Month: December 2018

ബാങ്കുകള്‍ കിട്ടാക്കടം തിരിച്ചു പിടിക്കുന്നു

രാംനാഥ് ചാവ്‌ല-
മുംബൈ: കിട്ടാക്കടം ഓരോ വര്‍ഷവും പുതിയ റെക്കാഡിലേക്ക് കുതിച്ചുയരുകയാണെങ്കിലും അത് തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ ഊര്‍ജ്ജിതമായി ശ്രമിക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക്. 2017-18 സാമ്പത്തിക വര്‍ഷം 40,400 കോടി രൂപയുടെ കിട്ടാക്കടം ബാങ്കുകള്‍ തിരിച്ചുപിടിച്ചുവെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 2016-17ല്‍ തിരിച്ചുപിടിച്ചത് 38,500 കോടി രൂപയാണ്.
ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ് (ഐ.ബി.സി), സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഒഫ് ഫിനാന്‍ഷ്യല്‍ അസറ്ര്‌സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഒഫ് സെക്യൂരിറ്റി ഇന്റററ്ര്‌സ് (സര്‍ഫാസി) ചട്ടം എന്നിവയുടെ കരുത്തിലാണ് ബാങ്കുകള്‍ കിട്ടാക്കടം വലിയ തോതില്‍ തിരിച്ചുപിടിക്കുന്നത്. വായ്പാത്തിരിച്ചടവ് മുടക്കുന്നവരെ ഡെറ്ര് റിക്കവറി െ്രെടബ്യൂണല്‍, ലോക് അദാലത്തുകള്‍ എന്നിവയിലേക്ക് എത്തിച്ചും കിട്ടാക്കടം വീണ്ടെടുക്കല്‍ സജീവമാക്കാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞു.
ഐ.ബി.യിയിലൂടെ 4,900 കോടി രൂപയും സര്‍ഫാസി നടപടിയിലൂടെ 26,500 കോടി രൂപയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ തിരിച്ചുപിടിച്ചുവെന്ന് വാര്‍ഷിക റിപ്പോര്‍ട്ടായ ‘ട്രെന്‍ഡ്‌സ് ആന്‍ഡ് പ്രോഗ്രസ് ഒഫ് ബാങ്കിംഗ് 2017-18’ല്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

 

