കണ്ണൂരില്‍ ഇനി ഷേണായിയുടെ റെഡ് റോസില്ല

കണ്ണൂരില്‍ ഇനി ഷേണായിയുടെ റെഡ് റോസില്ല

സിപിഎഫ് വേങ്ങാട്-
കണ്ണൂര്‍: നാലുപതിറ്റാണ്ട് കാലം നഗരത്തെ വിരുന്നൂട്ടിയ ഐസ്‌ക്രീം പാര്‍ലര്‍ ഇനി ഓര്‍മയിലേക്ക്. കണ്ണൂര്‍ ഫോര്‍ട്ട് റോഡില്‍ ഗിരിധര്‍ ഷേണായി സ്ഥാപിച്ച ‘ഷേണായീസ് റെഡ്‌റോസാ’ണ് അടച്ചു പൂട്ടിയത്. പാര്‍ലര്‍ നിലനില്‍ക്കുന്ന സ്ഥലം ഉടമ വില്‍പ്പന നടത്തിയതോടെയാണ് മറ്റ് പോംവഴികളില്ലാതെ ഷേണായിയും കുടുംബവും ഈ സ്ഥാപനത്തോട് വിടപറയുന്നത്. ദൈവ തീരമാനം നെഞ്ചുപിളര്‍ക്കുന്നതാണെങ്കിലും അനുസരിക്കുന്നതാണ് ഒരു വിശ്വാസിയുടെ കടമയെന്ന് വിശ്വസിക്കുന്ന ഷേണായിക്കും കുടുംബത്തിനും അതുകൊണ്ട് തന്നെ ആരോടും പരാതിയോ പരിഭവങ്ങളോ ഇല്ല. ഏതായാലും ചുട്ടുപൊള്ളുന്ന നഗരച്ചൂടില്‍ മനം കുളിര്‍പ്പിക്കാന്‍ ഐസ്‌ക്രീമും ശീതള പാനീയവുമായി ഇനി ഷേണായിയുടെ റെഡ്‌റോസാഉണ്ടാകില്ല.
കണ്ണൂര്‍ ജനതയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ സ്ഥാപനമായിരുന്നു റെഡ് റോസ്. സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ മുതല്‍ കൂലിത്തൊഴിലാളികള്‍ വരെ നെഞ്ചേറ്റിയ സ്ഥാപനമാണിത്. ഫോര്‍ട്ട് റോഡിലെത്തിയാല്‍ ഷേണായിയുടെ കടയില്‍ പോയി ഐസ്‌ക്രീം കഴിക്കണം എന്നൊരു അലിഖിത നിയമവും കണ്ണൂരുകാര്‍ക്കിടയിലുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി ആസ്ഥാനമായ നാഷണല്‍ ഡയറി ഡെവലപ്‌മെന്റിന്റെ രണ്ടുവര്‍ഷത്തെ കോഴ്‌സ് കഴിഞ്ഞെത്തിയ സത്യേന്ദ്ര ഗിരിധര്‍ ഷേണായി എന്ന ചെറുപ്പക്കാരന് സ്വന്തമായി ഒരു ഐക്രീം സ്ഥാപനം തുടങ്ങണമെന്ന ആഗ്രഹമുണ്ടായി. അങ്ങിനെ ഭാര്യ ഗീതയെയും കൂട്ടി അദ്ദേഹം റെഡ്‌റോസ് എന്ന ഐസ്‌ക്രീം പാര്‍ല്ലറിന് തുടക്കമിട്ടു. 1977ലെ ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് ഒരു ഞായറാഴ്ച ദിവസം വൈകീട്ട് നാലുമണിക്ക് നടന്ന ചടങ്ങില്‍ അക്കാലത്ത് നഗരത്തിലെ പ്രശസ്ത ഡോക്ടറായ ഉമ്മനാണ് കടയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. നിലവിളക്ക് കൊളുത്തി ഐസ്‌ക്രീം വില്‍പ്പന നടത്തിയത് ഭാര്യാബന്ധുവും ഗണേഷ് ബീഡി മാനേജറായിരുന്ന നാരായണ്‍ ഭണ്ഡാരിയും. സുദിനം സ്ഥാപക പത്രാധിപര്‍ മനിയേരി മാധവനും അന്ന് ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
