Month: October 2018

വിവാഹമോചനം സന്തോഷകരമായ തീരുമാനം

ഫിദ-
വിവാഹമോചനം എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നുവെന്ന് ഗായിക മഞ്ജരി. വളരെ നേരത്തേ എന്റെ ജീവിതത്തില്‍ നടന്ന ഒരു നിയമപരമായ ബന്ധം. അത് ഡിവോഴ്‌സ് ആയി. ഇന്നത്തെ കാലത്ത് അതിനെയൊരു ബ്ലാക് മാര്‍ക്കായൊന്നും ഞാന്‍ കാണുന്നില്ല. കാരണം ഇന്ന് ഒരുപാട് ബന്ധങ്ങള്‍ നമ്മുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാന്‍ അതില്‍ കാണുന്നുള്ളൂ. ഒരു അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മുംബൈയില്‍ താമസിക്കുന്ന സ്ഥിതിക്ക് ഒരുപാടുകാര്യങ്ങള്‍ ഒരു മനുഷ്യനെന്ന നിലക്ക് എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. നമ്മള്‍ ഇപ്പോള്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ പോലും വളരെ തെരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്. അതെനിക്കിഷ്ടാണ് ഇതെനിക്കിഷ്ടമല്ല അങ്ങനെ.
ഈ ഇഷ്ടങ്ങള്‍ എനിക്ക് കൂടുതലായിരുന്നു. ഇന്ന് അതൊക്കെ മാറി. അവിടെ ഒരു നേരമത്ത ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാത്ത ആള്‍ക്കാരെ, അത് വാങ്ങിക്കാന്‍ സാധിക്കാത്ത ആള്‍ക്കാരെ കാണുമ്പോള്‍ അതില്‍ നിന്ന് ഒരുപാടു ഞാന്‍ പഠിച്ചിരുന്നു. അങ്ങനെ ഒരുപാടു മാറ്റങ്ങള്‍ എനിക്ക് എന്നിലുണ്ടാക്കാന്‍ പറ്റിയിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുമ്പോള്‍ അവര്‍ക്കെന്തെങ്കിലും വാങ്ങിക്കൊടുക്കുമ്പോള്‍ അതില്‍ നിന്നും കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണെന്നും മഞ്ജരി പറഞ്ഞു.

 

വിവാഹിതരായ നടന്‍മാര്‍ക്ക് യുവനടികളുമായി നേരമ്പോക്ക് ബന്ധം

രാംനാഥ് ചാവ്‌ല-
കാസ്റ്റിംഗ് കൗച്ച് വിവാദം വീണ്ടും ആളിപ്പുകയുന്നു. ബോളിവുഡ് നടി തനുശ്രീ ദത്ത നാനാ പടേക്കര്‍ക്കെതിരെ ചിലതുറന്നുപറച്ചിലുകള്‍ നടത്തിയതിന് പിന്നാലെ ഇപ്പോഴിതാ നടി രവീണ ടണ്ടനും ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്.
താന്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത് വിവാഹിതരായ നടന്മാര്‍ സിനിമയിലെ യുവനായികമാരുമായി ബന്ധമുണ്ടാക്കും. നടന്‍മാര്‍ക്ക് ആ ബന്ധങ്ങള്‍ വെറുമൊരു നേരംപോക്ക് മാത്രമാണ്. അല്ലാതെ അതില്‍ ആത്മാര്‍ത്ഥതയോ പ്രതിബദ്ധതയോ ഇല്ല. നടി ആ ബന്ധം നിരസിച്ചാല്‍ പിന്നെ അവളുടെ തകര്‍ച്ചയുടെ കാലം തുടങ്ങുകയായി. നായകന്‍ പിന്നീടൊരിക്കലും നടിയെ മൈന്റ് ചെയ്യില്ല. സംസാരവും ഉണ്ടാകില്ല. അതോടെ അവളുടെ കരിയറിലും തിരിച്ചടിയാകും. നേരത്തെ തീരുമാനിക്കപ്പെട്ട സിനിമകള്‍ പോലും ആ നടിക്ക് നഷ്ടമാകും. എല്ലാം തീരുമാനിക്കുക നായകനും അയാളുടെ സഹായികളുമാണ്. എന്തെങ്കിലും വെളിപ്പെടുത്തിയാല്‍ വ്യക്തിഹത്യ നടത്തും. നടിയെ ഭീഷണിപ്പെടുത്തും. എന്നിട്ട് അടുത്ത ഇരയെ തേടി പോകും. താരഭര്‍ത്താക്കന്‍മാരുടെ ഇത്തരം ചെയ്തികള്‍ക്കെതിരെ നിശബ്ദരായിരിക്കുകയാണ് ഭാര്യമാരും കാമുകിമാരുമെന്നുമെന്നും രവീണ പറഞ്ഞു.

അടിസ്ഥാന ശമ്പളത്തില്‍ വര്‍ധനവ് വരുത്തി ആമസോണ്‍

അളക ഖാനം-
ന്യൂയോര്‍ക്: ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ആമസോണ്‍ തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ചു. ദാരിദ്ര്യവും അസമത്വവും തുടച്ചുനീക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ്, അമേരിക്കന്‍ തൊഴിലാളികളുടെ വേതനമാണ് ഉയര്‍ത്തിയത്. യു.എസിലെ മൂന്നരലക്ഷം തൊഴിലാളികള്‍ക്ക് മണിക്കൂറില്‍ 15 ഡോളറാക്കിയാണ് ശമ്പളം വര്‍ധിപ്പിച്ചത്.
ബ്രിട്ടനിലെ 40,000 തൊഴിലാളികളില്‍ ലണ്ടനിലുള്ളവര്‍ക്ക് 10.50 പൗണ്ടും വര്‍ധിപ്പിച്ചു. മറ്റിടങ്ങളില്‍ വര്‍ധന 9.50 പൗണ്ടാണ്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അമിതനിരക്ക്; സുപ്രീംകോടതിയില്‍ ഹരജി

