മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അമിതനിരക്ക്; സുപ്രീംകോടതിയില്‍ ഹരജി

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അമിതനിരക്ക്; സുപ്രീംകോടതിയില്‍ ഹരജി

ഗായത്രി-
കൊച്ചി: വിദേശത്ത് മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി.വിദേശ ഇന്ത്യക്കാരുടെ മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവിനെതിരെ യു.എ.ഇയിലെ പൊതുപ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
നിലവില്‍, ചരക്ക് സാധനങ്ങള്‍ക്ക് നിരക്ക് ഈടാക്കും പോലെ മൃതദേഹങ്ങള്‍ തൂക്കിനോക്കി നിരക്ക് ഈടാക്കി അയക്കുന്നത് അവസാനിപ്പിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടതായി അശ്‌റഫ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
വേഗത്തിലും സൗജന്യമായും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവത്കരിക്കണം. നിലവില്‍ ഒരു ലക്ഷം രൂപക്ക് മുകളിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ ചെലവാകുന്നത്. ദൂരം കൂടുന്നതനുസരിച്ച് തുക വര്‍ധിക്കും. അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ് സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുമ്പോള്‍ പാക്കിസ്ഥാന്‍ ചെലവായ തുക തിരിച്ചുനല്‍കുന്നു.
സാധാരണക്കാര്‍ക്ക് താങ്ങാവുന്ന തുകയല്ല ഇന്ത്യയിലെ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. പലപ്പോഴും പണം നല്‍കാനാവാത്തതിനാല്‍ ദിവസങ്ങളോളം മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ വെച്ച് അവസാനം വിദേശരാജ്യങ്ങളില്‍തന്നെ മറവുചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ പ്രവാസി ഭാരതീയ ഭീമാ യോജനയെന്ന പേരില്‍ പ്രവാസികള്‍ക്കായി നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയുണ്ട്. 10 ലക്ഷം വരെയാണ് ഇതു പ്രകാരം നല്‍കുന്നത്. എന്നാല്‍ ഈ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കാറില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശത്ത് ജോലി ചെയ്യുന്നവരുള്ള രാജ്യം ഇന്ത്യയാണ്. 2015ലെ കണക്ക് പ്രകാരം ഇന്ത്യക്കാരുടെ 7694 മൃതദേഹങ്ങള്‍ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനാവാതെ അവിടെ മറവു ചെയ്തിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close