ഓണ്‍ലൈനിന് മൂക്കുകയര്‍; വ്യാപാരികള്‍ക്ക് ഗുണം ചെയ്യും

ഫിദ-
കൊച്ചി: ഉപഭോക്താക്കളുടെ ഇകോമേഴ്‌സ് സൈറ്റ് പ്രണയം തങ്ങളുടെ വയറ്റത്തടിക്കുന്നതായി വ്യാപാര മേഖലയില്‍നിന്ന് പരാതി ഉയരാന്‍ തുടങ്ങിയിട്ട് ഏറയായി. ഇകോമേഴ്‌സ് സൈറ്റുകള്‍ ഉയര്‍ത്തുന്ന അനാരോഗ്യകരമായ മത്സരത്തിന് കടിഞ്ഞാടിണമെന്നും വ്യാപാര മേഖല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് ചെവിക്കൊള്ളാതിരുന്ന കേന്ദ്രത്തിന്റെ കണ്ണ് തുറപ്പിച്ചത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലംകൂടിയാണ് എന്നാണ് സൂചന.
ഹിന്ദി ഹൃദയഭൂമിയില്‍ തങ്ങള്‍ക്കേറ്റ തിരിച്ചടിക്ക് പിന്നില്‍, കര്‍ഷക രോഷത്തിനൊപ്പം വ്യാപാരി പ്രതിഷേധംകൂടിയുണ്ട് എന്ന തിരിച്ചറിവാണ് ഓണ്‍ലൈന്‍ വ്യാപാരത്തിന് മൂക്കുകയറിടാന്‍ കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. ഫെബ്രുവരി ഒന്നുമുതല്‍ ഓണ്‍ലൈന്‍ വിപണിയില്‍ കാതലായ നിയന്ത്രണങ്ങളും മാറ്റങ്ങളുമാണ് വരാന്‍ പോകുന്നത്.
വ്യാപാര രംഗത്തെ വിദേശ നിക്ഷേപം സംബന്ധിച്ച് കര്‍ശന നിബന്ധനകളാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ്് പ്രൊമോഷന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതനുസരിച്ച്, കമ്പനികള്‍ പുതുതായി പുറത്തിറക്കുന്ന ഉല്‍പന്നങ്ങള്‍ ഏതെങ്കിലും ഒരു ഇകോമേഴ്‌സ് സൈറ്റ് വഴി മാത്രമായി എക്‌സ്‌ക്ലൂസിവ് വില്‍പന നടത്താന്‍ പാടില്ല.
ഇകോമേഴ്‌സ് സൈറ്റ് നടത്തിപ്പ് കമ്പനികള്‍ക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ഉല്‍പന്നങ്ങളും തങ്ങളുടെ ഓണ്‍ലൈന്‍ സൈറ്റ് വഴി വില്‍പന നടത്താന്‍ പാടില്ല. ഇതോടെ, അവിശ്വസനീയ വിലക്കിഴിവ് നല്‍കിയുള്ള വില്‍പന നിലക്കുമെന്നാണ് പ്രതീക്ഷ. ഉപഭോക്താക്കള്‍ക്ക് വന്‍ വിലക്കിഴിവിനുള്ള അവസരമാണ് ഇല്ലാതാകുന്നതെങ്കിലും റീട്ടെയില്‍ വ്യാപാര രംഗത്ത് അച്ചടക്കം കൊണ്ടുവരാന്‍ ഉപകരിച്ചേക്കും.

തലയുടെ ‘വിശ്വാസം’ പൊങ്കലിന് എത്തും

ഗായത്രി-
അജിത്തും സംവിധായകന്‍ സിരുത്തൈ ശിവയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘വിശ്വാസം’. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍സാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്. വളരെ നാളുകള്‍ക്ക് ശേഷമാണ് അജിത്തും നയന്‍താരയും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘എന്നൈ അറിന്താല്‍’ എന്ന ഗൗതം വാസുദേവ് മേനോന്‍ ചിത്രത്തില്‍ അജിത്തിന്റെ മകളായി അഭിനയിച്ച ബേബി അനിഖയും വിശ്വാസത്തിലുണ്ട്. വേതാളത്തിലെ ആലുമ ഡോലുമ എന്ന ഗാനത്തിന്റെ ഓളം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. വിശ്വാസത്തില്‍ അതിനും മുകളില്‍ നില്‍ക്കുന്ന ഒരു അടിച്ചു പൊളി ഗാനം ഉണ്ടാവുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. എന്തായാലും വിവേകത്തിലെ പോരായ്മകള്‍ നികത്തി ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒരു തല ചിത്രമായിരിക്കും വിശ്വാസം. ചിത്രം ജനുവരി പത്തിന് പൊങ്കല്‍ റിലീസായി തീയേറ്ററുകളിലെത്തും.

