Month: October 2018

രൂപയുടെ മൂല്ല്യം എക്കാലത്തേയും താഴ്ന്ന നിലയില്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രൂപയുടെ മൂല്ല്യം എക്കാലത്തേയും എറ്റവും താഴ്ന്ന നിലയിലെത്തി. തിങ്കളാഴ്ച രാത്രി 9.05ന് വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 72.91 ഉണ്ടായിരുന്നത് 43 പൈസ കുറഞ്ഞ് ഇന്ന് വ്യാപാരം തുടങ്ങിയപ്പാള്‍ 73.34ലെത്തി. അതായത് ഒരു ഡോളര്‍ ലഭിക്കുവാന്‍ നിലവില്‍ 73രൂപ 34 പൈസ നല്‍കണം.
ആര്‍.ബി.ഐ വായ്പാ നയത്തില്‍ നിരക്കുകള്‍ ഉയര്‍ത്തിയേക്കാമെന്ന ഊഹവും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതുമാണ് വിലയിടിവിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്. ഇന്ന് ഗാന്ധി ജയന്തി പ്രമാണിച്ച് അവധിയായതിനാല്‍ വ്യാപാരം നടന്നിരുന്നില്ല.
ഇന്ന് വ്യാപാരം പുനരാരംഭിക്കുമ്പോള്‍ 73.26 ആയിരുന്ന രൂപയുടെ മൂല്ല്യം വീണ്ടും ദുര്‍ബലപ്പെട്ട് 73.34ല്‍ എത്തുകയായിരുന്നു. രൂപയുടെ മൂല്ല്യം പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ വേണ്ടത്ര ഫലപ്രദമായില്ലെന്നാണ് ഇത് തെളിയിക്കുന്നത്.

സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ, റിയാദ് സര്‍വിസുകള്‍ നവംബറില്‍

ഗായത്രി-
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ, റിയാദ് സര്‍വിസുകള്‍ക്ക് അന്തിമ അനുമതി വൈകില്ല. ആഗസ്റ്റ് എട്ടിന് കരിപ്പൂരില്‍ നിന്ന് ഇടത്തരം വലിയ വിമാനം ഉപയോഗിച്ച് സര്‍വിസ് നടത്തുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് നിന്ന് സര്‍വിസ് ആരംഭിക്കുന്നതിനായി സൗദി അപേക്ഷിച്ചിരുന്നെങ്കിലും തീരുമാനം നീണ്ടു.
തിരുവനന്തപുരം സര്‍വിസിനെ സംബന്ധിച്ചുള്ള ആശയക്കുഴപ്പമായിരുന്നു വൈകാന്‍ കാരണം. തിരുവനന്തപുരം നിലനിര്‍ത്തി കോഴിക്കോട് നിന്ന് സര്‍വിസ് ആരംഭിക്കാന്‍ സൗദിയക്ക് അനുമതി ലഭിച്ചേക്കും. സൗദി എംബസി അധികൃതരടക്കം വിഷയത്തില്‍ ഇടപെട്ടിരുന്നു. തിരുവനന്തപുരത്ത് നിന്ന് 2020 വരെ സര്‍വിസ് നടത്താനാണ് അനുമതിയുള്ളത്. കൊച്ചിയില്‍ നിന്നുള്ള രണ്ട് സര്‍വിസുകളില്‍ ഒന്നാണ് കരിപ്പൂരിലേക്ക് മാറ്റുക. ലഭ്യമായ വിവരമനുസരിച്ച് നവംബര്‍ ഒന്ന് മുതല്‍ സര്‍വിസ് ആരംഭിക്കാനാണ് ശ്രമം. ആഴ്ചയില്‍ ജിദ്ദയിലേക്ക് നാലും റിയാദിലേക്ക് മൂന്ന് സര്‍വിസുകളുമാണ് ആരംഭിക്കുക. നിലവില്‍ ഇന്ത്യയില്‍ എട്ട് സ്‌റ്റേഷനുകളിലേക്കാണ് സൗദിയ സര്‍വിസ് നടത്തുന്നത്. അതേസമയം, എയര്‍ ഇന്ത്യ ജിദ്ദ സര്‍വിസ് പുനരാരംഭിക്കുന്നതിനായി ഡി.ജി.സി.എക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അന്തിമ അനുമതിയായിട്ടില്ല.