ഗായത്രി-
കൊച്ചി: വിദേശത്ത് മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി.വിദേശ ഇന്ത്യക്കാരുടെ മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവിനെതിരെ യു.എ.ഇയിലെ പൊതുപ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
നിലവില്‍, ചരക്ക് സാധനങ്ങള്‍ക്ക് നിരക്ക് ഈടാക്കും പോലെ മൃതദേഹങ്ങള്‍ തൂക്കിനോക്കി നിരക്ക് ഈടാക്കി അയക്കുന്നത് അവസാനിപ്പിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടതായി അശ്‌റഫ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
വേഗത്തിലും സൗജന്യമായും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവത്കരിക്കണം. നിലവില്‍ ഒരു ലക്ഷം രൂപക്ക് മുകളിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ ചെലവാകുന്നത്. ദൂരം കൂടുന്നതനുസരിച്ച് തുക വര്‍ധിക്കും. അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ് സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുമ്പോള്‍ പാക്കിസ്ഥാന്‍ ചെലവായ തുക തിരിച്ചുനല്‍കുന്നു.
സാധാരണക്കാര്‍ക്ക് താങ്ങാവുന്ന തുകയല്ല ഇന്ത്യയിലെ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. പലപ്പോഴും പണം നല്‍കാനാവാത്തതിനാല്‍ ദിവസങ്ങളോളം മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ വെച്ച് അവസാനം വിദേശരാജ്യങ്ങളില്‍തന്നെ മറവുചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ പ്രവാസി ഭാരതീയ ഭീമാ യോജനയെന്ന പേരില്‍ പ്രവാസികള്‍ക്കായി നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയുണ്ട്. 10 ലക്ഷം വരെയാണ് ഇതു പ്രകാരം നല്‍കുന്നത്. എന്നാല്‍ ഈ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കാറില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശത്ത് ജോലി ചെയ്യുന്നവരുള്ള രാജ്യം ഇന്ത്യയാണ്. 2015ലെ കണക്ക് പ്രകാരം ഇന്ത്യക്കാരുടെ 7694 മൃതദേഹങ്ങള്‍ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനാവാതെ അവിടെ മറവു ചെയ്തിട്ടുണ്ട്.