കണ്ണൂരില്‍ ഒരു സ്ത്രീ നടത്തിപ്പ്കാരിയായ ആദ്യത്തെ സ്ഥാപനവും ഇതു തന്നെ. അപൂര്‍വ സന്ദര്‍ഭങ്ങളൊഴികെ ഷേണായിയും ഭാര്യയും തന്നെയായിരുന്നു കടനടത്തിപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്. മനപ്രയാസം കാരണം ഷേണായി വിട്ടുനിന്നെങ്കിലും കട ഒഴിയേണ്ടതിന്റെ അവസാന ദിവസവും പാര്‍ല്ലറിലെത്തിയവവരെ ഐസ്‌ക്രീം ഊട്ടിയാണ് ഗീത താന്‍ നാലുപതിറ്റാണ്ട് കാലം നെഞ്ചേറ്റി നടന്ന സ്ഥാപനത്തില്‍ നിന്ന് കണ്ണീരോടെ പടിയിറങ്ങിയത്.
സവിശേഷതകളേറെയുണ്ട് റെഡ്‌റോസിന് പറയാന്‍… രാസപദാര്‍ത്ഥങ്ങളൊന്നും ചേര്‍ക്കാത്ത പൂര്‍ണമായും പാലും പാലുത്പ്പന്നങ്ങളും മാത്രം ഉപയോഗിച്ച് നിര്‍മിക്കുന്ന മലബാറിലെ ആദ്യത്തെ സ്ഥാപനമാണിത്. ഇന്നും ശുദ്ധമായ പാല്‍ മാത്രമെ ഇവിടെ ഐസ്‌ക്രീം നിര്‍മാണത്തിനായി ഉപയോഗിക്കുന്നുള്ളൂ. പ്രതിദിനം പത്ത് ലിറ്റര്‍ വരെ നിര്‍മാണ ശേഷിയുളള ‘ബാച്ച് ചര്‍ണര്‍ എന്ന മെഷീന്‍ ഉപയോഗിച്ചാണ് തുടക്കത്തില്‍ ഐസ്‌ക്രീം നിര്‍മ്മാണം നടത്തിയിരുന്നത്. സ്വന്തമായി ഐസ്‌ക്രീം നിര്‍മിച്ച് വില്‍പ്പന നടത്തിയ കണ്ണൂരിലെ ഏക സ്ഥാപനവും ഇതു തന്നെ. വെനില, സ്‌ട്രോബറി, ബട്ടര്‍ സ്‌കോച്ച്, പിസ്ത, ചോക്ലേറ്റ് തടുങ്ങിയ ഐസ്‌ക്രീമുകളും ഫലൂദ, ദില്‍ക്കൂഷ്, ഗഡ്ബഡ് എന്നീ ഇനങ്ങളും കണ്ണൂരില്‍ ആദ്യമായി നിര്‍മ്മിച്ചതും ഷേണായി തന്നെയായിരുന്നു. മാത്രമല്ല ഗുണനിലവാരം കൂടിയ മുന്തിരി വേവിച്ചുണ്ടാക്കുന്ന ‘സൂസി’ എന്നറിയപ്പെടുന്ന മുന്തിരി ജ്യൂസും ഷേണായിയുടെ സ്വന്തം ബ്രാന്റ് എന്ന നിലയില്‍ പ്രസിദ്ധമായി. അതുകൂടാതെ ചക്ക, പപ്പായ, ഇളനീര്‍, സപ്പോട്ട എന്നിവ കൊണ്ടുള്ള ഐസ്‌ക്രീമും ഇവിടത്തെ പ്രത്യേകതയായിരുന്നു. ഏറ്റവും ഒടുവിലിറങ്ങിയ ‘ഫ്രൂട്ട് മോക്‌ടൈലും’ ആദ്യമായി കണ്ണൂരുകാരെ പരിചയപ്പെടുത്തിയതും ഷേണായിയുടെ ഈസ്ഥാപനം തന്നെ. ബോള്‍, കപ്പ്, കസാട്ട, സണ്‍ഡേയ്‌സ് എന്നിവയുടെ 100 എംഎല്‍ മുതല്‍ നാലു ലിറ്റര്‍ വരെയുള്ള പാക്കറ്റുകളാണ് ഇവിടെ നിന്നും വിപണിയിലിറങ്ങിയത്.