കുട്ടികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാള്‍ മാരകം

ഗായത്രി-
തിരു: കുട്ടികളിലെയും കൗമാരക്കാര്‍ക്കിടയിലെയും മൊബൈല്‍ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാള്‍ മാരകമാകുകയാണെന്നു വിദഗ്ധര്‍.മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടാതെ ടാബ്‌ലെറ്റ്, ഗെയിം കണ്‍സോള്‍, ലാപ്‌ടോപ്, ടിവി അഡിക്ഷനും ശിശുക്കളിലും കൗമാരക്കാര്‍ക്കിടയിലും വര്‍ധിച്ചുവരികയാണെന്ന് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ വ്യക്തമാക്കുന്നു.
മയക്കുമരുന്നിന് അടിമകളായ കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഇന്നു സ്‌ക്രീന്‍ അഡിക്ഷനു ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ എണ്ണം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചൈല്‍ഡ് സൈക്യാട്രി വിഭാഗത്തില്‍ മൊബൈല്‍ ഫോണ്‍ഡിജിറ്റല്‍ സ്‌ക്രീന്‍ അഡിക്ഷനുള്ള കുട്ടികളുമായി എത്തുന്ന മാതാപിതാക്കളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചെന്നു കണക്കുകള്‍ പറയുന്നു.
കുഞ്ഞുങ്ങളെ അടക്കിയിരുത്താന്‍ ജോലിത്തിരക്കുള്ള മാതാപിതാക്കള്‍ കണ്ടെത്തിയ വിദ്യയാണ് കൈയില്‍ ഒരു സ്മാര്‍ട് ഫോണോ ടാബോ നല്‍കുകയെന്നത്. മിക്ക കുട്ടികളുടെയും ലോകം ഇന്ന് മൊബൈല്‍ ഫോണും ഇതിലെ വീഡിയോകളും ഗെയിമുകളുമായി മാറിയിരിക്കുന്നു. മാതാപിതാക്കളെയാണ് ബോധവത്കരിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.
അഡിക്ഷനേക്കാള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കുട്ടികളിലുണ്ടാക്കുന്നതിന് അമിതമായ സ്‌ക്രീന്‍ ഉപയോഗത്തിനാകുമെന്നു കുട്ടികളുടെ സ്‌ക്രീന്‍ ഉപയോഗത്തെക്കുറിച്ചു പഠനം നടത്തിയ പ്രമുഖ അമേരിക്കന്‍ സൈക്കോ തെറാപ്പിസ്റ്റ് ഡോ. നിക്കോളാസ് കര്‍ദരസ് പറയുന്നു.
സിഗരറ്റ് പാക്കറ്റിന്റെയും മദ്യക്കുപ്പിയുടെയും പുറത്തു കൊടുക്കുന്ന മുന്നറിയിപ്പു പോലെ അമിതമായി സ്‌ക്രീന്‍ ഉപയോഗം കുട്ടികളില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന മുന്നറിയിപ്പ് ഡിജിറ്റല്‍ വിനോദോപാധിയില്‍ പതിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെക്കുന്നു. സ്‌ക്രീന്‍ എന്നാല്‍ ഡിജിറ്റല്‍ ഹെറോയിന്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.
യഥാര്‍ഥ ഹെറോയിന്‍ അഡിക്ടുകളെ ചികിത്സിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ്. സ്‌ക്രീന്‍ അഡിക്ടുകളെ ചികിത്സിക്കാനെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
കാഴ്ചയുടെ വിശാലത നഷ്ടമാകുന്നതോടെ കുട്ടികള്‍ക്കു നേത്രരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും കൂടുതലാണെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. അമിതമായ സ്‌ക്രീന്‍ ഉപയോഗം കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന നേത്രരോഗത്തിനു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കാഴ്ചയുടെ ദൂരക്കുറവാണ് ഇവിടെ കണ്ണിനെ ബാധിക്കുന്നത്. 25 സെന്റിമീറ്റര്‍ മുതല്‍ 30 സെന്റിമീറ്റര്‍ വരെയാണ് സാധാരണ കാഴ്ചയുടെ ദൂരം. എന്നാല്‍, ഇതില്‍ കുറഞ്ഞ ദൂരത്തിലാണ് സ്‌ക്രീനിന്റെ ഉപയോഗം.

ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍; പോലീസ് യോഗം വിളിച്ചു

ഗായത്രി-
കൊച്ചി: കൂട്ടത്തോടെ ചോര്‍ന്ന ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്ന അതീവഗൗരവമായ സാഹചര്യത്തെ തുടര്‍ന്ന്, എല്ലാ ബാങ്കുകളുടെയും സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം പോലീസ് വിളിച്ചു. ജനുവരി രണ്ടിന് തിരുവനന്തപുരത്താണ് യോഗം. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഒരുതരത്തിലും ചോരാതിരിക്കാന്‍ സോഫ്റ്റ്‌വെയറില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കണമെന്ന് ബാങ്കുകളോട് നിര്‍ദ്ദേശിക്കുമെന്നും പോലീസ് വ്യക്തമാക്കി.
ബാങ്കുകളുടെ ഡേറ്റാബേസില്‍ നിന്നാണ് അക്കൗണ്ടുടമകളുടെ വിവരങ്ങള്‍ ചോരുന്നത്. ഡേറ്റാബേസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നത് മനസിലാക്കിയാലും ബാങ്കുകള്‍ പുറത്തു പറയില്ല. അക്കൗണ്ടിലെ പണം സംരക്ഷിക്കുന്ന ബാങ്കുകള്‍, വിവരങ്ങള്‍ ചോരുന്നത് കണ്ടില്ലെന്ന് നടിക്കും. കാര്‍ഡ് മാറ്റാനോ പാസ്‌വേര്‍ഡ് പുതുക്കാനോ ഉപഭോക്താക്കളോട് നിര്‍ദ്ദേശിക്കാറുമില്ല. ഡേറ്റാ ചോര്‍ന്നാലും തങ്ങള്‍ക്ക് നഷ്ടമുണ്ടാവുന്നില്ലെന്ന മനോഭാവമാണ് ബാങ്കുകള്‍ക്ക്. ഈ സുരക്ഷാപിഴവ് മുതലെടുത്താണ് ബാങ്കിംഗ് തട്ടിപ്പുകള്‍ വ്യാപകമാവുന്നത്. ഈ വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് ബാങ്കുകള്‍ക്ക് പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കും.
തലസ്ഥാനത്തെ നൂറുകണക്കിന് അക്കൗണ്ട് ഉടമകളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളാണ് ഡാര്‍ക്ക് നെറ്റ് വെബില്‍ വില്‍പ്പനക്ക് വച്ചിട്ടുള്ളത്. സുരക്ഷിതമല്ലാത്ത ഇകോമേഴ്‌സ് വെബ്‌സൈറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതും ചെറിയ തുകയ്ക്കു പോലും ക്രെഡിറ്റ് കാര്‍ഡുപയോഗിക്കുന്നതും വിവരങ്ങള്‍ ചോരാനിടയാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളില്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുത്. ഡോട്ട് കോം എന്ന് അവസാനിക്കുന്ന വെബ്‌സൈറ്റുകളില്‍ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതിന് ഒറ്റത്തവണ പാസ്‌വേര്‍ഡ് (ഒ.ടി.പി) ആവശ്യമില്ല.
ക്രെഡിറ്റ് കാര്‍ഡിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും നുഴഞ്ഞുകയറി ലക്ഷങ്ങള്‍ ഊറ്റിയെടുക്കുന്ന ജാര്‍ഖണ്ഡിലെ ജംതാരയിലെ ഹൈടെക്ക് കൊള്ളക്കാരെ നേരത്തേ സൈബര്‍ഡോം കണ്ടെത്തിയിരുന്നു. ഇവരുടെ വിവരങ്ങള്‍ ജാര്‍ഖണ്ഡ് ഡി.ജി.പിക്കും റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും കൈമാറിയിരുന്നു. ബാങ്ക് ആപ്ലിക്കേഷനുകളിലെ ഗുരുതരമായ സുരക്ഷാവീഴ്ചകള്‍ ഉടനടി പരിഹരിക്കണമെന്ന് ബാങ്കുകളോടും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് നാല് ബാങ്കുകള്‍ സുരക്ഷാ പിഴവുകള്‍ പരിഹരിച്ചു. തലസ്ഥാനത്ത് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുത്തെന്ന പരാതികളില്‍ 150ലേറെ കേസുകളുണ്ട്.