നിലാവെളിച്ചം പകര്‍ന്ന് നല്‍കിയ സംസ്‌കൃത പാഠങ്ങള്‍

സിപിഎഫ് വേങ്ങാട്-
മുഗള്‍ രാജവംശത്തിന്റെ മതേതര മൂല്യം വെളിച്ചത്തുകൊണ്ടുവന്ന കൃതിയാണ് അമേരിക്കന്‍ പ്രൊഫസറായ ഔദ്രെ ട്രെസ്‌കിയുടെ’ കള്‍ച്ചേര്‍ ഓഫ് എന്‍കൗണ്ടേഴ്‌സ് സാന്‍സ്‌ക്രിറ്റ് അറ്റ് ദി മുകള്‍ കോര്‍ട്ട്’ എന്ന പുസ്തകം. ഇന്ത്യാ ചരിത്രത്തിലെ ഇരുണ്ട യുഗമെന്ന് മുദ്ര കുത്തപ്പെട്ട മുഗള്‍ കാലഘട്ടം യഥാര്‍ത്ഥത്തില്‍ ഹിന്ദു,ജൈനമതങ്ങളെയും സംസ്‌കൃതത്തെയും അകമഴിഞ്ഞ് പ്രൊത്സാഹിപ്പിച്ച കാലഘട്ടമായിരുന്നുവെന്നാണ് കൃതി വെളിച്ചത്ത് കൊണ്ടു വരുന്നത്. പ്രത്യേകിച്ച് ഉല്‍ക്കൃഷ്ട ഭാഷയായി കാണപ്പെട്ട സംസ്‌കൃതത്തെ മുഗള്‍ രാജാക്കന്‍മാര്‍ എത്രമാത്രം പ്രോത്സാഹിപ്പിച്ചുവെന്നറിയുമ്പോള്‍ ഈ രാജാക്കന്‍മാരെ വര്‍ഗീയ വാദികളെന്ന് പറഞ്ഞ് പരത്തിയവരുടെ കുപ്രചരണങ്ങളാണ് തകര്‍ത്തെറിയപ്പെട്ടത്.
പേര്‍ഷ്യന്‍ രാജവംശത്തില്‍പ്പെട്ടവരായ മുഗളന്മാര്‍ ഭരണപരവും സാംസ്‌കാരികവുമായ ആവശ്യങ്ങള്‍ക്ക് പേര്‍ഷ്യന്‍ ഭാഷ ഉപയോഗിച്ചു. പതിനാറാം നൂറ്റാണ്ടിന്റെ മധ്യകാലംമുതല്‍ മുഗള്‍ രാജാക്കന്മാര്‍ കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. അതോടെ മുഗള്‍ കൊട്ടാരം ഏഷ്യയിലുടനീളമുള്ള പേര്‍ഷ്യന്‍ കവികളുടെയും ചിന്തകരുടെയും കലാകാരന്മാരുടെയും മെക്കയായി. ഭരണം ചിട്ടപ്പെടുത്താന്‍ 1582ല്‍ പേര്‍ഷ്യനെ അക്ബര്‍ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. ഈ രണ്ട് പ്രക്രിയകളെയും പരസ്പരം ബന്ധിപ്പിച്ച് 1580കള്‍ക്ക് ശേഷം കൊട്ടാരത്തില്‍ ഇന്ത്യന്‍ ഭാഷകള്‍ക്ക് വളരാന്‍ ഇടമുണ്ടായിരുന്നില്ലെന്ന നിഗമനത്തിലാണ് പല പണ്ഡിതരും എത്തിച്ചേര്‍ന്നത്. ഇന്‍ഡോളജിസ്റ്റുകളാകട്ടെ മുഗള്‍സാമ്രാജ്യത്തിന്റെ വ്യവഹാരങ്ങള്‍ പേര്‍ഷ്യന്‍ ഭാഷയിലൊതുങ്ങിയതായി വിലയിരുത്തി. അപൂര്‍വമായി അറബിക്, ടര്‍ക്കിഷ് ഭാഷകളും വ്യവഹാരങ്ങളില്‍ കടന്നുവന്നതായും ഇന്‍ഡോളജിസ്റ്റുകള്‍ കരുതി. എന്നാല്‍, മുഗള്‍കൊട്ടാരത്തില്‍ സംസ്‌കൃതത്തിനും അതിലെ വൈജ്ഞാനികതയ്ക്കും വലിയ സ്ഥാനമുണ്ടായിരുന്നു. അക്കാലത്തെ രാഷ്ട്രീയം, സാഹിത്യം, ബൗദ്ധികത എന്നീ മേഖലകളിലെല്ലാം സംസ്‌കൃതത്തിനിടമുണ്ടായിരുന്നതായി ഔദ്രെ തെളിയിക്കുന്നു. ഇന്‍ഡോളജിസ്റ്റുകളുടെ വിശകലനങ്ങള്‍ പലപ്പോഴും ഇന്ത്യാചരിത്രത്തെ സാമുദായികമായി വ്യാഖ്യാനിക്കുന്നവരെ സഹായിച്ചു. 1580 കളില്‍ത്തന്നെ മുഗള്‍കൊട്ടാരത്തില്‍ ജൈനപണ്ഡിതരും ബ്രാഹ്മണരും ഉണ്ടായിരുന്നു. സംസ്‌കൃതകൃതികളുടെ രചനയെ വലിയതോതില്‍ പുരസ്‌കരിക്കുന്ന ധാരാളം പദ്ധതികളുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം സംസ്‌കൃതകൃതികളുടെ വിവര്‍ത്തനമായിരുന്നു. പലപ്പോഴും സംസ്‌കൃതപണ്ഡിതരെ കൊട്ടാരത്തിലേക്കയച്ചും രാജാക്കന്മാരെ സംസ്‌കൃതത്തില്‍ സ്തുതിച്ചും മുഗളന്മാരുടെ പ്രീതി പിടിച്ചുപറ്റാന്‍ നാട്ടുരാജാക്കന്മാര്‍ നടത്തിയ ശ്രമത്തെക്കുറിച്ചും കൃതിയില്‍ പരാമര്‍ശമുണ്ട്. ജഹാംഗീറിന്റെയും ഷാജഹാന്റെയും കാലത്താണ് പേര്‍ഷ്യന്‍സംസ്‌കൃത സാംസ്‌കാരികവിനിമയം ഏറ്റവും ശക്തമായത്. 1560-1660 കാലത്ത് മുഗള്‍കൊട്ടാരത്തില്‍ സംസ്‌കൃതഭാഷയില്‍ നടന്ന വ്യവഹാരങ്ങളെക്കുറിച്ച് വിശദമായി കൃതിയില്‍ പ്രതിപാദിക്കുന്നു. മുഗള്‍ രാജവംശത്തിന്റെ തകര്‍ച്ചയ്ക്കുശേഷമാണ് സംസ്‌കൃതത്തിന്റെ ജ്ഞാനപാരമ്പര്യം ക്ഷയിച്ചുതുടങ്ങിയത്. ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെ മുഗള്‍രാജാക്കന്മാര്‍ ഒരിക്കലും നിഷേധിച്ചിട്ടില്ല. ഇന്ത്യക്കാരുടെ ലോകവീക്ഷണം മനസ്സിലാക്കാന്‍തന്നെയാണ് മുഗള്‍ രാജാക്കന്മാര്‍ തദ്ദേശീയഭാഷകളിലേക്കും സംസ്‌കാരങ്ങളിലേക്കും ശ്രദ്ധതിരിച്ചത്. മുഗള്‍കൊട്ടാരത്തില്‍ നടന്ന ഈ അന്വേഷണങ്ങള്‍ സാംസ്‌കാരികവും മതപരവും ഭാഷാപരവുമായ നിരവധി കൊള്ളക്കൊടുക്കലുകള്‍ക്ക് ഇടയാക്കി. മതപരമായ സ്വത്വങ്ങളെ ആധാരമാക്കിയായിരുന്നു ഇന്‍ഡോളജിസ്റ്റുകളുടെ ആദ്യകാല പഠനങ്ങള്‍.
സംസ്‌കൃതവിജ്ഞാനത്തിന്റെ ലോകവുമായി ആദ്യമായി ഇടപാടുണ്ടാക്കിയ അക്ബറിന്റെ കാലത്ത് നിരവധി സംസ്‌കൃതകൃതികള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റി. വ്യത്യസ്ത മതങ്ങള്‍ തമ്മിലുള്ള സംവാദത്തിനുള്ള വേദി അക്ബര്‍ തന്റെ കൊട്ടാരത്തില്‍ ഒരുക്കിയിരുന്നു, ‘ഇബാദത്ത്ഖാന’ എന്ന പേരില്‍. അക്ബറിന്റെ കൊട്ടാരത്തില്‍ ധാരാളം സംസ്‌കൃതകൃതികളുണ്ടായിരുന്നു. സാര്‍വലൗകിക സമാധാനം എന്നത് അക്ബറിന്റെ മഹത്തായ ആശയമായിരുന്നു. സമാധാനത്തിന് ഭംഗമുണ്ടാക്കുന്നവരാരായിരുന്നാലും അവരെ താക്കീതുചെയ്യാന്‍ അവരുടെതന്നെ വിശ്വാസസംഹിതകളെ പ്രയോജനപ്പെടുത്തണമെന്ന് അക്ബര്‍ കരുതി. ഇതിനായാണ് അദ്ദേഹം സംസ്‌കൃതകൃതികളെ ആശ്രയിച്ചത്. ജഹാംഗീറിന്റെ കാലത്തും സംസ്‌കൃതത്തെ പുരസ്‌കരിച്ചു. പേര്‍ഷ്യനില്‍ പുനരാഖ്യാനം ചെയ്യപ്പെട്ട രാമായണപാഠങ്ങള്‍ ജഹാംഗീറിന് സമര്‍പ്പിക്കപ്പെട്ടതായിക്കാണാം. ജഗന്നാഥ പണ്ഡിതരാജന്‍, കവീന്ദ്രാചാര്യ സരസ്വതി എന്നീ സംസ്‌കൃതപണ്ഡിതര്‍ ഷാജഹാനുമായി അടുത്ത ബന്ധം പുലര്‍ത്തി. ഇതില്‍ ജഗന്നാഥന്‍ പതിറ്റാണ്ടുകള്‍ കൊട്ടാരത്തില്‍ വസിച്ച് സംസ്‌കൃതകൃതികള്‍ രചിച്ചു.