 

നീരവ് മോദിയുടെ 637 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുടെ 637 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബ്രിട്ടനും അമേരിക്കയും അടക്കമുള്ള നാല് വിദേശ രാജ്യങ്ങളിലും ഇന്ത്യയിലുമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ന്യൂയോര്‍ക്കില്‍ നീരവ് മോദിക്കുണ്ടായിരുന്ന 216 കോടി മൂല്യം വരുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍, 278 കോടി രൂപയുടെ അഞ്ച് ഓവര്‍സീസ് ബാങ്ക് അക്കൗണ്ടുകള്‍, ഹോങ്കോങ്ങിലുള്ള 22.69 കോടിവിലമതിക്കുന്ന വജ്ര ആഭരണശാല, 57 കോടി രൂപ മൂല്യമുള്ള ലണ്ടനിലെ ഫല്‍റ്റ്, 19.5 കോടി രൂപ മൂല്യമുള്ള സൗത്ത് മുംബൈയിലെ ഫല്‍റ്റ് എന്നിവയുള്‍പ്പെടെയാണ് കണ്ടുകെട്ടിയിട്ടുള്ളത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ അന്വേഷണ ഏജന്‍സി പ്രതിയുടെ വിദേശത്തുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്.
കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടികള്‍ സ്വീകരിച്ചത്. നീരവ് മോദിയുടെ ഇന്ത്യയിലേയും വിദേശത്തേയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ആരംഭിച്ചത് സെപ്റ്റംബറിലാണ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതിയാണ് നീരവ് മോദി.