ഇതിനിടയില്‍ ഐസ്‌ക്രീം വ്യാപാരവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഒരുകേസും ഇദ്ദേഹം നടത്തുകയുണ്ടായി. ഫലൂദ പാലുല്‍പ്പന്നമായതിനാല്‍ അതിന് നികുതിയീടാക്കണമെന്നാവശ്യപ്പെട്ട് നികുതിവകുപ്പ് ഷേണായിക്കെതിരെ നോട്ടീസയച്ചു. എന്നാല്‍ ഫലൂദ പാചകം ചെയ്തുണ്ടാക്കുന്ന ഇനത്തില്‍ പെട്ട ഭക്ഷണമാണെന്ന് തെളിയിച്ച് ഹൈക്കോടതിയില്‍ പോയ ഷേണായി അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. ‘ഗിരിധര്‍ ഷേണായീസ് വേഴ്‌സസ് കേരള സര്‍ക്കാര്‍’ എന്നറിയപ്പെടുന്ന ഈ കേസിന്റെ വിധി ഇന്നും ഈ രംഗത്ത് ഒരു പൊതുനിയമമായി അംഗീകരിക്കപ്പെടുന്നു.
1984ല്‍ 100ലിറ്റര്‍ ഐസ്‌ക്രീം ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഓട്ടോ മാറ്റിക്ക് മെഷിന്‍ പാര്‍ല്ലറില്‍ കൊണ്ടുവന്നു. 2008ല്‍ ‘ഷേണായീസ് റെഡ്‌റോസ് ന്യൂജെനറേഷന്‍ ഐസ്‌ക്രീംസ്’ എന്ന ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുകയും തയ്യിലില്‍ സ്വന്തമായി ഒരു ഫാക്ടറി സ്ഥാപിച്ച് ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചു. അതൊടെ ഷേണായീസ് ഐസക്രീമിന് പേരും പെരുമയും ഏറി വന്നു. അതോടൊപ്പം തന്നെ നഗരത്തിലെ കട കൂടുതല്‍ സൗകര്യത്തോടെ പാര്‍ല്ലര്‍മാത്രമായി നിലനിര്‍ത്താനും സാധിച്ചു.
