുടെയും ഡീസലിനു 21 പൈസയുടെയും കുറവുണ്ടായി. ഇതോടെ കഴിഞ്ഞ 12 ദിവസത്തിനിടെ പെട്രോളിനു 3.15 രൂപയും ഡീസലിന് 1.94 രൂപയും കുറഞ്ഞു.
കൊച്ചിയില്‍ 81.60 രൂപയാണു പെട്രോള്‍ വില. ഡീസല്‍ വിലയാകട്ടെ 77.55 രൂപയുമായി. തിരുവനന്തപുരത്തു പെട്രോള്‍ വില 83.04 രൂപയായും ഡീസല്‍വില 79.05 രൂപയുമായപ്പോള്‍ കോഴിക്കോട് പെട്രോള്‍ വില 81.95 രൂപയും ഡീസല്‍ വില 77.91 രൂപയുമാണ്.

യുഎഇയില്‍ 100 ദിര്‍ഹത്തിന്റെ പുതിയ നോട്ട് നാളെ മുതല്‍

അളക ഖാനം-
അബുദാബി: യുഎഇയില്‍ 100 ദിര്‍ഹത്തിന്റെ പുതിയ നോട്ട് നാളെ മുതല്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങും. സുരക്ഷയെ മുന്‍ നിര്‍ത്തിയുള്ള മാറ്റങ്ങളോടെയാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് ഈ നോട്ട് പുറത്തിറക്കുന്നത്. പഴയനോട്ട് വിപണിയിലിരിക്കെ തന്നെയാണ് പുതിയ നോട്ടും പ്രാബല്യത്തില്‍ വരുന്നത്. ഇരു നോട്ടുകളും ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിട്ടുണ്ട്.
പുതിയ നോട്ടിന്റെ മുന്‍വശത്താണ് പ്രധാന മാറ്റം വരുത്തിയിട്ടുള്ളത്. ഇടതു ഭാഗത്ത് താഴെയായാണ് ഈ മാറ്റം ദൃശ്യമാവുക. ഇതിന്‍ പ്രകാരം നോട്ട് മുകളില്‍ നിന്ന് താഴേക്കോ താഴെ നിന്ന് മുകളിലേക്കോ ചലിപ്പിക്കുമ്പോള്‍ (ടില്‍റ്റ്) ഈ ഭാഗത്ത് നോട്ടിന്റെ നിറം പച്ചയില്‍ നിന്ന് നീലയാവുകയും ഇവിടെ ഒരു നീല വര പ്രത്യക്ഷപ്പെടുകയും ചെയ്യും.
ഇതിനു പുറമേ നോട്ടില്‍ നിന്ന് കനംകുറഞ്ഞ വെള്ളി പാളിയും വലതു ഭാഗത്ത് താഴെയായി 100 എന്ന് മൂല്യം രേഖപ്പെടുത്തിയിരുന്നതും, പുതിയ നോട്ടില്‍ ഒഴിവാക്കിയിട്ടുണ്ട്. കള്ളനോട്ടുകള്‍ തടയുന്നതിനാണ് പുതിയ മാറ്റങ്ങളെന്നാണ് വിശദീകരണം. 2017ല്‍ മെയ് മാസത്തില്‍ അജ്മാനില്‍ മാത്രം 20 മില്യണ്‍ ഡോളര്‍ കള്ളനോട്ട് പിടിച്ചെടുത്തിരുന്നു. ഇത്തരം സംഭവങ്ങള്‍ക്കൂടി മുന്‍നിര്‍ത്തിയാണ് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നീക്കം.

ദീപാവലി; സ്വര്‍ണ വില കുതിച്ചേക്കും

ഗായത്രി-
കൊച്ചി: ആഭരണ പ്രേമികളെ ആശങ്കയിലാഴ്ത്തി രാജ്യത്ത് സ്വര്‍ണവില പുതിയ ഉയരത്തിലേക്ക്. വിവാഹ ഉത്‌സവകാല ഡിമാന്റിന്റെ പിന്‍ബലത്തില്‍ ഇന്നലെ ദേശീയ കേരള വിപണികളില്‍ വില ആറു വര്‍ഷത്തെ ഉയരത്തിലെത്തി. സംസ്ഥാനത്ത് പവന് 80 രൂപ വര്‍ധിച്ച് വില 23,760 രൂപയായി. പത്തു രൂപ വര്‍ദ്ധിച്ച് 2,970 രൂപയാണ് ഗ്രാമിന് വില.
ന്യൂഡല്‍ഹി ബുള്ള്യന്‍ വിപണിയില്‍ പത്തു ഗ്രാമിന് 125 രൂപ വര്‍ധിച്ച് വില 32,625 രൂപയിലെത്തി. ഉത്സവകാലത്തിന് മുന്നോടിയായി റീട്ടെയില്‍ കച്ചവടക്കാര്‍ സ്വര്‍ണം വാങ്ങല്‍ കൂട്ടിയതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച മൂലം ഇറക്കുമതി ചെലവേറിയതും വിലയെ പുതിയ ഉയരത്തിലേക്ക് നയിക്കുകയാണ്. ഓഹരി വിപണിയുടെ തകര്‍ച്ചമൂലം നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പണമൊഴുക്കുന്നതും വിലക്കുതിപ്പുണ്ടാക്കുന്നു.
കേരളത്തില്‍ സര്‍വകാല റെക്കാഡ് ഉയരത്തില്‍ നിന്ന് 480 രൂപ മാത്രം അകലെയാണ് പവന്‍ വില. 2012 സെപ്തംബറില്‍ പവന്‍വില റെക്കാഡുയരമായ 24,240 രൂപ രേഖപ്പെടുത്തിയിരുന്നു. ഈമാസം മാത്രം പവന്‍വിലയില്‍ ആയിരം രൂപയും ഗ്രാമിന് 125 രൂപയുമാണ് ഉയര്‍ന്നത്. 2018ല്‍ ഇതുവരെ പവന് 2,000 രൂപയും ഗ്രാമിന് 250 രൂപയും കൂടി.
ദീപാവലി ആഘോഷങ്ങള്‍ പടിവാതിലില്‍ എത്തിയതിനാല്‍ അതിന് മുമ്പായി സ്വര്‍ണവില കുറയാന്‍ സാധ്യതയില്ല. വിവാഹഉത്‌സവകാല ഡിമാന്‍ഡേറിയതും വിലക്കുതിപ്പിന് കളമൊരുക്കും. സ്വര്‍ണവില ഗ്രാമിന് ഈയാഴ്ച തന്നെ 3,000 രൂപ കവിഞ്ഞേക്കും.

രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 25 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായി ഒന്‍പതാം ദിവസമാണ് ഇന്ധന വില കുറയുന്നത്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 80.85 രൂപയും ഡീസലിന് 74.73 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 86.33 രൂപയും ഡീസലിന് 78.33 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 84.17 രൂപയും ഡീസലിന് 79.98 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 82.71 രൂപയും ഡീസലിന് 78.47 രൂപയുമായി.