കുളിര് പകരുന്ന കുറിഞ്ഞി കാഴ്ച കാണാന്‍ കൊളുക്കുമലയിലേക്ക്

ഫിദ-
ഇുക്കി: കുന്നോളം കുളിരും കുറിഞ്ഞിയുമായി കാഴ്ചയുടെ പുഷ്‌പോത്സവം തീര്‍ത്ത കൊളുക്കുമലയിലേക്ക് സഞ്ചാരികളുടെ മഹാപ്രവാഹം. 12 വര്‍ഷം മുമ്പ് മൂന്നാര്‍ രാജമലയില്‍ നീലക്കുറിഞ്ഞിയൊരുക്കിയ പുഷ്‌പോത്സവം ഇത്തവണ കൊളുക്കുമലയിലായതാണ് സഞ്ചാരികളെ അങ്ങോട്ടാകര്‍ഷിക്കുന്നത്. പ്രതികൂലകാലാവസ്ഥയും പാരിസ്ഥിതിക പ്രത്യാഘാതങ്ങളുമാണ് ഇങ്ങനൊരു സ്ഥാനചലനത്തിന് കാരണമെങ്കിലും കൊളുക്കുമലയിലെ കുറിഞ്ഞിവസന്തം സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് ഇരട്ടി മധുരമാണ്. സാഹസീകമായ ഓഫ് റോഡ് ജീപ്പ് സവാരിയും എപ്പോഴും തണുപ്പ് സൂക്ഷിക്കുന്ന പ്രത്യേക കാലാവസ്ഥയുമാണ് സമുദ്രനിരപ്പില്‍ നിന്ന് 8000 അടിക്കുമേല്‍ ഉയരമുള്ള കൊളുക്കുമലയുടെ പ്രത്യേകതകള്‍. കിഴക്കിന്റെ കാഷ്മീരമായ മൂന്നാറില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണ് ഈ സുന്ദരഭൂമി.
കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ ചിന്നക്കനാലില്‍ നിന്നും സൂര്യനെല്ലിവഴി ജീപ്പില്‍ 12 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയത്താം. തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍പ്പെടുന്ന പ്രദേശമാണെങ്കിലും വാഹനത്തില്‍ എത്തണമെങ്കില്‍ ഏകമാര്‍
ഗം സൂര്യനെല്ലിവഴി മാത്രമാണ്. അതും സിംഹപ്പാറ വരെ മാത്രം. അവിടെനിന്നും കഷ്ടിച്ച് അര കിലോമീറ്റര്‍ നടന്നാല്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുടെ വിസ്മയഭൂവിലെത്താം. പശ്ചിമഘട്ടത്തിന്റെ ഭാഗമായുള്ള കൂറ്റന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട പ്രദേശം. സദാസമയും സഞ്ചാരികളെ തഴുകിത്തലോടി കടന്നുപോകുന്ന മൂടല്‍ മഞ്ഞൂപാളികള്‍. നട്ടുച്ച നേരത്തും മലനിരകള്‍ താണ്ടിയെത്തുന്ന കാറ്റിന് കോടമഞ്ഞിന്റെയും ചാറ്റല്‍മഴയുടെയും കുളിരുമുണ്ടാകും. വേനല്‍ക്കാലത്ത് കാട്ടുതീയില്‍ കത്തിയമര്‍ന്ന പുല്‍മേടുകള്‍ പുതുമഴ പെയ്തപ്പോള്‍ തളിര്‍ത്ത് മഞ്ഞകലര്‍ന്ന ഇളം പച്ചപ്പരവതാനി വിരിച്ചപോലെ പരന്നുകിടക്കുകയാണ്. അതിനിടയിലാ കുറിഞ്ഞിപ്പൂക്കള്‍ നീലകലര്‍ന്ന വയലറ്റ്‌നിറം വാരിവിതറിയിരിക്കുന്നത്. ഇത്തവണത്തെ കനത്തമഴ പൂക്കളുടെ ശോഭ കെടുത്തിയെങ്കിലും ചന്തത്തിനൊട്ടും കുറവില്ല. മലമുകളില്‍ നിന്ന് നോക്കിയാല്‍ ടോപ്പ് സ്‌റ്റേഷന്‍, കുരങ്ങിണി മലനിരകള്‍, തെക്കന്‍ തമിഴ്‌നാട്ടിലെ ജനവാസമേഖലകളായ ബോഡിനായ്ക്കന്നൂര്‍, തേനി, ബോഡിമെട്ട് തുടങ്ങിയ പ്രദേശങ്ങള്‍ക്ക് പുറമെ ഇടുക്കി ജില്ലയുടെ മിക്ക പ്രദേശങ്ങളും താഴ്‌വരയില്‍ കാണാം. പതിവിനപ്പുറം കുറിഞ്ഞിപൂക്കളുടെ സാന്നിദ്ധ്യംകൂടി ആയപ്പോള്‍ ദുര്‍ഗഡപാതതാണ്ടി ദിവസവും നൂറുകണക്കിനു സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സന്ദര്‍ശകരെ സഹായിക്കാന്‍ പ്രദേശത്തെ ജീപ്പ് ഉടമകളുമായി സഹകരിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. സൂര്യനെല്ലിയിലെ ഡി.ടി.പി.സി കൗണ്ടറില്‍ നിന്നും വാഹനം വാടകയ്ക്ക് എടുക്കാം. ഒരു ട്രിപ്പിന് 2000 രൂപയാണ് ചാര്‍ജ്.