മുഗള്‍കൊട്ടാരത്തിലെ സംസ്‌കൃത വ്യവഹാരങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നത് പതിനേഴാം നൂറ്റാണ്ടോടുകൂടിയാണ്. ഇക്കാലമായപ്പോഴേക്കും ഹിന്ദിയുടെ സാഹിതീയമൂല്യം അതിശയകരമാംവിധം ഉയര്‍ന്നിരുന്നു. സംസ്‌കൃതത്തെ പുറന്തള്ളി ഹിന്ദി പ്രധാനപ്പെട്ട വ്യവഹാരമാധ്യമമായി വികസിച്ചു. ഔറംഗസീബിന്റെ കാലത്താണ് മുഗള്‍കൊട്ടാരം സംസ്‌കൃതവുമായുള്ള ബന്ധം വിച്ഛേദിച്ചത്. ഇത് അദ്ദേഹത്തിന്റെ മതപരമായ അസഹിഷ്ണുതയായി വിലയിരുത്തിയവരുണ്ട്. വാസ്തവത്തില്‍ ഇതിന് രാഷ്ട്രീയമായ കാരണങ്ങളാണുണ്ടായിരുന്നത്. ജ്യേഷ്ഠന്‍ ദാരാഷുക്കോയെ തടവിലാക്കിയാണ് ഔറംഗസീബ് രാജാവായത്. ദാരാഷുക്കോ ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റിയ പണ്ഡിതനായിരുന്നു. ഇതിനായി അദ്ദേഹം പതിനഞ്ച് വര്‍ഷം വാരാണസിയില്‍ പോയി താമസിച്ച് സംസ്‌കൃതം പഠിച്ചു. ഹിന്ദുമുസ്ലിം ഐക്യം പ്രതിപാദിക്കുന്ന മജ്മഅല്‍ബഹറൈന്‍ എന്ന കൃതിയും ദാരാഷുക്കോ എഴുതിയിട്ടുണ്ട്. ഔറംഗസീബാകട്ടെ ജ്യേഷ്ഠനോടുള്ള രാഷ്ട്രീയവൈരാഗ്യം അദ്ദേഹത്തിന് പ്രിയപ്പെട്ട സംസ്‌കൃതത്തോടും തീര്‍ക്കുകയാണ് ചെയ്തത്.
പ്രധാനമായും മുഗള്‍ രാജാക്കന്മാരെ പ്രകീര്‍ത്തിച്ച് സംസ്‌കൃതത്തിലെഴുതിയ കവിതകള്‍, ബൗദ്ധികപ്രമാണങ്ങള്‍, സംസ്‌കൃതകാവ്യങ്ങള്‍ എന്നിവയെല്ലാമാണ് ഔദ്രെ പരിശോധിച്ചിട്ടുള്ളത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ഭരിക്കാന്‍ പ്രാപ്തിയുള്ളവരാണ് തങ്ങള്‍ എന്ന് സ്വയം ബോധ്യപ്പെടുത്താനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ഈ സംസ്‌കൃതബന്ധം മുഗള്‍ രാജാക്കന്മാരെ സഹായിച്ചിരിക്കണം. മാത്രമല്ല, രാഷ്ട്രീയവും സൗന്ദര്യബോധവുംതമ്മിലുള്ള ബന്ധം സുദൃഢമാക്കാനും ഇത് സഹായിച്ചു. സംസ്‌കൃതത്തോട് മുഗള്‍ രാജാക്കന്മാര്‍ പുലര്‍ത്തിയ ആഭിമുഖ്യത്തെ കേവലം ഉപകരണാത്മകമായി കണ്ടുകൂടാ. സംസ്‌കൃതവുമായുള്ള ബന്ധം സ്ഥാപിച്ചതുവഴി പേര്‍ഷ്യന്‍ ഭാഷയ്ക്ക് അവകാശപ്പെടാന്‍ കഴിയാത്ത സാഹിതീയപാരമ്പര്യത്തിന്റെ നേരവകാശികളായി തങ്ങളെ അടയാളപ്പെടുത്താന്‍ മുഗള്‍രാജാക്കന്മാര്‍ക്ക് കഴിഞ്ഞു. മുസ്ലിം രാജാക്കന്മാര്‍ എന്നതിനേക്കാള്‍ ഇന്ത്യന്‍ രാജാക്കന്മാര്‍ എന്ന് അറിയപ്പെടാനാണ് അവര്‍ ആഗ്രഹിച്ചത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷംവരുന്ന ജനതയുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നില്ല സംസ്‌കൃതവിജ്ഞാനം. ആയതിനാല്‍ ജനങ്ങളെ സ്വാധീനിക്കുന്നതിനുള്ള ഒരെളുപ്പവഴി എന്ന നിലയിലാണ് മുഗള്‍ രാജാക്കന്മാര്‍ സംസ്‌കൃതത്തെ പുരസ്‌കരിച്ചതെന്ന വാദം നിലനില്‍ക്കുന്നതല്ല. സ്വന്തം രാഷ്ട്രീയാധികാരത്തെ സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെയും സാംസ്‌കാരികമായി നവീകരിക്കുന്നതിന്റെയും ഭാഗമായിരുന്നു അത്.
ജൈനമുനികള്‍ കൊട്ടാരത്തിന്റെ ദൈനംദിനത്തെ രേഖപ്പെടുത്താന്‍ സംസ്‌കൃതം ഉപയോഗിച്ചപ്പോള്‍ ബ്രാഹ്മണര്‍ തങ്ങളുടെ ജാതിസ്വത്വത്തെ വേറിട്ട് നിലനിര്‍ത്തിക്കൊണ്ടാണ് കൊട്ടാരത്തിന്റെ പുരസ്‌കാരം സ്വീകരിച്ചത്. ആയതിനാല്‍ അവര്‍ തങ്ങളുടെ അനുഭവങ്ങളോ കൊട്ടാരവുമായി ബന്ധപ്പെട്ട ഭാവനകളോ സംസ്‌കൃതത്തില്‍ ആവിഷ്‌ക്കരിക്കുകയുണ്ടായില്ല. എന്നാല്‍, ചില പരമ്പരാഗത ജ്ഞാനപദ്ധതികളെ വികസിപ്പിക്കാന്‍ ബ്രാഹ്മണപണ്ഡിതര്‍ ഇക്കാലത്ത് നടത്തിയ ശ്രമങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. പേര്‍ഷ്യന്‍ ഭാഷയുടെ സംസ്‌കൃതത്തിലുള്ള നിരവധി വ്യാകരണകൃതികള്‍ ഇക്കാലത്ത് രചിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെയെല്ലാം കര്‍ത്താക്കള്‍ മുഗള്‍കൊട്ടാരത്തിലെ ബ്രാഹ്മണപണ്ഡിതരായിരുന്നു. വിഹാരി കൃഷ്ണദാസന്‍ അക്ബറിന്റെ നിര്‍ദേശപ്രകാരം രചിച്ച ‘പാരസീപ്രകാശം’ (പേര്‍ഷ്യയുടെ വെളിച്ചം) ഇക്കൂട്ടത്തില്‍പ്പെട്ടതാണ്. ഇത്തരം നിരവധി ഉദാഹരണങ്ങള്‍ ഔദ്രെ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്ത് തന്നെയായാലും ഈ ഗ്രന്ഥം വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍ എന്നു വേണ്ട ചരിത്രത്തില്‍ താല്‍പ്പര്യമുള്ള ആര്‍ക്കും ഏറെ ഉപകാരപ്പെടും.