ആഞ്ജലീന ജോളി രാഷ്ട്രീയത്തിലേക്ക്

അളക ഖാനം-
ന്യൂയോര്‍ക്ക്: രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നല്‍കി ഹോളിവുഡിലെ സൂപ്പര്‍നായിക ആഞ്ജലീന ജോളി. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് ആഞ്ജലീന രാഷ്ട്രീയാഭിമുഖ്യം വ്യക്തമാക്കിയത്. രാഷ്ട്രീയ നിലപാടുകളും സമൂഹത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളെ കുറിച്ചുമെല്ലാം പ്രത്യേക അഭിമുഖത്തില്‍ താരം വിശദമാക്കി.
രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അഭിമുഖത്തില്‍ അവതാരകന്‍ ജസ്റ്റിന്‍ വെബ് ചോദിച്ചപ്പോളാണ് താരം മനസ് തുറന്നത്. ‘ഈ ചോദ്യം 20 വര്‍ഷം മുന്‍പായിരുന്നെങ്കില്‍ ഞാന്‍ ചിരിച്ച് തള്ളുമായിരുന്നു. എന്നെ ആവശ്യമുള്ളയിടത്ത് പോകുമെന്നാണ് എപ്പോഴും പറയാറുള്ളത്. എനിക്ക് രാഷ്ട്രീയത്തിന് അനുയോജ്യമാണോ എന്നറിയില്ല.’ രാഷ്ട്രീയ പ്രവേശനത്തിന്റെ സാധ്യതകള്‍ തള്ളാതെ ആഞ്ജലീന പറഞ്ഞു.
യുഎന്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കായി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. വിവിധ സര്‍ക്കാരുകളുമായും സൈന്യങ്ങളുമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. വളരെയധികം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നയിടത്താണ് ഇപ്പോളുള്ളതെന്നും താരം പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി പ്രസിഡന്റ് സ്ഥാനാര്‍ഥി പട്ടികയില്‍ താങ്കളുമുണ്ടാകട്ടെയെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ നന്ദി എന്നു മാത്രം പറഞ്ഞ് ആഞ്ജലീന ചിരിച്ചു.
നിരവധി സാമൂഹിക സേവന മേഖലകളില്‍ സജീവമാണ് ജോളി. യുഎസ് രാഷ്ട്രീയം, സോഷ്യല്‍ മീഡിയ, ലൈംഗിക അതിക്രമം, ആഗോള അഭയാര്‍ത്ഥി പ്രതിസന്ധികള്‍ എന്നിവയെ കുറിച്ചെല്ലാം ആഞ്ജലീന അഭിമുഖത്തില്‍ പരാമര്‍ശിച്ചു.

 

പ്രേക്ഷകര്‍ക്ക് ഇനി ഇഷ്ടമുള്ള ചാനലുകള്‍ തെരഞ്ഞെടുക്കാംപ്രേക്ഷകര്‍ക്ക്

ഫിദ-
ഇനി ഇഷ്ടമുള്ള ചാനലുകള്‍ തെരഞ്ഞെടുക്കാംന്യൂഡല്‍ഹി: ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) പുറത്തിറക്കിയ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ ജനുവരി 31വരെ സമയം ലഭിക്കും. ഫെബ്രുവരി ഒന്നുമുതല്‍ പ്രേക്ഷകന് ഇഷ്ടമുള്ള ചാനലുകള്‍ തെരഞ്ഞെടുത്ത് കാണാമെന്നും ട്രായ് അറിയിച്ചു. അതേസമയം പ്രേക്ഷകന് നേരത്തെ ലഭ്യമായ എല്ലാ ചാനലുകളും തുടര്‍ന്നും നല്‍കണമെന്ന് വിതരണ കമ്പനികള്‍ക്കും കേബിള്‍ ടി വി ഓപ്പറേറ്റര്‍മാക്കും ട്രായ് നിര്‍ദ്ദേശം നല്‍കി. ചില സൗജന്യ ചാനലുകള്‍ കേബിള്‍ ശ്രംഖലയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന പ്രചരണത്തെ തുടര്‍ന്നാണിത്. 130 രൂപയ്ക്ക് 100 സൗജന്യ ചാനലുകളും 19 രൂപ അടിസ്ഥാന വിലക്ക് പേ ചാനലുകളും ലഭ്യമാക്കാന്‍ നിര്‍ദ്ദേശിക്കുന്ന പുതിയ ട്രായ് ഉത്തരവ് ഇന്ന് നിലവില്‍ വരും.