 

ശബരിമല; കോടതി വിധിയോട് യോജിക്കുന്നില്ല

ഗായത്രി-
ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ നടി ഭാമ. ‘ശബരിമലയില്‍ ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ നിങ്ങള്‍ സ്വാഗതം ചെയ്യുന്നുവോ എന്നറിയില്ല. സുപ്രീംകോടതിയെ ബഹുമാനിക്കുന്നു. പക്ഷെ, വ്യക്തിപരമായി ഈ വിധിയോട് യോജിക്കുവാന്‍ തീരെ കഴിയുന്നില്ല.
കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകള്‍ക്കും അതിനു കഴിയുമെന്നും എനിക്ക് തോന്നുന്നില്ല. ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീക്കും പുരുഷനും തുല്യ അവകാശം ഉണ്ടെന്നിരിക്കിലും, കാലാകാലങ്ങളായി പിന്തുടര്‍ന്ന് പോന്നിരുന്നതാണ്, ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കില്ലായെന്നുള്ളത്. ഓരോ ക്ഷേത്രങ്ങള്‍ക്കും അതിന്റേതായ ആചാരവും അനുഷ്ടാനങ്ങളും ഉണ്ട്. മതാചാരങ്ങളും ക്ഷേത്രാചാരങ്ങളും തമ്മില്‍ വ്യത്യാസവുമുണ്ട്. സംസ്‌കാരത്തിലെ വൈവിധ്യം കൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം.
‘കാലങ്ങളായി പഴക്കമുള്ള, ആര്‍ക്കും ഒരു ദ്രോഹവും വരുത്താതെ പോകുന്ന ‘ക്ഷേത്രാചാരങ്ങളെ’ ഇങ്ങനെ ഉന്മൂലനം ചെയ്യേണ്ടതുണ്ടോ’ എന്ന ഒരു ചോദ്യത്തില്‍ നിന്നുമാണ് ഇത്രയും എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
സുപ്രീംകോടതിയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ…വ്യക്തിപരമായിപറഞ്ഞാല്‍, ഇനിയും ഒരുപാടു വര്‍ഷങ്ങള്‍ ജീവിച്ചിരിക്കാന്‍ ഭാഗ്യം ലഭിക്കുകയാണെങ്കില്‍ ,ക്ഷേത്രാചാരത്തില്‍ പറഞ്ഞിരിക്കുന്ന വയസ്സ് വരെ ഞാന്‍ കാത്തിരിക്കും. എല്ലാ പെണ്‍കുട്ടികളോടും എനിക്ക് പറയാനുള്ളതും ഇത്രമാത്രം.

സൗദിയില്‍ ആരോഗ്യ മേഖലയിലും സ്വദേശി വത്കരണം

അളക ഖാനം-
റിയാദ്: സൗദി അറേബ്യയില്‍ ആരോഗ്യം, റിയല്‍ എസ്‌റ്റേറ്റ്, കോണ്‍ട്രാക്ടിംഗ്, ഭക്ഷണശാലകള്‍, കോഫി ഷോപ്പുകള്‍ എന്നിവയിലടക്കം സ്വദേശിവത്കരണം നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി എന്‍ജി. അഹമദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി അറിയിച്ചു.
സ്വദേശിവത്കരണം ഊര്‍ജിതമാക്കാനുള്ള 68 ഇന പരിപാടികളുടെ പ്രഖ്യാപനത്തിലാണ് മലയാളികള്‍ ഉള്‍പ്പെടെ വിദേശികളെ ബാധിക്കുന്ന തീരുമാനവും അറിയിച്ചത്.
ആദ്യഘട്ടം മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കിത്തുടങ്ങും. ടെലികമ്യൂണിക്കേഷന്‍, മൊബൈല്‍ മേഖലയിലെ സ്വദേശിവത്കരണം ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.
പുതിയ തൊഴിലവസരങ്ങളിലേക്ക് സ്വദേശികള്‍ക്ക് എളുപ്പവഴിയൊരുക്കുന്നതാണ് പദ്ധതികള്‍. സ്ത്രീകള്‍ക്കും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ തുറന്നുകിട്ടും. നിലവില്‍ 12 വ്യാപാര മേഖലകളില്‍ സ്വദേശിവത്കരണം ആരംഭിച്ചിട്ടുണ്ട്. മത്സ്യബന്ധന മേഖലയിലെ ആദ്യഘട്ട സ്വദേശിവത്കരണം ഇന്നലെ ആരംഭിച്ചു.