 

The Moon light of Sanskrit Lessons
CPF Vengad-
The Culture of Encounters: Sanskrit at the Mughal Court, by Audrey Truschke, New York Universtiy professor, is very interesting. Across the six chapters of the book, Truschke uses these texts to examine specific intersections between Sanskrit and the Mughal court. Chapter one discusses how direct ptaronage and looser forms of affiliation facilitated the development of connections between Sanskrit intellectuals and the Mughal elite. The following three chapters each assess the ways Sanskrit entered the Mughal court throught ranslation, adaption and integration.
The second chapter focusses on Sanskrit texts produced with Mughal support or for consumption by the ruling class; the third considers Persiant ranslations of the Mahabharata and the creation of a new epic, the Razmnamah; and the fourth examines Abu alFazl’st reatment of Sanskrit knowledge in his official history of Akbar’s reign, the A’ini Akbari. Chapter five looks beyond the royal court to investigate how Jain and Brahmanical communities wrote in Sanskrit about the Mughals, reflecting on the impact of imperial authortiy on local communities. In the final chapter Truschke looks at the reception of Akbar’s interests in Sanskrit by members of the ruling and intellectual elite. Across these chapters, a vast array of material is presented to support the cetnral argument of this book – that by weaving together culture and power the Mughal’s were able to act int ruly imperial ways.
Culture of Encounters is an evocative, expertly researched book that brings the collaborative, sometimes combative, world oft ranslation to life. Truschke’s exceptional linguistic talents allow her to present and answer questions about the Mughal court that have the potential to radically alter our understanding of the empire. In addition to being a brilliant piece of research in its own right, this volume has the potential to inspire scholars to reexamine their own approach to region.

പ്രാധാനമന്ത്രിയായി മോഹന്‍ലാല്‍

ഫിദ-
മോഹന്‍ലാല്‍ പ്രാധാനമന്ത്രിയാവുന്നു. അത് ജീവിതത്തിലല്ല സിനിമയിലാണെന്ന് മാത്രം. സൂര്യയെ നായകനാക്കി കെ.വി.ആനന്ദ് സംവിധാനംചെയ്യുന്ന ചിത്രത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോഹന്‍ലാല്‍ എത്തുക. ലാല്‍ പ്രധാനമന്ത്രിയായുള്ള ചിത്രത്തിന്റെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ചന്ദ്രകാന്ത് വര്‍മ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്. എന്തായാലും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ മാത്രമെ വ്യക്തമാവുകയുള്ളു. സൂര്യക്കും മോഹന്‍ലാലിനുമൊപ്പം ആര്യയും സമുദ്രക്കനിയും ബൊമാന്‍ ഇറാനിയുമൊക്കെ ഒന്നിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കുന്നത്. പ്രമുഖ നിര്‍മ്മാണ കമ്പനിയായ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കണ്ണൂരില്‍ ഇനി ഷേണായിയുടെ റെഡ് റോസില്ല