സാന്ത്വനം, നവകേരളീയം പദ്ധതിയുമായി സംസ്ഥാന സഹ. ബാങ്ക്

ഫിദ-
കൊച്ചി: സംസ്ഥാന സഹകരണ ബാങ്കിന്റെ ശാഖകളില്‍ നിന്ന് വായ്പ എടുത്ത് കുടിശികയായവര്‍ക്ക് ‘കോബാങ്ക് സാന്ത്വനം/നവകേരളീയം 2018-19’ പദ്ധതി മുഖേന ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ വായ്പ തിരിച്ചടക്കാന്‍ അവസരം. കുടിശികയായതും കാലാവധി തീര്‍ന്നതുമായ 25 ലക്ഷം രൂപവരെയുള്ള വായ്പകള്‍, സര്‍ക്കാര്‍ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി പ്രകാരം മികച്ച ആനുകൂല്യങ്ങള്‍ നേടി തീര്‍പ്പാക്കാം.
താല്‍പ്പര്യമുള്ളവര്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ ശാഖകളുമായോ തിരുവനന്തപുരം (ഫോണ്‍: 04712168648), എറണാകുളം (04942395445), കോഴിക്കോട് (04952702533) മേഖലാ ഓഫീസുകളുമായോ ബന്ധപ്പെടണമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഇ. ദേവദാസന്‍ അറിയിച്ചു.