പലര്‍ക്കും ഗൃഹാതുരത്വം പേറുന്ന ഓര്‍മ്മകളാണ് റെഡ്‌റോസ് ഐസ്‌ക്രീം പാര്‍ലര്‍ നല്‍കുന്നത്. തങ്ങളുടെ സ്‌കൂള്‍, കോളേജ് ജീവിതത്തില്‍ കൂട്ടുകാര്‍ക്കൊപ്പം ഇവിടെയെത്തി ഐസ്്ക്രീം നുണഞ്ഞ സംഭവം പലരും പങ്ക് വെക്കുന്നു. മാത്രമല്ല കുട്ടിക്കാലത്ത് ഐസ്‌ക്രീം നുണയാനെത്തിയവര്‍ മുതിര്‍ന്നപ്പോള്‍ കുടുംബവുമായെത്തി ഇവിടെ നിന്നും ഐസ്‌ക്രീം കഴിക്കാറുണ്ട്. വ്യാവസായ പ്രമുഖന്‍ ലീലാകൃഷ്ണന്‍ നായര്‍, നടന്‍മാരായ എംഎന്‍ നമ്പ്യാര്‍, പാട്യം ശ്രീനിവാസന്‍, ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, ജോസ്, വിനീത് ശ്രീനിവാസന്‍, വിനീത്, മഞ്ചൂ വാര്യര്‍, സംവൃത സുനില്‍, മീരാ നന്ദന്‍, സനൂഷ, പ്രണതി ജോസ്, സയനോര ഫിലിപ്പ്, കണ്ണൂര്‍ ശ്രീലത, സനൂപ്, രാഷ്ട്രീയ നേതാക്കളായ എംവി രാഘവന്‍, ടിഎന്‍ രാമകൃഷ്ണന്‍, കെ സുധാകരന്‍, പികെ ശ്രീമതി, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ഇപി ജയരാജന്‍, സികെ പത്മനാഭന്‍, എപി അബദുള്ളക്കുട്ടി, ജമിനി സര്‍ക്കസ് ഉടമ ശങ്കരന്‍, ഡോ. പിഎം ഷേണായീ, കെവിഎന്‍ ഷേണായീ, മാധവ് ബാലിഗ തുടങ്ങിയവര്‍ ഇവിടെ ഐസ്‌ക്രീം കഴിക്കാനെത്തിയവരില്‍ പ്രമുഖരാണ്.
പണ്ട് കാലത്ത് ആഘോഷ ദിവസങ്ങളില്‍ ഇവിടെ വന്‍ തിരക്ക് അനുഭവപ്പെടാറുള്ള കാര്യം ഷേണായി ഓര്‍ക്കുന്നു. പെരുന്നാള്‍ ദിനങ്ങളില്‍ കുടുംബവുമായെത്തുന്നവരെ കൊണ്ട് പാര്‍ല്ലര്‍ തിങ്ങി നിറയുമ്പോള്‍ സമീപത്ത് പന്തല്‍ കെട്ടിയാണ് കച്ചവടം നടത്തിയിരുന്നത്. പലപ്പോഴും ഇതു ഗതാഗതക്കുരുക്കിന് വരെ വഴിവെച്ചിരുന്നു. പിന്നീട് നഗരത്തില്‍ കൂണ്‍പോലെ ഐസ്‌ക്രീം പാര്‍ല്ലറുകള്‍ വന്നപ്പോഴാണ് ഈ അവസ്ഥക്ക് മാറ്റം വന്നത്.
വിശേഷ ദിവസങ്ങളിലും പാര്‍ട്ടികള്‍ക്കും ഇന്നും ഷേണായിയുടെ ഐസ്‌ക്രീം തന്നെയാണ് കണ്ണൂര്‍ ജനതക്ക് ഏറെ പ്രിയം. കല്യാണം, നബിദിനം തുടങ്ങിയവക്കും നഗരത്തിലെ സ്റ്റാര്‍ ഹോട്ടലുകളും ഇന്നും ഷേണായിയുടെ ഐസ്‌ക്രീമിന് തന്നെയാണ് മുന്തിയ പരിഗണന നല്‍കുന്നത്. കട ഒഴിയേണ്ടി വന്നെങ്കിലും തയ്യിലിലെ ഫാക്ടറിയുമായി തന്റെ ജീവിതമാര്‍ഗമായ ഐസ്‌ക്രീം വ്യാപാരം തുടരുമെന്നും പറ്റിയാല്‍ നഗരത്തിലെ മറ്റെവിടെയെങ്കിലും ഓരു ഔട്ടലെറ്റ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ഫോര്‍ട്ട് റോഡില്‍ ഇനി റെഡ് റോസ് ഇല്ലെങ്കിലും നഗര ചരിത്രത്തില്‍ മധുരിക്കുന്ന ഓര്‍മ്മയായി ഈ സ്ഥാപനം നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 

Post Your Comments Here ( Click here for malayalam )
Press Esc to close