സിപിഎഫ് വേങ്ങാട്-
കണ്ണൂര്‍: നാലുപതിറ്റാണ്ട് കാലം നഗരത്തെ വിരുന്നൂട്ടിയ ഐസ്‌ക്രീം പാര്‍ലര്‍ ഇനി ഓര്‍മയിലേക്ക്. കണ്ണൂര്‍ ഫോര്‍ട്ട് റോഡില്‍ ഗിരിധര്‍ ഷേണായി സ്ഥാപിച്ച ‘ഷേണായീസ് റെഡ്‌റോസാ’ണ് അടച്ചു പൂട്ടിയത്. പാര്‍ലര്‍ നിലനില്‍ക്കുന്ന സ്ഥലം ഉടമ വില്‍പ്പന നടത്തിയതോടെയാണ് മറ്റ് പോംവഴികളില്ലാതെ ഷേണായിയും കുടുംബവും ഈ സ്ഥാപനത്തോട് വിടപറയുന്നത്. ദൈവ തീരമാനം നെഞ്ചുപിളര്‍ക്കുന്നതാണെങ്കിലും അനുസരിക്കുന്നതാണ് ഒരു വിശ്വാസിയുടെ കടമയെന്ന് വിശ്വസിക്കുന്ന ഷേണായിക്കും കുടുംബത്തിനും അതുകൊണ്ട് തന്നെ ആരോടും പരാതിയോ പരിഭവങ്ങളോ ഇല്ല. ഏതായാലും ചുട്ടുപൊള്ളുന്ന നഗരച്ചൂടില്‍ മനം കുളിര്‍പ്പിക്കാന്‍ ഐസ്‌ക്രീമും ശീതള പാനീയവുമായി ഇനി ഷേണായിയുടെ റെഡ്‌റോസാഉണ്ടാകില്ല.
കണ്ണൂര്‍ ജനതയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ സ്ഥാപനമായിരുന്നു റെഡ് റോസ്. സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ മുതല്‍ കൂലിത്തൊഴിലാളികള്‍ വരെ നെഞ്ചേറ്റിയ സ്ഥാപനമാണിത്. ഫോര്‍ട്ട് റോഡിലെത്തിയാല്‍ ഷേണായിയുടെ കടയില്‍ പോയി ഐസ്‌ക്രീം കഴിക്കണം എന്നൊരു അലിഖിത നിയമവും കണ്ണൂരുകാര്‍ക്കിടയിലുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി ആസ്ഥാനമായ നാഷണല്‍ ഡയറി ഡെവലപ്‌മെന്റിന്റെ രണ്ടുവര്‍ഷത്തെ കോഴ്‌സ് കഴിഞ്ഞെത്തിയ സത്യേന്ദ്ര ഗിരിധര്‍ ഷേണായി എന്ന ചെറുപ്പക്കാരന് സ്വന്തമായി ഒരു ഐക്രീം സ്ഥാപനം തുടങ്ങണമെന്ന ആഗ്രഹമുണ്ടായി. അങ്ങിനെ ഭാര്യ ഗീതയെയും കൂട്ടി അദ്ദേഹം റെഡ്‌റോസ് എന്ന ഐസ്‌ക്രീം പാര്‍ല്ലറിന് തുടക്കമിട്ടു. 1977ലെ ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് ഒരു ഞായറാഴ്ച ദിവസം വൈകീട്ട് നാലുമണിക്ക് നടന്ന ചടങ്ങില്‍ അക്കാലത്ത് നഗരത്തിലെ പ്രശസ്ത ഡോക്ടറായ ഉമ്മനാണ് കടയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. നിലവിളക്ക് കൊളുത്തി ഐസ്‌ക്രീം വില്‍പ്പന നടത്തിയത് ഭാര്യാബന്ധുവും ഗണേഷ് ബീഡി മാനേജറായിരുന്ന നാരായണ്‍ ഭണ്ഡാരിയും. സുദിനം സ്ഥാപക പത്രാധിപര്‍ മനിയേരി മാധവനും അന്ന് ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
കണ്ണൂരില്‍ ഒരു സ്ത്രീ നടത്തിപ്പ്കാരിയായ ആദ്യത്തെ സ്ഥാപനവും ഇതു തന്നെ. അപൂര്‍വ സന്ദര്‍ഭങ്ങളൊഴികെ ഷേണായിയും ഭാര്യയും തന്നെയായിരുന്നു കടനടത്തിപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്. മനപ്രയാസം കാരണം ഷേണായി വിട്ടുനിന്നെങ്കിലും കട ഒഴിയേണ്ടതിന്റെ അവസാന ദിവസവും പാര്‍ല്ലറിലെത്തിയവവരെ ഐസ്‌ക്രീം ഊട്ടിയാണ് ഗീത താന്‍ നാലുപതിറ്റാണ്ട് കാലം നെഞ്ചേറ്റി നടന്ന സ്ഥാപനത്തില്‍ നിന്ന് കണ്ണീരോടെ പടിയിറങ്ങിയത്.
സവിശേഷതകളേറെയുണ്ട് റെഡ്‌റോസിന് പറയാന്‍… രാസപദാര്‍ത്ഥങ്ങളൊന്നും ചേര്‍ക്കാത്ത പൂര്‍ണമായും പാലും പാലുത്പ്പന്നങ്ങളും മാത്രം ഉപയോഗിച്ച് നിര്‍മിക്കുന്ന മലബാറിലെ ആദ്യത്തെ സ്ഥാപനമാണിത്. ഇന്നും ശുദ്ധമായ പാല്‍ മാത്രമെ ഇവിടെ ഐസ്‌ക്രീം നിര്‍മാണത്തിനായി ഉപയോഗിക്കുന്നുള്ളൂ. പ്രതിദിനം പത്ത് ലിറ്റര്‍ വരെ നിര്‍മാണ ശേഷിയുളള ‘ബാച്ച് ചര്‍ണര്‍ എന്ന മെഷീന്‍ ഉപയോഗിച്ചാണ് തുടക്കത്തില്‍ ഐസ്‌ക്രീം നിര്‍മ്മാണം നടത്തിയിരുന്നത്. സ്വന്തമായി ഐസ്‌ക്രീം നിര്‍മിച്ച് വില്‍പ്പന നടത്തിയ കണ്ണൂരിലെ ഏക സ്ഥാപനവും ഇതു തന്നെ. വെനില, സ്‌ട്രോബറി, ബട്ടര്‍ സ്‌കോച്ച്, പിസ്ത, ചോക്ലേറ്റ് തടുങ്ങിയ ഐസ്‌ക്രീമുകളും ഫലൂദ, ദില്‍ക്കൂഷ്, ഗഡ്ബഡ് എന്നീ ഇനങ്ങളും കണ്ണൂരില്‍ ആദ്യമായി നിര്‍മ്മിച്ചതും ഷേണായി തന്നെയായിരുന്നു. മാത്രമല്ല ഗുണനിലവാരം കൂടിയ മുന്തിരി വേവിച്ചുണ്ടാക്കുന്ന ‘സൂസി’ എന്നറിയപ്പെടുന്ന മുന്തിരി ജ്യൂസും ഷേണായിയുടെ സ്വന്തം ബ്രാന്റ് എന്ന നിലയില്‍ പ്രസിദ്ധമായി. അതുകൂടാതെ ചക്ക, പപ്പായ, ഇളനീര്‍, സപ്പോട്ട എന്നിവ കൊണ്ടുള്ള ഐസ്‌ക്രീമും ഇവിടത്തെ പ്രത്യേകതയായിരുന്നു. ഏറ്റവും ഒടുവിലിറങ്ങിയ ‘ഫ്രൂട്ട് മോക്‌ടൈലും’ ആദ്യമായി കണ്ണൂരുകാരെ പരിചയപ്പെടുത്തിയതും ഷേണായിയുടെ ഈസ്ഥാപനം തന്നെ. ബോള്‍, കപ്പ്, കസാട്ട, സണ്‍ഡേയ്‌സ് എന്നിവയുടെ 100 എംഎല്‍ മുതല്‍ നാലു ലിറ്റര്‍ വരെയുള്ള പാക്കറ്റുകളാണ് ഇവിടെ നിന്നും വിപണിയിലിറങ്ങിയത്.