അഭിമന്യു ജനുവരിയിലെത്തും

എംഎം കമ്മത്ത്-
മത തീവ്രവാദികള്‍ അതിദാരുണമായി കൊല്ലപ്പെടുത്തിയ എസ എഫ് ഐ നേതാവ് അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന ‘പത്മവ്യൂഹത്തിലെ അഭിമന്യു’ വിന്റെ ചത്രീകരണം പൂര്‍ത്തിയായി. ആര്‍ എം സി സി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രം ജനുവരിയില്‍ തിയറ്ററുകളിലെത്തും. വിനീഷ് ആരാധ്യയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അഭിമന്യുവിന്റെ ജന്മനാടായ വട്ടവടയിലെ കോവിലൂര്‍ ഗ്രാമത്തിലും കോഴിക്കോട്, എറണാകുളത്തുമാണ് അഭിമന്യുവിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. മഹാരാജാസ് കോളേജ് കൂടാതെ കോഴിക്കോട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും പോളിടെക്‌നിക് കോളേജിലും അഭിമന്യുവിന്റെ പ്രമുഖ ഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.
അഭിമന്യുവിന്റെ നാട്ടുകാര്‍ വലിയ സ്വീകരണമാണ് ചിത്രീകരണ വേളയില്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. എന്ത് സഹായത്തിനും അവര്‍ തയ്യാറായിരുന്നു. അഭിമന്യുവിനെ അവര്‍ സ്വന്തം ജീവനേക്കാള്‍ ഏറെ സ്‌നേഹിക്കുന്നുണ്ടെന്ന് അപ്പോഴാണ് മനിസ്സിലായത്. ഈ സിനിമയുടെ വിജയവും ഇതുതന്നെയാകും എന്ന് സംവിധായകന്‍ വിനീഷ് ആരാധ്യ സിനിമ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
അഭിമന്യുവായി വയനാട് സ്വദേശിയും ജേര്‍ണലിസം വിദ്യാര്‍ത്ഥിയുമായ ആകാശ് വേഷമിടുന്നു. അച്ഛനായി എത്തുന്നത് ഇന്ദ്രന്‍സും അമ്മയായി ശൈജ്ജലയും സഹോദരിയായി സംഘമിത്രയും സഹോദരനായി വിമലും അഭിമന്യുവിന്റെ കുട്ടിക്കാലം വിഷ്ണുദത്തും വേഷമിടുന്നു. മിസ്സിസ് കേരളം റണ്ണര്‍അപ്പ് ആയ ശ്രുതി മേനോന്‍, അനൂപ്ചന്ദ്രന്‍, സോനാ നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ ആകുന്നുണ്ട്. പഴയകാല തെന്നിന്നിന്ത്യന്‍ നായിക ഭാഗ്യശ്രീ എന്ന ഭാഗ്യലക്ഷ്മി 25 വര്ഷങ്ങള്‍ക്കു ശേഷം ഈചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ധനുഷ് നായകനായ തൊടാറി എന്ന സിനിമയില്‍ നായികയായ കീര്‍ത്തീ സുരേഷിന്റെ പരുക്കനായ മുറച്ചെറുക്കനായി അഭിനയിച്ച സ്വരൂപ് ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിന്നുണ്ട്. അഭിമന്യുവിന്റെ ജീവിതത്തില്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയ സൈമണ്‍ ബ്രിട്ടോയും ഭാര്യ സീന, മകള്‍ നിലാവ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
അഭിമന്യു ജനിച്ച വീടും നാടും പൂര്‍ണമായും ഒപ്പിയെടുത്തചിത്രത്തില്‍ നാട്ടുകാരും കഥാപാത്രങ്ങളായി എന്നത് ഈ ചത്രത്തിന്റെ ഒരു പ്രത്യേകതയാണ്.
ക്യാമറ-ഷാജി ജേക്കബ്, എഡിറ്റിങ്ങ്-സലീഷ്‌ലാല്‍. രമേശ് കാവില്‍, അജയ്‌ഗോപാല്‍, പി സി അബുബക്കര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അജയ്‌ഗോപാല്‍. ബൈജു അത്തോളിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഹജന്‍ മൂൗവ്വേരിയാണ് കല സംവിധാനം ചെയ്തിരിക്കുന്നത്. മേക്കപ്പ്‌റോയിപെല്ലിശ്ശേരി, സംഘട്ടനങ്ങള്‍ സലിംബാബ, വസ്ത്രാലങ്കാരം അരവിന്ദ് കെ ആര്‍. പ്രൊജക്റ്റ് ഡിസൈനര്‍ സുനില്‍ ദത്ത്, ശ്രീജിത്ത് പോയില്‍കാവ്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സന്ദീപ് അജിത് കുമാര്‍, അസിസ്റ്റന്‍ഡ് ഡിറക്ടര്‍സ് പ്രദീപ് അടിയങ്ങാട്, ആന്‍സ് കടലുണ്ടി, നൃത്തം പ്രകാശ്‌ലാല്‍, സ്റ്റില്‍സ് ഐ എം സുരേഷ്, ഡിസൈന്‍-അനീഷ് വയനാട്, ചിത്രത്തിന്റെ പി ആര്‍ ഒ അയ്മനം സാജന്‍.

ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ ലോക ഉച്ചകോടി് കൊച്ചിയില്‍

ഗായത്രി-
കൊച്ചി: പരസ്യരംഗത്തെ അന്താരാഷ്ട്ര കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്റെ (ഐ.എ.എ.) ലോക ഉച്ചകോടിക്ക് കൊച്ചി വേദിയാകുന്നു. 2019 ഫെബ്രുവരി 20 മുതല്‍ 22 വരെ ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ലുലു കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി. ഐ.എ.എ.യുടെ 80 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് വേള്‍ഡ് കോണ്‍ഗ്രസിന് ഒരു ഇന്ത്യന്‍ നഗരം വേദിയാകുന്നത്.
ഐ.എ.എ.യുടെ 44ാം ലോക സമ്മേളനമാണ് ഇത്തവണത്തേത്. ‘ബ്രാന്‍ഡ് ധര്‍മ’ എന്നതാണ് ഇത്തവണത്തെ പ്രമേയം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, യൂണീലിവര്‍ സി.ഇ.ഒ. പോള്‍ പോള്‍മാന്‍, ക്വാല്‍കോം സി.ഇ.ഒ. സ്റ്റീവന്‍ മലന്‍കോഫ്, ഇന്‍ഫോസിസ് ചെയര്‍മാനും ആധാറിന്റെ ഉപജ്ഞാതാവുമായ നന്ദന്‍ നിലേകനി, സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് സി.ഇ.ഒ. രാജീവ് മിശ്ര, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവര്‍ സ്പീക്കര്‍മാരായെത്തും.
ഇന്ത്യയില്‍ ഏറ്റവുമധികം മൂല്യമുള്ള ബ്രാന്‍ഡ് അംബാസഡറായി മാറിയ ബോളിവുഡ് താരം അമിതാഭ് ബച്ചനും പങ്കെടുക്കുന്നുണ്ട്. ബോളിവുഡ് താരം ദീപിക പദുകോണും എത്തും.
ഇതിനോടകം ലോകശ്രദ്ധ പിടിച്ചുപറ്റിയ ഹ്യൂമനോയ്ഡ് റോബോട്ടായ ‘സോഫിയ’യുടെ സാന്നിധ്യമായിരിക്കും സമ്മേളനത്തിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. വിദേശങ്ങളില്‍ നിന്നുള്‍പ്പെടെ മൊത്തം നാല്പതോളം പേരാണ് സ്പീക്കര്‍മാരായി എത്തുന്നത്. വീഡിയോ കോളിങ് ആപ്പായ സ്‌കൈപ്പിന്റെ സഹസ്ഥാപകന്‍ ജോനാസ് കെല്‍ബെര്‍ഗ്, ഫെയ്‌സ്ബുക്കിന്റെ ഗ്ലോബല്‍ മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ് വൈസ് പ്രസിഡന്റ് കരോളിന്‍ എവര്‍സണ്‍, ആലിബാബയുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ക്രിസ് തുങ്, ബി.ബി.ഡി.ഒ. വേള്‍ഡ്‌വൈഡ് സി.ഇ.ഒ. ആന്‍ഡ്രു റോബര്‍ട്ട്‌സണ്‍, ഒ. ആന്‍ഡ് എം. ക്രിയേറ്റിവ് ഡയറക്ടര്‍ പീയുഷ് പാണ്ഡെ, മുന്‍ ടെന്നീസ് താരം ആന്ദ്രെ അഗാസി, വിജയ് അമൃത്‌രാജ് എന്നിവരും ഇതില്‍ പെടുന്നു. 25 ഓളം രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ പ്രതിനിധികള്‍ മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും.
ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്റെ (ഐ.എ.എ.) 44ാമത് ലോക ഉച്ചകോടിയ്ക്കായി മുംബൈ, ഡല്‍ഹി, ആഗ്ര, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, കൊച്ചി നഗരങ്ങളാണ് പരിഗണിച്ചത്. എന്നാല്‍, സമ്മേളനത്തിന് വേണ്ട എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയത് കൊച്ചി മാത്രമാണെന്ന് ഐ.എ.എ.യുടെ ആഗോള പ്രസിഡന്റും പ്രമുഖ പരസ്യ ഏജന്‍സിയായ ആര്‍.കെ.സ്വാമി ഹാന്‍സ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശ്രീനിവാസന്‍ സ്വാമി പറഞ്ഞു.