ഇതിനിടയില്‍ ഐസ്‌ക്രീം വ്യാപാരവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഒരുകേസും ഇദ്ദേഹം നടത്തുകയുണ്ടായി. ഫലൂദ പാലുല്‍പ്പന്നമായതിനാല്‍ അതിന് നികുതിയീടാക്കണമെന്നാവശ്യപ്പെട്ട് നികുതിവകുപ്പ് ഷേണായിക്കെതിരെ നോട്ടീസയച്ചു. എന്നാല്‍ ഫലൂദ പാചകം ചെയ്തുണ്ടാക്കുന്ന ഇനത്തില്‍ പെട്ട ഭക്ഷണമാണെന്ന് തെളിയിച്ച് ഹൈക്കോടതിയില്‍ പോയ ഷേണായി അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. ‘ഗിരിധര്‍ ഷേണായീസ് വേഴ്‌സസ് കേരള സര്‍ക്കാര്‍’ എന്നറിയപ്പെടുന്ന ഈ കേസിന്റെ വിധി ഇന്നും ഈ രംഗത്ത് ഒരു പൊതുനിയമമായി അംഗീകരിക്കപ്പെടുന്നു.
1984ല്‍ 100ലിറ്റര്‍ ഐസ്‌ക്രീം ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഓട്ടോ മാറ്റിക്ക് മെഷിന്‍ പാര്‍ല്ലറില്‍ കൊണ്ടുവന്നു. 2008ല്‍ ‘ഷേണായീസ് റെഡ്‌റോസ് ന്യൂജെനറേഷന്‍ ഐസ്‌ക്രീംസ്’ എന്ന ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുകയും തയ്യിലില്‍ സ്വന്തമായി ഒരു ഫാക്ടറി സ്ഥാപിച്ച് ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചു. അതൊടെ ഷേണായീസ് ഐസക്രീമിന് പേരും പെരുമയും ഏറി വന്നു. അതോടൊപ്പം തന്നെ നഗരത്തിലെ കട കൂടുതല്‍ സൗകര്യത്തോടെ പാര്‍ല്ലര്‍മാത്രമായി നിലനിര്‍ത്താനും സാധിച്ചു.
പലര്‍ക്കും ഗൃഹാതുരത്വം പേറുന്ന ഓര്‍മ്മകളാണ് റെഡ്‌റോസ് ഐസ്‌ക്രീം പാര്‍ലര്‍ നല്‍കുന്നത്. തങ്ങളുടെ സ്‌കൂള്‍, കോളേജ് ജീവിതത്തില്‍ കൂട്ടുകാര്‍ക്കൊപ്പം ഇവിടെയെത്തി ഐസ്്ക്രീം നുണഞ്ഞ സംഭവം പലരും പങ്ക് വെക്കുന്നു. മാത്രമല്ല കുട്ടിക്കാലത്ത് ഐസ്‌ക്രീം നുണയാനെത്തിയവര്‍ മുതിര്‍ന്നപ്പോള്‍ കുടുംബവുമായെത്തി ഇവിടെ നിന്നും ഐസ്‌ക്രീം കഴിക്കാറുണ്ട്. വ്യാവസായ പ്രമുഖന്‍ ലീലാകൃഷ്ണന്‍ നായര്‍, നടന്‍മാരായ എംഎന്‍ നമ്പ്യാര്‍, പാട്യം ശ്രീനിവാസന്‍, ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, ജോസ്, വിനീത് ശ്രീനിവാസന്‍, വിനീത്, മഞ്ചൂ വാര്യര്‍, സംവൃത സുനില്‍, മീരാ നന്ദന്‍, സനൂഷ, പ്രണതി ജോസ്, സയനോര ഫിലിപ്പ്, കണ്ണൂര്‍ ശ്രീലത, സനൂപ്, രാഷ്ട്രീയ നേതാക്കളായ എംവി രാഘവന്‍, ടിഎന്‍ രാമകൃഷ്ണന്‍, കെ സുധാകരന്‍, പികെ ശ്രീമതി, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ഇപി ജയരാജന്‍, സികെ പത്മനാഭന്‍, എപി അബദുള്ളക്കുട്ടി, ജമിനി സര്‍ക്കസ് ഉടമ ശങ്കരന്‍, ഡോ. പിഎം ഷേണായീ, കെവിഎന്‍ ഷേണായീ, മാധവ് ബാലിഗ തുടങ്ങിയവര്‍ ഇവിടെ ഐസ്‌ക്രീം കഴിക്കാനെത്തിയവരില്‍ പ്രമുഖരാണ്.
പണ്ട് കാലത്ത് ആഘോഷ ദിവസങ്ങളില്‍ ഇവിടെ വന്‍ തിരക്ക് അനുഭവപ്പെടാറുള്ള കാര്യം ഷേണായി ഓര്‍ക്കുന്നു. പെരുന്നാള്‍ ദിനങ്ങളില്‍ കുടുംബവുമായെത്തുന്നവരെ കൊണ്ട് പാര്‍ല്ലര്‍ തിങ്ങി നിറയുമ്പോള്‍ സമീപത്ത് പന്തല്‍ കെട്ടിയാണ് കച്ചവടം നടത്തിയിരുന്നത്. പലപ്പോഴും ഇതു ഗതാഗതക്കുരുക്കിന് വരെ വഴിവെച്ചിരുന്നു. പിന്നീട് നഗരത്തില്‍ കൂണ്‍പോലെ ഐസ്‌ക്രീം പാര്‍ല്ലറുകള്‍ വന്നപ്പോഴാണ് ഈ അവസ്ഥക്ക് മാറ്റം വന്നത്.
വിശേഷ ദിവസങ്ങളിലും പാര്‍ട്ടികള്‍ക്കും ഇന്നും ഷേണായിയുടെ ഐസ്‌ക്രീം തന്നെയാണ് കണ്ണൂര്‍ ജനതക്ക് ഏറെ പ്രിയം. കല്യാണം, നബിദിനം തുടങ്ങിയവക്കും നഗരത്തിലെ സ്റ്റാര്‍ ഹോട്ടലുകളും ഇന്നും ഷേണായിയുടെ ഐസ്‌ക്രീമിന് തന്നെയാണ് മുന്തിയ പരിഗണന നല്‍കുന്നത്. കട ഒഴിയേണ്ടി വന്നെങ്കിലും തയ്യിലിലെ ഫാക്ടറിയുമായി തന്റെ ജീവിതമാര്‍ഗമായ ഐസ്‌ക്രീം വ്യാപാരം തുടരുമെന്നും പറ്റിയാല്‍ നഗരത്തിലെ മറ്റെവിടെയെങ്കിലും ഓരു ഔട്ടലെറ്റ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ഫോര്‍ട്ട് റോഡില്‍ ഇനി റെഡ് റോസ് ഇല്ലെങ്കിലും നഗര ചരിത്രത്തില്‍ മധുരിക്കുന്ന ഓര്‍മ്മയായി ഈ സ്ഥാപനം നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 

ഹജ്ജ് തീര്‍ത്ഥാടനത്തിന് വീണ്ടും കപ്പല്‍ സര്‍വിസ്

ഫിദ-
കോഴിക്കോട്: കാല്‍ നൂറ്റാണ്ടു കാലത്തെ ഇടവേളക്കു ശേഷം ഹജ്ജ് തീര്‍ത്ഥാടനത്തിന് കപ്പല്‍ സര്‍വിസ് വീണ്ടും ആരംഭിക്കുന്നു. സര്‍വിസ് നടത്താന്‍ സന്നദ്ധതയുള്ള കമ്പനികളില്‍നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി താല്‍പര്യപത്രം ക്ഷണിച്ചു. മുംബൈയില്‍നിന്ന് ജിദ്ദയിലേക്കും തിരിച്ചും അഞ്ചു വര്‍ഷത്തേക്ക് സര്‍വിസ് നടത്താന്‍ ഒരുക്കമുള്ളവരെയാണ് പരിഗണിക്കുക. 4000, 4500 പേര്‍ക്ക് സൗകര്യമുള്ളതും 1000,1250 പേര്‍ക്ക് യാത്ര ചെയ്യാവുന്നതുമായ രണ്ടു തരം കപ്പലുകളാണ് പരിഗണനയിലുള്ളത്. ജൂലൈ സെപ്റ്റംബര്‍ മാസങ്ങളിലാണ് ഹജ്ജ് സര്‍വിസ് നടത്തേണ്ടത്.
കപ്പല്‍ സര്‍വിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ ഹജ്ജ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി സൗദി അറേബ്യയിലെ ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിന്‍ താഹിറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതു സംബന്ധിച്ച് സൗദിയുടെ പച്ചക്കൊടി ലഭിച്ചതിനാലാണ് കപ്പല്‍യാത്ര പുനരാരംഭിക്കാന്‍ നീക്കം തുടങ്ങിയത്. സര്‍വിസിന് സന്നദ്ധരാകുന്ന കമ്പനികള്‍ വര്‍ഷത്തില്‍ 200 കോടി രൂപയുടെ ടേണ്‍ ഓവര്‍ ഉള്ളവരും രണ്ടു കപ്പലെങ്കിലും സ്വന്തമായി ഉള്ളവരുമാവണം. കപ്പലുകള്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്തവയും അത്യാധുനിക സൗകര്യമുള്ളവയും അന്താരാഷ്ട്ര നിലവാരത്തിലുള്ളവയും ആവണം. യാത്രക്കപ്പല്‍ സര്‍വിസില്‍ മൂന്നുവര്‍ഷമെങ്കിലും പരിചയമുള്ളവര്‍ ആകണം. അപേക്ഷിക്കുന്ന കമ്പനികള്‍ കേന്ദ്ര സര്‍ക്കാറിന്റെയും സൗദി സര്‍ക്കാറിന്റെയും കരിമ്പട്ടികയില്‍ പെട്ടതാവരുത്.
ആദ്യകാലത്ത് ഇന്ത്യയില്‍നിന്ന് ഹജ്ജിന് പോവാന്‍ കപ്പല്‍ മാത്രമായിരുന്നു ആശ്രയം. പിന്നീടാണ് വിമാന സര്‍വിസ് ആരംഭിച്ചത്. വിമാന യാത്രക്ക് ചെലവ് വളരെ കൂടുതലായതിനാല്‍ ഭൂരിഭാഗം തീര്‍ഥാടകരും കടല്‍ യാത്രയാണ് തിരഞ്ഞെടുത്തത്. ഏറെക്കാലം സമാന്തരമായി രണ്ട് സര്‍വിസും തുടര്‍ന്നു. നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെ 1993ലാണ് കപ്പല്‍ സര്‍വിസ് അവസാനിപ്പിച്ചത്. സര്‍വിസ് നടത്താന്‍ കേന്ദ്ര സര്‍ക്കാറിന് കീഴിലെ ഷിപ്പിങ് കോര്‍പറേഷന്റെ പക്കല്‍ ആവശ്യത്തിന് കപ്പലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ത്തിയത്.
വിമാന യാത്രക്ക് നല്‍കിവന്ന സബ്‌സിഡി ഘട്ടംഘട്ടമായി പിന്‍വലിക്കുകയും വിമാന യാത്രനിരക്ക് കുത്തനെ കൂട്ടുകയും ചെയ്തതോടെ ഹജ്ജ് യാത്രച്ചെലവ് താങ്ങാവുന്നതിലും അപ്പുറമായി. സബ്‌സിഡി പിന്‍വലിക്കുമ്പോള്‍ ചെലവ് കുറഞ്ഞ യാത്രക്ക് കപ്പല്‍ സര്‍വിസ് പരിഗണിക്കുന്നതിന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കപ്പല്‍യാത്രക്ക് കമ്പനികളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചത്.

റെക്കോര്‍ഡ് തകര്‍ച്ച; രൂപ മൂക്ക്കുത്തി വീണു

രാംനാഥ് ചാവ്‌ല-
മുംബൈ: ഡോളറിനെതിരേ രൂപക്ക് റെക്കോഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ആദ്യമായി് 73.73 എന്ന നിലവാരത്തിലെത്തി.
യുഎസ് കടപ്പത്രത്തില്‍നിന്നുള്ള ആദായം വര്‍ധിച്ചതുമൂലം വികസ്വര രാഷ്ട്രങ്ങളിലെ കറന്‍സികള്‍ വന്‍തോതില്‍ വിറ്റഴിച്ചതിന്റെ ഭാഗമായാണ് രൂപയുടെ മൂല്യവും ഇടിഞ്ഞത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലകൂടുന്നതും രുപയുടെ മൂല്യത്തെ ബാധിച്ചു. രൂപയുമായുള്ള വിനിമയത്തില്‍ ഗള്‍ഫ് കറന്‍സികളും കരുത്താര്‍ജിച്ചു. യു.എ.ഇ. ദിര്‍ഹം ആദ്യമായി 20 രൂപ കടന്നു. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും വരും മാസങ്ങളില്‍ രാജ്യത്തെ പണപ്പെരുപ്പത്തിന്റെ തോത് ഉയര്‍ത്തുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

 

ചന്ദ കോച്ചാര്‍ ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് പടിയിറങ്ങി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ചന്ദ കോച്ചാര്‍ ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് പടിയിറങ്ങി. ബാങ്ക് ഔദ്യോഗികമായി ഇക്കാര്യം സ്ഥീരീകരിച്ചു. ബാങ്കില്‍ നിന്ന് നേരത്തെ വിരമിക്കാന്‍ ചന്ദകോച്ചാര്‍ നല്‍കിയ അപേക്ഷ ഐ.സി.ഐ.സി.ഐ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് അംഗീകരിച്ചു. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിനെയാണ് ഐ.സി.ഐ.സി.ഐ ഇക്കാര്യം അറിയിച്ചത്.
സന്ദീപ് ബക്ഷിയെ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറായും സി.ഇ.ഒയായും നിയമിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷമാണ് ബക്ഷിയുടെ കാലാവധി. 2023 ഒക്‌ടോബര്‍ മൂന്ന് വരെ ബക്ഷി തല്‍സ്ഥാനത്ത് തുടരും.
കഴിഞ്ഞ ജൂണില്‍ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ചന്ദ കോച്ചാര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് സന്ദീപ് ബക്ഷിക്ക് ഐ.സി.ഐ.സി.ഐ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. 2009 മുതല്‍ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ തലപ്പത്ത് ചന്ദകോച്ചാര്‍ ഉണ്ട്. സ്വകാര്യ സ്ഥാപനമായ വീഡിയോകോണിന് വായ്പ അനുവദിച്ചതില്‍ അഴിമതിയുണ്ടെന്നാണ് ചന്ദ കോച്ചാറിനെതിരെ ഉയര്‍ന്ന ആരോപണം.